Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിങ്ങൾ അല്ലാത്തവരെ പ്രൈവറ്റ് സെക്രട്ടറി ആക്കരുതെന്നു പറയുന്നവർ മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും ചരിത്രം ഓർക്കുന്നതു നന്ന്; ഐസിസ് ചർച്ചാ കാലത്ത് അന്യ മതക്കാരുമായി സൗഹൃദം പങ്കിടുന്ന മാനവ സംഗമവുമായി സുന്നി വിദ്യാർത്ഥി സംഘടന

മുസ്ലിങ്ങൾ അല്ലാത്തവരെ പ്രൈവറ്റ് സെക്രട്ടറി ആക്കരുതെന്നു പറയുന്നവർ മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും ചരിത്രം ഓർക്കുന്നതു നന്ന്; ഐസിസ് ചർച്ചാ കാലത്ത് അന്യ മതക്കാരുമായി സൗഹൃദം പങ്കിടുന്ന മാനവ സംഗമവുമായി സുന്നി വിദ്യാർത്ഥി സംഘടന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഐസിസും വർഗീയതയുമെല്ലാം ചർച്ചയാകുന്ന വർത്തമാന കാലത്ത് മനുഷ്യനൊന്നാണെന്ന സന്ദശവുമായി മാനവ സംഗമം എന്ന വേറിട്ട പരിപാടിയുമായി സുന്നി വിദ്യാർത്ഥി സംഘടന( എസ്.എസ്.എഫ്). സൗഹൃദകാലം എന്ന പേരിൽ എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെപ്റ്റംബംർ-ഒക്ടോബർ മാസങ്ങളിലായി നടത്തും കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മമ്പുറം തങ്ങളും കോന്തുനായരും നാടുണർത്തിയ സൗഹൃദം എന്ന പേരിലാണ് ഒക്‌ടോബർ ഒമ്പതിന് തിരൂരങ്ങാടി തലപ്പാറയിൽ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മാനവ സംഗമം സംഘടിപ്പിക്കുന്നത്.

അന്യമതക്കാരോട് ചിരിക്കരുതെന്ന് പ്രസംഗിക്കുന്ന കാലത്ത് മുസ്ലിം സംഘടനയിലെ പ്രബല വിഭാഗമായ സുന്നി സംഘടന മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തിയുള്ള പരിപാടി മതേതരവിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

വംശീയതയും ജാതീയതയും കൊണ്ട് കലുഷിതമായ വർത്തമാന സാഹചര്യത്തിൽ സ്നേഹിക്കുകയും സാഹോദര്യം ശക്തമാക്കുകയും ചെയ്യുന്നത് അനിവാര്യമാണെന്നും വർഗീയ ധ്രുവീകരണങ്ങളും അക്രമങ്ങളും വിദ്വഷവും വേരുറപ്പിക്കുന്ന സാഹചര്യത്തിൽ മതങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളുടെ ഒത്തുചേരലാണ് മാനവ സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. മതസൗഹാർദത്തിന്റെ പ്രതീകങ്ങളായ മമ്പുറം തങ്ങളും കോന്തുനായരും കാണിച്ചു തന്ന സൗഹാർദമാണ് പരിപാടിയുടെ പ്രമേയം.

കേരള മുസ്ലിംങ്ങൾക്കിടയിൽ ജീവിച്ച ആത്മീയ നേതാവും പണ്ഡിതപ്രതിഭയുമായിരുന്നു മമ്പുറം തങ്ങൾ. ആത്മീയകാര്യങ്ങളിൽ നിഷ്‌കർഷത പാലിച്ച സമുദായ സ്‌നേഹി, മസൗഹാർദം ജീവവായുവാക്കിയ സൂഫിവര്യർ, വൈദേശികാധിപത്യത്തെ ശക്തിയുക്തം ചെറുത്ത ധീരദേശാഭിമാനി, സാമൂഹ്യപരിഷ്‌കർത്താവ് തുടങ്ങിയ മേഖലകളിൽ അറയിപ്പെട്ടിരുന്നു ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങൾ. തിരൂരങ്ങാടി കടലുണ്ടി പുഴയുടെ തീരത്താണ് മമ്പുറം തങ്ങളുടെ ഭൗതിക ശരീരം നിലകൊള്ളുന്നത്. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേർ എത്തുന്ന കേരളത്തിലെ അറിയപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണിത്. പ്രദേശത്തെ ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥൻ. തങ്ങൾ മരണപ്പെടുന്നതിന്റെ ഏതാനും വർഷങ്ങൾക്കു മുമ്പായിരുന്നു കോന്തുനായർ മരിച്ചത്. അമുസ്ലിംങ്ങളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുതെന്ന് പറയുന്നവർക്ക് ഏറെ പാഠമാണ് മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും ജീവിത ചരിത്രം.

ഈ ജീവിതങ്ങൾ ചരിത്ര രേഖകളുടെയും പൂർവ്വികരുടെ ജീവിതങ്ങളും മുൻനിർത്തി വരച്ചു കാട്ടുകയാണ് സുന്നി വിദ്യാർത്ഥി സംഘടന. വിവിധ പരിപാടികൾക്കൊടുവിലാണ് നാളെ മാനവ സംഗമം നടക്കാനിരിക്കുന്നത്. ഇതിൽ ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു സൗഹൃദ ചായ. താൽക്കാലികമായ ചയക്കടയുണ്ടാക്കിയ ശേഷം പഴയ തലമുറയിൽപ്പെട്ട വിവിധ മതസ്തരെ വിളിച്ചിരുത്തി മതസൗഹാർദത്തിന്റെ ഇന്നലെകളിലെ നവ്യാനുഭവം പങ്കുവെയ്ക്കലായിരുന്നു സൗഹൃദ ചായ. പഴയകാല ചായക്കടകളുടെ പുനരാവിഷ്‌കാരം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മൊട്ടുകൾ വിടരുന്നതായിമാറി.

ഞായറാഴ്ച രാവിലെ 8.30ന് സ്പീക്കർ പി ശ്രീരാമ കൃഷ്ണണ് മാനവ സംഗമം ഉദ്ഘാടനം ചെയ്യുന്നത്. തുടർന്നുള്ള വിവിധ സെഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ.കെടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, എംഎ‍ൽഎമാരായ വിടി ബൽറാം, മുഹമ്മദ് മുഹ്‌സിൻ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ, പൊന്മള അബ്ദുൽഖാദർ മുസ്ലിയാർ, ഡോ.കെ.ഇൻ കുറുപ്പ്, ഡോ.ഹുസൈൻ രണ്ടത്താണി തുടങ്ങിയവർ പങ്കെടുക്കും. മമ്പുറം തങ്ങളുടെ ജീവിതം ആസ്പദമാക്കി നാല് പഠനങ്ങൾ സമ്മേളനത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP