Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിക്കെതിരെ ആക്രമണം ശക്തമാക്കാൻ ഉറച്ച് സിപിഐ; മാണിയുമായുള്ള ഏത് ഒത്തുതീർപ്പും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; പരസ്യമായി മാണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തും; സിപിഐ(എം)-മാണി സഖ്യത്തെ മുളയിൽ നുള്ളാൻ ഉറച്ച് സിപിഐ

മാണിക്കെതിരെ ആക്രമണം ശക്തമാക്കാൻ ഉറച്ച് സിപിഐ; മാണിയുമായുള്ള ഏത് ഒത്തുതീർപ്പും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; പരസ്യമായി മാണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തും; സിപിഐ(എം)-മാണി സഖ്യത്തെ മുളയിൽ നുള്ളാൻ ഉറച്ച് സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാ കോൺഗ്രസിനെ ഇടത് മുന്നണിയിൽ എടുക്കാനുള്ള സിപിഐ(എം) നീക്കത്തെ അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ. കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയോട് അടുപ്പിക്കാനുള്ള സിപിഐ(എം) നീക്കം ചെറുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്ക് നിർദ്ദേശം നൽകി. മാണിക്കെതിരെ കടുത്ത പ്രസ്താവനകളുമായി സിപിഐ നേതാക്കൾ കളം നിറയും. മാണിയുടെ ബാർ കോഴ അഴിമതി നിരന്തരം ചർച്ചയാക്കാനാണ് പദ്ധതി. ഇക്കാര്യത്തിൽ 23നു സിപിഐ നിർവാഹക സമിതി മാണിക്കെതിരെ ഔദ്യോഗിക നിലപാടുമെടുക്കും. അഭിപ്രായവ്യത്യാസം ഉഭയകക്ഷി ചർച്ചയിലോ മുന്നണി യോഗത്തിലോ അറിയിക്കും. മാണി യുഡിഎഫ് വിട്ടു ദിവസങ്ങൾക്കകം തന്നെ അദ്ദേഹത്തോട് അയിത്തമില്ലെന്ന സൂചന സിപിഐ(എം) നൽകിയതിൽ കള്ളക്കളി കാണുകയാണ് സിപിഐ.

ഇടതുപക്ഷ വ്യതിയാനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്. ക്രൈസ്തവസഭാ വോട്ടുകളാണ് കേരളാ കോൺഗ്രസിന്റെ അടിസ്ഥാനം. അത്തരമൊരു പാർട്ടി അഴിമതിയുടെ പടുകുഴിയിലുമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് മാണി വേണ്ടെന്നാണ് നിലപാട്. ഇടതുമുന്നണിക്ക് വ്യക്തമായ പിന്തുണ നിയമസഭയിലുണ്ട്. അതിനാൽ മാണിയെ സ്വീകരിച്ച് ആനയിക്കുന്നത് എന്തിനെന്നതാണ് കാനം രാജേന്ദ്രനും കൂട്ടരും ഉയർത്തുന്ന ചോദ്യം. കോടിയേരി ബാലകൃഷ്ണന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളും പാർട്ടിപത്രത്തിലെ ലേഖനവും മുഖപ്രസംഗവും അനവസരത്തിലുള്ളതാണെന്നാണു സിപിഐ വിലയിരുത്തൽ. ഇത് എൽഡിഎഫിന്റെ നയമല്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് അതുകൊണ്ടാണ്. എന്നാൽ സിപിഐയുടേത് അടഞ്ഞ രാഷ്ട്രീയ സമീപനമാണെന്നും അതു പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ എൽഡിഎഫിന് അനുകൂലമാക്കുന്നതിനു യോജിച്ചതല്ലെന്നുമാണു സിപിഐ(എം) കാഴ്ചപ്പാട്.

മാണിയും സിപിഎമ്മും അനൗദ്യോഗികമായ ആശയവിനിമയങ്ങൾ നടത്തുന്നുണ്ട് എന്നാണു സിപിഐ കരുതുന്നത്. മാണി താൽപര്യപ്പെടാതെ കോടിയേരി അനുകൂലമായി സംസാരിക്കില്ലെന്നും. സിപിഐ(എം) കേന്ദ്രങ്ങൾ ഇതു നിഷേധിക്കുമ്പോഴും മുന്നണിക്കു പുറത്തുനിർത്തിയുള്ള ധാരണയ്ക്കാണു നീക്കമെന്നാണു സിപിഐ കരുതുന്നത്. മാണി ബിജെപി പാളയത്തേക്കു പോയാൽ എൻഡിഎ ശക്തിപ്പെടും എന്ന സിപിഐ(എം) വാദത്തെ സിപിഐ എതിർക്കുന്നു. യുഡിഎഫിനെ ശിഥിലീകരിക്കുക എന്ന സിപിഎമ്മിന്റെ ലക്ഷ്യത്തോടു വിയോജിപ്പില്ല. എന്നാൽ അതിന്റെ ആരോയും ഇടതുപക്ഷത്ത് എത്തിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്ത് എതിർപ്പും അവഗണിച്ച് മാണിയേയും മുസ്ലിം ലീഗിനേയും ഒപ്പം കൂട്ടാനാണ് സിപിഐ(എം) തീരുമാനം. ഇതിന്റെ പേരിൽ സിപിഐ മുന്നണി വിട്ടുപോയാലും കുഴപ്പമില്ലെന്നാണ് പക്ഷം.

ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സിപിഐ മറുതന്ത്രം ആവിഷ്‌കരിക്കുന്നത്. നിലവിൽ മാണിയെ പൂർണ്ണമായും അനുകൂലിക്കാൻ സിപിഎമ്മിന് കഴിയില്ല. അതുകൊണ്ട് തന്നെ അഴിമതിയിൽ ആരോപണങ്ങൾ നിറച്ച് മാണിയെ കടന്നാക്രമിക്കും. നിയമസഭയിൽ ഇടത് നിരയിൽ കേരളാ കോൺഗ്രസിനെ വിമർശിക്കുന്ന സമീപനമാകും സിപിഐ എടുക്കുക. അങ്ങനെ പരമാവധി മാണിയെ പ്രകോപിപ്പിക്കും. സിപിഎമ്മിന് പരസ്യമായി പിന്തുണയ്ക്കാനും കഴിയില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ സിപിഐയുടെ പ്രധാന നേതാക്കൾ തന്നെ ഈ നീക്കത്തിന് മുമ്പിലുണ്ടാകും. അങ്ങനെ ഇടതുപക്ഷവുമായുള്ള മാണിയുടെ ബന്ധത്തെ പ്രതിസന്ധിയിലാക്കാനാണ് നീക്കം. മാണി എൻഡിഎയിലേക്ക് പോകട്ടേ എന്നാണ് സിപിഐയുടെ പക്ഷം. മുസ്ലിം ലീഗിനെ വർഗ്ഗീയ കക്ഷിയായി കളിയാക്കലും തുടരും. ഈ രണ്ട് കൂട്ടരും ഇടതുപക്ഷത്ത് എത്തുന്നത് മുന്നണിയിലെ രണ്ടാമനെന്ന പദവിക്ക് കോട്ടമുണ്ടാക്കുമെന്ന് സിപിഐ വിലയിരുത്തുന്നു.

കേരളത്തിൽ തുടർ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വളർച്ച അതിനുള്ള സാഹചര്യം ഒരുക്കും. കോൺഗ്രസിന് അനുകൂലമായ ഭൂരിപക്ഷ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് അനുകൂലമായി. കേരളത്തിലുടനീളം വലിയ വോട്ട് വർദ്ധന ബിജെപിക്കുണ്ടായി. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും സിപിഐ(എം) വോട്ടുകളിലും വിള്ളൽ വീണു. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെയാണ് ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ താൽപ്പര്യം. ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നുള്ള പരീക്ഷണം ഫലിക്കാത്തത് ഈ സാഹചര്യത്തിലാണ്. അതിനാൽ കോട്ടയത്തിന്റേയും ഇടുക്കിയുടേയും മനസ്സ് അനുകൂലമാക്കാൻ മാണിയാണ് നല്ലതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഇതിനൊപ്പം ബിജെപിയുമായി മാണി അടുക്കുമെന്നതിന്റെ സൂചനകളേയും ആശങ്കയോടെയാണ് സിപിഐ(എം) കാണുന്നത്.

ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കൻ കേരളത്തിൽ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാൽ അവർ നിർണ്ണായക ശക്തിയാകും. ബിജെപിയെ വളർത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിടുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മോദി ഭരണത്തിന് അവസാനമുണ്ടായാൽ പോലും അത് പ്രാദേശീക കക്ഷികളായ തൃണമൂലിന്റെയും ജനതാദള്ളുകളുടേയും ഇടത് ശക്തികളുടേയും ശ്രമ ഫലമാകും. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ തകർന്നടിയുന്ന കോൺഗ്രസിനെ കേരളം പിന്തുണയ്ക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇടതു പക്ഷം. ഇതുറപ്പാക്കാൻ ന്യൂനപക്ഷത്തെ മുഴുൻ ഇടത് മുന്നണിയിലെത്തിക്കാനാണ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി സിപിഐ(എം) അനൗദ്യോഗിക ചർച്ച തുടങ്ങി കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ഇടത് പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇതിൽ യുഡിഎഫിന് പുറത്തുള്ള കേരളാ കോൺഗ്രസിനെ ഇടത് പക്ഷത്തേക്ക് എടുക്കേണ്ടി വരുമെന്ന് സിപിഐ(എം) തിരിച്ചറിയുന്നുമുണ്ട്.

കേരളാ കോൺഗ്രസുമായുള്ള അനൗദ്യോഗിക ചർച്ചകളിൽ രണ്ട് ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് സിപിഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ജോയ്‌സ് ജോർജിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. ഈ സാഹചര്യത്തിൽ കോട്ടയവും പത്തനംതിട്ടയും ഉറപ്പായി നൽകാമെന്നാണ് സിപിഐ(എം) പക്ഷം. ലീഗ് വന്നാൽ മലപ്പുറവും പൊന്നാനിയും വിട്ടു നൽകും. നിലവിൽ സിപിഐയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ലീഗെത്തിയാൽ കോഴിക്കോടും വടകരയും വയനാടും ഇടത് ജയമുറപ്പാണെന്ന് സിപിഐ(എം) വിലയിരുത്തൽ. കാസർഗോഡും സീറ്റ് എളുപ്പത്തിൽ നിലനിർത്താനാകും. കണ്ണൂരും ലീഗ് നിർണ്ണായക ശക്തിയാണ്. ഇതിലൂടെ മലപ്പുറത്തെ ഇടത് കോട്ടയാക്കാമെന്നാണ് സിപിഐ(എം) പക്ഷം. അതിനാൽ ലീഗിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഐ(എം) തയ്യാറാകും. ഇതിനെ സിപിഐ എതിർത്താൽ അവർ മുന്നണിക്ക് പുറത്ത് പോകട്ടെയെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP