Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്‌സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്‌സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പ്രത്യേക ഭവനപദ്ധതിക്ക് ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണം. സാധാരണ ഭവന വായ്പയ്ക്ക് ഒമ്പതര ശതമാനത്തിനുമേൽ പലിശ നൽകേണ്ടിവരുന്ന സ്ഥാനത്ത് അഞ്ചുശതമാനം മുതൽ ആറര ശതമാനംവരെ മാത്രം പലിശ നൽകിയാൽ മതിയാകുമെന്നതാണ് പദ്ധതിക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്.

കേരളത്തിൽ 58 നഗര പ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് 4046 പട്ടണങ്ങളിലാണ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗര-ഗ്രാമ പ്രദേശങ്ങളിൽ നടപ്പാക്കുന്ന വിവിധ സ്‌കീമുകളുടെ സേവനം പദ്ധതി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടുമ്പോൾത്തന്നെ ലക്ഷക്കണക്കിന് ആൾക്കാർ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

ചേരിവികസനം, ക്രെഡിറ്റ്‌ലിങ്ക്‌സ് സബ്‌സിഡി, അഫോർഡബിൾ ഹൗസിങ് സ്‌കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ നാല് പദ്ധതികൾ വഴിയാണ് കേന്ദ്രസർക്കാർ '2022ഓടെ എല്ലാവർക്കും വീട്' എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിയാണ് താഴ്ന്ന വരുമാനക്കാർക്കും നഗരങ്ങളിൽ സ്വന്തമായി കൊച്ചു വീടൊരുക്കാൻ ഏറെ സഹായകമാകുന്നത്. കഴിഞ്ഞവർഷം ജൂണിൽ പ്രഖ്യാപിച്ച പദ്ധതി കുറഞ്ഞ മാസവരുമാനമുള്ള നിരവധിപേർക്ക് സ്വപ്‌നഭവനം തീർക്കാൻ പ്രചോദനമായി.

ഈ വിഭാഗത്തിൽപ്പെടുത്തി രണ്ടുതരം പദ്ധതികളാണ് നടപ്പാക്കുന്നത്. ചേരികളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, താഴ്ന്ന വരുമാനക്കാർ എന്നിങ്ങനെ രണ്ടുവിഭാഗമായി തിരിച്ചാണ് പദ്ധതി. നേരത്തെ ഉണ്ടായിരുന്ന കേന്ദ്രസർക്കാർ ഭവന പദ്ധതികളിൽ നിന്ന് ഭിന്നമായി വായ്പാ പലിശനിരക്കിൽ വൻ സബ്‌സിഡി പ്രഖ്യാപിച്ചതും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഭവന വായ്പകൾ അനുവദിക്കാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവനവായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകിയതും പദ്ധതിക്ക് വൻ സ്വീകാര്യത നൽകുകയായിരുന്നു.

ഇതുപ്രകാരം ഒമ്പതുമുതൽ പത്തുശതമാനംവരെ പലിശ നൽകേണ്ട സ്ഥാനത്ത് അഞ്ചുമുതൽ ആറരശതമാനമെന്ന നിലയിൽ പലിശനിരക്ക് താഴ്ന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുവയ്ക്കാനുള്ള മറ്റ് ആനുകൂല്യങ്ങളുംകൂടി പരിഗണിച്ചാൽ ശരാശരി നാലുശതമാനംവരെ പലിശ താഴ്ന്നുവെന്ന് പറയാം.

സ്ത്രീകൾ, വിധവകൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ വിഭാഗക്കാർക്കെല്ലാം പ്രത്യേക പരിഗണന നൽകാനും നിർദ്ദേശമുണ്ടായതോടെയാണ് പദ്ധതി ഏറെപ്പേർക്ക് പ്രയോജനകരമായത്. പൊതുമേഖലാ ബാങ്കുകൾക്കു പുറമെ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഭവനവായ്പ നൽകാൻ അനുമതി ലഭിച്ചതോടെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയും ഇത് കൂടുതൽപേർക്ക് പ്രയോജനപ്പെടുകയാണ്.

പലിശയിനത്തിൽ സബ്‌സിഡി ലഭിച്ചതോടെ 15 വർഷം തിരിച്ചടവ് കാലാവധിയുള്ള ദീർഘകാല ഭവനവായ്പകളുടെ പ്രതിമാസ ഇഎംഐയിൽ വൻ കുറവുണ്ടായതോടെയാണ് നിരവധിപേർ ഇതിലേക്ക് ആകൃഷ്ടരായത്. ആറുലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ് തുക പത്തര ശതമാനം പലിശ പ്രകാരം 6,632 രൂപയായിരുന്നത് പുതിയ സബ്‌സിഡി നിരക്കിൽ 4,050 രൂപയായി കുറഞ്ഞു. മാസം 2,582 രൂപയുടെ കുറവ് വരുന്നത് താഴ്ന്നവരുമാനക്കാർക്ക് വലിയ ആശ്വാസമായി മാറിയതോടെയാണ് പദ്ധതി ജനകീയമായത്.

ഏഴുവർഷത്തിനകം ലക്ഷ്യമിടുന്നത് രണ്ടുകോടി വീടുകൾ

കഴിഞ്ഞവർഷം ജൂൺ 25നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചത്. 2022നകം ഇന്ത്യയൊട്ടാകെയുള്ള നഗരങ്ങളിൽ പാവപ്പെട്ടവർക്കായി രണ്ടുകോടിയിലേറെ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണിത്. താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിങ്ങനെ രണ്ടുവിഭാഗങ്ങൾക്കായാണ് പദ്ധതി. 2011ലെ സെൻസസ് പ്രകാരം നഗരങ്ങളായി പരിഗണിക്കുന്ന രാജ്യത്തെ 4046 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് 2022നകം നടപ്പാക്കുന്നവിധം പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടത്തിൽ 2017 മാർച്ച് വരെ നൂറു നഗരങ്ങളും രണ്ടാംഘട്ടത്തിൽ 2019 മാർച്ച് വരെ 200 നഗരങ്ങളും മൂന്നാംഘട്ടത്തിൽ 2022 മാർച്ച് വരെ ബാക്കിയുള്ള നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെടും. പ്രാവർത്തികമായ 2015 ജൂൺ പതിനേഴുമുതൽ പദ്ധതി അവസാനിക്കുന്ന 2022 മാർച്ച് 31വരെ പദ്ധതിക്ക് പ്രാബല്യമുണ്ട്.

വാർഷികവരുമാനം ആറുലക്ഷം വരെയുള്ളവർക്ക് ഗുണം

ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിപ്രകാരം വാർഷികവരുമാനം മൂന്നുലക്ഷം വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും വാർഷികവരുമാനം മൂന്നുമുതൽ ആറുലക്ഷം വരെയുള്ള താഴ്ന്ന വരുമാനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 21 വയസ്സുമുതൽ 55 വയസ്സുവരെയുള്ളവർക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. പതിനഞ്ചുവർഷമായിരിക്കും ലോൺ കാലാവധി. ആറുലക്ഷംവരെ 6.5 ശതമാനം പലിശ നൽകിയാൽ മതി. ഇതിനുമുകളിലുള്ള ലോണിന് ബാങ്കുകൾ നിഷ്‌കർഷിക്കുന്ന ഭവനവായ്പാ പലിശനിരക്ക് നൽകേണ്ടിവരും. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടെ സ്‌കീം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

സ്വന്തമായി വീടുണ്ടാവരുതെന്ന നിബന്ധനമാത്രം

ഈ പദ്ധതിപ്രകാരം ലോണിന് അപേക്ഷിക്കുന്നവരുടെ പേരിൽ സ്വന്തമായി ഇന്ത്യയിലെവിടെയും വീട് ഉണ്ടാകരുതെന്ന നിബന്ധനയുണ്ട്. വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കുടുംബനാഥയുടെ പേരിലായിരിക്കണം. ഭർത്താവിന്റെ പേരുകൂടെ ചേർത്ത് വീടോ വസ്തൂവോ വാങ്ങിയാലും ലോൺ ലഭിക്കും. വീട്ടിൽ മുതിർന്ന സ്ത്രീ ഇല്ലെങ്കിൽ മാത്രം പുരുഷനും അപേക്ഷിക്കാം.

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതുൾപ്പെടെ ദേശീയ കെട്ടിട നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ പാലിച്ചാവണം നിർമ്മിതി. പ്രവാസികൾക്കും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാം. പുതുതായി വീടുവയ്ക്കുന്നതിന് പുറമെ മേൽപറഞ്ഞ സാമ്പത്തിക പരിധിയിൽ വരുന്നവർക്ക് വീട്ടിൽ പുതുതായി മുറികളോ അടുക്കള, ടോയ്‌ലറ്റ് എന്നിവയോ നിർമ്മിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. പിന്നോക്കക്കാർക്ക് 30 ചതുരശ്രമീറ്ററും താഴ്ന്ന വരുമാനക്കാർക്ക് 60 ചതുരശ്ര മീറ്ററുമായിരിക്കും കാർപ്പറ്റ് ഏരിയാ പരിധി. (യഥാക്രമം 322, 645 സ്‌ക്വയർഫീറ്റ്).

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പ്രത്യേക ഫോമിൽ മിക്ക ബാങ്കുകളിലും അപേക്ഷ സ്വീകരിക്കും. വാർഷികവരുമാനം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.

പാവപ്പെട്ടവർക്കായുള്ളത് നാല് ഭവനപദ്ധതികൾ

ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിക്കു പുറമെ ചേരി വികസനം, അഫോർഡബിൾ ഹൗസിങ് സ്‌കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ പദ്ധതികൾ വഴിയാണ് രാജ്യത്ത് സമ്പൂർണ്ണ ഭവനപദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളിൽനിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി സർവെയർമാരെ കണ്ടെത്തി അവർക്ക് വിപുലമായ പരിശീലനം നൽകിയാണ് കേരളത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

300 ആളുകൾ താമസിക്കുന്ന 60 മുതൽ 70 വരെ കുടുംബങ്ങളുള്ള ചേരിയിൽ താമസിക്കുന്നവർക്ക് വീട് അനുവദിക്കലാണ് ചേരിവികസന പദ്ധതി. സ്വകാര്യപങ്കാളിത്തത്തോടെയാണ് ഇവർക്ക് വീട് നിർമ്മിച്ചുനൽകുക. ഇതിന് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഇളവ് ലഭിക്കും. പദ്ധതി പൂർത്തീകരണംവരെ ചേരിനിവാസികളെ മാറ്റിപാർപ്പിക്കേണ്ട ഉത്തരവാദിത്വം സ്വകാര്യപങ്കാളിക്കാണ്.

കുറഞ്ഞ നിരക്കിൽ വീടുകൾ സ്വകാര്യസംരംഭകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിർമ്മിച്ചുനൽകുന്ന പദ്ധതിയാണ് അഫോർഡബിൾ ഹൗസിങ് സ്‌കീം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്ന സ്വകാര്യസംരംഭകന് പ്രത്യേക ആനുകൂല്യങ്ങളും ഒരു കെട്ടിടത്തിന് ഒന്നര ലക്ഷം രൂപ നിരക്കിൽ ധനസഹായവും കേന്ദ്ര സർക്കാർ നൽകും. സ്വന്തമായി സ്ഥലം ഇല്ലാത്ത ഗുണഭോക്താക്കളെയാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി ആനുകൂല്യം സ്വകാര്യ സംരംഭകന് ലഭിക്കുന്നതിന് ആകെ വീടുകളുടെ 35 ശതമാനമെങ്കിലും സർക്കാർ നിരക്കിൽ പിന്നോക്ക വിഭാഗക്കാർക്ക് നൽകണം.

സ്വന്തമായി സ്ഥലമുള്ള കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഒന്നരലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് വ്യക്തിഗത ഭവന നിർമ്മാണത്തിനുള്ള ധനസഹായ പദ്ധതി. സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടെയും വിഹിതം കൂടിയാകുമ്പേൾ ധനസഹായം രണ്ട് ലക്ഷം ലഭിക്കും. മുഴുവൻ പദ്ധതിയുടെയും നടത്തിപ്പ് ചുമതല പിഎംഎവൈ നോഡൽ ഏജൻസിയായ അർബൻ ഹൗസിങ് മിഷനാണ്. രാജ്യത്ത് ഒരുഭാഗത്തും വീടില്ലാത്ത ആർക്കും പദ്ധതിയിൽ അംഗമാകാം.

ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിക്ക് അപേക്ഷിക്കാൻ മിക്ക ബാങ്കുകളിലും സൗകര്യമുണ്ട്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP