Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കായികതാരങ്ങൾക്കു മെഡൽ നേടിയാൽ മാത്രം പരിഗണന; അഭിനന്ദിച്ചില്ലെങ്കിലും അവഗണിക്കരുത്; തിക്താനുഭവങ്ങളിൽ പരാതിപ്പെടാനില്ല: ഒളിമ്പിക്‌സ് വേദിയിൽ നിന്നു തിരികെ എത്തിയ അനിൽഡയ്ക്കു പറയാനുള്ളത്

കായികതാരങ്ങൾക്കു മെഡൽ നേടിയാൽ മാത്രം പരിഗണന; അഭിനന്ദിച്ചില്ലെങ്കിലും അവഗണിക്കരുത്; തിക്താനുഭവങ്ങളിൽ പരാതിപ്പെടാനില്ല: ഒളിമ്പിക്‌സ് വേദിയിൽ നിന്നു തിരികെ എത്തിയ അനിൽഡയ്ക്കു പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

വടാട്ടുപാറ(കോതമംഗലം): ഒന്നും തരണ്ട, വീട്ടിലെത്തിയോ എന്നെങ്കിലും ഒന്നന്വേഷിക്കാമായിരുന്നല്ലോ? സങ്കടവും അതിലേറെ രോഷവും കടിച്ചമർത്തി കായിക കേരളത്തിന്റെ അപ്പോസ്ഥലരെന്ന് അവകാശപ്പെടുന്നവരോട് ഒളിമ്പ്യൻ അനിൽഡ തോമസിന്റെതാണ് ചോദ്യം.

പരിമിത സൗകര്യങ്ങളോട് പടപൊരുതി റിയോയിലെ ഒളിമ്പിക്‌സ് വരെയെത്തിയ തന്റെ കായികവളർച്ചയെ അഭിനന്ദിച്ചില്ലങ്കിലും ഇത്തരത്തിൽ അവഗണിക്കേണ്ടിയിരുന്നില്ലാ എന്നാണ് അനിൽഡയുടെ പക്ഷം. ഇങ്ങനെയൊരാൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയെന്ന് അറിഞ്ഞഭാവം നടിക്കാൻപോലും കായികരംഗത്തോ ഭരണരംഗത്തോ ഉള്ളവർ തയ്യാറായിട്ടില്ലന്നും മെഡൽ നേടിയാൽ മാത്രം പരിഗണന എന്ന നയമാണ് ഇവിടെ കായികരംഗം പുഷ്ടിപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ളതെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.

അനിൽഡ ഒളിമ്പിക്‌സിൽ പങ്കെടുത്ത് മടങ്ങിയെത്തിയിട്ട് ദിവസങ്ങളായി. കായികരംഗത്തെ ഉത്തരാവാദപ്പെട്ടവരോ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടവരോ ഫോണിൽ പോലും വിളിച്ചില്ല. ഒരു ഒളിമ്പിക്‌സ് മെഡൽ എന്ന സ്വപ്‌നം മലയാളിക്ക് ഇപ്പോഴും കൈയെത്താദൂരത്താണ്. ഏതാനും താരങ്ങളെയെങ്കിലും ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ ഇതുവരെയുള്ള നേട്ടം. ആ നിലയ്ക്ക് മെഡൽ നേടിയില്ലെങ്കിലും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടത്തിനുടമയാണ് അനിൽഡ തോമസ് എന്നകാര്യത്തിൽ തർക്കമില്ല.

ബാഗ്ലൂർ വരെയെത്താനുള്ള ടിക്കറ്റ് നൽകി ഒളിമ്പിക്‌സ് ഫെഡറേഷൻ കടമ തീർത്തതൊഴിച്ചാൽ പിന്നീട് ഒരന്വേഷണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇതിൽ വിഷമമുണ്ടെന്നും പിതാവ് തോമസ് പറഞ്ഞു. അർഹതപ്പെട്ട പരിഗണന പോലും നൽകാൻ ആരും തയ്യാറാകുന്നില്ല. മനസ്സ് മടുപ്പിക്കുന്ന അനുഭവമാണിതെന്ന് അഭിമാനനേട്ടം കൈവരിച്ച താരത്തിന്റെ പിതാവ് വേദനയോടെ വ്യക്തമാക്കി. റിയോ ഒളിമ്പിക്‌സിൽ ഏറെ തിക്താനുഭവങ്ങളുണ്ടായെന്ന് അനിൽഡയും സൂചിപ്പിച്ചു. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും വേണ്ടത്ര സഹായം ഉണ്ടായില്ല എന്നതാണ് പരമാർത്ഥം. എന്നാൽ ഇതൊരു പരാതിയായോ ആരോപണമായോ ഉന്നയിക്കാൻ അനിൽഡക്ക് താൽപ്പര്യമില്ല. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നുള്ള സംസ്ഥാന സർക്കാർ പ്രഖ്യാപനത്തേക്കുറിച്ചും ഇപ്പോൾ ബന്ധപ്പെട്ടവരെല്ലാം മറന്നെന്നാണ് നിലവിലെ സ്ഥിതി ഗതികളിൽ നിന്നും വ്യക്തമാവുന്നതെന്നും അനിൽഡയുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.

ദേശീയ ഗെയിംസിൽ മെഡൽ നേടിയ സന്ദർഭത്തിലായിരുന്നു ഈ പ്രഖ്യാപനം. ഒളിമ്പിക്‌സിൽ പങ്കെടുത്ത് മടങ്ങിയെത്തിയിട്ടും ഇക്കാര്യത്തിൽ ഒരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല പണവും ഊർജ്ജവും ചിലവഴിച്ച് മക്കളെ കായികരംഗത്തേക്ക് ഇറക്കിവിടുന്ന രക്ഷിതാക്കളുടെ മനസ്സ് മടുപ്പിക്കുന്നതാണ് ഇത്തരം സമീപനങ്ങളെന്ന് അനിൽഡയുടെ പിതാവ് തോമസ്സ് പ്രതികരിച്ചു. റിയോയിലും മടങ്ങിവന്ന ശേഷവും തിക്താനുഭവങ്ങൾ ഏറെയുണ്ടായെന്ന് അനിൽഡയും സൂചിപ്പിച്ചു.

റിയോ ഒളിമ്പിക്‌സ് നൽകിയ അനുഭവം വളരെ വലുതാണെന്ന് അനിൽഡ വ്യക്തമാക്കി.റിലേയിൽ പ്രതീഷിച്ച പ്രകടനമല്ല നൽകാനായത്.എന്നാൽ തന്റെ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനായി.അടുത്ത ഒളിമ്പിക്‌സിലും അതിന് മുമ്പുള്ള ഏഷ്യൻ ഗയിംസ്,ലോക അത്‌ലറ്റിക് മീറ്റ്,കോമൺവെൽത്ത് ഗയിംസ് എന്നിവയിലും മെഡൽ നേടണമെന്നാണ് ആഗ്രഹം.അതിനായി കഠിന പ്രേത്‌നം തുടരും-അനിൽഡ വ്യക്തമാക്കി.

ഇന്ത്യൻ ഒളിമ്പിക്‌സ് ടീമിൽ ഇടം നേടിയ 11 മലയാളികളിൽ ഒരാളാണ് അനിൽഡ തോമസ്. 4x400 മീറ്റർ റിലേയിൽ ആണ് അനിൽഡ ഒളിമ്പിക്‌സ് ട്രാക്ക് തൊട്ടത്. പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല ടീമിന് നൽകാനായത്. അതിൽ നിരാശയുണ്ട്- അനിൽഡ പറഞ്ഞു. ദേശീയ റിക്കാർഡോടെ ഫൈനൽ ബർത്ത് ഉറപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. മികച്ച തുടക്കം കിട്ടാതിരുന്നതാണ് ടീമിന് വിനയായത്. ആദ്യ ലാപ്പെടുത്ത നിർമ്മലയ്ക്കാണ് പ്രധാനമായും പിഴച്ചത്. ആദ്യ മൂന്ന് ലാപ്പുകളും ഏറ്റവും പിന്നിലായെങ്കിൽ അവസാനലാപ്പിലോടിയ അനിൽഡ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഫിനിഷ് ചെയ്തത്.

ടീമിന്റെ പ്രകടനം മൊത്തിത്തിൽ നിറം മങ്ങിയെങ്കിലും കരിയറിലെ മികച്ച സമയം കുറിച്ച് ഫിനിഷ് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് അനിൽഡ. പരിശീലനത്തിലും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വലിയ സാമ്പത്തിക ചെലവുണ്ട്. ഇവയെല്ലാം തരണം ചെയ്യാൻ ആരുടേയെങ്കിലും പിന്തുണ അനിവാര്യമാണെന്ന് അനിൽഡ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കിയത് അവസാന നാലുമാസം മാത്രമാണ്. ഇത് കുറേക്കൂടി നേരത്തെ ലഭിച്ചാൽ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനാകും-അനിൽഡ ചൂണ്ടിക്കാട്ടി.

അനിൽഡയുടെ വീടിനുള്ളിലാകെ അനിൽഡക്ക് ലഭിച്ച മെഡലുകളും മറ്റ് ഉപഹാരങ്ങളുമാണ്. ഒളിമ്പിക്‌സിൽ പങ്കെടുത്തതിന് ലഭിച്ച മെഡലാണ് ഇതിൽ ഏറ്റവും പുതിയത്. 'ഇക്കൂട്ടത്തിൽ ഒരു ഒളിമ്പിക്‌സ് മെഡൽ കൂടി ചേർക്കണം' നിധിപോലെ കാത്തുസൂക്ഷിക്കുന്ന വീടിനുള്ളിലെ മെഡൽ മാലകളെ നോക്കി അനിൽഡ ഇതുപറയുമ്പോൾ മുഖത്ത് നിറഞ്ഞുനിന്നത് ശുഭാപ്തിവിശ്വാസത്തിന്റെ പൊൻതിളക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP