Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തങ്ങൾമാരെ നേതാവാക്കുന്ന കാലം കഴിഞ്ഞു; മുസ്ലിംലീഗ് തകർച്ചയിലേക്ക്; പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടി; ഖാഇദെമില്ലത്തിനൊന്നും കച്ചവട മൂല്യമില്ല; സമുദായത്തെ നിയന്ത്രിക്കുന്നത് മാദ്ധ്യമവും ജമാഅത്തെ ഇസ്‌ലാമിയും: ചന്ദ്രികയുടെ മുൻ എഡിറ്റർ കൂടിയായ ലീഗ് നേതാവിന്റെ പ്രസംഗം വിവാദമാകുന്നു..

തങ്ങൾമാരെ നേതാവാക്കുന്ന കാലം കഴിഞ്ഞു; മുസ്ലിംലീഗ് തകർച്ചയിലേക്ക്; പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടി; ഖാഇദെമില്ലത്തിനൊന്നും കച്ചവട മൂല്യമില്ല; സമുദായത്തെ നിയന്ത്രിക്കുന്നത് മാദ്ധ്യമവും ജമാഅത്തെ ഇസ്‌ലാമിയും: ചന്ദ്രികയുടെ മുൻ എഡിറ്റർ കൂടിയായ ലീഗ് നേതാവിന്റെ പ്രസംഗം വിവാദമാകുന്നു..

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മലബാറിലെ മുസ്ലിംലീഗിന്റെ കോട്ടകൊത്തളങ്ങളിൽ വിള്ളൽ വീഴ്‌ത്താൻ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഷയങ്ങളിൽ സിപിഐ(എം) സ്വീകരിച്ച നിലപാട് മുസ്ലിം സമുദായത്തിലെ വലിയൊരു ശതമാനത്തെ ഒപ്പം നിർത്താൻ സാധിച്ചിട്ടുണ്ട്. കെ ടി ജലീൽ മലപ്പുറത്തെ ശക്തനായ മുസ്ലിം നേതാവായി വളരുകയും ചെയ്തു. ഇതിനെ ഭീതിയോടൊയാണ് ലീഗ് നോക്കിക്കാണുന്നത്. എന്നാൽ, ഇതുവരെ ആരും വിരൽ ചൂണ്ടാൻ തയ്യാറാകാത്ത മുസ്ലിംലീഗിലെ അനിഷേധ്യ നേതൃത്വമായ തങ്ങൾ കൂടുംബത്തിലേക്ക് വിരൽ ചൂണ്ടി മുസ്ലിംലീഗ് നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ലീഗ് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റേണ്ടിയിരിക്കുന്നു എന്ന് വ്യക്തമാക്കി ലീഗ് സൈന്ധാന്തികനും ചന്ദ്രികയുടെ മുൻ പത്രാധിപരുമായ എം ഐ തങ്ങൾ നടത്തിയ പ്രസംഗമാണ് ലീഗ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴിവെക്കുന്നത്. ബാഫഖി തങ്ങളെ നേതാവാക്കി രാഷ്ട്രീയപാർട്ടിയെ സംഘടിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നാണ് എം ഐ തങ്ങൾ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ ലീഡർഷിപ്പ് കൺസെപ്റ്റ് മാറിക്കൊണ്ടിരിക്കയാണെന്നും പഴയ കരിസ്മാറ്റിക് ലീഡർഷിപ് കൺസെപ്റ്റ് ഇന്നില്ല. പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് ഖാഇദെമില്ലത്തിനൊന്നും കച്ചവടമൂല്യം ഉണ്ടാവില്ല. രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുയാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

ലീഗ് നേരിടുന്ന പ്രധാന വെല്ലുവിളികളെ ചൂണ്ടിക്കൊണ്ട് തന്നെയാണ് എം ഐ തങ്ങളുടെ പ്രസംഗം. മുസ്‌ലീം ലീഗിന്റെ വോട്ടിങ് ശതമാനം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറഞ്ഞുവരികയാണ്. ഭരണം, അധികാരം തുടങ്ങിയ കാര്യങ്ങൾ മാത്രമേ പലരും നോക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ തലമുറയ്ക്ക് ശിഹാബ് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പച്ചക്കൊടിയോ ഇല്ല. അവർ ചെയ്യുന്ന വോട്ട് തിരഞ്ഞെടുപ്പിൽ നിർണായക ഫലം ചെയ്യും. എന്നാൽ അവരുടെ പ്രശ്‌നം എന്താണെന്ന് നമ്മൾ പഠിക്കണം. അവരെ നമ്മൾക്കിടയിലേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണമെന്നും എം.ഐ തങ്ങൾ പറയുന്നു.

ഇന്ന് മുസ്‌ലീം ലീഗ് പ്രവർത്തകർക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു. നേതാവാകണം എന്ന ആഗ്രഹം മാത്രമാണ് എല്ലാവരുടെയും മനസിൽ. അത് തന്നെയാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റർ സ്്ഥാനം വഹിച്ചതിനെ കുറിച്ചും എം.ഐ തങ്ങൾ പറയുന്നു. എഡിറ്റർ സ്ഥാനം തനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണെന്നും സന്തോഷത്തോടെയല്ല അത് ഏറ്റെടുത്തതെന്നും എം.ഐ തങ്ങൾ പറയുന്നു. അഹമ്മദ് സാഹിബാണ് സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞത്. ചന്ദ്രിക കുത്തഴിഞ്ഞ പുസ്തകമാണെന്നും ഏറ്റെടുക്കാൻ കഴിയില്ലെന്നും പറഞ്ഞെങ്കിലും അതിന് അനുവദിച്ചില്ല. ചാലഞ്ച് ഏറ്റെടുക്കലാണ് ആണത്തം എന്ന് പറഞ്ഞ് ആ പദവി തന്നെ ഏൽപ്പിക്കുകയായിരുന്നെന്നും എം.ഐ തങ്ങൾ പറയുന്നു.

1983 ൽ ആണ് ചന്ദ്രികയിൽ നിന്നും രാജിവച്ചത്. ഇതിന്റെ കൂടെ നിന്ന് ഈ രക്തത്തിൽ പങ്കുപറ്റരുതെന്ന് അല്ലാഹു സൂചന തന്നതിനാൽ ആണ് അന്ന് ചന്ദ്രിക വിട്ടത്. രാജിവെക്കാൻ വ്യക്തിപരമായി വേറെ കാരണങ്ങളൊന്നും ഇല്ല. ഭാവിയെ കുറിച്ച് എന്തോ ഒരു ദുസൂചന കിട്ടിയിരുന്നു. ഒരു കാലത്ത് കേരള മുസ്‌ലീങ്ങളുടെ മനസാക്ഷി സൂക്ഷിച്ചിരുന്നത് ചന്ദ്രികയായിരുന്നു. എന്നാൽ പിന്നീട് തീർത്തും പരാജയപ്പെട്ടെന്നും എം.ഐ തങ്ങൾ പറയുന്നു.

ഇന്ന് ചന്ദ്രികയ്ക്ക് മുസ്‌ലീം സമുദായത്തിലെ നിയന്ത്രണം നഷ്ടപ്പെട്ടു. മാദ്ധ്യമവും ജമാഅത്തെ ഇസ്ലാമിയുമാണ് സമുദായത്തെ നിയന്ത്രിക്കുന്നത്. ആ അവസ്ഥയിലേക്ക് മാദ്ധ്യമവും ജമാഅത്തെ ഇസ്‌ലാമിയും എത്തിയിരിക്കുന്നു. മുസ്‌ലീം ലീഗിനും ചന്ദ്രികയ്ക്കുമൊപ്പം സമുദായം നിൽക്കുന്നില്ല. ചന്ദ്രിക ശക്തമായി നിന്ന അവസരത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടേയും സിപിഐഎമ്മിന്റേയും ഒരു തന്ത്രങ്ങളും വിലപ്പോയിരുന്നില്ലെന്നും എം ഐ തങ്ങൾ പറയുന്നു. ഇറാൻ വിപ്ലവം ഉണ്ടായപ്പോൾ ജമാഅത്തെ ഇസ്ലാമിയേയും കമ്യൂണിസ്റ്റ്പാർട്ടിയേയും ഒറ്റപ്പെടുത്താൻകഴിഞ്ഞിരുന്നു. പക്ഷേ ആ പദവി ഇന്ന് ചന്ദ്രികയ്ക്ക് നഷ്ടപ്പെട്ടുപോയി

ഇറാൻ വിഷയത്തിൽ സിപിഐഎമ്മും ജമാഅത്തെ ഇസ്‌ലാമിയുമെടുത്ത നിലപാടാണ് കേരള മുസ്‌ലീങ്ങൾ സ്വീകരിച്ചത്. കാരണം ചന്ദ്രികകയ്ക്ക് അവരുടെ പദവി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നെന്നും ഇദ്ദേഹം പറയുന്നു. ഇറാന്റെ കയ്യിൽ അണുബോംബുണ്ടാകുന്നത് സൗദിയും യു.എ.ഇയും ഭയപ്പെടുന്നു. രാജ്യങ്ങളെല്ലാം ഭയപ്പെടുന്നു. ഇറാനെ വിശ്വസിക്കാൻ പറ്റില്ല. ഇറാന്റെ ആണവനിലയം എതിർക്കപ്പെടണം. പണ്ട് ഹറമിൽ നിന്ന് ഹജറുൽ അസ് വദ് കട്ടുകൊണ്ടുപോയവരാണവർ. എത്ര കൊല്ലം അതുമൂലം ഹജ്ജ് മുടങ്ങി. ആ വിഭാഗമാണ് ഇറാനിലുള്ള ഷിയാക്കൾ. അവരെ വിശ്വസിക്കാൻ പറ്റില്ല.

കെ.എം.സി.സിയുടെ വാർത്തകളും ലീഗിന്റെ യൂണിറ്റ് വാർത്തകളും കുറേ ഫോട്ടോകളും കുറേ പ്രസംഗങ്ങളും മാത്രമാണ് ഇന്ന് ചന്ദ്രിക പത്രത്തിൽ ഉണ്ടാകുന്നത്. മദ്രസാ വാർത്ത കൊടുക്കാനുള്ള നോട്ടീസാണ് ചന്ദ്രികയെന്ന് അണികൾ വിചാരിച്ചുവച്ചിരിക്കുന്നു. ന്യൂസ് വായിക്കാൻ ഞങ്ങൾ മറ്റുപത്രങ്ങൾ വായിക്കുന്നുണ്ടെന്നാണ് അനുയായികൾ പറയുന്നത്. ചന്ദ്രികയുടെ ക്രഡിബിലിറ്റി നഷ്ടപ്പെട്ടുകഴിഞ്ഞു. വാർത്തകൾ അണികൾ പോലും വിശ്വസിക്കുന്നില്ലെന്നും എംഐ തങ്ങൾ പറയുന്നു.

ചന്ദ്രികയിൽ നല്ല ലേഖനമോ മുഖപ്രസംഗമോ വരാത്തതിൽ ആർക്കും പരിഭവമില്ല. കമ്മിറ്റി വാർത്ത മദ്രസ വാർത്ത എന്തുകൊണ്ട് വന്നില്ല എന്നാണ് ചോദിക്കുന്നത്. ചന്ദ്രിക നന്നാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സമുദായത്തിൽ നിന്ന് പിന്തുണ കിട്ടിയിട്ടില്ലെന്നും എം.ഐ തങ്ങൾ പറയുന്നു. ചന്ദ്രികയോട് ജനങ്ങൾക്ക് ഇന്ന് പുച്ഛമാണ് എക്സ്‌പ്രസ് ഹൈവേ നയം ജനങ്ങളെ ബോധ്യപ്പെടുത്താൻ പത്രത്തിനായില്ല. മാദ്ധ്യമം സ്വീകരിച്ച നിലപാടിന് പിന്നിലാണ് മുസ്‌ലീം സമൂഹം പോയത്. ചന്ദ്രിക തിരിച്ചുപിടിക്കണം. അത് സമുദായത്തിന്റെ ആവശ്യമാണ്.

മാദ്ധ്യമത്തിന്റെ കൈയിൽ നിന്നും മുസ്‌ലീങ്ങളെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിഷയം വന്ന സമയത്ത് അത് ഇത്രയും വിവാദമാക്കിയത് മാദ്ധ്യമം പത്രമാണ്. കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയപരമായി തകർക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. കുഞ്ഞിലിക്കുട്ടിയെ കഥാവശേഷനാക്കിയേക്കാമെന്ന് അന്ന് തന്നെചിലർ പറഞ്ഞിരുന്നെന്നും എം.ഐ തങ്ങൾ പറയുന്നു. െേഎസ്‌ക്രീ പാർലർ വിവാദം ഉയർന്നുവന്നപ്പോൾ അക്കാലത്തെ ചന്ദ്രിക എഡിറ്ററായിരുന്ന റഹീം മേച്ചേരിക്ക് കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന നിലപാടാണ് ഉണ്ടായിരുന്നതെന്നും എം.ഐ തങ്ങൾ വിശദീകരിക്കുന്നു. ബാപ്പുകുരിക്കളുടെ മരണം ആസൂത്രിതമായ വധമായിരുന്നെന്നും അദ്ദേഹത്തിന് അനാവശ്യ ഇഞ്ചക്ഷൻ നൽകി വധിക്കുകയായിരുന്നെന്നും ഒരു ഡോക്ടറെ ഉദ്ദരിച്ച് എംഐ തങ്ങൾ പറയുന്നു.

റിയാദ് കെഎംസിസിയുടെ പരിപാടിയിലാണ് തങ്ങളുടെ വിവാദ പ്രസംഗം. 2016 ഫെബ്രുവരിയിലാണ് മാപ്പിള ഹെറിറ്റേജ് സൊസൈറ്റി യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. എന്നാൽ, ഇപ്പോഴാണ് ആ വീഡിയോ വൈറലായത്. പ്രസംഗം പുറത്തുവന്നത് ലീഗ് നേതൃത്വത്തെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP