Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ആകാശവാണിക്കു മരണമണി? മുന്നറിയിപ്പൊന്നുമില്ലാതെ വാർത്താ വിഭാഗം അടച്ചുപൂട്ടുന്നു; കേന്ദ്ര സർക്കാർ നീക്കം സഹായിക്കുക സ്വകാര്യ എഫ്എമ്മുകളെ മാത്രം

കോഴിക്കോട് ആകാശവാണിക്കു മരണമണി? മുന്നറിയിപ്പൊന്നുമില്ലാതെ വാർത്താ വിഭാഗം അടച്ചുപൂട്ടുന്നു; കേന്ദ്ര സർക്കാർ നീക്കം സഹായിക്കുക സ്വകാര്യ എഫ്എമ്മുകളെ മാത്രം

കെ സി റിയാസ്

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിൽനിന്ന് ഇനി വാർത്തകൾ ഉണ്ടാവില്ല. സംസ്ഥാനത്തെ രണ്ടാമത്തെ ആകാശവാണി നിലയമായ കോഴിക്കോട് വാർത്താനിലയം അടച്ചുപൂട്ടുന്നു. കോഴിക്കോട്ടെ വാർത്താവിഭാഗം തിരുവനന്തപുരത്തേക്കു മാറ്റുന്നുവെന്ന നിലയ്ക്കാണ് കേന്ദ്ര സർക്കാർ നീക്കമെങ്കിലും ഇത് കഴിഞ്ഞ അമ്പത് വർഷമായി കോഴിക്കോട് നിന്നുള്ള വാർത്താ പ്രക്ഷേപണത്തെയാണ് പ്രതികൂലമായി ബാധിക്കുക. പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിലെ പ്രാദേശിക ചലനങ്ങൾ കൂടി ഒപ്പിയെടുത്ത് കോഴിക്കോട് നിലയത്തിൽനിന്ന് സ്ഥിരമായി പ്രക്ഷേപണം ചെയ്യുന്ന ഏഴ് വാർത്താ ബുള്ളറ്റിനുകളാണ് ഇതോടെ ഇല്ലാതാവുക. സംസ്ഥാനത്തെ റേഡിയോ പരിപാടികളിൽ ഏറ്റവുമധികം ശ്രോതാക്കളുണ്ടെന്ന്, കാലങ്ങളായി ഓഡിയൻസ് റിസർച്ച് വിങ്ങ് വിലയിരുത്തുന്ന രാവിലത്തെ പ്രാദേശിക വാർത്തകൾ അടക്കമുള്ളവയാണ് ഇതോടെ നിലയ്ക്കുക.

സ്ഥിരം ജീവനക്കാരായ ഒരു അസിസ്റ്റന്റ് ഡയരക്ടറുടെയും കറസ്‌പോണ്ടന്റിന്റെയും നേതൃത്വത്തിലാണ് കോഴിക്കോട്ടെ ആകാശവാണി വാർത്താനിലയം പ്രവർത്തിക്കുന്നത്. സ്ഥിരം ജീവനക്കാർക്കു പുറമെ 30 കാഷ്വൽ ന്യൂസ് റീഡേഴ്‌സും 20 കാഷ്വൽ ഡാറ്റ എൻട്രി ഓപറേറ്റർമാറും പത്തു ക്വാഷ്വൽ എഡിറ്റർമാരുമുൾപ്പെടെ 60-ലേറെ പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഇതിൽ കരാർ തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകുന്നതോടൊപ്പം വാർത്താവിഭാഗത്തിലെ ഇന്ത്യൻ ഇൻഫർമേഷൻസ് സർവീസ് ഉദ്യോഗസ്ഥരെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു മാറ്റാനും തീരുമാനമുണ്ട്. മലബാറിന്റെ സംസ്‌കാരം, സാമൂഹിക സാമ്പത്തിക പ്രത്യേകതകൾ, ലക്ഷദ്വീപുമായുള്ള ബന്ധം തുടങ്ങിയവ പരിഗണിച്ച് വൻ പ്രാധാന്യം നൽകിയിരുന്ന വാർത്താ വിഭാഗമാണ് മുന്നറിയിപ്പില്ലാതെ കേന്ദ്രസർക്കാർ താഴിട്ടുപൂട്ടുന്നത്. സ്വകാര്യ എഫ് എമ്മുകളിൽ താമസിയാതെ തന്നെ വാർത്താ അവതരണം തുടങ്ങും. ഇവരെ സഹായിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം.

ആധുനികവത്കരണത്തിന്റെ ഭാഗമായി ദൂരദർശൻ, ആകാശവാണി എന്നിവയിലെ വാർത്തകളിലും മറ്റു വിഭവങ്ങളിലും കൂടുതൽ മോദി കൂട്ടാൻ നീക്കം നടക്കുന്നതിനിടെയാണ് അതിന് വിരുദ്ധമായി പ്രാദേശിക കേന്ദ്രങ്ങൾ ഒന്നടങ്കം അടച്ചുപൂട്ടാനുള്ള തലതിരിഞ്ഞ നീക്കം. സൗത്ത് ഇന്ത്യയിലെ വിവിധ വാർത്താനിലയങ്ങളിലാണ് ഈ തീരുമാനം ആദ്യം അടിച്ചേൽപ്പിക്കുന്നത്. കോഴിക്കോടിനെ കൂടാതെ തമിഴ്‌നാട്ടിലെ ട്രിച്ചി, കർണ്ണാടകയിലെ ധാർവാട് ആകാശവാണി നിലയങ്ങളും ഇതോടൊപ്പം അടച്ചുപൂട്ടാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് അധികം വൈകാതെ അതത് കേന്ദ്രങ്ങൾക്കു ലഭിക്കുമെന്നാണ് അറിയുന്നത്.

അച്ചടി, ദൃശ്യമാദ്ധ്യമങ്ങളുൾപ്പെടെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളും കൂടുതൽ പ്രാദേശികവത്കരിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളിൽ വൻ വിസ്‌ഫോടനം നടത്തവെയാണ് പൊതുസമൂഹത്തിൽ വാർത്തകളിലും വാർത്താനുബന്ധ പരിപാടികളിലും ഏറെ വിശ്വാസ്യത നേടിയ ആകാശവാണി വാർത്താ നിലയം അധികൃതർ അടച്ചുപൂട്ടുന്നത്. സ്വകാര്യ ചാനലുകളും എഫ് എം സ്റ്റേഷനുകളും കൂൺപോലെ മുളപൊന്തവെയാണ് ജനകീയ പിന്തുണയുള്ള സർക്കാറിന്റെ മികച്ച ഒരു വാർത്താശൃംഖലയെ ഇരുമ്പുമറക്കു പിറകിലൂടെ അധികൃതർ ഞെക്കിക്കൊല്ലുന്നത്. സ്വകാര്യ ലോബിയുടെ സമ്മർദ്ദങ്ങളാണ് കേന്ദ്ര സർക്കാറിനെ ഇത്തരമൊരു വഴിവിട്ട തീരുമാനത്തിലേക്കു നയിക്കുന്നതെന്നും വിമർശമുണ്ട്. ഇന്ത്യൻ സിവിൽ സർവീസിലെ വിവിധ ഉദ്യോഗസ്ഥരുടെ പ്രാദേശിക വാർത്തകളോടുള്ള താൽപ്പര്യക്കുറവും ഇതിന് നിമിത്തമാവുന്നതായി സൂചനകളുണ്ട്.

തലസ്ഥാന നഗരികളിൽ നിന്ന് പ്രാദേശിക കേന്ദ്രങ്ങളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമടക്കമുള്ള നടപടികളും പ്രവർത്തനം ഹെഡ് ക്വാർട്ടേഴ്‌സിൽ കേന്ദ്രീകരിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നു. ബ്യൂറോക്രസിയുടെ നിരുത്തരവാദ സമീപനവും സ്വകാര്യ മൂലധനലോബികളുടെ സമ്മർദ്ദവും സർക്കാറിന് തീരുമാനം എളുപ്പമാക്കുന്നതായും വിവരങ്ങളുണ്ട്. 1950 മെയ് 14-നാണ് കോഴിക്കോട് ആകാശവാണി നിലയം ആരംഭിച്ചത്. എന്നാൽ അനേകം പ്രക്ഷോഭങ്ങളുടെ ഫലമായി 16 വർഷങ്ങൾക്കു ശേഷം 1966 ഏപ്രിലിലെ വിഷുപ്പുലരിയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രാദേശിക വാർത്തകളുടെ ആദ്യ പ്രക്ഷേപണം. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് വരെയുള്ള വാർത്തകൾ ഇവിടെ നിന്നാണ് നൽകുന്നത്. ദേശീയ ബുള്ളറ്റിനിലേക്കുള്ള വാർത്തകളും ഇവിടുന്നാണ് നൽകിയത്. കോഴിക്കോട് ആകാശവാണി നിലയം 7 വാർത്താ ബുള്ളറ്റിനുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ദിവസവും രാവിലെ 6.45നുള്ള 10 മിനുട്ട് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിനാണ് ഇതിൽ ഏറ്റവും ജനപ്രിയമായുള്ളത്.

ഇത് കേരളം ഒന്നടങ്കം ഒരേസമയം ശ്രവിക്കുന്നത് കോഴിക്കോട് നിന്നാണ്. ഉച്ചയ്ക്ക് 12.30ന് പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ആറു ജില്ലകൾക്കു പ്രത്യേകമായുള്ള പ്രാദേശിക വാർത്ത, രണ്ടു മിനുട്ട് വീതമുള്ള എഫ് എം 5 ഹെഡ്‌ലൈൻ, ആഴ്ചയിലെ ഒരു പ്രധാന ഇഷ്യൂ അടയാളപ്പെടുത്തിയുള്ള 12.40-ന്റെ വാർത്താദീപ്തി, എല്ലാ ചെവ്വാഴ്ചകളിലും 15 മിനുട്ട് വീതവും വ്യാഴാഴ്ചകളിൽ പത്തു മിനുട്ട് വീതവും ദൈർഘ്യമുള്ള ന്യൂസ് റീൽ-വാർത്താതരംഗിണി, വിവിധ ജില്ലകളെ കേന്ദ്രബിന്ദുവാക്കിയുള്ള ജില്ലാ വൃത്താന്തം, മെട്രോ നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പരിക്രമം തുടങ്ങി വൈവിധ്യമാർന്ന വാർത്താനുബന്ധ അറിവുകളാണ് ഇതോടെ മുടങ്ങുക. വയനാട് പോലുള്ള ആദിവാസി മേഖലകളും വിവിധ കുടിയേറ്റ മേഖലകളും മലബാറിലെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുമെല്ലാം അതിരിടുന്ന വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്കു ഏറെ വെളിച്ചം പകരുന്ന വാർത്താ പരിപാടികളാണ് ഇതോടെ ഇനി കേട്ടുകേൾവി മാത്രമാവുക. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള വാർത്ത അടക്കമുള്ള പരിപാടികളെയും ഇത് ദോഷകരമായി ബാധിക്കും.

വാർത്തകൾ ഇനി തലസ്ഥാന നഗരിയിൽ നിന്നു മാത്രം മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഇത് പ്രാദേശിക വാർത്താ വൈവിധ്യത്തെയും വികസന കാഴ്ചപ്പാടുകളെയും ബഹുദൂരം പിറകോട്ടേക്കു വലിക്കുമെന്നാണ് കരുതുന്നത്. റേഡിയോയിലൂടെ ഗ്രാമീണജനങ്ങൾ അടക്കമുള്ളവരെ ബോധവൽക്കരിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ സങ്കൽപ്പം കടന്നുവരും മുമ്പ് പാർക്കുകളിലും വായനശാലകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമെല്ലാം സ്ഥാപിച്ച റേഡിയോ ഒരു കാലത്തിന്റെ മുഖമുദ്രയാണ്. മാദ്ധ്യമസ്ഥാപനങ്ങളുടെ കഴുത്തറപ്പൻ മത്സരങ്ങൾക്കിടെ, വിനോദോപാധി എന്നതിനപ്പുറം സർക്കാർ സംവിധാനങ്ങളിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പ് എന്ന നിലയ്ക്കു റേഡിയോക്കുള്ള വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും ഇന്നും കുറവ് വന്നിട്ടില്ല. ആ നിലയ്ക്ക് പൊതുസമൂഹത്തിന്റെ ബൈബിളും ഖുർആനും ഭഗവത്ഗീതയുമാണ് റേഡിയോ ബുള്ളറ്റിനുകൾ.

റേഡിയോയുടെ വ്യക്തിനിഷ്ഠതയും സ്വകാര്യതയും എക്കാലത്തും ഈ മാദ്ധ്യമത്തെ ജനപ്രിയമാക്കിയിട്ടുണ്ട്. സി എൻ എൻ, ബി ബി സി, ഐ ബി എൻ തുടങ്ങിയ മാദ്ധ്യമരംഗത്തെ ഭീമന്മാർ മുഴുസമയ വാർത്താചാനലുകൾ തുടങ്ങിയിട്ടുപോലും റേഡിയോക്കുള്ള സ്ഥാനം നഷ്ടമായില്ല. വാർത്താചാനലുകൾ മലയാളത്തിലെത്തും മുമ്പേ എത്രയോ പ്രധാന സംഭവങ്ങൾ ബ്രേക്കിങ് ന്യൂസായി ശ്രോതാക്കളിൽ എത്തിച്ച ആകാശവാണിയെക്കുറിച്ചുള്ള പുതിയ വാർത്ത ആരെയും ഞെട്ടിപ്പിക്കേണ്ടതാണ്. കേന്ദ്ര സർക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും വിഷയം പാർല്ലമെന്റിൽ ഉന്നയിക്കുമെന്നും എം കെ രാഘവൻ എം പി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP