Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവസേനയുടെ ഗണേശോത്സവത്തിൽ പങ്കെടുത്തതിന് മുസ്ലിംലീഗും സമസ്തയും വിരട്ടിയപ്പോൾ എം കെ മുനീറിന് മനംമാറ്റം; സുന്നി വേദിയിൽ കുമ്പസരിച്ച് മുൻ മന്ത്രി; സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ട്; അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥൻ!

ശിവസേനയുടെ ഗണേശോത്സവത്തിൽ പങ്കെടുത്തതിന് മുസ്ലിംലീഗും സമസ്തയും വിരട്ടിയപ്പോൾ എം കെ മുനീറിന് മനംമാറ്റം; സുന്നി വേദിയിൽ കുമ്പസരിച്ച് മുൻ മന്ത്രി; സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ട്; അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥൻ!

കെ വി നിരഞ്ജൻ

കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവ പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം നേതാവും എംഎ‍ൽഎയുമായ ഡോ.എം.കെ മുനീറിന് ഒടുവിൽ മനംമാറ്റം.സമസ്തയും ലീഗിലെ ഒരു വിഭാഗവും അതിശക്തമായി രംഗത്തത്തെിയതോടെ സുന്നിവേദിയിൽ മുനീർ കുമ്പസാരവും നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് വെള്ളിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച പാറന്നൂർ ഉസ്താദ് പ്രതിഭാ സമർപ്പണ വേദിയിലാണ് മുനീർ തന്റെ വീഴ്ച ഏറ്റുപറഞ്ഞത് ചടങ്ങിൽ  ആശംസകനായിട്ടാണ് മുനീർ പങ്കെടുത്തത്.

സമൂഹത്തിൽ നേർവഴി തെളിക്കുന്ന പ്രസ്ഥാനമായ സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ടെന്നും അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥനാണെന്നും പറഞ്ഞാണ് മുനീർ വിവാദവിഷയത്തിലേക്ക് വന്നത്. എല്ലാ ശാസനകളെയും ഉൾക്കൊള്ളാൻ ഈ വിനീതൻ തയാറാണ്. നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെല്ലാം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനുമാണ്. നമ്മുടെയെല്ലാം തെറ്റുകൾ പൊറുത്ത് മാപ്പാക്കിത്തരാൻ സർവശക്തൻ തുണക്കട്ടെ. അങ്ങനെ പിഴവില്ലാതെ സൂക്ഷ്മതയോടെ ജീവിച്ച് പരലോകമോക്ഷം നേടാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചാണ് മുനീർ അവസാനിപ്പിച്ചത്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ വാക്കുകൾ ഏറ്റെടുത്ത് മുന്നോട്ടുപോവാൻ താൻ തയാറാണെന്നും മുനീർ പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തിയ സമസ്ത ട്രഷറർ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുനീറിനെ പരോക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ചിലയാളുകൾ പുരസ്‌കാരങ്ങളും പരിപാടികളും സമ്മർദം ചെലുത്തി ചോദിച്ചുവാങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതം പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഒ.പി. അഷ്‌റഫിന്റെ സ്വരവും മുനീറിനെ വിമർശിക്കുന്നതായിരുന്നു. ശിവസേന, ആർഎസ്എസ്, എൻ.ഡി.എഫ് തുടങ്ങിയ സംഘടനകളുമായി ഒരുതരത്തിലുള്ള സഹകരണവും അരുതെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ, ചില വ്യക്തികളും നേതാക്കളും അത് ലംഘിക്കുന്നുണ്ട്. ഇവർ നേർവഴിയിൽ വരണമെന്നും സ്വാഗതപ്രഭാഷണത്തിൽ പറഞ്ഞു.

മുനീറിനെ പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് എസ്.കെ.എസ്.എസ്.എഫിൽ കടുത്ത ഭിന്നത ഉയർത്തിയിരുന്നു. നഗരത്തിലെ എംഎ‍ൽഎമാരായ മുനീറിനെയും പ്രദീപ്കുമാറിനെയും അതിഥികളായി ആഴ്ചകൾക്കുമുമ്പേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, മുനീർ ഗണേശോത്സവ വിവാദത്തിൽപെട്ടതോടെ അദ്ദേഹത്തെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ, തന്നെ ചടങ്ങിൽ പങ്കെടുപ്പിക്കാനായി മുനീർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ സമ്മർദം ചെലുത്തി. മുനീർ തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തെ ഹൈദരലി തങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മുനീറിന്റെ നടപടിക്കെതിരെ പാർട്ടി പ്രസിഡന്റ് ഹൈദരലി തങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അതിതീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനക്ക് മാന്യത നൽകാൻ മുനീർ ശ്രമിച്ചുവെന്നതാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.

നേരത്തെ തന്നെ മുനീറിന്റെ നടപടി സമുദായത്തോടുള്ള വെല്ലുവിളിയെന്നാണ് സമസ്ത നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നത്. ശിവസേന പോലുള്ള വർഗീയ ശക്തികൾക്ക് പൊതുസമ്മിതി നേടിക്കൊടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ മുസ്ലിം സമുദായവും മതേതര വിശ്വാസികളും വച്ചുപൊറുപ്പിക്കില്‌ളെന്നാണ് സമസ്തയുടെ മുഴുവൻ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. ഇതര മതവിഭാഗങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും ഒരുമിച്ച് ജീവിച്ചുപോന്ന ചരിത്രമാണ് ഇസ്ലാമിൻേറത്. അതേ സമയം, മറ്റൊരു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാൻ ഇസ്ലാം അനുമതിനൽകുന്നില്ല. മതേതരത്വത്തിന്റെ വാഹകരാകാൻ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവപരവും അപലപനീയവുമാണ്.

പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച മുൻ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്‌ളെന്ന് പ്രതികരിച്ചയാളാണ് മുൻ മന്ത്രികൂടിയായ എം.കെ. മുനീർ. പിന്നീട് സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്ന് സമസ്തയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.സമസ്ത കേരള ജംഇയ്യുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

നേരത്തെ 'പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടായെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും ആരെങ്കിലും വിചാരിച്ചാൽ തകർക്കാനാവുന്നതല്ല തന്റെ വിശ്വാസമെന്നും' ചൂണ്ടിക്കാട്ടി മുനീർ ഫേസ്‌ബുക്കിൽ വിശദീകരണവുമായി രംഗത്തത്തത്തെിയിരുന്നു.ബഹറിൽ (കടലിൽ) മുസല്ലയിട്ട് നമസ്‌കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന പിതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്‌ബുക് പോസ്റ്റ് തുടങ്ങുന്നത്. ഗണേശോത്സവത്തോടെ അവസാനിക്കുന്നതല്ല തന്റെ വിശ്വാസമെന്നും അത് തകർക്കാൻ ശിവസേനക്കോ ആർ.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്‌ളെന്നും കുറിപ്പിൽ പറയുന്നു. ചടങ്ങിനത്തെിയ ഭക്തരിൽ ഭൂരിഭാഗത്തിനും രാഷ്ട്രീയമില്ല. 1500ഓളം വരുന്ന ഭക്തരെല്ലാം എന്റെ വോട്ടർമാരാണ്. അവരോട് സ്‌നേഹം കാണിക്കുകയെന്നത് ധാർമിക ഉത്തരവാദിത്തമാണ്. തന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും നിർദ്ദേശിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

നേരത്തെ സമസ്തക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എം.കെ. മുനീറിനെ ഗണേശോത്സവ വേദിയിലേക്ക് ക്ഷണിച്ചത് ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിനിധിയായിട്ടല്ല, ജനപ്രതിനിധി എന്ന നിലയിലാണ്. ഭരണഘടനാപരമായി ജനപ്രതിനിധികൾ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യണ്ടവരാണ്.അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ തളച്ചിടാൻ ശ്രമിക്കരുത്. ഇഫ്താർ വിരുന്നിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കടെുക്കരുതെന്ന് പറയുന്നതുപോലെയാണ് സമസ്തയുടെ പ്രസ്താവന. എരുമേലി വാവര് പള്ളിയിലെയും ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെയും ആരാധനകളിൽ ഭക്തർക്ക് വേർതിരിവില്ല എന്ന കാര്യം സമസ്ത കാണാതെ പോകുന്നു. സമസ്ത നേതാക്കളുടെ പ്രസ്താവന കേരള ജനത പുച്ഛിച്ചുതള്ളുമെന്നും ഗണേശോൽസവ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP