Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്‌കാരത്തിന്റെ നാഡീശാസ്ത്രം

സംസ്‌കാരത്തിന്റെ നാഡീശാസ്ത്രം

ഷാജി ജേക്കബ്

'Brain is the most incredible thing in the Universe' - Oliver Wolf Sacks

വൈദ്യശാസ്ത്രസാഹിത്യം (medical literature) എന്നു വിളിക്കപ്പെടുന്ന ഒരു ആഖ്യാനഗണം ലോകഭാഷകലിലെല്ലാം തന്നെയുണ്ട്. വെറും വൈദ്യശാസ്ത്രരചനകൾ മാത്രമല്ല ഈ ഗണത്തിൽപെടുക. സാഹിത്യത്തിന്റെ മണ്ഡലത്തിലേക്കു കടന്നുകയറുന്ന വൈദ്യവിജ്ഞാനത്തിന്റെ പാഠരൂപങ്ങളാണ് മിക്കതും. വിശ്വവിഖ്യാതരായ വൈദ്യശാസ്ത്രജ്ഞരുടെ ആത്മകഥകൾ മുതൽ റോബിൻ കുക്കിന്റെയും മറ്റും മെഡിക്കൽ ത്രില്ലറുകൾ വരെയുള്ളവ ഈ വിഭാഗത്തിൽ പെടുന്നു. വൈദ്യശാസ്ത്രവിദഗ്ദ്ധർ രചിക്കുന്ന, സാഹിതീയ സ്വഭാവം ഏറിനിൽക്കുന്ന, വിവിധ രൂപങ്ങളിൽപെട്ട രചനകളാണ് പൊതുവിൽ ഈ ഗണത്തിൽ പരിഗണിക്കാറുള്ളത്. ബ്രിട്ടീഷ് ന്യൂറോളജിസ്റ്റായ ഒലിവർസാക്‌സ് 1973ലെഴുതിയ Awakenings 1990ൽ സിനിമയായപ്പോൾ ഉയർത്തിവിട്ട ചർച്ചകൾ ഓർക്കുക. സാക്‌സിന്റെ തന്നെ Musico Pedia, Hallucuiations, Migrane തുടങ്ങിയ കൃതികളും ഏറെ പ്രസിദ്ധമാണ്. ഒരു പതിറ്റാണ്ടു മുൻപ് ഈരംഗത്ത് ലോകശ്രദ്ധ നേടിയ ഗ്രന്ഥമായിരുന്നു, ഇന്ത്യയിൽ ജനിച്ച് അമേരിക്കയിൽ ജീവിക്കുന്ന സിദ്ധാർഥ മുഖർജി എഴുതിയ 'സകല രോഗങ്ങളുടെയും ചക്രവർത്തി' (Emperor of all Maladies). കാൻസറിന്റെ ജീവചരിത്രമാണിത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി പെരുമാറ്റനാഡീശാസ്ത്ര (Behavioral Neurology)രംഗത്ത് ആഗോള ശ്രദ്ധയാകർഷിക്കുന്ന പ്രബന്ധങ്ങളും ഗ്രന്ഥങ്ങളുമെഴുതുന്ന വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രനാണ് ഈ രംഗത്തെ മറ്റൊരു താരം.

'നാഡീശാസ്ത്രത്തിന്റെ മാർക്കോപോളോ' എന്ന് റിച്ചാർഡ് ഡോക്കിൻസ് വിളിച്ച വി എസ്. രാമചന്ദ്രൻ 1951ൽ തമിഴ്‌നാട്ടിലാണു ജനിച്ചത്. അമേരിക്കൻ പൗരത്വം സ്വീകരിച്ച് ആഗോള വൈദ്യശാസ്ത്രഗവേഷണരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച രാമചന്ദ്രന്റെ ഇഷ്ടമേഖല, മനുഷ്യജീവിതത്തിന്റെ ഭിന്നങ്ങളായ ക്രിയാമണ്ഡലങ്ങളെ നാഡീശാസ്ത്രം മുൻനിർത്തി വ്യാഖ്യാനിക്കുകയാകുന്നു. എഴുത്തും പ്രഭാഷണവും വഴി രാമചന്ദ്രൻ അവതരിപ്പിക്കുന്ന നാഡീശാസ്ത്രവിജ്ഞാനം നമ്മുടെ കാലത്ത് ഈ മേഖല കൈവരിച്ച ഗവേഷണോന്മുഖതയുടെയും വിജ്ഞാനോല്പാദനത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. വിശേഷിച്ചും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാഡീശാസ്ത്ര ഗവേഷനണരംഗത്തുണ്ടായ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ. Phantoms in the Brain, The Emerging mind, A brief tour of human consciousness എന്നീ ഗ്രന്ഥങ്ങൾക്കുശേഷം രാമചന്ദ്രൻ എഴുതിയ ഗംഭീരമായ നാഡീശാസ്ത്രസാഹിത്യമാകുന്നു, The Tell tale Brain. 'മസ്തിഷ്‌ക്കം കഥ പറയുന്നു' എന്ന പേരിൽ സി. രാവിചന്ദ്രൻ ഈ ഗ്രന്ഥം വിവർത്തനം ചെയ്തിരിക്കുന്നു. 

'മനുഷ്യൻ എന്തുകൊണ്ട് അനന്യനാകുന്നു' എന്നതിനെക്കുറിച്ചാണ് ഈ പുസ്തകം. മസ്തിഷ്‌കത്തിന്റെ ഘടന, പ്രവർത്തനം, പഠനചരിത്രം, മനുഷ്യന്റെ ബൗദ്ധികവും ശാരീരികവും മാനസികവും ഭാവനാത്മകവും സൗന്ദര്യാത്മകവുമൊക്കെയായ സാധ്യതകളെയും പരിമിതികളെയും നിർണയിക്കുന്നതിൽ മസ്തിഷ്‌കത്തിനും നാഡീവ്യൂഹത്തിനുമുള്ള പങ്ക് എന്നിങ്ങനെ എത്രയെങ്കിലും വിഷയങ്ങളെക്കുറിച്ചുള്ള വിസ്മയകരമായ ചിന്തകളും കണ്ടെത്തലുകളുമാണ് ഈ പുസ്തകത്തിലുള്ളത്. ചാൾസ് ഡാർവിൻ പരിണാമവിജ്ഞാനത്തിലും സിഗ്മണ്ട് ഫ്രോയ്ഡ് മനോവിജ്ഞാനീയത്തിലും സൃഷ്ടിച്ചതുപോലുള്ള വലിയൊരു വൈദ്യശാസ്ത്രസാഹിത്യത്തിന്റെ തുറസാണ് രാമചന്ദ്രൻ രൂപപ്പെടുത്തുന്നത്. നിശ്ചയമായും നാഡീശാസ്ത്രരംഗത്തെ ഡാർവിനോ ഫ്രോയ്‌ഡോ അല്ല രാമചന്ദ്രൻ. പക്ഷെ തന്റെ കാലത്ത് നാഡീശാസ്ത്രത്തിൽ നടത്തുന്ന ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ ഗവേഷണപഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും വൈദ്യവിജ്ഞാനത്തിലെന്നപോലെ സാംസ്‌കാരിക മണ്ഡലത്തിലേക്കു കൂടി ആ ശാസ്ത്രശാഖയുടെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്ന അസാധാരണനായ ഒരു ചിന്തകനായി മാറിക്കഴിഞ്ഞിരിക്കുന്നു, രാമചന്ദ്രൻ. എതിർപ്പുകളും വിമർശനങ്ങളും ഇല്ലെന്നല്ല. 'Pop Neuroscience book''എന്നാണ് Peter Brugger, Tell Tale Brain നെ വിശേഷിപ്പിച്ചത്. പക്ഷെ, നാഡീശാസ്ത്രത്തെ വൈദ്യവിജ്ഞാനത്തിന്റെ ദന്തഗോപുരത്തിൽനിന്നിറക്കി സംസ്‌കാരത്തിന്റെ രസതന്ത്രത്തോടിണക്കി ജനകീയമായി വ്യാഖ്യാനിക്കുന്നതിൽ രാമചന്ദ്രനോളം ശ്രദ്ധയും താൽപര്യവും ചെലുത്തിയിട്ടുള്ള മറ്റൊരാളില്ല. മാനസികവും ശാരീരകവുമായ അനുഭവങ്ങൾക്കും ചോദനകൾക്കും പ്രവൃത്തികൾക്കും തോന്നലുകൾക്കും പിന്നിലെ; ഭാവാത്മകവും സൗന്ദര്യാത്മകവുമായ അനുഭൂതികൾക്കും സർഗാത്മകതയ്ക്കും പിന്നിലെ മസ്തിഷ്‌കരഹസ്യങ്ങളുടെ മറനീക്കാനുള്ള ശ്രമം എന്ന നിലയിൽ സംസ്‌കാരത്തിന്റെ നാഡീശാസ്ത്രവിചാരംതന്നെയായി മാറുന്നു, ഈ രചന.

അവബോധനാഡീശാസ്ത്ര (Cognitive neuroscience)-രംഗത്ത് കാൽനൂറ്റാണ്ടോളം പ്രവർത്തിച്ച രാമചന്ദ്രൻ മസ്തിഷ്‌കം, മനസ്, ശരീരം എന്നിവ തമ്മിലുള്ള ബന്ധങ്ങളുടെ വിശകലനത്തിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. അദ്ദേഹം എഴുതുന്നു : 'ആ നിലയ്ക്ക് എന്റെ ജീവിതദൗത്യങ്ങളുടെ നല്ലൊരു പങ്കിൽനിന്നും സ്വേദനം ചെയ്‌തെടുത്ത സത്തായി ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. ആരിലും സ്വാഭാവികമായും ജിജ്ഞാസ ഉണർത്തുന്ന നമ്മുടെ ആന്തരിക മാനസികതലങ്ങളെക്കുറിച്ചുള്ള എന്റെ അനുസ്യൂതമായ അന്വേഷണങ്ങളുടെ കഥ പറയാനാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ ശ്രമിക്കുന്നത്. നാം ലോകത്തെ ദർശിക്കുന്നത് എപ്രകാരം? എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം? നിങ്ങളുടെ ലൈംഗികവ്യക്തിസ്വത്വം (Sexual Identity) നിർണ്ണയിക്കുന്നതെന്താണ്? ഓട്ടിസം എന്ന മാനസിക വളർച്ചാവൈകല്യത്തിനു കാരണമാകുന്നത് എന്തൊക്കെ? മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകങ്ങൾ, സർഗ്ഗാത്മകത, ആത്മാവബോധം, മതപരത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാവും? ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒരു ആൾക്കുരങ്ങിന്റെ മസ്തിഷ്‌കം ഇത്തരത്തിലുള്ള ദൈവതുല്യമായ മനോനിപുണതകൾ കൈവരിച്ചത് എങ്ങനെ എന്നറിയാനുള്ള തീവ്രമായ ഔത്സുക്യമാണ് എന്നെ നയിക്കുന്നത്'.

രാമചന്ദ്രന്റെ ഏറ്റവും പ്രസിദ്ധമായ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും കൂടുതൽ സാർഥകമായ വ്യാഖ്യാനങ്ങളാണ് ഈ പുസ്തകത്തിൽ ഒരുഭാഗം. Phantom Limh, Mirror Neurons, Capgras Delusion, Plasticity of brain തുടങ്ങിയ പരികല്പനകളിലൂടെയും Mirror Box ന്റെ രൂപകല്പനയിലൂടെയും Synesthesia, Autism തുടങ്ങിയ രംഗങ്ങളിലെ അസാധാരണമായ ഗവേഷണങ്ങളിലൂടെയും രാമചന്ദ്രൻ വിശദീകരിക്കുന്ന മനുഷ്യ മസ്തിഷ്‌കത്തിന്റെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും രസതന്ത്രവുമൊക്കെ നമ്മുടെ കാലത്തെ ഏറ്റവും വിഖ്യാതമായ ഒരു വൈജ്ഞാനിക വിപ്ലവത്തിനാണ് വഴിതുറന്നത്. നൂറുകണക്കിനു കേസ്ഡയറികളിലൂടെ കണ്ടെത്തുന്ന നാഡീശാസ്ത്രതത്വങ്ങളിൽനിന്ന് രാമചന്ദ്രൻ സൃഷ്ടിക്കുന്ന വൈജ്ഞാനികവിപ്ലവം Neuro economics, neuro marketing, neuro linguistics, neuro architecture, neuro archeology, neuro politics, neuro law, neuro aesthetics, neuro theology എന്നിങ്ങനെ എത്രയോ മേഖലകളിലേക്കാണ് വഴിതുറക്കുന്നത്!
പരിണാമവിജ്ഞാനത്തെ ഉടനീളം ആശ്രയിച്ചുകൊണ്ടാണ് രാമചന്ദ്രന്റെ ചർച്ചകൾ മുന്നേറുന്നത്. പ്രവേശകവും വിപുലമായ അനുബന്ധവും ഒൻപതധ്യായങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ആൾക്കുരങ്ങിൽ നിന്നുള്ള വെറുമൊരു പരിണതരൂപം മാത്രമല്ല മനുഷ്യൻ എന്ന തന്റെ ആധാരതത്വം അരക്കിട്ടുറപ്പിക്കുകയാണ് പ്രവേശകത്തിൽ രാമചന്ദ്രൻ. ഭാഷാശേഷി പോലുള്ള നിരവധി ധർമങ്ങളിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത സാംസ്‌കാരിക സ്വത്വത്തെയാണ് അദ്ദേഹം ഇവിടെ വിവരിക്കുന്നത്. രാമചന്ദ്രൻ എഴുതുന്നു.

'വാഴപ്പഴം എത്തിപ്പിടിക്കാൻ ഏതൊരു ആൾക്കുരങ്ങിനും സാധിക്കും. പക്ഷേ, താരാപഥങ്ങളിലേക്ക് യാത്ര ചെയ്യാൻ മനുഷ്യന് മാത്രമേ സാധിക്കൂ. ആൾക്കുരങ്ങുകൾ വനത്തിൽ സംതൃപ്തിയോടെ ജീവിച്ച് അവിടെവച്ച് മരണമടയുന്നു. അതോടെ അവരുടെ കഥ തീരുകയാണ്. മനുഷ്യനാകട്ടെ എഴുതുന്നു, അന്വേഷിക്കുന്നു, സൃഷ്ടിക്കുന്നു, അറിവിനായി ഉഴറുന്നു. നാം ജീനോം വേർതിരിക്കുന്നു, അണുവിനെ വിഭജിക്കുന്നു, റോക്കറ്റുകൾ വിക്ഷേപിക്കുന്നു. മഹാവിഭേദനത്തിന്റെ ഉൾക്കാഴ്ചകളിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നതും പൈയുടെ വില നിർണ്ണയിക്കുന്ന അക്കങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും നാമാണ്. ഇതിനേക്കാളെല്ലാം സവിശേഷമായതെന്തെന്നാൽ സ്വന്തം ഉള്ളിലേക്ക് നോക്കാൻ നാം ഉദ്യമിക്കുന്നുവെന്നതാണ്; ഉദാത്തവും അനന്യവുമായ നമ്മുടെ മസ്തിഷ്‌കപ്രവർത്തനങ്ങളെ കൂട്ടിച്ചേർത്ത് വായിക്കാൻ ശ്രമിക്കുന്നുവെന്നതാണ്. അതാകട്ടെ നമ്മുടെ മനസ്സിനെ അമ്പരിപ്പിക്കുകയും ചെയ്യുന്നു'. തുടർന്ന് മനുഷ്യ മസ്തിഷ്‌കത്തിന്റെ സൂക്ഷ്മമായ ഘടനാവിവരണത്തിലേക്കും ധർമവ്യവസ്ഥയിലേക്കും രാമചന്ദ്രൻ കടക്കുന്നു.

'മായിക അവയവങ്ങ'ളെ കേന്ദ്രീകരിച്ച് മസ്തിഷ്‌കം നടത്തുന്ന പ്രവർത്തനങ്ങളുടെ വിശകലനമാണ് ഒന്നാമധ്യായം. മായികകരങ്ങൾ സൃഷ്ടിക്കുന്ന മായികവേദന നിർമ്മാർജ്ജനം ചെയ്യാൻ താൻ രൂപകല്പന ചെയ്ത ദർപ്പണപ്പെട്ടിയുടെ കഥ പറയുന്ന രാമചന്ദ്രൻ, തുടർന്ന്, മനുഷ്യന്റെ നാനാവികാരങ്ങൾക്ക് നാഡീവ്യൂഹവുമായുള്ള ബന്ധം വിശദീകരിക്കുന്നു.

'കാഴ്ചയും അറിവും' എന്ന രണ്ടാമധ്യായം, എല്ലാ ജീവികൾക്കുമുള്ള 'കാഴ്ച'-യിൽ നിന്ന് ഭിന്നമായി മനുഷ്യനുമാത്രമുള്ള 'നിരീക്ഷണ'-മെന്ന സിദ്ധിയുടെ നാഡീശാസ്ത്രം ചർച്ചചെയ്യുന്നു. കേവലം ഒരു ഇന്ദ്രിയാനുഭവം മാത്രമല്ല മനുഷ്യനു കാഴ്ച. അവബോധത്തിന്റെ അനുഭൂതിയാണത്. 'കാപ്ഗ്രാസ് സിൻഡ്രോം' എന്ന് രാമചന്ദ്രൻ വിളിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള വിശകലനമാണ് ഈയധ്യായത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. മസ്തിഷ്‌കത്തിന്റെ മായികപ്രതീതികൾ മനുഷ്യനിൽ സൃഷ്ടിക്കുന്ന കാഴ്ചവിഭ്രാന്തികളുടെ ചർച്ച. ഫ്രോയ്ഡിയൻ മനോവിജ്ഞാനീയത്തിൽനിന്ന് നാഡീവിജ്ഞാനീയം വഴി മുന്നോട്ടു സഞ്ചരിക്കുന്ന രാമചന്ദ്രന്റെ ജീനിയസ് ഇവിടെ തിരിച്ചറിയാം.

അസാധാരണമായ നർമബോധത്തോടെ രാമചന്ദ്രൻ വിവരിക്കുന്ന ഒരു മാനുഷികസന്ദർഭമുണ്ട് ഈ ഭാഗത്ത്. നോക്കുക : 'മുൻ അമേരിക്കൻ പ്രസിഡന്റായ കൂളിഡ്ജിന്റെ പേരിൽ പരക്കെ അറിയപ്പെടുന്ന ഒരു മാനസിക പ്രതിഭാസമുണ്ട്. കൂളിഡ്ജ്പ്രാഭാവം (Coolidge effect) എന്നാണതിന്റെ പേര്. അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു പരീക്ഷണത്തിലൂടെ എലികളിൽ ഗവേഷണം നടത്തിയിരുന്ന മനഃശാസ്ത്രജ്ഞരാണ് ഇതു തെളിയിച്ചത്. കൂട്ടിലാക്കപ്പെട്ട, ലൈംഗികബന്ധം നിഷേധിക്കപ്പെട്ട ഒരു ആൺ എലിയുമായി പരീക്ഷണം തുടങ്ങുന്നു. തുടർന്ന് ഒരു പെൺ എലിയെ
കൂട്ടിലേക്ക് കടത്തിവിടുന്നു. ആണെലി പെൺ എലിയുടെ മുകളിലേക്ക് ചാടിക്കയറി പലപ്രാവശ്യം ബന്ധപ്പെടുന്നു. ശേഷം ലൈംഗികക്ഷീണം കാരണം തളർന്നുവീഴുന്നു. അല്ലെങ്കിൽ അങ്ങനെ കാണപ്പെടുന്നു. തമാശ തുടങ്ങുന്നത് ഒരു പുതിയ പെൺ എലിയെക്കൂടി കൂട്ടിലേക്ക് കടത്തിവിടുമ്പോഴാണ്. ആദ്യം കാണിച്ചതൊക്കെ പല പ്രാവശ്യം ആൺ എലി വള്ളിപുള്ളി തെറ്റാതെ ആവർത്തിക്കുകയും അവസാനം ക്ഷീണിച്ചവശനാകുകയും ചെയ്യുന്നു. ഇനി മൂന്നാമതൊരു പെൺ എലിയെക്കൂടി വിട്ടുകൊടുക്കുമ്പോൾ നമ്മുടെ അവശനായ ആണെലി ആദ്യ രണ്ട് പെൺ എലികളോടും ചെയ്തതൊക്കെ അപ്പടി മൂന്നാമത്തെ പെൺപ്രജയോടും ആവർത്തിക്കുന്നു. ഈ പരീക്ഷണം ലൈംഗികാകർഷണത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ പുതുമയ്ക്ക് (novelty) എത്ര ശക്തമായ സ്വാധീനമാണുള്ളതെന്ന് വെളിവാക്കുന്നു. ആൺ എലികളുമായി ഇണചേരുന്ന പെണ്ണെലികളുടെ കാര്യത്തിലും ഇതു ശരിയാണോ എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, എന്റെ അറിവിൽ അക്കാര്യം ഇതുവരെ ആരും പരീക്ഷിച്ചു നോക്കിയിട്ടില്ല. വളരെക്കാലം മനഃശാസ്ത്രജ്ഞരായി പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാവാം ഇതിനു കാരണം. കഥയിതാണ്, പ്രസിഡന്റ് കൂളിഡ്ജും ഭാര്യയും അമേരിക്കയിലെ ഒക്‌ലഹാമയിലേക്ക് ഒരു ഔദ്യോഗിക സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനത്തോടനുബന്ധിച്ച് അവർ ഒരു കോഴിവളർത്തൽ കേന്ദ്രത്തിലേക്ക് (chicken coop) ക്ഷണിക്കപ്പെടുന്നു. സ്ഥലത്തെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥാപനം. സന്ദർശനത്തിന് മുമ്പ് പ്രസിഡന്റിന് ഒരു പ്രസംഗം നടത്തേണ്ടതായിട്ടുണ്ടായിരുന്നു. കൂളിഡ്ജിന്റെ ഭാര്യയാകട്ടെ, ഭർത്താവിന്റെ പ്രഭാഷണം മുമ്പ് പലതവണ കേട്ടിട്ടുണ്ടായിരുന്നതിനാൽ അതിന് കാത്തുനിൽക്കാതെ ഒരു മണിക്കൂർ മുമ്പുതന്നെ കോഴിവളർത്തൽ കേന്ദ്രത്തിലേക്കു പോയി. ഒരു കർഷകൻ അവരെ സ്ഥാപനം മുഴുവൻ കൊണ്ടുനടന്ന് കാണിച്ചു. ഡസൻ കണക്കിന് പിടക്കോഴികളും കേവലം ഒരൊറ്റ രാജകീയ പൂവനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതുകണ്ട് മിസിസ് കൂളിഡ്ജ് അത്ഭുതപ്പെട്ടു. ഗൈഡായ കർഷകനോട് ഇതെക്കുറിച്ച് ആരാഞ്ഞപ്പോൾ അയാൾ പറഞ്ഞുവത്രേ.

''കൊള്ളാം അവനൊരു മിടുക്കൻ പൂവനാണ്. രാത്രിയും പകലും വിരാമമില്ലാതെ അവൻ പിടക്കോഴികൾക്കുവേണ്ടി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കും'.

''രാത്രി മുഴുവനുമോ?' മിസ് കൂളിഡ്ജ് അമ്പരന്നു.

'എങ്കിൽ നിങ്ങൾ എനിക്കൊരു വലിയ ഉപകാരം ചെയ്യുമോ? പ്രസിഡന്റ് ഇവിടെ വരുമ്പോൾ എന്നോട് പറഞ്ഞ അതേ കാര്യം അദ്ദേഹത്തോടും പറയുക'.

ഒരു മണിക്കൂറിനുശേഷം പ്രസിഡന്റ് കൂളിഡ്ജ് സ്ഥലത്തെത്തി. കർഷകൻ പൂവന്റെ മഹത്ത്വകഥ ആവർത്തിച്ചു. പ്രസിഡന്റിന്റെ ചോദ്യമിതായിരുന്നു:

'പറഞ്ഞാലും, ഈ പൂവൻകോഴി രാത്രിമുഴുവൻ ഒരു പിടക്കോഴിക്ക് വേണ്ടി മാത്രമാണോ അതോ പല പിടകൾക്ക് വേണ്ടിയാണോ സേവനമനുഷ്ഠിക്കുന്നത്?'

'എന്താ സംശയം? വിവിധ പിടകൾക്കുതന്നെ' - കർഷകൻ മറുപടി പറഞ്ഞു.

'എന്നാൽ ഒരു കാര്യം ചെയ്യുക, നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞത് രാജ്യത്തെ പ്രഥമ പൗരയോടും പറയുക'.''

സർഗഭാവനയുടെ മസ്തിഷ്‌കഘടന വിശകലനം ചെയ്യുന്ന മൂന്നാമധ്യായം 'സിനസ്‌തേഷ്യ'-യെക്കുറിച്ചുള്ള അനുപമമായ ഒരവലോകനമാണ് മസ്തിഷ്‌കത്തിലെ അസാധാരണമായ ചില നാഡീബന്ധങ്ങളുടെ ഫലമായി ചിലർ അനുഭവിക്കുന്ന വിചിത്രമായ ഇന്ദ്രിയാവബോധങ്ങളുടെ കൂടിച്ചേരലാണ് 'സിനസ്‌തേഷ്യ'. വിശ്വപ്രസിദ്ധരായ പല എഴുത്തുകാരും കലാകാരന്മാരും ഈ അവസ്ഥയുള്ളവരായിരുന്നു. പൊതുവിൽ മനുഷ്യരുടെ സർഗാത്മകതക്കുള്ള മസ്തിഷ്‌കബന്ധം വിശദീകരിക്കാൻ പ്രാപ്തമാകുന്നുണ്ട്, ഈയന്വേഷണം. രാമചന്ദ്രൻ തന്റെ 'സിനസ്‌തേഷ്യ'- ഗവേഷണം ഇങ്ങനെ സംഗ്രഹിക്കുന്നു. 

'പന്ത്രണ്ട് വർഷത്തിനു മുമ്പ് ഈ ഉദ്യമം ആരംഭിച്ചപ്പോൾ എന്റെ മനസ്സിൽ നാല് ലക്ഷ്യങ്ങളുണ്ടായിരുന്നു. സിനസ്‌തേഷ്യ ശരിക്കും ഒരു യാഥാർത്ഥ്യമാണെന്ന് തെളിയിക്കുകയായിരുന്നു ആദ്യ വെല്ലുവിളി. അതായത് രോഗികൾ അത്തരമൊരു അവസ്ഥ വ്യാജമായി അവകാശപ്പെടുന്നതല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. രോഗം ഇല്ലാത്ത സാധാരണക്കാരെ അപേക്ഷിച്ച് സിനസ്‌തേഷ്യ രോഗികൾക്ക് കടന്നുപോകേണ്ടി വരുന്ന സവിശേഷ അവസ്ഥകൾ സംബന്ധിച്ച ഒരു സിദ്ധാന്തം രൂപീകരിക്കുക എന്നതായിരുന്നു രണ്ടാമത്തെ ദൗത്യം. മൂന്നാമതായി, അതിന്റെ ജനിതകകാരണങ്ങൾ ആരായുക. നാലാമതായി, കേവല കൗതുകമെന്നതിൽ ഉപരിയായി മനുഷ്യമനസ്സിന്റെ ഏറ്റവും നിഗൂഢമായ ഭാവതലങ്ങൾ മനസ്സിലാക്കാനുള്ള എന്തെങ്കിലും സൂചനകൾ അതിലടങ്ങിയിട്ടുണ്ടോ എന്ന് ആരായുക. ഇതാകട്ടെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. നിസ്സാരമായി വീണുകിട്ടിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ലളിതമായി നമുക്കു സിദ്ധിച്ച ഭാഷാശേഷി, സർഗ്ഗാത്മകത, മൂർത്തചിന്ത തുടങ്ങിയ ശേഷികളാണ് ഞാൻ സൂചിപ്പിച്ചത്. അവസാനമായി, ഒരു അധികനേട്ടമെന്ന നിലയിൽ യുഗാന്തരങ്ങൾ പഴക്കമുള്ള പരമ്പരാഗത താത്ത്വികപ്രശ്‌നമായ ബോധത്തിന്റെയും അനുഭവത്തിന്റെയും അസംസ്‌കൃതസത്താഗുണങ്ങളെക്കുറിച്ചും (questions of qualia-the ineffable raw qualities of experience) കൂടുതൽ മനസ്സിലാക്കാനും സിനസ്‌തേഷ്യ സംബന്ധിച്ച ഗവേഷണങ്ങൾ പ്രയോജനപ്പെട്ടേക്കും'.

നാലും അഞ്ചും ആറും അധ്യായങ്ങൾ ദർപ്പണനാഡീകോശങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് അവതരിപ്പിക്കുന്നത്. സംസ്‌കാരനിർമ്മിതിയിൽ ഈ കോശങ്ങൾ വഹിച്ചിരിക്കാനിടയുള്ള പങ്കിനെപ്പറ്റിയുള്ള അന്വേഷണമാകുന്നു, നാലാമധ്യായം. രാമചന്ദ്രൻ എഴുതുന്നു : 'സങ്കീർണ്ണ വൈഭവങ്ങളുടെയും ജ്ഞാനത്തിന്റെയും ഭീമൻ ശേഖരമാണ് സംസ്‌കാരം. വ്യക്തികൾക്കിടയിലുള്ള പരസ്പര വിനിമയത്തിലൂടെയാണ് ഈ ശേഖരവും തത്ഫലമായി സംസ്‌കാരവും കൈമാറപ്പെടുന്നത്. അതിനവരെ സഹായിക്കുന്ന രണ്ട് മാദ്ധ്യമങ്ങളാണ് ഭാഷയും അനുകരണവും. മറ്റുള്ളവരെ അനുകരിക്കാനുള്ള മഹാപ്രതിഭ ഉണ്ടായിരുന്നില്ലെങ്കിൽ നാം ഒന്നും ആകുമായിരുന്നില്ല. ദൃശ്യതലത്തിലും രൂപകപരമായും മറ്റൊരാളുടെ വീക്ഷണഗതിയോട് താദാത്മ്യം പ്രാപിക്കുക എന്ന അനന്യമായ മനുഷ്യശേഷിയെ ആശ്രയിച്ചാണ് കൃത്യമായ അനുകരണം സാധ്യമാകുക. ഇതാകട്ടെ, ദർപ്പണനാഡീകോശങ്ങളുടെ കാര്യത്തിൽ വാനരർക്കിടയിൽ നിലവിലുണ്ടായിരുന്ന വിന്യാസക്രമത്തിൽനിന്നും ഭിന്നമായ സൂക്ഷ്മതലത്തിലുള്ള ഒരു ക്രമം ആവശ്യപ്പെട്ടിരിക്കാം. അന്യരുടെ സങ്കീർണ്ണചിന്തകളുടെ മസ്തിഷ്‌ക മാതൃകകൾ നിർമ്മിച്ച് അതുവഴി അയാളുടെ പെരുമാറ്റം പ്രവചിക്കാനും അതിനെ സ്വാധീനിക്കാനും സാധിക്കും. മറ്റൊരു വ്യക്തിയുടെ വീക്ഷണകോണിൽനിന്നും ലോകത്തെ ദർശിക്കാനുള്ള കഴിവിന് വലിയ പ്രാധാന്യമാണ് അവിടെയുള്ളത് നാം മനോസിദ്ധാന്തം അഥവാ theory of mind എന്നു വിളിക്കുന്ന ഈ ശേഷി മനുഷ്യരിൽ മാത്രമായി കാണപ്പെടുന്ന ഒന്നാണ്. അവസാനമായി, സാംസ്‌കാരിക വിനിമയത്തിന് അത്യന്താപേക്ഷിതമായി നിലകൊള്ളുന്ന ഭാഷയുടെ പല ഘടകങ്ങളും കുറഞ്ഞപക്ഷം ഭാഗികമായെങ്കിലും നമ്മുടെ അനുകരണശേഷിയെ ആധാരമാക്കി വികസിതമായവയാണ്'. '

പരിണാമപ്രക്രിയയിൽ മനുഷ്യവംശത്തെ മുന്നോട്ടു കുതിച്ചുചാടിച്ച ഭാഷയുടെയും അനുകരണത്തിന്റെയും നാഡീശാസ്ത്രം എത്രമേൽ വിസ്മയകരമായ ഒരു അനുഭവലോകത്തെയാണ് നമുക്കു മുന്നിൽ തുറന്നിടുന്നതെന്നറിയാൻ ഈയധ്യായം സഹായിക്കും.

ദർപ്പണനാഡീകോശങ്ങളുടെ ക്രമരാഹിത്യം എങ്ങനെ ഓട്ടിസത്തിനുള്ള ജനിതകകാരണമാകുന്നുവെന്ന അന്വേഷണമാണ് അഞ്ചാമധ്യായം. അസാധാരണമായ ഒരു വൈദ്യശാസ്ത്രകടംകഥയായിരുന്നു ഈയടുത്ത കാലംവരെയും ഓട്ടിസം. 1940കളിലാണ് ഇതൊരു രോഗമായിത്തന്നെ കണ്ടെത്തിയത്. സമൂഹത്തിൽനിന്നു പിൻവാങ്ങാനുള്ള ത്വരയും സഹജീവികളോടുള്ള വൈമുഖ്യവുമാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ. മറ്റുള്ളവരോടുള്ള വൈകാരികമായ തന്മയീഭാവം, ഇന്ദ്രിയപരമായ ഉണർച്ചകൾ തുടങ്ങിയവ മുൻനിർത്തി ശരീരപരമെന്നപോലെ മനഃശാസ്ത്രപരവുമായ വ്യാഖ്യാനങ്ങൾ ഓട്ടിസത്തിനു കൈവന്നു. സാമൂഹിക ബുദ്ധി കൈവരിക്കുന്നതിൽ നാഡീവ്യവസ്ഥക്കുള്ള പങ്കു തെളിഞ്ഞുകിട്ടിയതോടെ ഓട്ടിസംപഠനങ്ങൾക്കുണ്ടായ കുതിപ്പാണ് രാമചന്ദ്രന്റെയും വഴി. ഇത് ദർപ്പണനാഡീകോശവ്യവസ്ഥയിലേക്കു വ്യാപിപ്പിച്ചു, അദ്ദേഹം. ഈരംഗത്ത് താൻ നടത്തിയ പഠനങ്ങളുടെ വിപുലമായ ചരിത്രം രാമചന്ദ്രൻ അവതരിപ്പിക്കുന്നു.

മനുഷ്യവംശത്തിന്റെ പരിണാമത്തിലും സംസ്‌കാരചരിത്രത്തിലും സംഭവിച്ച ഏറ്റവും മഹത്തായ നേട്ടം ഭാഷയാണ്. ഈ ഭാഷാശേഷി കൈവരിക്കലിൽ ദർപ്പണനാഡീകോശങ്ങൾ വഹിച്ച പങ്കന്വേഷിക്കുന്നു, ആറാമധ്യായം. മൃഗ, പക്ഷി ശബ്ദഭാഷകളിൽനിന്നു മനുഷ്യഭാഷയ്ക്കുള്ള വ്യത്യാസം മുഖ്യമായും അടങ്ങിയിരിക്കുന്നത് പദവിന്യാസത്തിലും വാക്യനിർമ്മാണത്തിലുമാണല്ലോ. ഈ ശേഷിയുടെ സമഗ്രമായ നാഡീശാസ്ത്രമണ്ഡലം വിശദീകരിക്കുന്നു, രാമചന്ദ്രൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആൽഫ്രഡ് വാലസ് മുതൽ നോം ചോംസ്‌കി വരെയും സ്റ്റീഫൻ ജയ്ഗൂൾഡ് മുതൽ സമകാലഭാഷാശാസ്ത്രവിദഗ്ദ്ധൻ സ്റ്റീഫൻ പിങ്കർ വരെയുമുള്ളവർ ഈ രംഗത്തവതരിപ്പിച്ച കാഴ്ചപ്പാടുകൾ രാമചന്ദ്രൻ ക്രോഡീകരിക്കുന്നു. തുടർന്ന് തന്റെ സിദ്ധാന്തം ഇങ്ങനെ സംഗ്രഹിക്കുകയും ചെയ്യുന്നു : 'ഭാഷയുടെ ഉത്പത്തിയും പരിണാമവും സംബന്ധിച്ച അന്വേഷണങ്ങൾക്ക് മറ്റൊരു ചട്ടക്കൂട് നിർദ്ദേശിക്കാൻ ഞാനാഗ്രഹിക്കുന്നു. അതിൽ പിങ്കറുടെയും ചോംസ്‌കിയുടെയും ചില ആശയങ്ങൾ ഉൾപ്പെടും - ഒപ്പം അവയ്ക്കപ്പുറവും സഞ്ചരിക്കുന്നു. ഞാനതിനെ സിനസ്‌തെറ്റിക് ബൂട്ട് സ്ട്രാപ്പിങ് സിദ്ധാന്തം (synesthetic bootstrapping theory) എന്നു വിളിക്കട്ടെ. ഭാഷോത്പത്തിയെപ്പറ്റി മാത്രമല്ല രൂപകങ്ങൾ, അമൂർത്തചിന്ത തുടങ്ങി മനുഷ്യനിൽമാത്രം കാണപ്പെടുന്ന ഒരുകൂട്ടം സ്വഭാവഗുണങ്ങളുടെ ആരംഭത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായകരമായ ചില അമൂല്യസൂചനകളും ഈ സിദ്ധാന്തം ലഭ്യമാക്കുമെന്ന് നാമിനി കാണാൻ പോകുന്നു. അമൂർത്തചിന്തയുടെ പല ഘടകഗുണങ്ങളും പാർശ്വാനുകൂലനത്തിലൂടെ ഉരുത്തിരിഞ്ഞതാണെന്നും അവയുടെ അവിചാരിതമായ സംയോജനഫലങ്ങൾ തികച്ചും നവീനമായ ഫലങ്ങൾ കൊണ്ടുവന്നുവെന്നുമാണ് എന്റെ വാദത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാനുള്ളത്. ഒരു പൊതുവ്യവസ്ഥയിൽനിന്നാണ്, ഉദാഹരണമായി ചിന്തിക്കാനുള്ള വ്യവസ്ഥ, ഭാഷ ഉരുത്തിരിഞ്ഞതെന്ന് പറയുന്നതിൽനിന്നും വ്യത്യസ്തമാണ് ഈ സിദ്ധാന്തമെന്നത് ശ്രദ്ധിക്കുക. അതുപോലെതന്നെ, ആശയവിനിമയം എന്ന പ്രത്യേകം വൈദഗ്ദ്ധ്യവൽക്കരിക്കപ്പെട്ട ശേഷിയെ പിന്തുണയ്ക്കാനാണ് ഭാഷ പരിണമിച്ചുണ്ടായതെന്ന പിങ്കറുടെ വാദത്തിൽനിന്നും ഇത് ഭിന്നമാണ്'.

സൗന്ദര്യം, സാഹിത്യഭാവന, പ്രതിഭ, കലാനുഭൂതി തുടങ്ങിയ മണ്ഡലങ്ങളുമായി നാഡീകോശവ്യവസ്ഥക്കുള്ള ബന്ധം വിശകലനം ചെയ്യുന്ന മൗലികമായ രണ്ടു നിരീക്ഷണങ്ങളാണ് ഏഴും എട്ടും അധ്യായങ്ങളിൽ രാമചന്ദ്രൻ അവതരിപ്പിക്കുന്നത്. അദ്ദേഹം എഴുതുന്നു : 'അമ്പരപ്പിക്കുംവിധം വ്യത്യസ്തങ്ങളായ ശൈലികളിൽ കല നിലനിൽക്കുന്നു. പൗരാണിക യവനകല, തിബറ്റൻ കല, ആഫ്രിക്കൻ കല, ഖമേർ കല, ചോള വെങ്കലശില്പങ്ങൾ, നവോത്ഥാന കല, പ്രതീതിപ്രാധാന്യതാവാദം (impressionism), എക്‌സ്‌പ്രെഷനിസം, ക്യൂബിസം, ഫോവിസം, അമൂർത്തകല-പട്ടിക അനന്തമാണ്. എന്നാൽ, ഈ വൈജാത്യങ്ങൾക്കു പിന്നിൽ, എല്ലാ സാംസ്‌കാരിക പരിധികളെയും ലംഘിക്കുന്ന ചില പൊതുതത്ത്വങ്ങളോ സാർവ്വത്രികസ്വഭാവങ്ങളോ ഉണ്ടാവില്ലേ? കലയുടെ ശാസ്ത്രം നമുക്ക് കണ്ടെത്താനാവില്ലേ? കലയും ശാസ്ത്രവും അടിസ്ഥാനപരമായി പരസ്പരവിരുദ്ധമായി തോന്നാം. ഒന്ന് പൊതുതത്ത്വങ്ങൾക്കും വെടിപ്പായ വിശദീകരണങ്ങൾക്കും വേണ്ടിയുള്ള അന്വേഷണമായിരിക്കുമ്പോൾ, മറ്റേത് വ്യക്തിഗതഭാവനയുടെയും ചേതനയുടെയും ആഘോഷമാണ്. കലയുടെ ശാസ്ത്രത്തെക്കുറിച്ചുള്ള ചിന്തതന്നെ വിരുദ്ധോക്തിയാണ്. എന്നാലും അതുതന്നെയാണ് ഈ അദ്ധ്യായത്തിലും അടുത്തതിലും ഞാൻ ലക്ഷ്യമിടുന്നത്. കലയുടെ നാഡിപരമായ അടിസ്ഥാനം ബുദ്ധിപൂർവ്വം ഊഹിച്ചെടുക്കാനും കലാനുഭവത്തെക്കുറിച്ച് ശാസ്ത്രീയസിദ്ധാന്തം നിർമ്മിക്കാൻപോലും കഴിയുംവിധം മനുഷ്യന്റെ കാഴ്ചയെക്കുറിച്ചും മസ്തിഷ്‌കത്തെക്കുറിച്ചുമുള്ള നമ്മുടെ വിജ്ഞാനം വികസിച്ചിരിക്കുന്നു എന്നു നിങ്ങളെ ബോധ്യപ്പെടുത്താനാണ് എന്റെ ശ്രമം. ഇപ്പറയുന്നതൊന്നും ഒരു വ്യക്തിഗതകലാകാരന്റെ മൗലികതയെ വിലകുറച്ചു കാണാനല്ല. ഒരാൾ ഈ പൊതുതത്ത്വങ്ങൾ വിന്യസിക്കുന്ന രീതി പൂർണ്ണമായും അയാളുടേതു മാത്രമാണ്'.

സൗന്ദര്യശാസ്ത്രത്തിന്റെ ഈ നാഡീവിജ്ഞാനം അസാധാരണമായ ഒരു സാംസ്‌കാരികാന്വേഷണമാക്കി മാറ്റാൻ രാമചന്ദ്രനു കഴിയുന്നു. പ്രാചീന ദക്ഷിണേന്ത്യൻ ശില്പകല മുതൽ പിക്കാസോയുടെ ക്യൂബിസ്റ്റ് ചിത്രങ്ങൾ വരെയുള്ളവ വിശകലനം ചെയ്യുന്ന രാമചന്ദ്രൻ, സൗന്ദര്യശാസ്ത്രം സംബന്ധിച്ച ഒൻപതു നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നു (പുറം 327-388). ഇതിൽ രണ്ടെണ്ണം ഏഴാമധ്യായത്തിലും ഏഴെണ്ണം എട്ടാമധ്യായത്തിലും വിശദമായി ചർച്ചചെയ്യുന്നു. നവോത്ഥാനചിത്രകല മുതൽ വാൻഗോഗിന്റെയും മോനെയുടെയും ചിത്രങ്ങൾ വരെയും ഗുഹാചിത്രങ്ങൾ മുതൽ ഷേക്‌സ്പിയറും ഷെർലക് ഹോംസും ടെലിവിഷൻ സീരിയലും വരെയുമുള്ളവ അപഗ്രഥിക്കുന്നു, രാമചന്ദ്രൻ. ഖജുരാഹോ ശില്പങ്ങളും നടരാജവിഗ്രഹവും മറ്റും കേന്ദ്രീകരിച്ചുള്ള അപഗ്രഥനം വിസ്മയകരം തന്നെയാണ്. മുഖ്യമായും ശില്പ, ചിത്രകലകളും കലാപഠനങ്ങളും മുൻനിർത്തിയാണ് കലാസ്വാദനത്തിന്റെ സൗന്ദര്യ-നാഡീശാസ്ത്രം രാമചന്ദ്രൻ അന്വേഷിക്കുന്നത്. കലയുടെ സൃഷ്ടിരഹസ്യം എന്നത് തികച്ചും ഭിന്നമായൊരു അന്വേഷണമേഖലയാണ് എന്നദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നു. 

അവസാന അധ്യായം, മനുഷ്യനുമാത്രം സിദ്ധമായിട്ടുള്ള ആത്മാവബോധം (selfawareness) എന്ന സ്വഭാവത്തിന്റെ വിശകലനമാണ്. മനഃശ്ശാസ്ത്രത്തിനും നാഡീശാസ്ത്രത്തിനുമിടയിലെ ഒരന്വേഷണ മണ്ഡലത്തിൽനിന്ന് രാമചന്ദ്രൻ കണ്ടെത്തുന്ന കാര്യങ്ങൾ നാഡീവ്യൂഹമനോവിജ്ഞാനീയ'ത്തിന്റെ അപൂർവലോകങ്ങൾ തുറന്നിടുന്ന ഒന്നാണ്. തത്വചിന്തകർ മാത്രം നടത്തിയിട്ടുള്ള സ്വത്വാന്വേഷണത്തിന്റെ മണ്ഡലത്തിലേക്കുള്ള നാഡീശാസ്ത്രത്തിന്റെ സഞ്ചാരപഥം ഏഴു സ്വഭാവവിശേഷങ്ങളിലൂടെ ഒരുക്കുകയാണ് രാമചന്ദ്രൻ (പുറം 397-453). ഇതൊരു തുടക്കം മാത്രമാണെന്നദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. ഒരുപക്ഷെ ശാസ്ത്രം ഭാവിയിൽ സൃഷ്ടിക്കാനിരിക്കുന്ന ഏറ്റവും മഹത്തായ കണ്ടെത്തലുകളുടെ ലോകവും ഇതുതന്നെയായിരിക്കും. രാമചന്ദ്രൻ തന്റെ ഗ്രന്ഥമവസാനിപ്പിക്കുന്ന വാക്കുകൾ, തത്വചിന്തയും കവിതയും കലർന്ന ഒരു ഹൈക്കുപോലെ സ്വച്ഛസുന്ദരമാണ്. 'ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ ഗൗൾഡിനും പിങ്കറിനും ഡോക്കിൻസിനും ഒപ്പമാണ്. ബുദ്ധിപരമായ ആസൂത്രണത്തിന്റെ (intelligent design) പക്ഷം പിടിച്ചു വരുന്നവരോട് എനിക്ക് തീരെ ക്ഷമയില്ല. ചുരുങ്ങിയപക്ഷം മിക്കവരും ആ വാക്ക് ഉപയോഗിക്കുന്ന അർത്ഥത്തിൽ. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെയോ ലുക്കീമിയ വാർഡിൽ മരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെയോ കണ്ടിട്ടുള്ള ആരും ഈ ലോകം നമ്മുടെ പ്രയോജനത്തിനുവേണ്ടി പ്രത്യേകം നിർമ്മിച്ചതാണെന്ന് വിശ്വസിക്കില്ല. എങ്കിലും മസ്തിഷ്‌കത്തെയും അത് സൃഷ്ടിക്കുന്ന പ്രപഞ്ചത്തെയും എത്ര ആഴത്തിൽ മനസ്സിലാക്കിയാലും ഉൽപ്പത്തിയെക്കുറിച്ചുള്ള ആത്യന്തിക ചോദ്യങ്ങൾ എല്ലാ കാലവും നമ്മോടൊപ്പമുണ്ടാകും എന്ന് മനുഷ്യജീവിയെന്ന നിലയിൽ താഴ്മയോടെ നാം അംഗീകരിച്ചേ മതിയാകൂ'.

തികഞ്ഞ നർമബോധം, സാഹിത്യം മുതൽ കലകൾ വരെയുള്ള സൗന്ദര്യാത്മകമണ്ഡലങ്ങളോടുള്ള ആഭിമുഖ്യം, ശാസ്ത്രത്തെ സംസ്‌കാരചരിത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ആർജ്ജവം, ചിന്താപരമായ ഉൾക്കാഴ്ചകൾകൊണ്ട് മസ്തിഷ്‌കശാസ്ത്രത്തെ മനുഷ്യജീവിതത്തിന്റെ സമഗ്ര മേഖലകളോടും ബന്ധപ്പെടുത്താനുള്ള ശ്രമം... രാമചന്ദ്രന്റെ പ്രതിഭ മൗലികവും അനിതരസാധാരണവുമാണ്.

വൈജ്ഞാനികതയെ പരമാവധി ജനകീയവൽക്കരിക്കുന്നതിലാണ് രാമചന്ദ്രന്റെ ശ്രദ്ധയും താൽപര്യവുമെങ്കിലും അത്യന്തം സങ്കീർണ്ണവും സാങ്കേതിക പദങ്ങളാൽ സമൃദ്ധവുമാണ് ഈ വിഷയവും അതിന്റെ ഏതുപഠനവും. ക്ലേശകരമായ ഒരു വായന ഈ പുസ്തകത്തിലും നിങ്ങളെ കാത്തിരിപ്പുണ്ട്. പക്ഷെ അതു സൃഷ്ടിച്ചുനൽകാവുന്ന ബോധലോകം അതിഗംഭീരമാണ്.

ഈ നിരൂപണത്തോടൊപ്പം നൽകുന്ന രാമചന്ദ്രന്റെ പ്രഭാഷണം ശ്രദ്ധിച്ചാൽ മായികാവയവവും മിറർബോക്‌സും മുതൽ മിറർ ന്യൂറോൺ വ്യവസ്ഥയും കാപ്ഗ്രാസ് സിൻഡ്രോമും ഓട്ടിസവും സിനസ്‌തേഷ്യയും വരെയുള്ള രംഗങ്ങളിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ ഒരു ലഘുചിത്രം ലഭിക്കും.

പുസ്തകത്തിൽ നിന്ന് 

''ഇന്ത്യൻ കലയുടെ ഏറ്റവും മഹത്തായ പ്രതീകമായ 'നടരാജൻ' എന്ന നൃത്തം ചെയ്യുന്ന ശിവനെക്കുറിച്ചു പറഞ്ഞുകൊണ്ട് രൂപകകൽപ്പനയുടെ സൗന്ദര്യശാസ്ത്രനിയമത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ഉപസംഹരിക്കാം. ചെന്നൈയിലെ (മദ്രാസ്) സ്റ്റേറ്റ് മ്യൂസിയത്തിലെ വെങ്കലഗ്യാലറിയിൽ തെന്നിന്ത്യൻ വെങ്കലശില്പങ്ങളുടെ അതിഗംഭീരമായ ഒരു ശേഖരമുണ്ട്. അതിലെ വിശേഷപ്പെട്ട സൃഷ്ടികളിലൊന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു 'നടരാജ'നാണ് (ചിത്രം 8.5). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുനാൾ പ്രായമായ ഒരു ഫിരംഗി (ഹിന്ദിയിൽ 'വിദേശി' അഥവാ 'വെള്ളക്കാരൻ') മാന്യൻ നടരാജനെ അന്തംവിട്ടു നോക്കിനിൽക്കുന്നതായി കാണപ്പെട്ടു. മ്യൂസിയം കാവൽക്കാരെയും മറ്റു സന്ദർശകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരുതരം മയക്കത്തിൽ എന്നപോലെ നൃത്തത്തിന്റെ അംഗവിന്യാസങ്ങൾ അനുകരിക്കാൻ തുടങ്ങി. ആൾക്കൂട്ടം ചുറ്റും കൂടി. പക്ഷേ, ആ മാന്യൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ മ്യൂസിയം അധികാരി കാര്യമറിയാൻ സ്ഥലത്തെത്തി. അവർ ആ സാധുമനുഷ്യനെ മിക്കവാറും അറസ്റ്റുചെയ്യുമായിരുന്നു-ലോകപ്രശസ്ത ശില്പിയായ അഗസ്റ്റെ റോഡിനാണ് (Auguste Rodin) ആ യൂറോപ്യനെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിൽ. നൃത്തം ചെയ്യുന്ന ശിവനെ കണ്ട് റോഡിൻ വികാരതരളിതനായി. തന്റെ കുറിപ്പുകളിൽ മനുഷ്യമനസ്സിന് സൃഷ്ടിക്കാൻ സാധ്യമായ ഏറ്റവും മഹത്തായ കലാവസ്തു എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നത്. 

ഈ വെങ്കലശില്പത്തിന്റെ ഗാംഭീര്യം തിരിച്ചറിയാൻ നിങ്ങൾ മതവിശ്വാസിയോ, ഇന്ത്യാക്കാരനോ, റോഡിനോ ആകേണ്ട കാര്യമില്ല. അക്ഷരാർത്ഥത്തിൽ ഇത് ജഗത്തിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ശിവന്റെ പ്രപഞ്ചനൃത്തമാണ് വരച്ചുകാട്ടുന്നത്. പക്ഷേ ഈ ശില്പം അതിനൊക്കെ അപ്പുറമാണ്. വിശ്വചലനത്തിന്റെ, വീര്യത്തിന്റെ, പ്രപഞ്ചത്തിന്റെതന്നെ നൃത്തത്തിന്റെ ഒരു രൂപാത്മക കൽപ്പനയാണത്. അനേകം സങ്കേതങ്ങളുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് കലാകാരൻ ഈ അനുഭവം ജനിപ്പിക്കുന്നത്. ഉദാഹരണത്തിന്, ശിവന്റെ പല ദിശകളിൽ ചുഴറ്റുന്ന കൈകാലുകളുടെ അപകേന്ദ്രചലനവും ശിരസ്സിൽനിന്ന് പല ദിശകളിലേക്കു നീളുന്ന ചുരുണ്ടുനീണ്ട ജടപിടിച്ച മുടിയും പ്രപഞ്ചവിക്ഷോഭവും ഉന്മാദവും പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു. സംഘർഷങ്ങളുടെ, ജീവന്റെ, ഈ ഉന്മാദജ്വരത്തിന്റെ നടുവിൽ ശിവന്റെതന്നെ ശാന്തചൈതന്യം പ്രസരിപ്പിക്കുകയും ചെയ്യുന്നു. ശിവൻ സ്വന്തം സൃഷ്ടിയെ അത്യന്തം ശാന്തതയോടെയും സമഭാവനയോടെയും നോക്കിക്കാണുന്നവനാണ്. എത്ര സമർത്ഥമായാണ് കലാകാരൻ പരസ്പരവിരുദ്ധമെന്നു തോന്നുന്ന ചലനത്തിന്റെയും ഊർജ്ജത്തിന്റെയും ഘടകങ്ങൾ ഒരു ഭാഗത്തും പരമമായശാന്തതയും സ്ഥിരതയും മറുഭാഗത്തുമായി സമ്മേളിപ്പിച്ചിരിക്കുന്നത്! ശിവന്റെ അൽപ്പം മടങ്ങിയ ഇടതുകാൽ ആ ഉന്മാദാവസ്ഥയിലും നൽകുന്ന സന്തുലനവും സ്ഥിരതയും, പിന്നെ ഒരു കാലാതീതഭാവം പകരുന്ന പ്രസന്നവും ശാന്തവുമായ മുഖഭാവവും-ഇതൊക്കെയാണ് സനാതനവും സ്ഥിരവുമായ ഒന്നിനെക്കുറിച്ചുള്ള (നിങ്ങൾക്കിഷ്ടമെങ്കിൽ ദൈവം) ധാരണ ജനിപ്പിക്കുന്നത്. ചില നടരാജശില്പങ്ങളിൽ ആ മഹാദൈവം ജനനമരണങ്ങളെ ഒരുപോലെ കണ്ടു ചിരിക്കുകയാണ് എന്നു തോന്നുംവിധം ശാന്തഭാവത്തിന്റെ സ്ഥാനത്ത് നിഗൂഢമായ ഒരു അർദ്ധമന്ദഹാസം കാണാം.

ഈ ശില്പത്തിന് പല അർത്ഥതലങ്ങളുണ്ട്. അവയെക്കുറിച്ച് ഹെന്റിച്ച് സിമ്മർ (Heinrich Zimmer), ആനന്ദ കുമാരസ്വാമി (Ananda Coomaraswamy) തുടങ്ങിയ ഇൻഡോളജിസ്റ്റുകൾ വളരെ ആവേശപൂർവ്വം ധാരാളമെഴുതിയിട്ടുമുണ്ട്. പടിഞ്ഞാറൻ ശില്പികൾ ഒരു പ്രത്യേക സമയത്തെയോ അല്ലെങ്കിൽ ഒരു നിമിഷാർദ്ധത്തെ നിശ്ചലതയെയോ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യൻ കലാകാരൻ സമയത്തിന്റെ സ്വഭാവംതന്നെ ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. കിഴക്കൻ തത്ത്വശാസ്ത്രത്തിലെ ഒരു സാധാരണ പ്രതിപാദ്യവിഷയം ചിലപ്പോഴൊക്കെ പടിഞ്ഞാറൻ ചിന്തകരുടെയും ആലോചനാവിഷയമായിട്ടുള്ള പ്രപഞ്ചത്തിന്റെ സൃഷ്ടി-സംഹാരത്തിന്റെ നിതാന്തമായ ചാക്രികസ്വഭാവമാണ്. അതാണ് ഈ ശില്പത്തിനു ചുറ്റുമുള്ള അഗ്നിവലയം സൂചിപ്പിക്കുന്നത് (ഇതെന്നെ വിശേഷിപ്പിച്ചും ഫ്രെഡ് ഹോയലിന്റെ സ്പന്ദിക്കുന്ന പ്രപഞ്ചസിദ്ധാന്തത്തെ ഓർമ്മിപ്പിക്കുന്നു). പ്രപഞ്ചസൃഷ്ടിയുടെ താളത്തെയും, ഒരുപക്ഷേ, ജൈവവസ്തുക്കളുടെ നാഡിമിടിപ്പിനെയും സൂചിപ്പിക്കുന്ന ഒരു ഉടുക്ക് ശിവന്റെ വലത്തെ കൈകളിലൊന്നിലുണ്ട്. അതേസമയം, ഇടത്തെ കൈകളിലൊന്നിൽ പ്രപഞ്ചത്തെ ചൂടാക്കി ഉത്തേജിപ്പിക്കുക മാത്രമല്ല അതിനെ ദഹിപ്പിക്കുകയും, കാലചക്രത്തിന്റെ നിത്യതയിൽ സംഹാരത്തെ സൃഷ്ടിയുമായി സമതുലനം പാലിക്കാൻ അനുവദിക്കുകയും ചെയയ്യുന്ന അഗ്നിയാണുള്ളത്. അങ്ങനെയാണ് എല്ലാം ആഹരിക്കുകയും എന്നാൽ നിത്യമായി സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്തിന്റെ അമൂർത്തമായ വൈരുധ്യപ്രകൃതിയെ നടരാജൻ പ്രകടിപ്പിക്കുന്നത്.

വലത്തെ കാൽക്കീഴിൽ ശിവൻ ചവിട്ടി ഞെരിക്കുന്നത് അപസ്മാരം അഥവാ 'മൂഢതകൊണ്ടുള്ള മായ' എന്നറിയപ്പെടുന്ന ബീഭത്സരൂപിയായ ഒരു രാക്ഷസനെയാണ്. എന്താണ് ഈ മായ? അത് പരമാണുക്കളുടെയും തന്മാത്രകളുടെയും കേവലമായ ചുഴലികളല്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊന്നുമില്ല. കാഴ്ചയ്ക്കപ്പുറം പരമമായ സത്യം എന്നൊന്നില്ല എന്ന് നമ്മൾ എല്ലാ ശാസ്ത്രജാതികളെയും ബാധിക്കുന്ന തോന്നലാണ്. അത് നമുക്കെല്ലാം സ്വന്തമായി ഓരോ ആത്മാവ് ഉണ്ടെന്നും അത് ജീവിതമെന്ന പ്രതിഭാസത്തെ വിശേഷപ്പെട്ട സ്ഥാനത്തുനിന്ന് നോക്കിക്കാണുകയാണെന്നും ഉള്ള ചില മതങ്ങളുടെ വ്യാമോഹമാണ്. മരണത്തിനുശേഷം കാലാതീതമായ ശൂന്യത മാത്രമേയുള്ളൂ എന്ന യുക്തിസഹമായ മതിഭ്രമമാണത്. ഈ മിഥ്യാധാരണകളെ തകർത്ത് തന്റെ ഉയർത്തിയ ഇടതുകാൽക്കീഴിൽ (ഇടത്തെ കൈകളിലൊന്നുകൊണ്ട് അത് ചൂണ്ടിക്കാട്ടുന്നുണ്ട്) ആശ്വാസം തേടിയാൽ ബാഹ്യരൂപങ്ങൾക്കപ്പുറം (മായ) ഗഹനമായൊരു ആത്യന്തിക സത്യമുണ്ട് എന്നാണ് ശിവൻ നമ്മോടു പറയുന്നത്. ഇത് മനസ്സിലാക്കിയാൽ മരണംവരെ കുറച്ചുനേരത്തേക്കു പ്രകടനം കാണാൻ ഇവിടെയെത്തിയ വിരക്തനായ ഒരു കാഴ്ചക്കാരൻ മാത്രമല്ല മറിച്ച് യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ തിരമറിയലിന്റെ, ശിവന്റെ പ്രപഞ്ചനടനത്തിന്റെ ഭാഗംതന്നെയാണ് നിങ്ങളെന്ന് തിരിച്ചറിയാനാവും. എന്റെ അഭിപ്രായത്തിൽ ദൈവമെന്ന അമൂർത്ത സങ്കല്പത്തിന്, വ്യക്തിദൈവത്തിനു വിപരീതമായി ഇതിനേക്കാൾ മികച്ചൊരു പ്രാതിനിധ്യം കൽപ്പിക്കാനാവില്ല.'കലാവിമർശകനായ കുമാരസ്വാമി പറയുന്നതുപോലെ, 'ഇത് കവിതയാണ്. എന്നിരുന്നാലും അത് ശാസ്ത്രമാണ്'.

ഞാൻ വിഷയത്തിൽനിന്ന് വളരെ മാറിപ്പോയെന്നു തോന്നുന്നു. ഈ പുസ്തകം നാഡീശാസ്ത്രത്തെ കുറിച്ചാണ്, ഇന്ത്യൻ കലയെക്കുറിച്ചല്ല. ഞാൻ ശിവനെ/നടരാജനെ നിങ്ങൾക്ക് പരിചയപ്പെടുത്തിയത് ഈ അദ്ധ്യായത്തിൽ അവതരിപ്പിച്ച, സൗന്ദര്യശാസ്ത്രം സംബന്ധിച്ച ന്യൂനീകരണസമീപനം (reductionist approach) കൊണ്ട് മഹത്തായ കലയെ ഒരു തരത്തിലും ചുരുക്കിക്കാണാൻ ഉദ്ദേശിച്ചിട്ടില്ല എന്നത് ഊന്നിപ്പറയാൻ മാത്രമാണ്. നേരെ മറിച്ച്, അത്തരം വിശദീകരണങ്ങൾ കലകളുടെ നൈസ്സർഗികമൂല്യത്തെ കൂടുതൽ മനസ്സിലാക്കുന്നതിൽ സഹായിച്ചേക്കും'.

മസ്തിഷ്‌കം കഥപറയുന്നു
വി എസ്. രാമചന്ദ്രൻ
വിവർത്തനം: സി. രവിചന്ദ്രൻ
ഡി.സി. ബുക്‌സ്, 2016
വില : 425 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP