Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പള്ളിയിലെ ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും മാതാവിന്റെ രൂപം ദർശിച്ചെന്നും മൂന്നു പെൺകുട്ടികൾ..! കേട്ടറിഞ്ഞവർ 'അത്ഭുതദൃശ്യം' ദർശിക്കാനെത്തി ഒന്നും കാണാതെ മടങ്ങി; ഫോർട്ട് കൊച്ചി പള്ളിയിൽ ഭക്തരുടെ തിരക്കേറിയതോടെ സ്ഥിരീകരിക്കാതെ പള്ളിവികാരിയും

പള്ളിയിലെ ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും മാതാവിന്റെ രൂപം ദർശിച്ചെന്നും മൂന്നു പെൺകുട്ടികൾ..! കേട്ടറിഞ്ഞവർ 'അത്ഭുതദൃശ്യം' ദർശിക്കാനെത്തി ഒന്നും കാണാതെ മടങ്ങി; ഫോർട്ട് കൊച്ചി പള്ളിയിൽ ഭക്തരുടെ തിരക്കേറിയതോടെ സ്ഥിരീകരിക്കാതെ പള്ളിവികാരിയും

പ്രകാശ് ചന്ദ്രശേഖർ

പള്ളുരുത്തി: പള്ളിയിലെ ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും ഉദരഭാഗത്ത് കന്യാമറിയത്തിന്റെ തിരുസ്വരൂപം ദർശിച്ചെന്നും മൂന്നു പെൺകുട്ടികൾ പറഞ്ഞതോടെ 'അത്ഭുതദൃശ്യം' ദർശിക്കാൻ ഭക്തരുടെ തിരക്ക്. ഫോർട്ട് കൊച്ചി ഇമ്മാനുവൽ പള്ളിയിലാണ് അത്ഭുതം കണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞതോടെ വിശ്വാസത്തിന്റെ നിർവൃതിയിലായത്. അദ്ഭുതരൂപം കാണാൻ ഫോർട്ട് കൊച്ചി ഇമ്മാനുവൽ പള്ളിയിൽ ഭക്തിയുടെ നിറവിൽ എല്ലാം മറന്ന് വിശ്വാസികൾ എത്തിയെങ്കിലും ഒന്നും കാണാനാവാവാതെ മടങ്ങേണ്ടി വന്നു. ആയിരക്കണക്കിനു പേർ ക്രൂശിത രൂപത്തിന്റെ ചിത്രം പകർത്തുകയും അവ ഷെയർ ചെയ്യുകയും ചെയ്തതോടെ പ്രദേശത്ത് വലിയ ആൾത്തിരക്കായി. പെൺകുട്ടികൾ അത്ഭുതരൂപം ദർശിച്ചെന്ന വാർത്ത കാട്ടുതീപോലെ പടർന്നതോടെ ഭക്തിയുടെ നിറവിലെത്തിയ വിശ്വാസികൾക്കൊന്നും 'ദിവ്യദർശനം' ലഭിച്ചില്ല.

ഇന്നലെ രാവിലെ 11 മണിയോടെ ഫോർട്ട് കൊച്ചി ഇമ്മാനുവൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയാണ് തങ്ങൾ അത്ഭുത ദൃശ്യം കണ്ടതെന്നു മൂന്ന് വിദ്യാർത്ഥിനികൾ വീട്ടിലെത്തി മാതാപിതാക്കളോടു പറഞ്ഞത്. ഇതോടെ സംഭവം അതിവേഗം നാട്ടിൽ പാട്ടായി. തീരദേശത്താകെ അത്ഭുതവും ജിജ്ഞാസയിലുമായി. പെൺകുട്ടികളിൽ രണ്ടുപേർ ക്രിസ്ത്യൻ വിശ്വാസികളും ഒരാൾ ഹിന്ദുവിശ്വാസിയുമായിരുന്നു. മക്കളുടെ വിവരണം കേട്ടതോടെ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം പള്ളിയിലെത്തി വികാരി ഫാ. ജോർജ്ജ് ബിബിലാലിനെ വിവരമറിയിക്കുകയായിരുന്നു.

ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും ഉദരഭാഗത്ത് കന്യാമറിയത്തിന്റെ തിരുസ്വരൂപം ദർശിച്ചെന്നുമായിരുന്നു പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ പെൺകുട്ടികൾ വീട്ടുകാരെ അറിയിച്ചിരുന്നത്. വിദ്യാഭ്യാസ ഉന്നതിക്കായി ട്യൂഷൻ ടീച്ചർ നസ്രത്ത് സ്വദേശിനി റെഡീന നിദ്ദേശിച്ചതനുസരിച്ച് പ്രാർത്ഥിക്കുന്നതിനായിട്ടാണ് ബ്രില്ല, അലീന, ആഷിഖ എന്നിവർ രാവിലെ 10 മണിയോടെ പള്ളിയിലെത്തിയത്. പ്രാർത്ഥനക്കിടക്ക് നീല സാരിയുടുത്ത ഒരു സ്ത്രീ അരികിലെത്തി തങ്ങളോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞെന്നും നിങ്ങൾക്ക് മാതാവിന്റെ അനുഗ്രഹമുണ്ടാവുമെന്നും അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷയായെന്നും ഇതിന് പിന്നാലെയാണ് ക്രൂശിതരൂപത്തിൽ രക്തവും മാതാവിന്റെ രൂപവും കണ്ടതെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.

താൻ ആദ്യം ഈ ദൃശ്യം കണ്ടില്ലന്നും പിന്നീട് ക്രിസ്ത്യൻ കുട്ടികളുടെ നിർബന്ധപ്രകാരം പ്രാർത്ഥനയിൽ പങ്കുചേർന്നപ്പോഴാണ് അത്ഭുതദൃശ്യം കാണാനായതെന്നും ഹിന്ദു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായും വികാരി അറിയിച്ചു. പെൺകുട്ടികളുടെ വീട്ടുകാരിൽ നിന്നും വിവരമറിഞ്ഞ അയൽവാസികൾ ഉടൻ പള്ളിയിലെത്തി. വിവരമറിഞ്ഞ് ഉച്ചയോടെ സമീപപ്രദേശങ്ങളിൽ നിന്നും ഭക്തർ എത്തിതുടങ്ങി. താമസിയാതെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. വിവരമറിഞ്ഞ് വികാരി ഫാ ജോർജ്ജ് ബിബിലാലും പള്ളിഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തി. വികാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ തിരുസ്വരൂപം വിശദമായി പരിശോധിച്ചെങ്കിലും പെൺകുട്ടികൾ വെളിപ്പെടുത്തിയ വസ്തുതകൾ സ്ഥിരീകരിക്കാനായില്ല.

പെൺകുട്ടികൾ വിവരിച്ചതുപോലെയുള്ള തോന്നലുകൾ തങ്ങൾക്ക് അനുഭവപ്പെട്ടതായി ഏതാനും വിശ്വാസികൾ സാക്ഷ്യം നൽകിയെന്നും പള്ളിയിലെത്തുന്ന തീവ്രവിശ്വാസികളായ കുട്ടികൾക്ക് ഈ ദൃശ്യം ഇപ്പോഴും കാണാൻ കഴിയുന്നുണ്ടെന്നുമാണ് സംഭവം സംബന്ധിച്ച് വികാരി നൽകുന്ന വിവരം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പള്ളിക്കുള്ളിലെ ഭക്തജനതിരക്ക് സാധാരണ നിലയിലായത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള തീരപ്രദേശത്തെ ഈ ദേവാലയത്തിൽ മിക്കപ്പോഴും ഭക്തജനത്തിരക്കുണ്ട്.സംഭവം കേട്ടറിഞ്ഞ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

അത്ഭുതദൃശ്യം കണ്ടതായി വെളിപ്പെടുത്തിയ വിദ്യാർത്ഥിനികളിപ്പോൾ താരപരിവേഷത്തിലായിക്കഴിഞ്ഞു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും അനുഭവസാക്ഷ്യം നേരിൽ കേൾക്കുന്നതിനും കന്യാസ്ത്രീകളും വൈദീകരുമുൾപ്പെടെയുള്ള ധാരാളം പേർ പള്ളിയിലും വീടുകളിലും എത്തിക്കൊണ്ടിരിക്കുകയാണ്. താൻ അദ്ഭുതദൃശ്യം കണ്ടിട്ടില്ലെന്നു സമ്മതിച്ച വികാരി ഫാ. ജോർജ് ബിബിലാൽ പക്ഷേ, സംഭവം സത്യമായിരിക്കാമെന്നാണ് അഭിപ്രായപ്പെടുന്നത്. താനുൾപ്പെടെയുള്ള വിശ്വാസികളും കരുതുന്നതങ്ങനെതന്നെ. കുട്ടികൾക്കു കാണാൻ കഴിയുന്നുണ്ട്. ഇക്കാര്യത്തിൽ മറിച്ചുള്ള പ്രചാരണങ്ങൾ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ളതാണെന്നും വികാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP