Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ റേഷൻകാർഡുമായി ഉടനെയെങ്ങും റേഷൻ വാങ്ങാൻ കഴിയില്ല: മൂന്നുകൊല്ലം മുൻപ് പുതുക്കാൻ തുടങ്ങിയ റേഷൻ കാർഡ് എങ്ങുമെത്തിയില്ല: പുതിയത് കിട്ടാൻ ഇനിയും രണ്ടരവർഷമെങ്കിലും കാത്തിരിക്കണം

പുതിയ റേഷൻകാർഡുമായി ഉടനെയെങ്ങും റേഷൻ വാങ്ങാൻ കഴിയില്ല: മൂന്നുകൊല്ലം മുൻപ് പുതുക്കാൻ തുടങ്ങിയ റേഷൻ കാർഡ് എങ്ങുമെത്തിയില്ല: പുതിയത് കിട്ടാൻ ഇനിയും രണ്ടരവർഷമെങ്കിലും കാത്തിരിക്കണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുതിയ റേഷൻ കാർഡ് കിട്ടിയിട്ട് ഉടനെയെങ്ങും റേഷൻ വാങ്ങാമെന്ന് ആരും കരുതേണ്ട. 2013 ൽ തുടങ്ങിയ റേഷൻ കാർഡ് പുതുക്കൽ പൂർത്തിയാകാൻ ഇനിയും രണ്ടു വർഷമെങ്കിലും വേണ്ടി വരും.

ആദ്യം ശേഖരിച്ച വിവരങ്ങൾ നഷ്ടമായതിനെ തുടർന്ന് വീണ്ടും കാർഡുടമകളുടെ എണ്ണവും വിവരവും എടുക്കാൻ റേഷൻ കടക്കാരെ രഹസ്യമായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ തലവേദന തങ്ങൾക്ക് പറ്റില്ലെന്ന് റേഷൻ കടക്കാർ പറയുമ്പോൾ വെറെ വഴിയില്ലെന്ന് അധികൃതരും കൈമലർത്തുന്നു.

2013 ൽ പുതുക്കൽ നടപടികൾ ആരംഭിച്ച് 2014 ൽ വിതരണം നടത്താനായിരുന്നു യുഡിഎഫ് സർക്കാരിന്റെ പദ്ധതി. ഇതിനായി വിവര ശേഖരണവും ഫോട്ടോ എടുക്കലും ആരംഭിച്ചെങ്കിലും നടപടികൾ വൈകി. പിന്നീട് ഇകാർഡ് വിതരണം ചെയ്യാനായി നീക്കം. ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതോടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. 2014 ഡിസംബർ 16 ന് അപേക്ഷകളുടെ വിതരണം പൂർത്തിയാക്കി.

ഇവ റേഷൻകടകൾ വഴി കാർഡ് ഉടമകൾക്ക് 2015 ജനുവരി 17 ന് മുമ്പ് നൽകണമെന്നും നിർദ്ദേശിച്ചു. മാർച്ച് നാലുവരെ ഫോട്ടോ ക്യാമ്പുകൾ നടത്തി ഏപ്രിൽ 30 നകം ഓൺലൈൻ വിവരശേഖരണം നടത്തണമെന്നായിരുന്നു നിർദ്ദേശം. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ 2015 മെയ് പത്തിന് ക്രോഡീകരിച്ച് മുൻഗണനാ പട്ടിക 21 ന് പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

സോഷ്യൽ ഓഡിറ്റ് ജൂൺ ആറിന് പൂർത്തിയാക്കി അന്തിമ പട്ടിക 21 ന് പ്രസിദ്ധീകരിച്ച ശേഷം ഓഗസ്റ്റ് 31 ന് കാർഡിന്റെ അച്ചടി ആരംഭിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് തയാറാക്കിയ പട്ടിക പ്രകാരം 2015 ജൂലൈ ഒന്നുമുതൽ പുതിയ കാർഡുകൾ ഉടമകൾക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സമ്പൂർണ ഇറേഷൻകാർഡുകൾ സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിലെന്നും പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.

ഇതനുസരിച്ച് ഫോട്ടോ ക്യാമ്പുകൾ വരെ ഒരു വിധം നീങ്ങി. എന്നാൽ തുടർ നടപടികൾ വിവിധ കാരണങ്ങളാൽ മുടങ്ങി. ഇതിനിടെ പഴയ കാർഡുകളിൽ പേജുകൾ തീർന്നതിനാൽ പുതിയവ അച്ചടിച്ച് ഉടമകൾക്കു നൽകി. ഇതു തീർന്നിട്ടും വിതരണം ആരംഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കാർഡ് പുതുക്കൽ നിർത്തിവച്ചു. പുതിയ ഈ വിഷയം ചർച്ച ചെയ്ത് പുതുക്കിയ ഷെഡ്യൂൾ തീരുമാനിച്ചു. ഇതനുസരിച്ച് ഈ വർഷംതന്നെ പുത്തൻ ഇ-കാർഡുകൾ നൽകാൻ കഴിയുമെന്നാണ് വിചാരിച്ചിരുന്നത്.

ഇപ്പോൾ വീണ്ടും കാർഡ് ഉടമകളുടെ വിവരങ്ങൾ റേഷൻകാർഡു വഴി ശേഖരിക്കുകയാണ്. ഇതിനായി രേഖാമൂലമുള്ള ഉത്തരവുകൾ നൽകിയിട്ടില്ലെങ്കിലും റേഷൻകട ഉടമകളുടെ യോഗത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആധാർനമ്പർ, അംഗങ്ങളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ശേഖരിക്കാനാണ് പറഞ്ഞിട്ടുള്ളത്. കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുമില്ല.

ഉടമകളെ കണ്ടെത്തി പുതിയ വിവരങ്ങൾ ശേഖരിക്കുക റേഷൻകട ഉടമകൾക്ക് പ്രയാസമേറിയ ജോലിയാണ്. ഇത്തരം വിവരശേഖരണം നടത്തി കാർഡുകൾ പൂർണതോതിൽ നടത്താൻ ഏറെ സമയം വേണ്ടിവരും. രണ്ടുവർഷം മുമ്പ് വീടുകളിലെ സ്ത്രീകളായ മുതിർന്നവരെ ഉടമകളാക്കിയാണ് ഫോട്ടോ എടുത്തിരുന്നത്. ഇതിൽ പലരും മരിച്ചു. ഇനി ഇവരെ ഒഴിവാക്കി വേണം പുതിയത് അച്ചടിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP