Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൂറിസ്റ്റുകളുടെ ആനന്ദത്തിനായി ആദിവാസികളെ ചൂഷണം ചെയ്ത് റിസോർട്ട് മാഫിയ; പ്രാഥമിക കൃത്യങ്ങൾ നടത്താനുള്ള സ്വകാര്യത പോലും നഷ്ടപ്പെട്ട് ഭീതിയോടെ ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക കുടുംബം; ദുരിത ജീവിതം ചൂണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി യുവ അഭിഭാഷകൻ

ടൂറിസ്റ്റുകളുടെ ആനന്ദത്തിനായി ആദിവാസികളെ ചൂഷണം ചെയ്ത് റിസോർട്ട് മാഫിയ; പ്രാഥമിക കൃത്യങ്ങൾ നടത്താനുള്ള സ്വകാര്യത പോലും നഷ്ടപ്പെട്ട് ഭീതിയോടെ ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക കുടുംബം; ദുരിത ജീവിതം ചൂണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി യുവ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: റിസോർട്ടുകളുടെ എണ്ണം അനുദിനം പെരുകുന്ന വയനാട്ടിൽ സഞ്ചാരികളുടെ എണ്ണം പെരുകുമ്പോൾ അത് ആദിവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി പരാതി. ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ആദിവാസി കുടുംബമാണ് റിസോർട്ടു മാഫിയകളുടെ ഇടപെടലിൽ പെട്ട് ദുരിതജീവിതം നയിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായ കുറവാ ദ്വീപിലാണ് ടൂറിസ്റ്റുകൾക്കും, അതിഥികൾക്കുമായി റിസോർട്ട് മാഫിയ ആദിവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകനും യുവ അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന
ദേശീയ മനുഷ്യാവകാശ കമ്മീഷന് പരിതി നൽകി.

ദ്വീപിനോട് ചേർന്ന പുതിയൂർ കളദുർ കാട്ടുനായ്ക്ക കോളനിയിലാണ് മാറിയും ഭാര്യ ദേവകിയും ആറു പെൺമക്കളോടുമൊപ്പം കഴിയുന്നത്. കൂണുകൾപോലെ മുളച്ചു പൊങ്ങിയ റിസോർട്ടുകളിൽ ഒന്നാണ് ഇപ്പോൾ മറിയുടെയും കുടുംബത്തിന്റെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. കാലിൽ ക്യാൻസർ ബാധിച്ച് പാടമുൾപ്പെടെ നഷ്ട്ടപ്പെട്ട മാറി അവശനിലയിലും കൂലിപ്പണിയെടുത്ത് സമാധാനപരമായ ജീവിതം നയിക്കുന്നതിനിടയിലാണ് 2012 ൽ കോവണിയിലെ തന്റെ വീടിനോടു ചേർന്ന് വലിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. തുടർന്ന് എല്ലാ പരാതികളും അവഗണിച്ചു ഉയർന്ന സ്വകാര്യ റിസോർട്ട് കോളനിയുടെയും, മറിയുടെയും കുടുംബത്തിന്റെയും നിലനിൽപ്പിനു തന്നെ കടുത്ത ഭീഷണിയായി പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ മുറ്റത്തിന് സമീപത്തായി മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ കോൺക്രീറ്റ് തൂണുകളിൽ കെട്ടി ഉയർത്തിയ കോട്ടേജുകളുടെ ജനലുകൾ മറിയുടെ വീടിനു അഭിമുഖമായാണ് നിർമ്മിച്ചിട്ടുള്ളത്.

ശൗചാലയം ഇല്ലാത്ത വീട്ടിൽ റിസോർട്ടിന് മുന്നിലായിട്ടാണ് പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ച താത്കാലിക ശുചിമുറിയുള്ളത്. കൗമാര -യൗവ്വന പ്രായക്കാരായ 6 പെൺകുട്ടികളും, മാറിയും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളും ഉപയോഗിക്കുന്നത് ഈ താത്കാലികമായി കുഴിയെടുത്തുണ്ടാക്കിയ ശുചിമുറിയാണ്. എന്നാൽ റിസോർട്ട് പ്രവർത്തനം തുടങ്ങിയതോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രാഥമിക കൃത്യങ്ങൾക്കായി ശുചിമുറിയിൽ പോകുന്നതിനോ, പുറത്തിറങ്ങുന്നതിനോ, മുറ്റം വൃത്തിയാക്കുന്നതിനോ, അകലെയുള്ള പൊതു റോഡിലെ ടാപ്പിൽ നിന്നും കുടിവെള്ളം എത്തിക്കുന്നതിനോ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ജനലുകളും വാതിലുകളും തുറന്ന് കാഴ്‌ച്ച വസ്തുക്കൾ എന്നപോലെയാണ് മാറിയെയും കുടുംബത്തെയും വീക്ഷിക്കുകയാണ്.

രാപ്പകലില്ലാതെ മദ്യപിച്ച് വലിയ ശബ്ദമുണ്ടാക്കുകയും, പാട്ടുകൾ പാടുകയും,സംഘട്ടനങ്ങളും, ആഘോഷങ്ങളുമായി താമസിക്കുന്ന ടൂറിസ്റ്റുകൾ രഹസ്യ ക്യാമറകളിലും, മൊബൈലുകളിലും ഫോട്ടോകളും ദൃശ്യങ്ങളും പകർത്തുകയും ചെയ്യാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരം മറി വെളിപ്പെടുത്തുന്നു. മാത്രവുമല്ല പലപ്പോഴും ദ്വയാർത്ഥ പ്രയോഗങ്ങളും, കമന്റുകളും അശ്ലീല പ്രയോഗങ്ങളും ഒക്കെയുണ്ടാകാറുണ്ട്, മറി പറയുന്നു.കോളനിയോട് ചേർന്നുള്ള കോട്ടേജുകൾക്കു ആദിവാസികളെ കാണാം ചിത്രങ്ങൾ പകർത്താം എന്ന സൗകര്യത്തിൽ പ്രത്യേകം ചാർജ്ജുകൾ ഈടാക്കുന്നുണ്ടോ എന്നും ഇവർ സംശയിക്കുന്നു. ട്രൈബൽ ടൂറിസം എന്ന പേരിലാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത് എന്നത് ഏറെ ഞെട്ടലുളവാക്കുന്നു.

പറക്കമുറ്റാത്ത ആറ് പെൺ കുട്ടികളുടെ സുരക്ഷിതത്വമോർത്തു സുരക്ഷിതമായ വാതിലുകൾ പോലും ഇല്ലാത്ത സർക്കാർ വീട്ടിൽ ഉറങ്ങാതെ കാവലിരിക്കുകയാണ് അമ്മ ദേവകിയും ക്യാൻസർ രോഗിയും വികലാംഗനായ അച്ഛൻ മറിയും. അടിയന്തര സമയങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. എവിടെയാണ് ക്യാമറകൾ വച്ചിട്ടുള്ളത് എന്നറിയില്ല, ഒളിഞ്ഞു നോക്കുന്നുണ്ടോ എന്നറിയില്ല റിസോർട്ടിന് നേരെ മുന്നിലായുള്ള ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് മറയിലേക്ക് നോക്കി പത്താം ക്ലാസുകാരി പറയുന്നു. ഒൻപതാം ക്ലാസ്സിലും, പത്താം ക്ലാസിലും, +1നും, +2വിനും മറ്റു ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് റിസോർട്ടിന്റെ വരവോടെ പഠനം അതീവ ദുസ്സഹമായിരിക്കുകയാണ്. പരീക്ഷയുടെ സമയങ്ങളിൽ റിസോർട്ടിൽ ടൂറിസ്റ്റുകൾ ഉണ്ടാകരുതേ എന്നാണു ഈ വിദ്യാർത്ഥികളുടെ പ്രാർത്ഥന. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം അവിവാഹിതമാരായ അമ്മമാരുള്ള തിരുനെല്ലി പഞ്ചായത്തിലാണ് ഈ ചൂഷണം നടക്കുന്നത് എന്ന വസ്തുത ഏറെ ഗൗരവമേറിയതാണ്. 27 സെന്റ് ഭൂമിയിൽ അദ്ദേഹവും കുടുംബവും കൂടാതെ ഭാര്യാ സഹോദരങ്ങളും താമസിക്കുന്നുണ്ട്.

ആകെയുള്ള നടവഴിയിൽ ജയിലുകളുടെ മതിലിനു സമാനമായി മതിലുകൾ ഉയർത്തിയതിനാൽ തല ചുമടായി കുടിവെള്ളം പോലും വീട്ടിലേക്കു കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ്. മതിലിനു മറുവശത്തു ആരെങ്കിലും ആക്രമിക്കാൻ പതിയിരുന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയായതിനാൽ ഏറെ പേടിച്ചതാണ് ഈ വഴിയിലൂടെ നടക്കുന്നതുപോലും. കോളനിയിലെ വീടിനു ചേർന്ന് തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ റിസോർട്ടിന് വേണ്ടിയാണെന്ന് നാട്ടുകാരിൽ നിന്നും അറിഞ്ഞ അദ്ദേഹം നാട്ടുകാരുടെ ഉപദേശത്തിൽ മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ നടക്കുന്ന റിസോർട്ട് നിർമ്മാണം തന്റെയും കുടുബത്തിന്റെയും സ്വര്യ ജീവിതത്തിനു തടസ്സമാണെന്നും, ആദിവാസി കോളനിക്കു സമീത്തുള്ള റിസോർട്ട് നിർമ്മാണത്തിന് കോളനി വാസികളുടെ അനുമതി മേടിച്ചിട്ടില്ല എന്നും റിസോർട്ടിന്റെ പ്രവൃത്തികൾ അടിയന്തിരമായി നിർത്തിവയ്ക്കണം എന്നും ആവശ്യപ്പെട്ട് 2012 ൽ മാനന്തവാടി റവന്യു ഡിവിഷണൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ പരാതിക്കാരനെ വിളിച്ചു വിചാരണ നടക്കുന്ന സമയത്തു തന്നെ സ്ഥലത്തു റിസോർട്ട് നിർമ്മാണവും നടക്കുന്നുണ്ടായിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കും, മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും, ജന സമ്പർക്ക പരിപാടിയിലും, പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ മുൻപാകെയും നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും അന്വേഷിച്ചു നടപടിയെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തൃശ്ശിലേരി വില്ലേജ് ഓഫീർ മുഖേന അന്വേഷണം നടത്തിയ സബ് കളക്ടർ റിസോർട്ട് ഉടമകളുടെ നിയമ ലംഘനങ്ങളൊന്നും തന്നെ അന്വേഷിക്കാതെ വീടിനു സമീപമുള്ള മതിൽ 8 അടി മുതൽ 10 അടിവരെ ഉയർത്തി കെട്ടാൻ റിസോർട്ട് അധികൃതർ തയ്യാറാണ്. അങ്ങനെ മതിൽ ഉയർത്തി കെട്ടിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അതുകൊണ്ടു തന്നെ റിസോർട്ടിന്റെ മതിൽ ഉയർത്തി കെട്ടാൻ നിർദേശിച്ചുകൊണ്ട് കേസ് തീർപ്പാക്കുന്നു എന്ന വളരെ വിചിത്രമായ വിധിന്യായമാണ് പുറപ്പെടുവിച്ചത്. കേട്ടുകേള്വിയില്ലാത്തതും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ സബ്കളക്ടറുടെ വിധി ആദിവാസികളോടുള്ള കടുത്ത അവഗണനയുടെയും, അധിക്ഷേപത്തിന്റെയും പ്രതിഫലനവും ആദിവാസികൾക്കെതിരായ കുറ്റകൃത്യവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.



റിസോർട്ട് അധികൃതരിൽ നിന്നും ഒരു സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങി വളരെ എളുപ്പത്തിൽ പ്രശനം പരിഹരിച്ചെന്നും , ഇനി കൂടുതൽ ആശ്വാസങ്ങൾ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാം എന്നുമാണ് മാറിയുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടപ്പോൾ സബ് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ്. മാത്രവുമല്ല വിവരാവകാശ നിയമ പ്രകാരം പരാതിക്കാരനായ മറി തിരുനെല്ലി പഞ്ചായത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അത് റിസോർട്ട് അല്ല എന്നും കോട്ടേജുകളാണെന്നും വ്യക്തമാണ്. റിസോർട്ടിനാണോ അനുമതി കൊടുത്തത് എന്ന പരാതിക്കാരന്റെ ചോദ്യത്തിന് അല്ല കോട്ടേജുകൾക്കാണെന്നു പഞ്ചായത്തിന്റെ രേഖകൾ പറയുന്നു. എന്നാൽ സബ് കളക്ടറുടെ നടപടിക്രമത്തിൽ റിസോർട്ട് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ട്രൈബൽ ഹാംലെറ്റ്കളിൽ റിസോർട്ട് നിർമ്മാണത്തിനും മറ്റു വാണിജ്യ പ്രവൃത്തങ്ങൾക്കും ആവശ്യമായിട്ടുള്ള ആദിവാസികളുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല എന്നും പഞ്ചായത്തിന്റെ വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്..

സബ് കളക്ടറുടെയും,കളക്ടറുടെയും, പഞ്ചായത്തിന്റെയും, വില്ലേജ് ആഫീസറുടെയും, മുഖ്യമന്ത്രിയുടെയും, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റേതും ഉൾപ്പടെ എല്ലാ അന്വേഷണങ്ങളും വിചാരണകളും നടത്തുന്ന സമയത്തും റിസോർട്ടിന് ലൈസൻസ് പോലും ഇല്ലായിരുന്നു എന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP