Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിപ്ലവകാഹളം മുഴക്കി തുടങ്ങിയ 140 കിലോമീറ്റർ വല്ലാർപാടം റോഡ് 5 കിലോമീറ്ററിൽ ഒതുങ്ങി; വികസനം മുടങ്ങിയത് ലീഗ് അണികളുടെ എതിർപ്പിനെ തുടർന്ന്; ഗൾഫിലെ ഫോട്ടോകൾ കാട്ടി വികസനംമുടക്കികളെന്ന് ആക്ഷേപിച്ചവർ വായിച്ചറിയാൻ

വിപ്ലവകാഹളം മുഴക്കി തുടങ്ങിയ 140 കിലോമീറ്റർ വല്ലാർപാടം റോഡ് 5 കിലോമീറ്ററിൽ ഒതുങ്ങി; വികസനം മുടങ്ങിയത് ലീഗ് അണികളുടെ എതിർപ്പിനെ തുടർന്ന്; ഗൾഫിലെ ഫോട്ടോകൾ കാട്ടി വികസനംമുടക്കികളെന്ന് ആക്ഷേപിച്ചവർ വായിച്ചറിയാൻ

എം പി റാഫി

കോഴിക്കോട്: കേരളത്തിലെ പാതകൾ ഗൾഫ് മാതൃകയിലാക്കണമെന്ന് സോഷ്യൽ മീഡയയിൽ പ്രചരണം നടത്തിയവരാണ് ലീഗുകാർ. ഗൾഫിലെ റോഡുകളുടെ ഫോട്ടോകളും പോസ്റ്റായിട്ടു. കേരളത്തിലെ വികസനം മുടക്കികൾ ഇടതുപക്ഷം ആണെന്നും ആരോപിച്ചു. സ്ഥലമേറ്റെടുപ്പിനെതിരെ ഉയരുന്ന സമരങ്ങളുടെ നേതൃത്വം പ്രദേശിക തലത്തിൽ ഇടതു നേതാക്കൾ ഏറ്റെടുക്കുന്നതിനെയാണ് ഫെയ്‌സ് ബുക്കിലൂടേയും മറ്റും ലീഗുകാർ വിമർശിച്ചത്.

എന്നാൽ വികസനം മലപ്പുറത്ത് എത്തുമ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് ലീഗുകാരും മറക്കും. സ്ഥലം വിട്ടുകൊടുത്ത് ഗൾഫ് മാതൃകയിൽ റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞാലും സമ്മതിക്കില്ല. റോഡല്ല സ്ഥലമാണ് വലുതെന്ന് ലീഗുകാർ പറഞ്ഞാൽ അത് കേൾക്കാതിരിക്കാൻ ഭരിക്കുന്നവർക്കും കഴിയില്ല. അവരും ലീഗുകാരുടെ താളത്തിന് തുള്ളും. അങ്ങനെ തീരദേശ വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയിലുമായി.

ലീഗുകാരുടെ എതിർപ്പിനെ തുടർന്ന്‌ രണ്ട് വർഷം മുമ്പ് കൊട്ടിഘോഷിച്ച് സംസ്ഥാന തല ഉദ്ഘാടനം നടത്തിയ കോഴിക്കോട്-വല്ലാർപാടം തീരദേശ ദേശീയ പാതയുടെ നിർമ്മാണം എങ്ങുമെത്താതെ നിൽക്കുന്നു. മുസ്ലിം ലീഗ് അണികളുടെ എതിർപ്പ് തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ തീരുമാനമാണ് ഇത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് കൂടിയുള്ളതിനാൽ ഈ വികസന അട്ടിമറി എളുപ്പവുമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടം കഴിഞ്ഞപ്പോൾ എല്ലാവരും പാതയെ മറന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മുദ്രാവാക്യം ഏശില്ലെന്ന തിരിച്ചറിവ് തന്നെയാണ് തീരദേശ വികസനം ലക്ഷ്യമിട്ടുള്ള റോഡിനെ അട്ടിമറിക്കുന്നത്.  രണ്ടായിരം കോടി രൂപ വകയിരുത്തിയ കോഴിക്കോട്‌വല്ലാർപാടം തീരദേശ പാതയുടെ നിർമ്മാണം രണ്ടുവർഷം മുമ്പാണ് ആരംഭിച്ചത്.

ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലൂടെയാണ് ഇനി പാത കടന്ന് പോകേണ്ടത്. പാത കടന്നു പോകുന്നുപോകുന്ന തീരപ്രദേശങ്ങളിലെ ജനങ്ങൾ പതിറ്റാണ്ടുകളായി ലീഗിനൊപ്പം നിൽക്കുന്നവരുമാണ്. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണിൽ കരടാകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റേയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം.

മലപ്പുറത്ത് റോഡിനായുള്ള സ്ഥലം ഏറ്റെടുപ്പ് സംഘർഷങ്ങളിലേക്കാണ് എത്തിക്കാറ്. ദേശീയ പാതാ വികസനം പോലും ഇതുമൂലം തടസ്സമായി. ഭരണ മുന്നണിയിലെ പ്രമുഖരായ മുസ്ലിം ലീഗ് അണികളുടെ എതിർപ്പ് അവഗണിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പണികിട്ടുമെന്ന് യുഡിഎഫ് നേതൃത്വത്തിനും ഉറപ്പാണ്. ലീഗ് അണികൾ ഇടതുപക്ഷത്തേക്ക് ചാഞ്ഞ് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച ചരിത്രവും മുന്നിലുണ്ട്.

നഷ്ടപ്പെട്ട വിശ്വസം അണികളിൽ ലീഗ് തിരിച്ചുപിടിച്ചതേ ഉള്ളൂ. അതുകൊണ്ട് തന്നെ തീരദേശ പാതയെ കൈവിടാനാണ് ലീഗ് തീരുമാനം. ഇതിനെ തുടർന്നാണ് തീരദേശ പാതാ വികസനം അവതാളത്തിലായത്. 140 കിലോ മീറ്റർ ദൈർഘ്യം കണക്കാക്കുന്ന പാതയുടെ പണി കേവലം അഞ്ച് കിലോ മീറ്റർ മാത്രമാണ് പൂർത്തിയായത്. ഈ ഘട്ടത്തിൽ എത്തിയപ്പോൾ തന്നെ നിർമ്മാണം നിലച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഉയരും.

ഇതൊക്കെ അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. അതിനാൽ കരുതലോടെ മാത്രമേ നീങ്ങൂ. പാത വേണ്ടെന്ന് വച്ച് വോട്ട് നിലനിർത്താനുള്ള ലീഗ് തീരുമാനത്തെ കോൺഗ്രസും പിന്തുണയ്ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കം ഒരു കാരണവശാലും നഷ്ടമാകരുതെന്ന അഭിപ്രായം തന്നെയാണ് മലബാറിലെ കോൺഗ്രസ് നേതൃത്വത്തിനുമുള്ളത്. 

2012ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മുതൽ വല്ലാർപാടം വരെ 140 കിലോ മീറ്റർ ദൂരമുള്ള തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത വികസന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട്-കൊച്ചി പാതയിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനും ഗതാഗത കുരുക്കുകൾക്ക് പരിഹാരം കാണുവാനും സാധിക്കും.

പണി പൂർത്തിയാ തീരദേശ പാതയുടെ അഞ്ച് കിലോമീറ്റർ വളരെ കുറ്റമറ്റതും ശാസ്ത്രീയവുമായ രീതിയിലാണ് പൂർത്തീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കൂട്ടായി ആശാൻപടി മുതൽ പറവണ്ണ വരെയുള്ള അഞ്ച് കിലോ മീറ്റർ റോഡാണ് 20 മീറ്റർ വീതിയിൽ നവീകരിച്ച് ആദ്യഘട്ടത്തിൽ ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. എന്നാൽ തുടർന്ന് പാത പോകുന്ന സ്ഥലം സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ പദ്ധതി നിലയ്ക്കുകയായിരുന്നു. സ്ഥലമേറ്റടുക്കലിനെതിരെ പ്രതിഷേധങ്ങളും ഉയരാൻ തുടങ്ങി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ പ്രതിഷേധത്തിന് വിധേയരാകേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പദ്ധതി ആതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP