Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീരിയലിൽ നായിക മുങ്ങിയാൽ നായികയെ കൊന്ന് പുതിയ നായികയെ കൊണ്ടുവരും; സിനിമയിൽ നടൻ മുങ്ങിയാൽ ആ ഭാഗം ഒഴിവാക്കി സിനിമ തീർക്കും; കുറ്റപത്രം സമർപ്പിക്കേണ്ട തീയതിയായിട്ടും അനറിനെ കിട്ടാതായപ്പോൾ ജിഷ വധക്കേസിൽ ഇതുപോലെ പൊലീസ് തിരക്കഥ ചമച്ചോ? ജിഷയ്ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് അമീറുലിന്റെ നാട്ടിൽ ചെന്ന് അന്വേഷിച്ച മനോരമ ലേഖകൻ കരുതുമ്പോൾ

സീരിയലിൽ നായിക മുങ്ങിയാൽ നായികയെ കൊന്ന് പുതിയ നായികയെ കൊണ്ടുവരും; സിനിമയിൽ നടൻ മുങ്ങിയാൽ ആ ഭാഗം ഒഴിവാക്കി സിനിമ തീർക്കും; കുറ്റപത്രം സമർപ്പിക്കേണ്ട തീയതിയായിട്ടും അനറിനെ കിട്ടാതായപ്പോൾ ജിഷ വധക്കേസിൽ ഇതുപോലെ പൊലീസ് തിരക്കഥ ചമച്ചോ?   ജിഷയ്ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് അമീറുലിന്റെ നാട്ടിൽ ചെന്ന് അന്വേഷിച്ച മനോരമ ലേഖകൻ കരുതുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പട്ടി ചന്തയ്ക്കുപോയതുപോലെയാണ് ജിഷ കേസ് അന്വേഷണത്തിൽ പിണറായിയുടെ പൊലീസ് പലപ്പോഴും പെരുമാറിയതെന്നും ജിഷ കേസിൽ കഥയൊപ്പിക്കാനായി ചേരുംപടി ചേർത്ത കഥകൾ പൊലീസിനെ തിരിഞ്ഞുകൊത്തുമെന്നും പ്രതി അമീറുൽ ഇസ്ലാം പൊടിയുംതട്ടി പുറത്തിറങ്ങുമെന്നും വ്യക്തമാക്കി കേസന്വേഷണകാലത്ത് പൊലീസ് സംഘത്തിനൊപ്പം സഞ്ചരിച്ച മനോരമ വടക്കുകിഴക്കൻ മേഖലാ ചീഫ് ജാവേദ് പർവേശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ജിഷ കേസിൽ പൊലീസിനുണ്ടായ വീഴ്ചകൾ തുറന്നുകാട്ടുന്ന പോസ്റ്റിൽ കൊല നടത്തിയെന്ന് അമീറുൽ ഇസ്‌ളാം കോടതിയിൽ വിളിച്ചുപറഞ്ഞ അനർ എന്ന ഒരു സുഹൃത്ത് ഉണ്ടെന്നും ജജോരി പൊലീസ് സ്റ്റേഷനിലെത്തിയ കേരള പൊലീസ് ഇയാളുടെ വീട്ടിൽ പോയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.

കേരളാ പൊലീസ് കേസന്വേഷണവുമായി ബന്ധപ്പെട്ട് അസമിൽ അന്വേഷണത്തിന് എത്തിയപ്പോൾ അവിടെ നിന്ന് വാർത്തകൾ നൽകിയിരുന്നത് ജാവേദ് പർവേശ് ആയിരുന്നു. മര്യാദയ്ക്ക് ഇംഗ്‌ളീഷോ ഹിന്ദിയോ അറിയാത്ത ഒരു പൊലീസുകാരനായിരുന്നു കേരളത്തിൽ നിന്ന് വന്ന സംഘത്തിലെ പരിഭാഷകൻ. അമീറുലിന്റെ സഹോദരൻ ബദറുൽ കേരളത്തിൽ ജോലിചെയ്യുന്നുണ്ടെന്നതു പോലും മാദ്ധ്യമ വാർത്തകൾക്കുശേഷമാണ് പൊലീസ് അറിഞ്ഞത്.

കൊലയ്ക്കുശേഷം അമീറിന് നാട്ടിലേക്ക് പോകാനുള്ള പണം നൽകിയത് സഹോദരനാണെന്നും ഇയാൾ അമ്മയെ വിളിച്ച് ചോദിച്ചാണ് പണം നൽകിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പരദരിദ്രരായ ഇവർക്ക് ഫോണിലെന്നും ഇനി മറ്റുവല്ലവരെയും ബന്ധപ്പെട്ടാണ് ഈ ഫോൺ കൈമാറിയതെങ്കിൽ ഇതെല്ലാം പൊലീസിന് വിചാരണ ഘട്ടത്തിൽ തെളിയിക്കേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നു.

കൊല നടന്ന ശേഷം അമീറുൽ അസമിൽ എത്തിയ കാലയളവ് സംബന്ധിച്ച് ബന്ധുക്കളുടെ യഥാർത്ഥ മൊഴിയും കുറ്റപത്രത്തിലെ തീയതിയും സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ട്. അമീർ പറഞ്ഞ അനർ എന്ന കഥാപാത്രത്തെ തിരഞ്ഞ് മൂന്നുതവണയായി കേരള പൊലീസ് അസമിലെത്തി. അസം സിഐഡി വിഭാഗവും അനറിനായി തിരച്ചിൽ നടത്തി.

ഈ തിരച്ചിൽ സംബന്ധിച്ച് ജജോരി പൊലീസ് സ്റ്റേഷനിലുള്ള റിപ്പോർട്ട് താൻ വായിച്ചിട്ടുണ്ടെന്നും ജാവേദ് വ്യക്തമാക്കുന്നു. കുറ്റപത്രം സമർപ്പിക്കേണ്ട തീയതിയായിട്ടും അനറിനെ കിട്ടാതായപ്പോൾ പൊലീസ് എഴുതിയ തിരക്കഥയാണോ ഇപ്പോഴത്തേതെന്ന സംശയമാണ് ജാവേദ് ഉയർത്തുന്നത്.

സീരിയലിൽ നായിക മുങ്ങിയാൽ നായികയെ കൊന്ന് പുതിയ നായികയെ കൊണ്ടുവരുമെന്ന് കേട്ടിട്ടുണ്ട്. സിനിമയിൽ നടൻ മുങ്ങിയാൽ ആ ഭാഗം ഒഴിവാക്കി സിനിമ തീർക്കും. കുറ്റപത്രം സമർപ്പിക്കേണ്ട തീയതിയായിട്ടും അനറിനെ കിട്ടാതായപ്പോൾ പൊലീസ് എഴുതിയ തിരക്കഥയാണോ ഇതെന്നും സൗമ്യ വധക്കേസിന്റെ ഗതിയാകും ഈ കേസിനെന്നും ജാവേദ് ചൂണ്ടിക്കാട്ടുന്നു.

റിപ്പർ സദാനന്ദൻ പിടിയിലാകുമ്പോൾ ഇയാൾ ചെയ്ത കൊലപാതകത്തിന്റെ ഉത്തരവാദിത്തം തലയിൽ കെട്ടിവയ്ക്കപ്പെട്ട ഒരു നിരപരാധി ജയിലിൽ കഴിയുകയായിരുന്നുവെന്ന് ഓർമ്മപ്പെടുത്തിയാണ് ജാവേദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജാവേദിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

ജിഷ വധക്കേസിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അമീറുൽ ഇസ്ലാമിന് എന്തു ശിക്ഷ കിട്ടും? പൊതുബോധത്തിനെ അടിസ്ഥാനമാക്കിയല്ല കോടതി വിധിയെങ്കിൽ അമീർ പൊടിയും തട്ടി പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വിചാരണക്കോടതി എന്തുവിധിച്ചാലും സൂപ്രീം കോടതിയിലെത്തിയാൽ സൗമ്യവധക്കേസിലെന്ന പോലെ ഇത് ലഘൂകരിക്കുമെന്ന് കട്ടായം.

പിണറായിയുടെ പൊലീസിനെക്കുറിച്ച് ടി അനുഭാവികൾ എത്ര കോൾമയിർ കൊണ്ടാലും പട്ടി ചന്തയ്ക്കുപോയ പോലെയായിരുന്നു പലപ്പോഴും ഇവരുടെ പെരുമാറ്റം. കഥയൊപ്പിക്കാനായി ചേരുംപടി ചേർത്ത കഥകൾ പൊലീസിനെ തിരിഞ്ഞുകൊത്തും.

നൗഗാവിൽ വച്ച് അമീറുൽ ഇസ്ലാമിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴിയെടുക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നു. മര്യാദയ്ക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ഒരു പൊലീസുകാരനായിരുന്നു കേരളത്തിൽ നിന്ന് വന്ന പൊലീസുകാരുടെ പരിഭാഷകൻ. ഇവരുടെ ചോദ്യവും ഉത്തരം കുത്തിക്കുറിക്കുന്നതും കണ്ടാൽ ചിരിയടക്കാൻ ബുദ്ധിമുട്ടും. അമീറിന്റെ ഒരു സഹോദരൻ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട് എന്നത് മാദ്ധ്യമ വാർത്തകൾക്ക് ശേഷമാണ് പൊലീസ് പോലും അറിയുന്നത്.

കൊലയ്ക്കു ശേഷം അമീറിന് നാട്ടിലേക്ക് പോകാനുള്ള പണം നൽകിയത് സഹോദരനാണെന്നും ഇയാൾ അമ്മയെ വിളിച്ച് ചോദിച്ചാണ് പണം നൽകയതെന്നും കുറ്റപത്രത്തിൽ പറയുന്നു. പരമദരിദ്രരായ ഇവർക്ക് ഫോൺ ഇല്ല. ഇനി മറ്റു വല്ലവരെയും ബന്ധപ്പെട്ടാണ് ഈ ഫോൺ കൈമാറിയതെങ്കിൽ ഇതെല്ലാം പൊലീസിന് വിചാരണഘട്ടത്തിൽ തെളിയിക്കേണ്ടി വരും.

കൊലനടന്ന ശേഷം അസമിൽ എത്തിയ കാലയളവ് സംബന്ധിച്ച് ബന്ധുക്കളുടെ യഥാർത്ഥ മൊഴിയും കുറ്റപത്രത്തിലെ തീയതിയും സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ട്. കൊലയാളിയെന്ന് അമീർ കോടതിയിൽ വിളിച്ചുപറഞ്ഞ അനറുൽ ഇസ്ലാം എവിടെ? പൊലീസ് ഇപ്പോൾ പറയുന്നത് പോലെ കേസ് വഴി തെറ്റിക്കാൻ അമീർ പറഞ്ഞ ഒരു കഥാപാത്രം മാത്രമാണോ അനർ ?

പക്ഷേ അനർ എന്ന ഒരു കഥാപാത്രം ഉണ്ട്. ജജോരി പൊലീസ് സ്‌റ്റേഷനിലെത്തിയ കേരള പൊലീസ് ഇയാളുടെ വീട്ടിൽ പോകുകയും ബന്ധക്കളുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കേരള പൊലീസ് എത്തും മുൻപ് ജജോരി പൊലീസ് അനറിനെ കണ്ടിട്ടുണ്ട്. മൂന്നു തവണയായി കേരള പൊലീസ് ഇയാളെത്തിരഞ്ഞ് എത്തിയിട്ടുണ്ട്. എസ്‌പി പി.കെ.മധുവും ഇതിൽ ഉൾപ്പെടും. അസം സിഐഡി(ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) അനറിനായി തിരച്ചിൽ നടത്തിയിട്ടുണ്ട്്. കേരള പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു അയാൾ.

ജജോരി പൊലീസ് സ്റ്റേഷനിൽ തിരച്ചിൽ സംബന്ധിച്ചുള്ള റിപ്പോർട്ട് ഞാൻ വായിച്ചിട്ടുണ്ട്.
സീരിയലിൽ നായിക മുങ്ങിയാൽ നായികയെ കൊന്ന് പുതിയ നായികയെ കൊണ്ടുവരുമെന്ന് കേട്ടിട്ടുണ്ട്. സിനിമയിൽ നടൻ മുങ്ങിയാൽ ആ ഭാഗം ഒഴിവാക്കി സിനിമ തീർക്കും. കുറ്റപത്രം സമർപ്പിക്കേണ്ട തീയതിയായിട്ടും അനറിനെ കിട്ടാതായപ്പോൾ പൊലീസ് എഴുതിയ തിരക്കഥയാണോ ഇത് ?

അമീർ തന്നെയാണ് കൊലയാളിയെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം നെഞ്ചിൽ കൈവച്ചാണ് പത്തും ഇരുപതും വർഷം പരിചയമുള്ള പൊലീസ് സുഹൃത്തുക്കൾ ആണയിടുന്നത്. പക്ഷേ അതിന് സാധൂകരണം നൽകുന്ന തെളിവുകൾ ദുർബലവും പഴുതുകൾ ഉള്ളതുമാണെന്ന് വിശ്വസിക്കുന്നു. എന്തിന് ഇങ്ങനെയെല്ലാം ഈ മഹാപൊലീസുകാരെ അവിശ്വസിക്കുന്നു എന്നു ചോദിക്കുന്ന അഭിനവ പൊലീസ് ഭക്തരോടുള്ള മറുപടി ഇങ്ങനെയുള്ള ചോദ്യങ്ങളും ആശങ്കകളും സംശയങ്ങളുമാണ് കുത്തഴിഞ്ഞ പൊലീസ് സംവിധാനങ്ങളുള്ള ഒരു ജനാധിപത്യരാജ്യത്ത് പൊലീസിനെ ഉത്തരവാദിത്വബോധമുള്ളവരാക്കുന്നത് എ്ന്നതാണ്.

അല്ലെങ്കിൽ പട്ടി ചന്തക്കുപോയ കുറ്റപത്രം സമർപ്പിച്ച സൗമ്യവധക്കേസ് പോലെയാകും ഇത്. അല്ലെങ്കിൽ റിപ്പർ സദാനന്ദൻ കേസ് പോലെയാകും. സദാനന്ദൻ പിടിയിലാകുമ്പോൾ ഇയാൾ ചെയ്ത കൊലപാതകത്തിന്റെ ഉത്തരവാദിത്വം തലയിൽകെട്ടിവയ്ക്കപ്പെട്ട ഒരു നിരപരാധി ജയിയിൽ കഴിയുകയായിരുന്നുവെന്ന് അറിയുമോ അഭിനവ പൊലീസ് പിയാറോമാർക്ക്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP