Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉറക്കമിളച്ച് വാനില കൃഷിക്ക് കാവലിരുന്ന കാലത്തെന്നപോലെ വാഴക്കുല കള്ളന്മാരെ തുരത്താൻ വഴിതേടി ഇടുക്കിയിലെ കർഷകർ; ഏത്തക്കുലയ്ക്ക് പൊന്നുംവിലയായതോടെ എങ്ങും കള്ളന്മാരുടെ വിളയാട്ടം; ഓണവിപണി ലക്ഷ്യമിട്ട് വിളയുന്ന വാഴക്കുലകൾ കള്ളന്മാർ ഓട്ടോയിലെത്തി കൂട്ടത്തോടെ കടത്തുന്നു

ഉറക്കമിളച്ച് വാനില കൃഷിക്ക് കാവലിരുന്ന കാലത്തെന്നപോലെ വാഴക്കുല കള്ളന്മാരെ തുരത്താൻ വഴിതേടി ഇടുക്കിയിലെ കർഷകർ; ഏത്തക്കുലയ്ക്ക് പൊന്നുംവിലയായതോടെ എങ്ങും കള്ളന്മാരുടെ വിളയാട്ടം; ഓണവിപണി ലക്ഷ്യമിട്ട് വിളയുന്ന വാഴക്കുലകൾ കള്ളന്മാർ ഓട്ടോയിലെത്തി കൂട്ടത്തോടെ കടത്തുന്നു

ഇടുക്കി: വർഷങ്ങൾക്കു മുമ്പ് അമ്പരപ്പിക്കുന്ന വില കേട്ട് റബറും ഏലവും കുരുമുളകും കാപ്പിയുമൊക്കെ വെട്ടിമാറ്റി വാനില കൃഷിയിറക്കി ഉറക്കംപോയ മലയാളി കർഷകർ അനേകരാണ്. വാനിലയുടെ വില കൃഷിയിടങ്ങളിൽ കള്ളന്മാരുടെ വിളയാട്ടത്തിന് വേദിയൊരുക്കിയപ്പോൾ ഉറക്കം കളഞ്ഞു വാനിലയ്ക്കു കാവലിരിക്കുകയും വേട്ടനായ്ക്കളെ കൃഷിയിടത്തിൽ കാവലേൽപിച്ചും വൈദ്യുതി വേലികൾ തീർത്തും വാനില മോഷണം തടഞ്ഞ കർഷകരുടെ അനുഭവങ്ങൾ സുപരിചിതമാണ്.

ഇതിനു സമാനമായ അനുഭവമാണ് ഇടുക്കിയിലെ ഏത്തവാഴ കർഷകർ ഇപ്പോൾ നേരിടുന്നത്. ഏത്തക്കായുടെ വില ഉയർന്നതോടെ വാഴക്കുലകൾ മോഷണം പോകുന്നത് പതിവ് സംഭവമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രണ്ട് സംഭവങ്ങളിലായി നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എന്നാൽ ഏത്തവാഴത്തോട്ടങ്ങളിൽ കയറി വാഴക്കുലകൾ മോഷ്ടിക്കുന്നത് വ്യാപകമായി തുടരുകയാണ്.

ഏത്തയ്ക്കായുടെ വില കിലോഗ്രാമിന് 65-70 ആയി ഉയർന്നതോടെയാണ് മോഷ്ടാക്കളുടെ കണ്ണുകൾ അതിലേക്ക് നീണ്ടുതുടങ്ങിയത്. ഒരു കുല വെട്ടിയെടുത്തു വിറ്റാൽ രണ്ടുമൂന്നു ദിവസം കുശാലായി കഴിയാം. റോഡരുകിലും വേലി കെട്ടിത്തിരിക്കാത്ത സാധാരണക്കാരുടെ പുരയിടങ്ങളിലുമൊക്കെ ഇഷ്ടംപോലെ ഏത്തവാഴക്കുലകൾ വിളഞ്ഞു നിൽക്കുമ്പോൾ എന്തിന് റിസ്‌കെടുത്തു കടകളും വീടുകളുമൊക്കെ കുത്തിത്തുറന്ന് ഭാഗ്യം പരീക്ഷിക്കണം?.

വീടും കടകളുമൊക്കെയായാൽ പൊലിസും ഡോഗ് സ്‌ക്വാഡും വരിലടയാള വിദഗ്ധരുമൊക്കെ വരും. എന്തെങ്കിലും തുമ്പ് കണ്ടെത്തിയാൽ അകപ്പെട്ടതുതന്നെ. വാഴക്കുലയായാൽ ഇരുളിന്റെ മറവിൽ സൗകര്യപൂർവം ഒളിച്ചുനിന്ന് തക്കം പാർത്തുകൊണ്ടുപോകാം. വെട്ടിയെടുത്തുകഴിഞ്ഞാൽ പിന്നെ സ്വന്തം പറമ്പിലെ കുലയാണോ മറ്റൊരാളുടേതാണോ എന്നൊന്നും കണ്ടുപിടിക്കാനുമാകില്ല. അങ്ങനെ പിടികൊടുക്കാതെ ഏറ്റവുമെളുപ്പത്തിൽ ചെലവിന് കാശൊപ്പിക്കാൻ കള്ളന്മാർ ഇറങ്ങിയതോടെ ഇടുക്കിയിലെ കർഷകരുടെ ഉറക്കംപോയിരിക്കുകയാണ്.

മലയോര മേഖലകളിൽ ഏത്തവാഴ കൃഷി ഇന്ന് വ്യാപകമാണ്. മിക്കപ്പോഴും ഡിമാൻഡ് കുറയാതെ നിൽക്കുന്നതാണ് കർഷകർ ഈ വഴി തെരഞ്ഞടുക്കാൻ പ്രധാന കാരണം. സ്വന്തം പുരയിടത്തിൽ മാത്രമല്ല, പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിയിറക്കുന്നവർ ധാരാളം. വില കയറിയതോടെ ഇവരൊക്കെ തസ്‌കരശല്യത്തിൽനിന്നു വാഴക്കുലകളെ സംരക്ഷിക്കാൻ ഭഗീരഥശ്രമത്തിലാണ്.

ചെറുകിട കള്ളാരാണ് മോഷ്ടാക്കളിൽ കൂടുതലുമെന്നു പൊലിസ് പറയുന്നു. ശാന്തൻപാറ, ഉടുമ്പൻചോല, നെടുങ്കണ്ടം, വാഴത്തോപ്പ്, കട്ടപ്പന മേഖലകളിൽനിന്നാണ് മോഷണ വാർത്തകൾ കൂടുതലായി പുറത്തുവരുന്നത്. ഒറ്റപ്പെട്ട മോഷണത്തിന്റെ പേരിൽ കർഷകർ പൊലിസ് സ്റ്റേഷൻ കയറിയിറങ്ങാൻ ഒരുക്കമല്ലാത്തത് മോഷ്ടാക്കൾക്ക് ഗുണമായി മാറി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയുമായി കറങ്ങിനടന്ന് വാഴക്കുല മോഷ്്ടിക്കുന്ന രണ്ടു യുവാക്കളെ ശാന്തൻപാറ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കരുണാപുരം കോട്ടക്കപ്പറത്ത് വീട്ടിൽ സെബിൻ (23), തണ്ണിപ്പാറ കണിച്ചുകുളത്ത് വീട്ടിൽ ബിബിൻ (23)എന്നിവരെയാണ് പുലർച്ചെ ഒരു മണിയോടെ ഉടുമ്പൻചോലയിൽ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വാഴക്കുലകളും ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ബുദ്ധിപൂർവമാണ് ഇവർ മോഷണം നടത്തിയിരുന്നത്. അർധരാത്രിക്ക് ശേഷം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ഇരുവരും കൃഷിയിടങ്ങളിൽനിന്ന് വാഴക്കുലകൾവെട്ടി കൊണ്ടുപോയി പിറ്റേന്ന് ചന്തയിൽ വിൽക്കുകയാണ് പതിവ്.

രാജാക്കാട്, വെള്ളത്തൂവൽ,ശാന്തമ്പാറ മേഖലകളിൽ നിന്ന് നിരവധി തവണ ഇത്തരത്തിൽ മോഷണം നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സംശയം തോന്നാതിരിക്കാനായി ഒരു കൃഷിയിടത്തിൽ നിന്ന് ഒന്നോ, രണ്ടോ വാഴക്കുലകൾ മാത്രമേ ഇവർ മോഷ്ടിക്കുകയുള്ളൂവെന്നതാണ് പ്രത്യേകത. ഇതുപോലെ സന്യാസിയോട പുത്തൻപുരയ്ക്കൽ രവി(54), തൂക്കുപാലം കൊച്ചിപ്പറമ്പിൽ ജയകുമാർ(26) എന്നിവരും അറസ്റ്റിലായിരുന്നു.

ഇരുവരുംചേർന്ന് കോമ്പമുക്ക് ഞാഞ്ഞിലത്ത് ഗിരീഷിന്റെ ഏത്തവാഴത്തോട്ടത്തിൽനിന്നുമാണ് വാഴക്കുലകൾ മോഷ്ടിച്ചത്. ഇവ രണ്ടുദിവസത്തോളം ഒളിപ്പിച്ചുവച്ചതിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ പച്ചക്കറി കടയിൽ വിൽപനയ്ക്കായി എത്തിച്ചു. വാഴക്കുലകൾ മോഷണംപോയതറിഞ്ഞ ഗിരീഷ് ഇതിനിടെ തൂക്കുപാലം, നെടുങ്കണ്ടം എന്നിവിടങ്ങളിലെ വ്യാപാരികളോടു വിവരം പറഞ്ഞിരുന്നു. കുലകളുമായി എത്തിയ രണ്ടുപേരെ സംശയംതോന്നിയ കടയുടമയായ അൻസാരി വിവരം ഗിരീഷിനെ അറിയിക്കുന്നതിനിടെ രവിയും ജയകുമാറും മുങ്ങി.

പിന്നീട് മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ഒളിവിൽപോയ ഇവരെ ഇന്നലെ നെടുങ്കണ്ടത്തുനിന്നുമാണ് പിടികൂടിയത്. 11 ഏത്തവാഴക്കുലകളാണ് ഗിരീഷിന്റെ കൃഷിസ്ഥലത്തുനിന്നും ഇവർ മോഷ്ടിച്ചത്. വാഴക്കുലകൾ കടത്തുവാൻ ഉപയോഗിച്ച ജയകുമാറിന്റെ ഓട്ടോറിക്ഷയും കട്ടപ്പനയിൽനിന്നും പൊലീസ് കണ്ടെടുത്തു. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പിൽ, എസ്‌ഐ ബിജോയി, എഎസ്‌ഐ ബി. ജോസഫ്, എസിപിഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഗിരീഷ് അയൽവാസിയായ ബ്ലോക്ക് നമ്പർ 950-ൽ ശശിയുടെ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ഏത്തവാഴകൃഷി നടത്തിവന്നിരുന്നത്. നഷ്ടപ്പെട്ട വാഴക്കുലകൾ വെട്ടാൻ പാകമായവ ആയിരുന്നു. മൂപ്പെത്താത്ത കുലകൾ വെട്ടിനശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP