Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശത്രുവിനെ തെറിവിളിച്ചു സായൂജ്യം അടയുന്ന മതതീവ്രവാദികൾ ഇതു കണ്ടു പഠിക്കുക; ഹിന്ദു മുന്നണി നേതാവ് ശശികല ടീച്ചറുടെ വീട്ടിൽ എത്തി ഊണുകഴിച്ചു സൗഹൃദം പങ്കുവച്ചു സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ്

ശത്രുവിനെ തെറിവിളിച്ചു സായൂജ്യം അടയുന്ന മതതീവ്രവാദികൾ ഇതു കണ്ടു പഠിക്കുക; ഹിന്ദു മുന്നണി നേതാവ് ശശികല ടീച്ചറുടെ വീട്ടിൽ എത്തി ഊണുകഴിച്ചു സൗഹൃദം പങ്കുവച്ചു സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ്

തിരാളികളെ അധിക്ഷേപിച്ചും ആരോപണങ്ങൾ ഉന്നയിച്ചും സായൂജ്യമടയുന്നവരാണ് മതതീവ്രവാദികൾ. ഇക്കൂട്ടർ ഇതാ ഇവരെ കണ്ടു പഠിക്കണം. ഹിന്ദുമുന്നണി നേതാവ് ശശികലയുടെ വീട്ടിൽ എത്തി ഊണും കഴിച്ചു സൗഹൃദം പങ്കിട്ടാണ് സമസ്തയുടെ വിദ്യാർത്ഥി വിഭാഗം നേതാവു മടങ്ങിയത്.

സമസ്ത ഇകെ വിഭാഗം സുന്നികളുടെ വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരാണ് ശശികലയെ വീട്ടിൽചെന്ന് കണ്ട് സൗഹൃദഭാഷണം നടത്തിയ സുഹൃത്തിന്റെ കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്. സൗഹൃദപൂർവ്വമായ ഇടപെടൽ കാരണം ശശികലയുടെ തെറ്റിദ്ധാരണകൾ മാറ്റാനും ഹൃദയം തുറന്ന് സംവാദിക്കാനും കഴിഞ്ഞെന്നും സുഹൃത്തായ മുതീഉൽ ഹഖ് പറഞ്ഞതായി സത്താർ വിവരിക്കുന്നു.

വിഷം ചീറ്റി വരുന്ന വർഗ്ഗീയ ഫാഷിസ്റ്റുകളോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവർക്ക് ഇതൊരു മാതൃകയാണെന്ന് സത്താർ പന്തല്ലൂർ പറയുന്നു. ശത്രുപക്ഷത്ത് നിൽക്കുന്നവരെ പോലും സത്യസന്ധമായ വാക്കുകളിലൂടെ സമീപിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിഫലനങ്ങൾ അത്ഭുതകരമാണെന്നും അതാണ് ഇസ്ലാമിന്റെ പാരമ്പര്യ പ്രബോധന രീതിയെന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'വിഷം ചീറ്റി വരുന്ന വർഗ്ഗീയ ഫാഷിസ്റ്റുകളോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ പുതിയ വ്യാഖ്യാനങ്ങൾ ചമക്കുകയാണല്ലോ ചില അല്പൻ മാർ ചെയ്തത്. അതിന് കഴിയാത്തവർ ഹിജ്റ പോവാനും തുടങ്ങി. സ്വയം ഗവേഷകർ മതത്തിൽ ഇടപ്പെട്ട് തുടങ്ങിയപ്പോൾ മാത്രമാണ് ശത്രുക്കൾക്ക് ആയുധങ്ങൾ ലഭിച്ച് തുടങ്ങിയത്. ഇത്തരം ആശയങ്ങൾ തിരിഞ്ഞു കുത്തുമ്പോൾ നവോഥാനക്കാരും രാഷട്രീയ ഇസ് ലാം പോരാളികളും കള്ളൻ കള്ളൻ എന്ന് പറഞ്ഞ് സ്വയം ഓടുന്നത് എല്ലാവരും കാണുന്നുണ്ട്. പാരമ്പര്യ മേൽക്കൂരയുടെ ആധികാരികതയും സ്വീകാര്യതയും പൊളിച്ചടക്കാൻ വന്നവർ അതിന്റെ കയറിൽ തൂങ്ങാൻ വിഫല ശ്രമം നടത്തുകയാണിപ്പോൾ പാരമ്പര്യവഴിയിൽ വിശുദ്ധരെ അനുഭവിച്ച് കടന്ന് വന്നവർ ഇന്നും ആത്മാഭിമാനത്തോടെ മുന്നോട്ട് പോവുന്നു.
ശത്രുപക്ഷത്ത് നിൽക്കുന്നവരെ പോലും സത്യസന്ധമായ വാക്കുകളിലൂടെ സമീപിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിഫലനങ്ങൾ അത്ഭുതകരമാണ്. പ്രവാചകരും പിൽകാലപണ്ഡിതരും സ്വീകരിച്ച വഴിയും അതാണല്ലോ.
പാരമ്പര്യ മാതൃകയുടെ ചിത്രം വരച്ച് സുഹൃത്ത് മുതീഉൽ ഹഖ് ഫൈസി പുതിയൊരു സന്ദേശം നൽകുകയാണിവിടെ. മുസ് ലിംകൾക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ബിജെപി നേതാവ് കെ. പി. ശശികല ടീച്ചർ ക്ക് അതേ ഭാഷയിൽ മറുപടി പറയാനും അവരുടെ പ്രസംഗങ്ങൾ തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനും ഉപയോഗിക്കുന്നവർക്കിതാ പാരമ്പര്യത്തിന്റെ മാതൃക.
വീട്ടിൽ നേരിട്ട് ചെന്ന് സൗഹൃദപൂർവ്വം നടത്തിയ ഇടപെടൽ ഉണ്ടാക്കിയ ഓളങ്ങൾ, പരസ്പരം അറിയാനും തെറ്റുധാരണങ്ങൾ തീർക്കാനും സാധിച്ചെന്ന് മാത്രമല്ല മിനുട്ടുകൾ കൊണ്ട് സംസാരിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചത് മണിക്കൂറുകൾ ഹൃദയം തുറന്ന് വെക്കുന്ന ആശയ സംവേദനമായി മാറി. അവരുടെ നിർബന്ധത്തിന് വഴങ്ങി ഭക്ഷണം കഴിച്ച് പിരിയുമ്പോഴും ഈ സംഭാഷണങ്ങളുടെ തുടർച്ച അവർ കൊതിക്കുന്നുണ്ടായിരുന്നു. രണ്ട് പക്ഷത്തും ഹൃദയം അടച്ച് വച്ച് പരസ്പര വിശ്വാസം നഷ്ടപ്പെട്ട് പോകുന്ന സമകാലിക മാതൃകകൾ പൊളിച്ചെഴുതുകയാണിവിടെ. ഒന്നും മറച്ചുവെക്കാനില്ലാത്ത ഇസ്ലാമിനും മുസ് ലിംകൾക്കും അവരുടെ പാരമ്പര്യ പ്രബോധന ജീവിതവുമായി സഞ്ചരിക്കാവുന്നതേയുള്ളൂ. അതുണ്ടാക്കുന്ന പ്രകാശത്തിലൂടെ ഇരുട്ടിന്റെ ശക്തികളെ ദൂരെ നിർത്താനും കഴിയും. സുഹൃത്തിന് നന്മകൾ നേരുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP