Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിലെ ആചാരങ്ങളിലെ കാലോചിത മാറ്റം വേണം; ശബരിമലയിൽ എല്ലാ ദിവസവും നടതുറക്കണമെന്ന നിർദേശത്തിൽ തെറ്റില്ല; തന്ത്രിക്ക് പരമാധികാരമുള്ള കാലംകഴിഞ്ഞു: പിണറായിയുടെ നിലപാടിനെ പിന്തുണച്ച് വെള്ളാപ്പള്ളി; എതിർപ്പുമായി കുമ്മനം രാജശേഖരൻ

ശബരിമലയിലെ ആചാരങ്ങളിലെ കാലോചിത മാറ്റം വേണം; ശബരിമലയിൽ എല്ലാ ദിവസവും നടതുറക്കണമെന്ന നിർദേശത്തിൽ തെറ്റില്ല; തന്ത്രിക്ക് പരമാധികാരമുള്ള കാലംകഴിഞ്ഞു: പിണറായിയുടെ നിലപാടിനെ പിന്തുണച്ച് വെള്ളാപ്പള്ളി; എതിർപ്പുമായി കുമ്മനം രാജശേഖരൻ

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശങ്ങളെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ രംഗത്തെത്തിയോടെ വിഷയത്തിന് രാഷ്ട്രീയ നിറവും കൈവന്നു. ആചാരങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന പിണറായിയുടെ നിലപാട് സദുദ്ദേശ്യപരമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി പറഞ്ഞുവെന്നതു കൊണ്ട് അതിനെ എതിർക്കുകയല്ല വേണ്ടത്. ശബരിമലയിൽ കാര്യങ്ങൾ നടപ്പാക്കുന്നതിൽ പ്രായോഗികത പരിഗണിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ശബരിമലയിൽ എല്ലാ ദിവസവും നടതുറക്കണമെന്ന നിർദേശത്തിൽ തെറ്റില്ല. വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. എല്ലാ ദിവസവും തുറന്നാൽ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് സദുദ്ദേശത്തോടെയാണ് പിണറായി പറഞ്ഞത്. ഇത് ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമെതിരാണെങ്കിൽ ഭക്തരുമായി ആലോചിച്ച് തീരുമാനമെടുക്കണം. തന്ത്രിക്ക് പരമാധികാരമുള്ള കാലംകഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമലയിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ മുന്നോട്ടുവച്ചത്. സന്നിധാനത്തിൽ വിഐപി ദർശനം ഒഴിവാക്കണമെന്നും പകരം 'തിരുപ്പതി മോഡൽ' പാസ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം വച്ചു. 500 രൂപയുടെയും 1,000 രൂപയുടെയും അതിവേഗ, സൂപ്പർ ഫാസ്റ്റ് ട്രാക് പാസുകൾ ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. കൂടാതെ തിരക്കു കുറയ്ക്കാൻ ക്ഷേത്രം ദിവസവും തുറക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പരസ്യമായി തന്നെ ഇക്കാര്യത്തിലുള്ള എതിർപ്പ് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് നിലപാട് സ്വീകരിച്ചിരുന്നു. സർക്കാറിന്റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കണം. വിവാദങ്ങളുണ്ടാക്കാൻ ചില ആസൂത്രിതശ്രമം നടക്കുന്നതായും തന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ദൈവത്തിന് മുമ്പിൽ എല്ലാവരും തുല്യരാണ് എന്നതാണ് സങ്കൽപം. പണം വാങ്ങി ദർശനം അനുവദിക്കുന്ന രീതിയോട് യോജിക്കുന്നില്ല. പണമുള്ളവർക്ക് കൂടുതൽ സൗകര്യം നൽകുന്നത് ശരിയല്ലെന്നും തന്ത്രി വ്യക്തമാക്കി.

വർഷം മുഴുവൻ ദർശനമെന്ന കാര്യത്തിൽ ഏകപക്ഷീയ തീരുമാനമെടുക്കാനാകില്ല. മണ്ഡല കാലത്താണ് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. ശബരിമലയിലെത്താൻ സ്ത്രീകളെന്തിനാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നും അമ്പത് വയസുവരെ കാത്തിരുന്നു കൂടെയെന്നും കണ്ഠര് രാജീവര് ചോദിച്ചു.

അതേസമയം പിണറായിയുടെയും വെള്ളാപ്പള്ളിയുടെയും നിലപാടുകളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും രംഗത്തുവന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ച കുമ്മനം സ്ത്രീകളെ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കുന്നത് പാർട്ടി സെക്രട്ടറിയല്ലെന്ന് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിനുമേൽ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സിപിഐ(എം) തന്ത്രം മതപരമായ ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പാർട്ടി ഓഫീസിൽ കയറിയ സ്ത്രീകളെ അതിക്രമിച്ചവരാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്.

ആരാധനാ ക്രമം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അത് ആചരിക്കുന്നവരും വിശ്വസിക്കുന്നവരുമാണ്. ഈശ്വരന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാത്ത എംഎൽ എമാരുടെ നേതാവാണ് ശബരിമല സംബന്ധിച്ച് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ക്ഷേത്രത്തിലും കാലങ്ങളായി ആചരിച്ചു വരുന്ന ചില സമ്പ്രദായങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ മാറ്റം വേണമോ എന്ന് പറയേണ്ടത് ആചാരശ്രേഷ്ഠന്മാരാണ്. ആചാര്യന്മാരും ആചരിക്കുന്നവരും ഭക്തജനങ്ങളുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളുടെ മുന്നിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP