Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനോദസഞ്ചാരത്തിനു മാറ്റേകാൻ മാജിക്-സർക്കസ് ടൂറിസം പദ്ധതി! മാജിക് പ്ലാനറ്റിൽ ടൂറിസം മന്ത്രി എ സി മൊയ്തീൻ നാളെ തിരി തെളിക്കും; ഒരു വർഷം നീളുന്ന സാമൂഹ്യ പ്രതിബദ്ധ കർമപദ്ധതികൾക്കും തുടക്കമാകും

വിനോദസഞ്ചാരത്തിനു മാറ്റേകാൻ മാജിക്-സർക്കസ് ടൂറിസം പദ്ധതി! മാജിക് പ്ലാനറ്റിൽ ടൂറിസം മന്ത്രി എ സി മൊയ്തീൻ നാളെ തിരി തെളിക്കും; ഒരു വർഷം നീളുന്ന സാമൂഹ്യ പ്രതിബദ്ധ കർമപദ്ധതികൾക്കും തുടക്കമാകും

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിന് പുതിയ മാനം നൽകിക്കൊണ്ട് മാജിക് പ്ലാനറ്റിൽ മാജിക്-സർക്കസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂറിസം രംഗത്തിന് നാഴികകല്ലാകുന്ന മാജിക്-സർക്കസ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി എ.സി മൊയ്തീൻ മാജിക്-സർക്കസ് ടൂറിസം പദ്ധതി പ്രഖ്യാപിക്കും. ചടങ്ങിൽ മാജിക് പ്ലാനറ്റിന്റെ അടുത്ത ഒരു വർഷത്തെ സാമൂഹ്യപ്രതിബദ്ധ കർമപദ്ധതികളുടെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും.

കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു. ഐ.എ.എസ്, നിയമസഭാ സമാജികർ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുക്കും. കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ലോക മാന്ത്രിക ദിനമായ ഒക്‌ടോബർ 31 വരെ മാജിക് പ്ലാനറ്റിൽ വിവിധ സാമൂഹ്യപ്രതിബദ്ധ കർമപദ്ധതികൾ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുക്കുന്നത്.

ഇന്ദ്രജാലവും സർക്കസും ഇടകലർത്തിയുള്ള സർക്കസ് കാസിൽ എന്ന നൂതന ആവിഷ്‌കാരം, അന്ധവിശ്വാസം, ലഹരി വസ്തുക്കൾ എന്നിവയ്‌ക്കെതിരെ ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ, കുട്ടികളിൽ ശാസ്ത്ര-ഗണിതശാസ്ത്ര ബോധം വളർത്തുന്നതിനുള്ള പ്രത്യേക ജാലവിദ്യാ പരിശീലനം, സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് വിമുക്ത പ്ലാനറ്റ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങി നിരവധി പരിപാടികൾ മാജിക് പ്ലാനറ്റ് ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിൽ ഏറ്റവും ശ്രദ്ധേയവും ആദ്യത്തേതുമാണ് സർക്കസ് കാസിൽ.

കൈവഴക്കത്തിന്റെ വേഗതയിൽ വിരിയുന്ന ഇന്ദ്രജാലവും മെയ്‌വഴക്കത്തിന്റെ ചടുലതയിൽ നിറയുന്ന സർക്കസുമാണ് ഈ പദ്ധതിയിലൂടെ കൈകോർക്കുന്നത്. ഇന്ദ്രജാലവും സർക്കസും സമന്വയിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ സ്ഥിരം വേദി. അമേരിക്കയിലെ ലാസ് വേഗസ്സിലുള്ള സർക്കസ് സർക്കസ് എന്ന സ്ഥിരം സർക്കസ് വേദിയുടെ മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തമ്പുകളിൽ വിസ്മയം വിരിയിച്ച സർക്കസ് കലാകാരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴി തുറക്കുകയാണ് പുതിയ ദൗത്യത്തിലൂടെ. രോഗപീഡകളാലും വേദികൾ നഷ്ടപ്പെട്ടും കൊടിയ ജീവിത ദുരിതത്തിന്റെ കാണാക്കയത്തിൽ നിന്നും കരകയറ്റുവാനാണ് ഇത്തരമൊരു നവ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കേരള സർക്കസിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർക്കുള്ള സമർപ്പണമാണ് മാജിക് പ്ലാനറ്റിലെ സർക്കസ് കാസിൽ.

മാജിക്കിന്റെ സഹോദര കലകൂടിയായ സർക്കസിന് സ്ഥിരം വേദിയൊരുക്കുന്നതിലൂടെ സർക്കസ് എന്ന കലയെ വളർത്താനും പ്രചുര പ്രചാരം നൽകാനും രക്തം വിയർപ്പാക്കിയ കേരളത്തിന്റെ സ്വന്തം ജെമിനി ശങ്കരൻ, ചന്ദ്രൻ കോടിയേരി, സാവിത്രി, സർക്കസ് കലയുടെ പിന്നാമ്പുറവും ദുരിതവും ദുഃഖവും തൂലികയിലൂടെ പ്രതിഫലിപ്പിച്ച ശ്രീധരൻ ചമ്പാട് എന്നിവർക്കുള്ള ആദരവു കൂടിയാവുകയാണ് സർക്കസ് കാസിൽ. സർക്കസ് കാസിലിന്റെ ഔപചാരിക ഉദ്ഘാടനം മാജിക് പ്ലാനറ്റിന്റെ രണ്ടാം വാർഷികദിനമായ ഒക്‌ടോബർ 31ന് നിർവഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP