Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാവേരി നദിജല വിഷയത്തിൽ വ്യാപക അക്രമം; കർണാടകത്തിൽ യുദ്ധസമാന അന്തരീക്ഷം; അമ്പതിലധികം ബസുകൾക്കു തീയിട്ടു; കേന്ദ്രസേനയെ വിന്യസിച്ചു; ബംഗളുരുവിൽ നിരോധനാജ്ഞ; പീനിയയിൽ വെടിവയ്പിൽ രണ്ടു പേർക്കു പരിക്ക്; കേരള ആർടിസി സർവീസ് നിർത്തിവച്ചു; ഓണത്തിനു നാട്ടിലെത്താൻ കഴിയാതെ കുഴങ്ങി മലയാളികൾ

കാവേരി നദിജല വിഷയത്തിൽ വ്യാപക അക്രമം; കർണാടകത്തിൽ യുദ്ധസമാന അന്തരീക്ഷം; അമ്പതിലധികം ബസുകൾക്കു തീയിട്ടു; കേന്ദ്രസേനയെ വിന്യസിച്ചു; ബംഗളുരുവിൽ നിരോധനാജ്ഞ; പീനിയയിൽ വെടിവയ്പിൽ രണ്ടു പേർക്കു പരിക്ക്; കേരള ആർടിസി സർവീസ് നിർത്തിവച്ചു; ഓണത്തിനു നാട്ടിലെത്താൻ കഴിയാതെ കുഴങ്ങി മലയാളികൾ

ന്യൂഡൽഹി: കാവേരി നദിജല തർക്കത്തിൽ കർണാടകത്തിലും തമിഴ് നാട്ടിലും സംഘർഷം രൂക്ഷം. കർണാടകത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണുള്ളത്. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പീനിയയിൽ അക്രമാസക്തരായ  ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

തലസ്ഥാനമായ ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന രണ്ടു തമിഴ്‌നാട് ലോറികൾ അജ്ഞാതർ കത്തിച്ചു. അക്രമം വ്യാപിച്ചതിനു പിന്നാലെ ബംഗളൂരു - മൈസൂരു റോഡ് അടച്ചു. വൈകുന്നേരം കെപിഎൻ ട്രാവൽസിന്റെ ബസുകൾ മൈസൂർ റോഡിലെ ഡിപ്പോയിൽ വച്ച് അക്രമികൾ കത്തിച്ചു. തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്പനിയാണ് കെപിഎൻ ട്രാവൽസ്. അമ്പതിലധികം ബസുകളാണ്‌ അക്രമികൾ കത്തിച്ചത്.

തമിഴ്‌നാടിന് കാവേരി നദിജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ വന്നത്തിനു പിന്നാലെയാണ് അക്രമ പരമ്പര ഉണ്ടായത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സെപ്റ്റംബർ 20 വരെ ദിവസവും 12000 ഘനഅടി വെള്ളം നൽകിയാൽ മതിയെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിനു പിന്നാലെ അതിക്രമങ്ങൾ നടക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ ബംഗളുരുവിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. 43 ലേറെ ബസുകളാണ്‌ കുടുങ്ങി കിടക്കുന്നത്. 

കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ ഓണത്തിന് നാട്ടിൽ എത്താമെന്ന മലയാളികളുടെ പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നത്. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചത് യാത്ര ദുരിതം വർധിപ്പിച്ചിരിക്കുകയാണ്. ഭക്ഷണം പോലും കിട്ടുമോ എന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് മലയാളികൾ. ബന്ദിന് സമാനമാണ് ഇവിടത്തെ അവസ്ഥ.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. വിഷയത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ കർണാടക ഹോട്ടലിനും വാഹനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത കൂടി വന്നതോടെയാണ് കർണാടകത്തിൽ കലാപം രൂക്ഷമായത്. ബാംഗ്ലൂർ നഗരം ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.  ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തമിഴ്‌നാട്ടുകാരുടെ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.

ബംഗളൂരു നഗരത്തിലെ വൈറ്റ്ഫീൽഡ്, തിപ്പസാന്ദ്ര, ഡൊംലൂർ, ഹൊസൂർ റോഡ്, മല്ലേശ്വരം, സദാശിവനഗർ, വിധാനസൗധ, നൈസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കലാപസമാനമായ അന്തരീക്ഷമാണുള്ളത്. അർധ സൈനിക വിഭാഗങ്ങളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്‌നാടിന് 15000 ഘനഅടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു സെപ്റ്റംബർ അഞ്ചിന് കോടതി വ്യക്തമാക്കിയത്. ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കർണാടക സർക്കാർ നൽകിയ പുതുക്കൽ ഹർജിയിലാണ് കർണാടകയ്ക്ക് ആശ്വാസവും തമിഴ്‌നാടിന് ആശങ്കയുമായേക്കാവുന്ന കോടതിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇത്രയും ദിവസമായിട്ടും ഉത്തരവ് നടപ്പാക്കാത്ത കർണാടക സർക്കാരിനെതിരെ കടുത്ത വിമർശനവും സുപ്രീംകോടതി ഉന്നയിച്ചു. ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി. കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണെന്നും അതിനാലാണ് കോടതി വിധി നടപ്പാക്കാൻ സാധിക്കാതിരുന്നതെന്നും കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഇതിനിടെയാണു സംഘർഷം കൂടുതൽ വ്യാപിക്കുന്ന നിലയിലേക്കു കാര്യങ്ങൾ കടന്നത്. ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന രണ്ട് തമിഴ്‌നാടു ലോറികൾക്ക് അജ്ഞാതർ തീയിട്ടത് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ്. കാവേരി തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള വാഹനങ്ങൾക്കും ഹോട്ടലുകൾക്കും നേരെ തമിഴ്‌നാട്ടിലും ആക്രമണം തുടരുകയാണ്. ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർത്ഥിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കർണാടക സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടക രജിസ്റ്റ്രേഷനുള്ള അഞ്ചു വാഹനങ്ങൾക്ക് നേരെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലർച്ചെ ചെന്നൈയിലെ ഹോട്ടലിനുനേരെയും ആക്രമണമുണ്ടായി. കർണാടക അടിസ്ഥാനമായ ഹോട്ടലാണിത്. പുലർച്ചെ 3.45നായിരുന്നു സംഭവം. ബംഗളുരുവിൽ മെട്രോ സർവീസും തടസപ്പെട്ടു. കാവേരി നദിജലം കർണാടക തമിഴ്‌നാടിന് വിട്ടുകൊടുത്തേ മതിയാകൂ എന്ന സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ്  മെട്രോ നഗരമായ ബംഗളൂരുവിൽ 144 പ്രഖ്യാപിച്ചത്. കോടതി വിധിയിൽ പ്രതിഷേധിച്ച് അക്രമസംഭവങ്ങൾ ഉണ്ടായേക്കും എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗളൂരു നഗരത്തിലെ പല സ്‌കൂളുകളും സ്വമേധയാ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP