Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

16 കൊല്ലം ഒരു ജനതയുടെ പ്രതീകമായി ജീവിച്ച ഇറോം ശർമിളയെ ഇപ്പോൾ നാട്ടുകാർക്കു വേണ്ട; സത്യഗ്രഹം നിർത്തിയ ജനനായികയ്ക്കു സ്വന്തം നാട്ടിൽ പോലും പ്രവേശനം നിഷേധിച്ചു; വിവാഹം കഴിക്കുന്നതിനും മണിപ്പുരിൽ എതിർപ്പു ശക്തം; ഭീകരരുടെ ഭീഷണിക്കു മുന്നിൽ ഒരു തലമുറയെ സ്വാധീനിച്ച ജീവിതം പാഴാകുമോ?

16 കൊല്ലം ഒരു ജനതയുടെ പ്രതീകമായി ജീവിച്ച ഇറോം ശർമിളയെ ഇപ്പോൾ നാട്ടുകാർക്കു വേണ്ട; സത്യഗ്രഹം നിർത്തിയ ജനനായികയ്ക്കു സ്വന്തം നാട്ടിൽ പോലും പ്രവേശനം നിഷേധിച്ചു; വിവാഹം കഴിക്കുന്നതിനും മണിപ്പുരിൽ എതിർപ്പു ശക്തം; ഭീകരരുടെ ഭീഷണിക്കു മുന്നിൽ ഒരു തലമുറയെ സ്വാധീനിച്ച ജീവിതം പാഴാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: ഒരു തലമുറയെത്തന്നെ സ്വാധീനിച്ച വ്യക്തിയാണ് ഇറോം ശർമിള. സത്യഗ്രഹ സമരമുറയിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ വ്യക്തി. പട്ടാളത്തിനു നൽകിയ പ്രത്യേക അധികാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മണിപ്പുരുകാരി 16 കൊല്ലമാണ് നിരാഹാരം അനുഷ്ഠിച്ചത്. എന്നാൽ, സമരമാർഗം മാറ്റാൻ തീരുമാനിച്ച ഈ സ്ത്രീക്ക് സ്വന്തം നാട്ടിൽ പോലും കടുത്ത അവഗണനയാണിപ്പോൾ. നാട്ടിലേക്കു പോകാൻ പോലും അനുമതിയില്ല ഈ സ്ത്രീരത്‌നത്തിന്. ഭീകരരുടെ ഭീഷണി അത്രമേൽ മണിപ്പുർ ജനതയെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. മനോരമയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിനിധിയായ ജാവേദ് പർവേശാണ് ഇറോം ശർമിള നേരിടുന്ന പ്രതിസന്ധി വൈകാരികമായിത്തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആശുപത്രിക്കിടക്ക ജയിലാക്കി പ്രഖ്യാപിച്ചാണ് ഇറോമിനെ ഭരണകൂടം തടവിലാക്കിയത്. മൂക്കിൽ ഘടിപ്പിച്ച ഒരു ട്യൂബുവഴി മാത്രമായിരുന്നു ഇവരുടെ ഉള്ളിലേക്ക് എന്തെങ്കിലും ചെന്നിരുന്നത്. ഒടുവിൽ നിരാഹാരസമരം നിർത്തി സാധാരണ ജീവിതത്തിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ആരോഗ്യകാര്യത്തിൽ എന്നതുപോലെ സ്വന്തം നാട്ടുകാരുടെ മാനസിക നിലവാരത്തിലും പ്രതിസന്ധി നേരിടുകയാണ് മണിപ്പുരിന്റെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ഇറോം ശർമിള.

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ ഇംഫാലിലെ ഒരു ഡോക്ടറുടെ വീട്ടിലേക്കു താമസം മാറാനായിരുന്നു ഇറോമിന്റെ തീരുമാനം. എന്നാൽ, ഇതു നാട്ടുകാർ തടഞ്ഞു. ഇവിടെ എത്തിയാൽ ഇറോമിനു മാത്രമല്ല, സമീപത്തുള്ളവർക്കും സുരക്ഷയുടെ കാര്യത്തിൽ ഒരുറപ്പുമുണ്ടാകില്ലെന്നു പറഞ്ഞാണു നാട്ടുകാർ തടഞ്ഞത്.

തന്റെ ജനതയ്ക്ക് തന്നെ വേണ്ടെങ്കിൽ മണിപ്പൂരിൽ നിന്ന് പോകുമെന്നു പോലും കഴിഞ്ഞ ദിവസം ഇറോം ശർമിള വ്യക്തമാക്കിയിരുന്നു. പതിനാറ് വർഷത്തെ സമരം അവസാനിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ജനങ്ങളിൽ നിന്നുണ്ടായ വിപരീത പ്രതികരണത്തോട് പ്രതികരിക്കവെയായിരുന്നു മണിപ്പുർ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് അവർ വ്യക്തമാക്കിയത്. അതിനിടെ, ചലച്ചിത്ര നടി രേണുക ഷഹാൻ മുംബൈയിലെ തന്റെ വസതിയിൽ താമസിക്കാൻ ഇറോമിനെ ക്ഷണിച്ചിട്ടുണ്ട്. ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ഇറോമിനെ അവർ ക്ഷണിച്ചത്.

സമരം നിർത്തിയതിനെക്കുറിച്ച് ആളുകളുടെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ആരും പറഞ്ഞിട്ടല്ല താൻ സമരം തുടങ്ങിയതെന്നാണ് ഇറോം ശർമിള പറയുന്നത്. അതുകൊണ്ടു തന്നെ സമരം അവസാനിപ്പിക്കാനും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്താൽ മതിയെന്ന് തോന്നിയെന്നാണ് അവർ പറഞ്ഞത്. ജീവന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് മണിപ്പൂരിന് വേണ്ടി രക്തസാക്ഷിയാകാനും താൻ തയ്യാറാണെന്ന് ഇറോം ശർമിള നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇംഫാലിലെ റെഡ് ക്രോസ് സൊസൈറ്റിയും ഇറോമിനെ താമസിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യകാരണത്താൽ ഏതാനും ദിവസങ്ങൾ ഇറോം ആശുപത്രിയിൽ തന്നെ കഴിയണമെന്നാണ് ഇംഫാലിലെ ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ അഭ്യർത്ഥിക്കുന്നത്. തേൻ ചാലിച്ച വെള്ളവും ഹോർലിക്സുമാണ് ഇറോം ഇപ്പോൾ കഴിക്കുന്നത്. രണ്ടു ഭീകരസംഘടനകൾ ഇപ്പോൾ തന്നെ ഇറോമിനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.

അവർ തല്ലിക്കൊല്ലുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് നാട്ടുകാർ തടഞ്ഞതിലുള്ള വിഷമത്തിൽ ഇറോം പ്രതികരിച്ചത്. അവർക്കു വേണ്ടതു രക്തസാക്ഷിയെ മാത്രമാണ്. നിരാഹാരം കിടന്നു മരിക്കുന്നതിലും തല്ലുകൊണ്ടു മരിക്കുന്നതിലും വലിയ വ്യത്യാസമില്ലയെന്നും ഇറോം ശർമിള പറഞ്ഞു.

ഇറോം ശർമിളയുടെ ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധയാണു ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 16 വർഷമായി ഒന്നും കഴിക്കാതിരുന്നശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന ഇറോമിനു മുൻകാല മാതൃകകളൊന്നും ഇല്ല എന്നതു ഡോക്ടർമാരെ കുഴയ്ക്കുന്നുണ്ട്. വിശപ്പും രുചിയും നഷ്ടപ്പെട്ട ഇറോം ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി കൗൺസലിങ് ആരംഭിച്ചതായും ഡോക്ടർമാർ പറഞ്ഞു. 16 വർഷം ആഹാരം കഴിക്കാത്തയാൾ ആഹാരം കഴിച്ചാൽ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. മെഡിക്കൽ ചരിത്രത്തിൽ ഇതിനു സമാനമായ ഉദാഹരണങ്ങളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സമരകാലത്ത് ബലമായി മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഇറോമിനു ഭക്ഷണം നൽകിയിരുന്നത്.

രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രഖ്യാപനവും വിവാഹം കഴിക്കാനുള്ള താൽപര്യവുമൊക്കെ എതിർത്തിരിക്കുകയാണ് മണിപ്പുരിലെ ഭീകരസംഘടനകൾ. ഗോവ സ്വദേശിയായ ബ്രിട്ടിഷ് പൗരൻ ഡെസ്മണ്ട് കുട്ടിഞ്ഞോയുമായി പ്രണയത്തിലാണ് ഇറോം. മണിപ്പുരിനോടാണു തന്റെ ആദ്യ പ്രണയമെന്നു പ്രഖ്യാപിച്ച ഇറോമിനു പക്ഷേ, സമരം അവസാനിപ്പിച്ച ശേഷം സ്വന്തം നാടു നൽകുന്നതു കയ്‌പേറിയ അനുഭവമാണ് എന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP