Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 ശതമാനം പ്രതീക്ഷിച്ചിരുന്ന ടൂറിസം വളർച്ചാ നിരക്ക് ആറര ശതമാനമായി കൂപ്പുകുത്തി; വിറ്റുപോയത് 11,577 കോടിയുടെ മദ്യം; മയക്കുമരുന്നു കേസുകൾ നാലിരട്ടിയിലേറെ കൂടി; ബാറുകൾ പൂട്ടിയശേഷമുണ്ടായ 'പുരോഗതികളും' മലയാളിയെ മുഴുക്കുടിയനാക്കിയ കള്ളക്കണക്കുകളും ഇങ്ങനെ

12 ശതമാനം പ്രതീക്ഷിച്ചിരുന്ന ടൂറിസം വളർച്ചാ നിരക്ക് ആറര ശതമാനമായി കൂപ്പുകുത്തി; വിറ്റുപോയത് 11,577 കോടിയുടെ മദ്യം; മയക്കുമരുന്നു കേസുകൾ നാലിരട്ടിയിലേറെ കൂടി; ബാറുകൾ പൂട്ടിയശേഷമുണ്ടായ 'പുരോഗതികളും' മലയാളിയെ മുഴുക്കുടിയനാക്കിയ കള്ളക്കണക്കുകളും ഇങ്ങനെ

കേരളം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു മദ്യനയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും, അതിന് ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെയും നിലവിലുള്ള മദ്യനയം കാലോചിതമായി പരിഷ്‌കരിക്കുമെന്നും, മദ്യ നിരോധനമില്ല, മദ്യ വർജ്ജനമാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാടെന്നും പറയുകയും ചെയ്തു.

ആദ്യ നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയ പ്രഖ്യാപനത്തിൽതന്നെ ഇത് അസന്നിഗ്ദമായി പറയുകയും ചെയ്തു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വ്യവസായത്തെ മദ്യ നിരോധനം ശരിക്കും ബാധിച്ചു എന്ന് കഴിഞ്ഞ സർക്കാരിന്റെ പ്ലാനിങ് ബോർഡ് നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും, ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ടൂറിസം വകുപ്പ് നടത്തിയ പഠനവും ശരിവച്ചു. അതേസമയം തന്നെ, മദ്യ നിരോധനത്തിന് ശേഷം കേരളത്തിലെ മദ്യ വിൽപ്പന കൂടുകയാണ് ചെയ്തതെന്ന്, അടുത്തിടെ പുറത്തുവന്ന സർക്കാർ കണക്കുകൾ തന്നെ പറയുന്നു.

കേരളത്തിലെ മദ്യനയം വീണ്ടും ചർച്ചയാകപ്പെടുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ടത്. ഈ അവസരത്തിൽ മലയാളി സമൂഹം ഇത് വരെ മനസ്സിലാക്കാത്ത ചില കള്ളകണക്കുകളുടെ സത്യാവസ്ഥയിലേക്ക് ഒന്നെത്തി നോക്കുന്നത് നന്നായിരിക്കും.

മദ്യ നിരോധനവും ടൂറിസവും

ഇന്ന് ഏകദേശം 1 ലക്ഷം കോടി മുതൽ മുടക്കും, 15 ലക്ഷം പേർ നേരിട്ടും മറ്റൊരു 10 ;ലക്ഷം പേർ പരോക്ഷമായും ജോലി ചെയ്യുന്ന, കേരളത്തിന്റെ മൊത്തം അഭ്യന്തര ഉൽപാദനതിന്റെ 11 ശതമാനത്തോളം നേടിത്തരുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സേവന വ്യവസായ മേഖലയായി ടൂറിസം മേഖല വളർന്നുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം 26689.63 കോടി രൂപയാണ് 2015 ൽ കേരളം ടൂറിസം വഴി നേടിയത്. അതിൽ 6,949.88 കോടി രൂപ വിദേശ നാണയയിനത്തിൽ ഉള്ള വരുമാനമാണ്.

1,16,95,411 സ്വദേശ സഞ്ചാരികളും, 9,77,479 വിദേശ വിനോദ സഞ്ചാരികളും കഴിഞ്ഞ വർഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാനെത്തി. 2005 മുതൽ 2020 വരെ കേരളത്തിന്റെ ഈ രംഗത്തുള്ള വളർച്ചയുടെ തോത് 10 മുതൽ 12 ശതമാനം വരെ ആയിരിക്കുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ വർഷം വരെ ആ വളർച്ചാ നിരക്കിൽ വലിയ വ്യത്യാസമില്ലാതെ നാം മുന്നേറുകയും ചെയ്തു. പക്ഷെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികലമായ മദ്യനയത്തിലൂടെ കേരളത്തിലെ 740 ബാറുകൾ പൂട്ടിയത് മൂലം കേരളത്തിലെ ടൂറിസം രംഗം അതിന്റെ ഏറ്റവും വലിയ തളർച്ച നേരിട്ടു. കഴിഞ്ഞ വർഷം ടൂറിസം രംഗത്തെ വളർച്ചാ നിരക്ക് 6.59 ശതമാനത്തിലേക്ക് മൂക്കുകുത്തി.

ഇതിന് പ്രധാന കാരണം കേരളത്തിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ ഏകദേശം 25% വരുന്നത് വിവിധ ഹോട്ടലുകളിൽ നടക്കുന്ന മീറ്റിങ്, കൺവെൻഷൻ, ഗ്രൂപ്പ് ടൂർ, എക്‌സിബിഷൻ എന്നിവക്കായി വരുന്ന ബിസിനസ് ട്രാവലർ, കോർപ്പറേറ്റ് മേധാവികൾ എന്നിവരിലൂടെയാണ്.
പകൽ മുഴുവൻ മീറ്റിങ്, ചർച്ചകൾ എന്നിവയ്ക്ക് ശേഷം രാത്രികളിൽ ഭൂരിപക്ഷം പേരും ഭക്ഷണത്തോടൊപ്പം മദ്യം ആവശ്യപ്പെടും. പ്രത്യേകിച്ചും മുംബൈ, ഡൽഹി, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്നവർ.

ബാർ ഹോട്ടൽ അടച്ചപ്പോൾ ഈ ബിസിനസ് മുഴുവൻ അയൽ സംസ്ഥാനങ്ങളിലേക്കും, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും പോയി. അത് വഴി കഴിഞ്ഞ സാമ്പത്തിക വർഷം കോവളം,കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടൽ റിസോർട്ടുകൾക്ക് ഉണ്ടായ നഷ്ടം മാത്രം 1000 കോടി രൂപയിൽ അധികം വരും. വിദേശ ടൂറിസ്റ്റുകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല. കാരണം അവർ് ബിയർ വൈൻ എന്നിവ കൊണ്ട് തൃപ്തരാണ്. എന്നാൽ അഭ്യന്തര ടൂറിസം രംഗത്തെ അത് വലിയ തോതിൽ ബാധിച്ചു. കേരളത്തിൽ മദ്യം തന്നെ കിട്ടില്ല എന്ന പ്രചരണം ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് തടസ്സമായി.

വാസ്തവത്തിൽ കേരളത്തിൽ സമ്പൂർണ മദ്യ നിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയിൽ ടൂറിസം ആവശ്യത്തിന് മാത്രം പ്രവർത്തിച്ചിരുന്ന ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ ഡിലക്‌സ് വരെയുള്ള സകലമാന ഹോട്ടൽ റിസോർട്ട് ബാറുകളും മോശം നിലയിൽ കച്ചവടം നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തിൽ അടച്ചു പൂട്ടി. അതെ സമയം സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബീവറേജസ് കോർപറേഷൻ ഔട്ട് ലെറ്റ് വഴി കേരളം മുഴുവൻ മദ്യം ഒഴുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ജനങ്ങൾ സ്വസ്ഥമായി ഇരുന്ന് മദ്യം കഴിച്ചിരുന്നത് മാത്രമാണ് നിർത്തലാക്കിയത് .

മദ്യ വിൽപ്പനയും, മയക്കു മരുന്ന് കേസുകളും കൂടി

കേരളത്തിൽ മദ്യ നിരോധനം എന്ന പേരിൽ ബാറുകൾ അടച്ചു പൂട്ടിയപ്പോൾ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. യഥാർത്ഥത്തിൽ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്തത്. അത് പതിൻ മടങ്ങ് കൂടുകയാണ് ഉണ്ടായത്. വീര്യം കൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളുടെ വിൽപ്പനയിൽ 2015-16 സാമ്പത്തിക വർഷത്തിൽ 9% മാത്രം കുറവുണ്ടായപ്പോൾ ബിയർ വിൽപ്പനയിൽ ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വളർച്ച നിരക്കായ 61% ത്തിലേക്ക് ഉയരുകയാണ് ചെയ്തത്.

11,577.29 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ വിറ്റഴിച്ചത്. അതുവഴി സർക്കാർ ഖജനാവിലേക്ക് നികുതി ഇനത്തിൽ 9787.05 കോടി മുതൽക്കൂട്ടായി. മദ്യ നിരോധനം വരുന്നതിന് മുൻപ് ഇത് യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി രൂപയുമായിരുന്നു.കേരളത്തിൽ നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ ഏകദേശം 22% ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ ആണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ മദ്യത്തിൽ നിന്നുള്ള വരുമാനം 25,000 കോടി അടുത്തിരിക്കുന്നു. നമ്മളെക്കാൾ മൂന്നിരട്ടി മദ്യം അവിടെ വിറ്റഴിക്കുന്നു എന്ന് ചുരുക്കം. 

ബാറുകൾ അടച്ചു പൂട്ടിയ 2013ന് മുൻപുവരെ കേരളത്തിൽ ഒരു വർഷം ആകെ രജിസ്റ്റർ ചെയ്യുന്ന മയക്കു മരുന്ന് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ ആയിരുന്നു. എന്നാൽ 2015 ൽ, കേരള പൊലീസ് മാത്രം 4105 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ എക്‌സൈസ് വകുപ്പ് 1430 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തു. പിടിയലാവരുടെ എണ്ണത്തിൽ പ്രയപൂർത്തി ആകാത്തവരുടെ എണ്ണത്തിലുള്ള വളർച്ച നിരക്ക് ഭീതിദമാണ്.

അതുപോലെ അബ്കാരി കേസുകളിലെ വൻ വർദ്ധനയും പരിശോധിക്കപ്പെടെണ്ടതാണ്. 2012ൽ 10000 ത്തിൽ താഴെ മാത്രമായിരുന്നു, അത്തരം കേസുകളുടെ എണ്ണം. എന്നാൽ 2014 ൽ അത് 13,676 ആയി. 2015 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 15,092ഉം ആയി വർദ്ധിച്ചു. കഴിഞ്ഞ വർഷം 10,064 ലിറ്റർ അനധികൃത മദ്യം പിടികൂടിയ സ്ഥാനത്ത്, ഈ വർഷം അത് 38,228 ലിറ്റർ ആയി ഉയർന്നു. ഇത് കൂടാതെ ഒരു ലക്ഷം ലിറ്റർ വാഷും പിടികൂടി. സംസ്ഥാനത്ത് അനധികൃതമായി എത്തുന്ന വ്യാജ മദ്യത്തിന്റെ 30% പോലും പിടികൂടാൻ കഴിയാറില്ല എന്ന് എക്‌സൈസ് വകുപ്പ് തന്നെ സമ്മതിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസിലാകുക.

മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ, കള്ളക്കളികൾ

മദ്യ നിരോധനവും, മദ്യ വർജ്ജനവും, മദ്യ വ്യാപനവും, മദ്യാസക്തിയുമായി ബന്ധപ്പെട്ട എന്തു കാര്യം പറയുമ്പോഴും എല്ലാവരും കണ്ണടച്ചു പറയുന്ന കാര്യമാണ് മലയാളി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാരാണ് എന്ന്. കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ഉപഭോഗമുള്ള സംസ്ഥാനമാണ് എന്ന്. വാസ്തവം എന്താണ്? യഥാർത്ഥത്തിൽ ഈ കണക്കുകൾ ശരിയാണോ? ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് മലയാളിയെ മൊത്തം അപമാനിതരാക്കുന്ന ഇത്തരം കണക്കുകൾ നമ്മുടെ മാദ്ധ്യമങ്ങളും, മത മേലദ്ധ്യക്ഷന്മാരും, ചില രാഷ്ട്രീയക്കാരും വാതോരാതെ പറയുന്നത്?

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വകുപ്പുകളുടെയോ, പൊതു മേഖല സ്ഥാപനങ്ങളുടെയോ കണക്കുകളാണ്, കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആധികാരികത ഉറപ്പു വരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗം. അങ്ങനെ ആണെങ്കിൽ ഇതിന് അവലംബിക്കുവാൻ നമ്മുടെ മുന്നിലുള്ള ഏറ്റവും ആധികാരികത ഉള്ള പഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ എന്ന സ്ഥാപനമാണ്. ഇന്ത്യയിലെ ജനങ്ങളുടെ വിവിധ മേഖലയിലുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗത്തെ ഏറ്റവും മികച്ചതും, സത്യസന്ധവുമായ കണക്കുകൾ തയ്യാറാക്കുന്നത് അവരാണ്.

നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ 2011-2012 വർഷത്തിലാണ് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി, വിവിധ തരത്തിലുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗത്തെ സംബന്ധിച്ച ദേശീയ സർവ്വേ നടത്തിയത്. നാടൻ കള്ള്, ചാരായം, ബിയർ, വൈൻ, ലഹരി കൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾ, ബീഡി, സിഗരറ്റുകൾ തുടങ്ങി എല്ലാവിധ ലഹരി പദാർത്ഥങ്ങളെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠന റിപ്പോർട്ട് ഇതുവരെ പരിശോധിക്കാൻ, ഉത്തരവാദപ്പെട്ട മുഖ്യധാരാ മാദ്ധ്യമങ്ങളോ, സർക്കാർ ഉദ്യോഗസ്ഥരോ, ഭരണ നേതൃത്വമോ, രാഷ്ട്രീയ നേതാക്കളോ, സാമൂഹ്യ സാംസ്‌കാരിക നായകരോ തയ്യാറായില്ല എന്നത് തികച്ചും പ്രതിഷേധാർഹവും, സങ്കടകരവുമാണ്.

കഴിഞ്ഞ ആറേഴ് വർഷവും മലയാളിയെ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയനായി ചിത്രീകരിച്ച വാർത്താ ദൃശ്യ മാദ്ധ്യമങ്ങൾ കാട്ടിയ അക്ഷന്തവ്യമായ പിഴവ് ഒരു സംസ്ഥാനത്തെ മുഴുവൻ എത്രമാത്രം അപഹാസ്യരാക്കിയെന്ന് ഈ ലേഖകൻ പറയുന്നില്ല. ഓരോ മലയാളിക്കും പകൽ പോലെ വ്യക്തമായ കാര്യമാണ് ഇത്. ഈ കണക്കുകൾ വിശദമായി പരിശോധിച്ചാൽ നമ്മുടെ കേരളത്തെ കുറിച്ചുള്ള അബദ്ധ ജടിലങ്ങൾ ആയ ആരോപണങ്ങളുടെ മുനയൊടിക്കാൻ നിഷ്പ്രയാസം സാധിക്കും.

അത്തരം റിപ്പോർട്ടുകൾ നമ്മുടെ മുൻപിൽ ലഭ്യമായിരിക്കെ എന്തിനാണ് എല്ലാവരും ഇത്തരം തെറ്റായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരാൾ ഒരാഴ്ച കഴിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ് 220 മില്ലി ലിറ്ററും വാർഷിക ഉപഭോഗം 11.4 ലിറ്ററുമാണ്. കള്ളാണ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ലഹരി എങ്കിൽ നാടൻ വാറ്റ് ചാരായമാണ് തൊട്ടടുത്തു നിൽക്കുന്നത്.

എന്നാൽ നഗരത്തിലെ ഒരാൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയിൽ 96മില്ലി 5 ലിറ്ററും, വാർഷിക ഉപഭോഗം 5 ലിറ്ററുമായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ നഗരങ്ങളിൽ ചാരായവും, ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് കൂടുതൽ പ്രിയം. അങ്ങനെ ആണെങ്കിൽ ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നത്. കള്ളും, ചാരായവും ഉപയോഗിക്കുന്നവരുടെ മുൻപന്തിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയ ദാദ്ര ആൻഡ് നഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും, അരുണാചൽ പ്രദേശുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലുങ്കാന, ആസ്സാം, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ എല്ലാം ഇക്കാര്യത്തിൽ നമ്മുടെ കേരളത്തേക്കാൾ മുന്നിലാണ്. നമ്മുടെ സ്ഥാനം അയൽ സംസ്ഥാനമായ കർണാടകക്ക് ഒപ്പം ഏഴാം സ്ഥാനത്താണ്. ബിയറും വൈനും , ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കഴിക്കുന്നവരിലും കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയ ദാമൻ ആൻഡ് ദിയു, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ദാദ്ര ആൻഡ് നഗർ ഹവേലി, അരുണാചൽ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവ ഒന്നാം സ്ഥാനം തുല്യമായി പങ്കിടുമ്പോൾ രണ്ടാമത്തെ സ്ഥാനത്തിനായുള്ള മത്സരം ഗോവയും, ആന്ധ്ര പ്രദേശും, തെലുങ്കാനയും ആണ്. മൂന്നാം സ്ഥാനത്തിനായി നമ്മുടെ കൊച്ചു കേരളം അയൽ സംസ്ഥാനമായ കർണാടകക്ക് ഒപ്പം പൊരുതുന്നു.

ഇനി എല്ലാ തരം മദ്യങ്ങളും ഉപയോഗിക്കുന്നവരുടെ ശരാശരി കണക്കു എടുത്താൽ ആന്ധ്രയും, തെലുങ്കാനയും തന്നെ മുന്നിൽ. ഒരാഴ്ച ഒരു വ്യക്തിയുടെ ശരാശരി ഉപയോഗം 665 മില്ലി ലിറ്റർ ആണ് ഉള്ളത്. വാർഷിക ഉപഭോഗം ഏകദേശം 34.5 ലിറ്ററും ആണ്. എന്നാൽ കേരളത്തിലോ ശരാശരി മലയാളി കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയിൽ വെറും 196 മില്ലി ലിറ്ററും, വാർഷത്തിൽ 10. 2 ലിറ്ററും ആണെന്നിരിക്കെ എന്തിനാണ് വെറും കള്ളക്കണക്കിന്റെ പേരിൽ നാമിത്രയും കാലം ലോകത്തിന് മുന്നിൽ അപമാനിതരായത്. ഗൂഗിളിൽ ഒന്നു സെർച് ചെയ്തു നോക്കിയാൽ ബി ബി സിയും, എക്കണോമിസ്‌റ് അടക്കമുള്ള പ്രശസ്തമായ പ്രസിദ്ധീകരങ്ങൾ വരെ നമ്മുടെ മദ്യാസക്തി ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ളവരായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. അന്യഭാഷാ തൊഴിലാളികളും മദ്യ ഉപഭോഗവും കാണാത്ത കണക്കുകൾ.

ശരിക്കും കേരളത്തിൽ എത്ര കുടിയന്മാരുണ്ട്

ഇനി വേറൊരു കണക്ക് കൂടി നോക്കാം. കേരളത്തിൽ എത്ര കുടിയന്മാരുണ്ട്? മദ്യം ഇടക്കൊക്കെ ഉപയോഗിക്കുന്നവർ എത്ര പേരുണ്ട്? അമിത മദ്യാസക്തി ഉള്ളവർ എത്ര പേരുണ്ട്? അപ്പോഴും നിജസ്ഥിതി അറിയുമ്പോൾ ഓരോ മലയാളിയും ഞെട്ടും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരായുള്ളത് 45 ലക്ഷം പേരാണ്. അവരിൽ സ്ഥിരം മദ്യം ഉപയോഗിക്കുന്നവർ ഏകദേശം 32 ലക്ഷം പേരാണ്. അവരിൽ തന്നെ നിരന്തരം മദ്യം ഉപയോഗിക്കുന്നവർ 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്കാണ്. അമിത മദ്യാസക്തി ഉള്ളവർ വെറും അഞ്ചു ലക്ഷത്തിൽ താഴെ ആളുകളും.

അടുത്ത ഒരു കണക്കു കൂടി പരിശോധിക്കുമ്പോഴേ സത്യത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ. മലയാളിയുടെ അമിത മദ്യാസക്തി കൂടിയിട്ട് ഏകദേശം പത്തു വർഷത്തോളം ആകുന്നു എന്ന് മദ്യത്തെ സ്‌നേഹിക്കുന്നവരും, എതിർക്കുന്നവരും ഒരേ പോലെ സമ്മതിക്കും. എന്തായിരുന്നു, കേരളത്തിൽ ജീവിക്കുന്ന മലയാളിയുടെ പെട്ടെന്നുള്ള ഈ സാമൂഹിക മാറ്റത്തിന് കാരണം. അവിടെയാണ് ഈ കണക്കുകളുടെ എല്ലാം ഉള്ളു കള്ളി വെളിച്ചത്താവുന്നത്.

കാരണം സംസ്ഥാന സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലൊപ്‌മെന്റ് സ്റ്റഡീസ് അഥവാ CDS എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഗവേഷണ പഠന സ്ഥാപനം അടുത്തിടെ ഇറക്കിയ റിപ്പോർട് പ്രകാരം കേരളത്തിൽ നിലവിൽ 28 ലക്ഷം മുതൽ 30 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരിൽ മൂന്നിൽ രണ്ട് പേരും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവാരാണ്. അതായത് ഏകദേശം 19 മുതൽ 20 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികളും മദ്യം ഉപഭോഗവസ്തുവായി കരുതുന്നവരാണ്.

അങ്ങിനെ ആണെങ്കിൽ യഥാർത്ഥത്തിൽ വെറും പതിനഞ്ച് ലക്ഷത്തിൽ താഴെ മാത്രം മലയാളികളാണ് മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആണ് കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ വന്നെത്തിയത്. എന്തു കൊണ്ട് നമ്മുടെ സാമൂഹ്യ ശാസ്ത്ര വിദഗ്ധരോ, വികസനോന്മുഖ വാർത്തകളുടെ ഉസ്താദുകളായ മാദ്ധ്യമ പ്രവർത്തകരോ ഇതൊന്നും വിശകലനം ചെയ്യുകയോ, വർത്തകളക്കുകയോ, ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല.

കേരളത്തിലെ ഈ മദ്യ ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കു കൂടി ലഭ്യമാണ്. അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബീവറേജസ്സ് കോർപറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ ആദ്യ പത്തിലെ കൂടുതൽ ഷോപ്പുകളും ചാലക്കുടി, പെരുമ്പാവൂർ, മുവാറ്റുപുഴ, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം അന്യഭാഷാ തൊഴിലാളികളുടെ അനിയന്ത്രിതമായ സാന്ദ്രത ഉള്ള ഇടങ്ങളാണ്.

അന്യഭാഷാ തൊഴിലാളികളുടെ അമിത മദ്യപാനത്തിനും ഒരു കാരണമുണ്ട്. ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു പുരുഷ തൊഴിലാളിക്ക് ഇന്നും ലഭിക്കുന്ന ദിവ വേതനം 200 രൂപയിൽ താഴെയാണ്. കേരളത്തിൽ അതു 700 രൂപക്ക് മുകളിൽ ആണ് ശനിയാഴ്ച ഉച്ച തിരിഞ്ഞ് തന്റെ കയ്യിൽ ലഭിക്കുന്ന വേതനത്തിൽ നല്ലൊരു പങ്കും അന്ന് തന്നെ സ്വന്തം നാട്ടിലേക്കു അയക്കും. എന്നാലും കയ്യിൽ സ്വന്തം ചെലവിനായി മാറ്റിവച്ച നല്ലൊരു തുക കാണും. ഇത് അവർ കൂട്ടായുള്ള മദ്യപാനത്തിനായി പങ്കിട്ട് ചിലവഴിക്കും. വാരാന്ത്യങ്ങളിൽ നമ്മുടെ ചില്ലറ മദ്യ വിൽപ്പന ശാലകളിൽ നടക്കുന്ന തിരക്കിന്റെയും, മികച്ച വ്യാപാരത്തിന്റെയും കണക്കുകളുടെ പിറകിലെ സാമ്പത്തിക സാമൂഹിക ശാസ്ത്രമാണ് ഇത്.

അവരുടെ മദ്യപാന ശീലം കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന നേട്ടങ്ങൾ വേറെയും കണക്കാക്കണം. 730 ബാറുകൾ അടച്ചിട്ടും ദിവസം തോറും നമ്മുടെ സർക്കാർ ഖജനാവിനെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന അന്യഭാഷാ തൊഴിലാളിയെ നമുക്ക് വീണ്ടും അംഗികരിക്കാം. വേറൊരു കാര്യവും ഇത്തരുണത്തിൽ പറയാതെ വയ്യ. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മലയാളി നമ്മുടെ സമൂഹത്തിലെ വികസന പങ്കാളികളായ ബിഹാറിയെയോ, ബംഗാളിയെയോ നമ്മിലൊരാളായി അംഗീകരിച്ചിട്ടില്ല. (ഗൾഫ് രാജ്യങ്ങളിലെ അറബികൾ നമ്മുടെ പ്രവാസി തൊഴിലാളികളെ കാണുന്ന അതേ അവസ്ഥ.) ഈ സാമൂഹിക യാഥാർഥ്യം തിരിച്ചറിഞ്ഞ ഭായിമാർക്ക് മുന്നിൽ അപ്പോൾ ഒരേ ഒരു മാർഗമോ ഉള്ളൂ. പണിയില്ലാത്ത ദിവസം സ്വന്തം വാസ സ്ഥലത്ത്, അതു എത്ര വൃത്തി ഹീനമാണെങ്കിലും, തിങ്ങി നിറഞ്ഞത് ആണെങ്കിലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂട്ടുക. വാരാന്ത്യങ്ങളിൽ സമയം ചെലവഴിക്കാനുള്ള ഒരേ ഒരു മാർഗം അമിത മദ്യപാനം. അതവർ ഭംഗിയായി നിർവഹിക്കുന്നു. അതു മൂലമുണ്ടാകുന്ന മറ്റു സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

വാസ്തവത്തിൽ ആരാണ് ഇതിനൊക്കെ ഉത്തരവാദി. നമ്മെ ഭരിച്ച സർക്കാരോ, കണക്കുകൾ കൃത്യമായി ഉണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയുന്ന ഉദ്യോഗസ്ഥരോ, അതുമല്ല അവർ പറയുന്ന കള്ളകണക്കുകൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന മാദ്ധ്യമങ്ങളോ ? എന്തായാലും കേരളത്തിന്റെ പുതിയ മദ്യനയം വരുമ്പോഴേക്കും നമുക്ക് മലയാളിയുടെ മദ്യാസക്തിയെ പറ്റിയുള്ള തെറ്റിധാരണ ഒന്നു മാറ്റണം. അതിനായി സൈബർ ലോകത്തെ മുഴുവൻ മലയാളികളും ഒന്നിക്കണം. നമ്മുടെ അന്തസ്സും, അഭിമാനവും ഒട്ടും താമസിയാതെ വീണ്ടെടുക്കണം.

വരുന്ന കേരള പിറവി ദിനത്തിലോ, പറ്റുമെങ്കിൽ അതിന് മുൻപ് തന്നെയോ നമുക്ക് ലോകത്തിന് മുൻപിൽ ഈ തെറ്റായ കണക്കുകൾ സഹിതം വിളിച്ചു പറയണം. മലയാളി കുടിയനല്ല. അത് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ ആണെങ്കിലും, മൊത്തം കുടിയന്മാരുടെ കാര്യത്തിൽ ആണെങ്കിലും. മദ്യാസക്തി എന്ന രോഗാവസ്ഥയിൽ ഉള്ളവർ ഇവിടെ ഇന്ത്യയിലെ ഏറ്റവും പിറകിൽ നിൽക്കുന്നവരുടെ കൂട്ടത്തിലാണെന്ന്. സംസ്ഥാന സർക്കാർ സുപ്രീംകോടതി ആരോ പറഞ്ഞ കണക്കുകളും, മാദ്ധ്യമ വാർത്തകളും കേട്ട് അടിവരയിട്ട് പറഞ്ഞ ഇന്ത്യയിലെ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന പൗരന്മാർ ഉള്ള കേരളവും, ആളോഹരി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാർ മലയാളി മദ്യപനുമാണെന്ന തെറ്റിദ്ധാരണ തിരുത്തി കുറിക്കുകയും വേണം.

അങ്ങനെ ആകെ മൊത്തം കണക്കുകളുടെ ഒരു കള്ളക്കളി ആണ് കേരളത്തിലെ മദ്യപാനശീലത്തെയും, മദ്യ ഉപഭോഗത്തെയും പറ്റി വിശകലനം ചെയ്യുമ്പോൾ കിട്ടുന്നത്. ഇതൊക്കെ വരും നാളുകളിൽ കേരളം വിശദമായി ചർച്ചകൾക്ക് വിധേയമാക്കണം. എങ്കിൽ മാത്രമേ ലഹരിയുടെ സാമൂഹിക -സാമ്പത്തിക ശാസ്ത്രം യാഥാർഥ്യ ബോധത്തോടെ വിശകലനം ചെയ്യാനും, അതു ഭാവി കേരളത്തിന്റെ വളർച്ചക്ക് ഉപയോഗിക്കാനും കഴിയുകയുള്ളു.

(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിർന്ന പത്രപ്രവർത്തകനുമായ കെ വി രവിശങ്കർ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കക്കാരിൽ ഒരാളുമാണ് രവിശങ്കർ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP