Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ ഇന്നേവരെ വാങ്ങിയിട്ടുള്ള ഒളിമ്പിക്‌സ് മെഡലുകൾ ആകെ കൂട്ടിയാലും മൈക്കൽ ഫെൽപ്‌സ് ഒറ്റക്കു നേടിയ മെഡലുകൾക്കൊപ്പം എത്തില്ലേ? ഈ അമേരിക്കക്കാരന് എങ്ങനെയാണ് ഇത്രയും മെഡലുകൾ കിട്ടുന്നത്?

ഇന്ത്യ ഇന്നേവരെ വാങ്ങിയിട്ടുള്ള ഒളിമ്പിക്‌സ് മെഡലുകൾ ആകെ കൂട്ടിയാലും മൈക്കൽ ഫെൽപ്‌സ് ഒറ്റക്കു നേടിയ മെഡലുകൾക്കൊപ്പം എത്തില്ലേ? ഈ അമേരിക്കക്കാരന് എങ്ങനെയാണ് ഇത്രയും മെഡലുകൾ കിട്ടുന്നത്?

മറുനാടൻ ഡെസ്‌ക്‌

റിയോ: ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നേടിയ മെഡലുകൾക്കൊപ്പമെത്താൻ അമേരിക്കൻ നീന്തൽ അത്ഭുതമെന്നുതന്നെ പറയാവുന്ന മൈക്കൽ ഫെൽപ്‌സിന് ഇനി ഒരു മെഡൽകൂടി നേടിയാൽ മതി. ഒളിമ്പിക് ചരിത്രത്തിൽ 25 സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും സ്വന്തം കഴുത്തിൽ ചാർത്തിവാങ്ങിയ ഈ ഇരുപത്തഞ്ചുകാരൻ ഇതുവരെ നേടിയത് 25 മെഡലുകൾ.

ഒരുപക്ഷെ, ഫെൽപ്‌സ് ഒരു രാജ്യമായിരുന്നെങ്കിൽ 206 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഒളിമ്പിക്‌സിൽ മൊത്തം ഒളിമ്പിക്‌സിന്റെ പട്ടികയെടുത്താൽ അതിൽ മുപ്പത്തഞ്ചാം സ്ഥാനത്തെ 'രാജ്യമായി' മാറിയേനേ ഫെൽപ്‌സ്. ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നു പറയുന്നത് ഫെൽപ്‌സിന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാകുന്നു.

ഒളിമ്പിക്‌സ് ചരിത്രത്തിൽ 174 രാജ്യങ്ങൾ നേടിയതിനേക്കാൾ മുകളിലാണ് ഇപ്പോൾത്തന്നെ ഫെൽപ്‌സിന്റെ 21 മെഡലുകളുമായി സുവർണനേട്ടം. അദ്ദേഹം പിന്തള്ളിയ രാജ്യങ്ങളുടെ പട്ടികയിലുണ്ട് ആസ്‌ട്രേലിയ (19 സ്വർണം), അർജൻീന (18), ജമൈക്ക (17), ചെക്ക് റിപ്പബഌക് (14), മെക്‌സിക്കോ (13) തുടങ്ങിയവ. ഇന്തയുടെ എക്കാലത്തേയും സ്വർണനേട്ടം ഒമ്പതാണെങ്കിൽ അതിന്റെ ഇരട്ടിയിലേറെ നേടിക്കഴിഞ്ഞു ഫെൽപ്‌സ്.

ഫെൽപ്‌സ് നേടിയത്രയും മെഡലുകൾ നേടിയ മറ്റൊരു അത്‌ലറ്റില്ല. 2004ലെ ഏഥൻസ് ഒളിമ്പിക്‌സിൽ ഫെൽപ്‌സ് ആദ്യസ്വർണം നേടിയതിനു ശേഷം അദ്ദേഹത്തേക്കാൾ കൂടുതൽ സ്വർണം നേടിയത് പത്തോളം രാജ്യങ്ങൾ മാത്രം. റിയോ ഒളിമ്പിക്‌സിൽ ഇതിനകം മൂന്നുസ്വർണം സ്വന്തംപേരിൽ ഫെൽപ്‌സ് കുറിച്ചുകഴിഞ്ഞു.

4x400 മീറ്റർ ഫ്രീസ്റ്റൈൽ റിലെ, 200 മീറ്റർ ബട്ടർഫ്‌ളൈ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലെ എന്നിവയാണ് അവ. ഇപ്പോൾ ഫെൽപ്‌സിനൊപ്പം ഈ ഒളിമ്പിക്‌സിൽ ഇത്രയും സ്വർണം നേടിയത് ഹങ്കറിയുടെ കതിൻക ഹൊസ്സു മാത്രം. റിയോ ഒളിമ്പിക്‌സിന്റെ പട്ടികയിൽ ഒരു രാജ്യമായി ഫെൽപ്‌സ് നിന്നാൽ അദ്ദേഹമിപ്പോൾ ഒമ്പതാം സ്ഥാനത്തായിരിക്കും. 1980ൽ ഹോക്കി സ്വർണം നേടിയ ഇന്ത്യക്ക് പിന്നെയൊരു സ്വർണംകിട്ടാൻ 2008ൽ അഭിനവ് ഭിന്ദ്ര സ്വർണം വെടിവച്ചിടുന്നതുവരെ നീണ്ട 28 വർഷം കാത്തിരിക്കേണ്ടിവന്നു എന്നറിയുമ്പോൾ അനായാസം സ്വർണംകൊയ്യുന്ന ഫെൽപ്‌സിനെ ലോകം ആരാധിക്കുന്നതിൽ എന്തത്ഭുതം.

റിയോ ഒളിമ്പിക്‌സിന്റെ നാലാംദിനത്തിൽ 4x200 മീറ്റർ റിലേയിലും ഇതിനുപിന്നാലെ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും ഫെൽപ്‌സ് രണ്ടുസ്വർണങ്ങൾ സ്വന്തം പേരിലാക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു.

ആറടി നാലിഞ്ച് ഉയരം, ദൃഢമായ കൈകാലുകൾ, അസാധ്യമായ മനസ്സാന്നിധ്യം. എങ്ങനെ മികച്ച അത്‌ലറ്റാകുന്നു ഫെൽപ്‌സ് എന്ന പഠനങ്ങൾ നടക്കുമ്പോഴും ഈ മനുഷ്യൻ സ്വർണം കൊയ്തുകൊണ്ടിരിക്കുന്നു. കായിക മികവ് നിലനിർത്താൻ ഒരു സൂത്രപ്പണികൂടിയുണ്ട് നീന്തൽക്കുളത്തിലെ ഈ സ്വർണമത്സ്യത്തിന്. ഫെൽപ്‌സിന്റെ നീന്തൽ കണ്ടവർ ഇത്തവണ ശ്രദ്ധിച്ച ഒരു കാര്യം.

 

അദ്ദേഹത്തിന്റെ ശരീരത്തിലെ പൊള്ളിയതു പോലുള്ള കറുത്ത പാടുകൾ. 'കപ്പിങ്' എന്ന ചൈനീസ് ചികിൽസയുടെ അടയാളമാണത്. ജാക്കി ചാന്റെ കരാട്ടെ കിഡ് സിനിമയിലും മറ്റും കണ്ടിട്ടുള്ളതുപോലെ ചെറിയ ഗ്ലാസ് കപ്പുകൾ ചൂടാക്കി ശരീരത്തിൽ വയ്ക്കുന്ന ചികിത്സാ രീതി. പേശികളുടെ ചലനം സുഗമമാക്കാനുള്ള ഒരു സുഖചികിത്സ. ഇക്കുറി ഒളിമ്പിക്‌സിനെത്തിയ നിരവധി താരങ്ങൾ ഈ ചൈനീസ് രീതിയുടെ ആരാധകരായിട്ടുമുണ്ട്.

ലണ്ടൻ ഒളിംപിക്‌സിനു ശേഷം ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടായതോടെ ഫെൽപ്‌സ് റിയോയിൽ എത്തിയേക്കില്ലെന്നുവരെ വാർത്തകളുണ്ടായി. ഇതിനുപിന്നാലെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനവും നടത്തി. പക്ഷേ 2014 ഏപ്രിലിൽ റിയോയിൽ താൻ മത്സരിക്കാനെത്തുമെന്ന് വീണ്ടുമൊരു മനസ്സുമാറ്റവുമായി താരമെത്തി. പക്ഷേ, അഞ്ചുമാസത്തിനുശേഷം സെപ്റ്റംബറിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായതോടെ യുഎസ് നീന്തൽ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയതോടെ 2015ലെ ലോക ചാംപ്യൻഷിപ്പ് ഫെൽപ്‌സിന് നഷ്ടമായി.

 

ഇതോടെ വീണ്ടും ഒളിമ്പിക്‌സിന് ഫെൽപ്‌സിന് അവസരം ലഭിച്ചേക്കില്ലെന്ന വാർത്തകൾ സജീവമായെങ്കിലും യുഎസ് നാഷനൽ ചാംപ്യൻഷിപ്പിലും ഒളിംപിക് ട്രയൽസിലും മിന്നൽ പ്രകടനം കാഴ്‌ച്ചവച്ച് വീണ്ടും നീന്തൽക്കുളത്തിലെ രാജകുമാരൻ റിയോയിൽ പരൽമീനിനെപ്പോലെ നീന്തൽക്കുളത്തിൽ ചാട്ടുളിപോലെ പായുന്നു.

ദിവസം ഏതാണ്ട് ആറുമണിക്കൂർ വരെ ഫെൽപ്‌സ് നീന്തൽക്കുളത്തിൽ ചെലവഴിക്കാറുണ്ട്. കഴിഞ്ഞ 1825 ദിവസമായി ഇതാണ് അദ്ദേഹത്തിന്റെ ശീലം. ഇതിനുപുറമെ ദിവസവും മണിക്കൂറുകളുടെ മറ്റ് കായികാഭ്യാസങ്ങളും. നിങ്ങൾ ഒന്നാമനാകണമെങ്കിൽ അതിനായി കഠിനമായി പ്രവർത്തിച്ചേ പറ്റൂ. രണ്ടാമനാകാനായി ഞാൻ ഒന്നും ചെയ്യാറില്ല. - ഈ കഠിന പരിശീലനത്തെപ്പറ്റി ചോദിക്കുന്നവരോട് ഫെൽപ്‌സ് പറയും.

ഓരോ വർഷവും ഞാൻ ചിന്തിക്കാറുണ്ട് മറ്റുള്ളവർ പരിശീലിക്കുന്നതിനേക്കാൾ കുറഞ്ഞത് 52 ദിവസമെങ്കിലും എനിക്ക് കൂടുതൽ കിട്ടിയിരുന്നെങ്കിൽ എന്ന്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ്, ലോക റെക്കോഡിന്റെ ഉടമ, സ്‌പെഷ്യൽ അത്‌ലറ്റ്, ഇത്രയുമാണ് തന്റെ ബാല്യകാല സ്വപ്‌നങ്ങളെന്ന് ഫെൽപ് പറയും. ഇപ്പോൾ അതിലപ്പുറമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP