Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെയ്‌റൂട്ടിലെ കശാപ്പുകാരൻ

ബെയ്‌റൂട്ടിലെ കശാപ്പുകാരൻ

1982ൽ ഇസ്രയേലി പട്ടാളം ലെബനോനെ ആക്രമിച്ചപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ പ്രധാനമന്ത്രി മെനാചേം ബെഗിന്റെ ക്യാബിനെറ്റിനോട് പറഞ്ഞത് ആക്രമണം രണ്ടു ദിവസമേ നീണ്ടു നിൽക്കൂ എന്നും, ഇസ്രയേലി പട്ടാളം ലെബനീസ് അതിർത്തിയിൽ നിന്നും വെറും 25 മൈൽ മാത്രമേ മുന്നേറു എന്നുമായിരുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം വർഷങ്ങളോളം ലേബനോനെ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎൽഒ) തകർക്കുക എന്നതായിരുന്നു. എന്നാൽ ഷാരോണിന്റെ യഥാർത്ഥ സ്ട്രാറ്റജിക് ലക്ഷ്യമാകട്ടെ അതിർത്തി രാജ്യമായ ലെബനോന്റെ രാഷ്ട്രീയ ഭൂമിക തന്നെ മാറ്റിവരയ്ക്കലായിരുന്നു. അതായത് ബെയ്‌റൂട്ടിലെ സുന്നി ഭരണം അവസാനിപ്പിക്കുക, തങ്ങളുടെ ക്രിസ്ത്യൻ സഖ്യസംഘത്തെ അധികാരത്തിലെത്തിക്കുക, ഫലസ്തീൻ ദേശീയതയെ തകർക്കുക എന്നിവ. ഈ അപകടകരമായ വ്യാമോഹമാണ് രണ്ടു ദിവസത്തെ യുദ്ധമെന്നു പറഞ്ഞ ലെബനോനെ ആക്രമിച്ച ഇസ്രയേൽ പട്ടാളം പതിനെട്ടു വർഷം ആ രാജ്യത്ത് അധിനിവേശം തുടരുന്നതിലേക്ക് നയിച്ചത്.

ഇസ്രയേലിന്റെ ലെബനോൻ അധിനിവേശത്തിന്റെ ഏറ്റവും ഭീതിതമായ നിമിഷം വെസ്റ്റ് ബെയ്‌റൂട്ടിലെ സാബ്ര ഷട്ടീല അഭയാർത്ഥി ക്യാമ്പുകളിൽ നടന്ന കൂട്ടക്കുരുതിയായിരുന്നു. സംഭവം നടക്കുമ്പോൾ നഗരം ഷാരോണിന്റെ പട്ടാളത്തിന്റെ കയ്യിലായിരുന്നു. 'ബെയ്‌റൂട്ട് റ്റു യെരുശലേംന' എന്ന പ്രശസ്തമായ പുസ്തകത്തിൽ പിന്നീട് തോമസ് ഫ്രീഡ്മാൻ എഴുതിയതനുസരിച്ച് വെസ്റ്റ് ബെയ്‌റൂട്ടിലേക്ക് ഷാരോൺ സൈന്യത്തെ അകയ്ക്കാനുള്ള ഒരു പ്രധാന കാരണം തന്നെ സാബ്രയും ഷട്ടീലയുമായിരുന്നു. ആയിരക്കണക്കിനു ഫലസ്തീനികൾ തിങ്ങിപ്പാർത്തിരുന്ന ഈ അഭയാർത്ഥി ക്യാമ്പുകളിൽ പിഎൽഒയ്ക്ക് ശക്തമായ സ്വാധീനവും പിന്തുണയുമുണ്ടായിരുന്നെ്ന് ഷാരോണിന് അറിയാമായിരുന്നു.

ലെബനോനിൽ ഷാരോണിന്റെ ഏറ്റവും വിശ്വസ്തരായ സഖ്യം ഫലാഞ്ജിസ്റ്റ് ക്രിസ്ത്യൻ വിഭാഗമായിരുന്നു. അവരുടെ നേതാവ് ബഷിർ ജമായേൽ ഇസ്രയേലി അധിനിവേശത്തെ സ്വാഗതം ചെയ്തിരുന്നു. ലെബനീസ് സർക്കാരിനെ അട്ടിമറിച്ച് ജമായേലിന്റെ നേതൃത്വത്തിൽ ഇസ്രയേലിനോട് അനുഭാവമുള്ള ഒരു പുതിയ സർക്കാരിനെ ബെയ്‌റൂട്ടിൽ അവരോധിക്കുക എന്നതായിരുന്നു ഷാരോണിന്റെ യഥാർത്ഥ പദ്ധതി. എന്നാൽ ജമായേൽ കൊല ചെയ്യപ്പെട്ടത് ഈ പദ്ധതിയെ അട്ടിമറിച്ചു. അതിനു ശേഷം യുദ്ധം ശക്തമാക്കാൻ ഷാരോണും തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് ഇസ്രയേലി പട്ടാളം വെസ്റ്റ് ബെയ്‌റൂട്ടിലേക്കു കടക്കുന്നത്. 1982 സെപ്തംബറിൽ ഫലാഞ്ജിസ്റ്റ് തീവ്രവാദികൾ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വന്ന് ബെയ്‌റൂട്ട് എയർപോർട്ടിൽ തമ്പടിച്ചു. അതായിരുന്നു അവരുടെ പ്രവർത്തന കേന്ദ്രം. അവിടെ നിന്നും സെപ്തംബർ 16നു ഒരു സംഘം ആയുധങ്ങളുമായി സാബ്ര, ഷട്ടീല ക്യാമ്പുകളിൽ പ്രവേശിച്ചു. സെപ്തംബർ 18 രാവിലെ വരെ അവർ ക്യാമ്പുകൾ റെയ്ഡ് ചെയ്ത് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോൾ ഷാരോണിന്റെ പട്ടാളം അതറിഞ്ഞതായേ നടിച്ചില്ല. റെഡ് ക്രോസിന്റെ അഭിപ്രായത്തിൽ 800 പേരാണ്, പ്രധാനമായും സ്ത്രീകളും കുട്ടികളും, കൊല്ലപ്പെട്ടത്. മറ്റു ചില കണക്കുകളനുസരിച്ച് മരണസംഖ്യ 2,000നും മുകളിലാണ്.

അന്നു മുതൽ സാബ്രയ്ക്കും ഷട്ടീലയ്ക്കുമൊപ്പം കേൾക്കുന്ന പേരാണ് ഏരിയൽ ഷാരോണിന്റേത്. ഇസ്രയേലിന്റെ യിത്സാക് കഹാൻ കമ്മിഷൻ പിന്നീട് കൂട്ടക്കൊലയ്ക്ക് ഷാരോൺ പരോക്ഷമായി ഉത്തരവാദിയാണെന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തിന് പ്രതിരോധ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിയും വന്നു. ഈ സംഭവം അന്തർദേശീയ തലത്തിലും, ആഭ്യന്തര തലത്തിലും ഷാരോണിനെതിരായ വിമർശനം ശക്തമാക്കിയിരുന്നു. പക്ഷേ, ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ഭൂമികയിൽ അറബുകളെ കൂട്ടക്കൊല ചെയ്യാൻ സഹായിച്ചവൻ എന്ന ലേബൽ വെല്ലുവിളിയേക്കാളേറെ അനുഗ്രഹമാണെന്ന് ഷാരോണിന് അറിയാമായിരുന്നു. ഷാരോണിന്റെ പിന്നീടുള്ള രാഷ്ട്രീയ വളർച്ചയും, 2001ൽ പ്രധാന മന്ത്രിയായതിനു ശേഷം നടപ്പാക്കിയ നയങ്ങളും നോക്കിയാൽ, കഴിഞ്ഞു പോയ യുദ്ധങ്ങളുടേയും, അഴിച്ചു വിട്ട ക്രൂരതകളുടേയും വിലനിലത്തിൽ നിന്നാണ് ഈ സയണിസ്റ്റ് തന്റെ രാഷ്ട്രീയ മൂലധനം സ്വരുക്കൂട്ടിയെടുത്തതെന്ന് കാണാ പ്രയാസമുണ്ടാവില്ല.

സമാധാന പ്രേമി?
ഷാരോണിന് ആരാധകരുമുണ്ട്. അവർ പറയുന്നത് പ്രധാന മന്ത്രിയായതിനു ശേഷം അരിക് (ഷാരോണിന്റെ വിളിപ്പേര്) ഒരു മാറിയ മനുഷ്യനായിരുന്നുവെന്നാണ്. ഈ വാദത്തെ സാധൂകരിക്കാനായി ഇക്കൂട്ടർ പലപ്പോഴും ചൂണ്ടി കാണിക്കുന്നത് 2005ൽ ഗസ്സായിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഷാരോണിന്റെ തീരുമാനവും, വെസ്റ്റ് ബാങ്കിലെ ഏതാനും യഹൂദ കുടിയേറ്റങ്ങളെ പിൻവലിക്കുമെന്നുള്ള പ്രഖ്യാപനവുമാണ്.

ഗസ്സാ പിൻവാങ്ങൽ ഒരു സമാധാന നടപടി എന്നതിനേക്കാളേറെ ഒരു സൈനിക നടപടിയായിരുന്നു. ഇസ്രയേലും, ഈജിപ്തുമായി അതിർത്തി പങ്കിടുന്ന മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഒരു കൊച്ചു ചീന്താണ് ഗസ്സ. ഗസ്സയും, ജോർഡാൻ നദിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള വെസ്റ്റ് ബാങ്കും ചേർന്നതാണ് അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫലസ്തീൻ രാഷ്ട്രം. എന്നാൽ ഗസ്സയ്ക്കും, വെസ്റ്റ് ബാങ്കിനും ഇടയിലാണ് ഇന്നത്തെ ഇസ്രയേൽ. ഷാരോൺ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു ഗസ്സയിൽ നിന്നും സൈന്യത്തെ പിൻവലിക്കുക എന്നത്. ഫലസ്തീൻ തേതൃത്വവുമായി യാതൊരു ചർച്ചയും ഇതേ പറ്റി നടന്നില്ല.

പ്രധാന കാരണം ഗസ്സയിലെ ഹാമാസിന്റെ ഗെറില്ലാ മുറകളോട് എതിരിട്ട് ഇസ്രയേലി പട്ടാളത്തിനു മടുത്തിരുന്നു എന്നതാണ്. ഗസ്സയിൽ സൈന്യത്തെ നില നിർത്തുന്നത് തന്റെ ദീർഘകാല സ്ട്രാറ്റജിൽ ലക്ഷ്യങ്ങളെ ഒന്നും സാധൂകരിക്കുന്നില്ല എന്ന് ഷാരോൺ തിരിച്ചറിഞ്ഞു. മാത്രമല്ല, അധിനിവേശത്തിനു വേണ്ടി വരുന്ന ചിലവും ഭീമമായിരുന്നു. ഷാരോണിനെ സംബന്ധിച്ച് കുറച്ചു കൂടി എളുപ്പമുള്ള മാർഗം സൈന്യത്തെ ഗസ്സയിൽ നിന്നും ഇസ്രയേലിഗസ്സ അതിർത്തിയിലേക്കു പിൻവാങ്ങുക എന്നതായിരുന്നു. ഗസ്സയും ഈജിപ്തും തമ്മിലുള്ള അതിർത്തി അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഹോസി മുബാറക്കിന്റെ പട്ടാളം അടച്ചിടും. അതായത്, ഷാരോണിന്റെ പിൻവാങ്ങൽ യഥാർത്ഥത്തിൽ ഗസ്സയ്ക്ക് സ്വാതന്ത്യം നൽകുകയല്ല ചെയ്തത്, മറിച്ച് ആ ചെറിയ പ്രദേശത്തെ ലോകത്തേ ഏറ്റവും വലിയ ജയിലുകളൊന്നായി മാറ്റുകയായിരുന്നു.

അതേ സമയം തന്നെ, പ്രധാന മന്ത്രി പദത്തിലേക്കുള്ള ഷാരോണിന്റെ വളർച്ച സ്വാഭാവികമായും ഫലസ്തീൻ ദേശീയ പോരാളികളെ വീണ്ടും യുദ്ധോത്സുകരാക്കി. 2000 സെപ്തംബറിൽ, പ്രധാന മന്ത്രി സ്ഥാനത്തേക്കായി പ്രചരണം നടക്കുന്ന വേളയിൽ മുസ്ലിങ്ങളും യഹൂദരും ഒരുപോലെ പുണ്യ സ്ഥലമായി കരുതുന്ന റ്റെമ്പിൾ മൗണ്ട് കോമ്പ്‌ലക്‌സിലേക്ക് ഷാരോൺ നടത്തിയ യാത്രയും കുപ്രസിദ്ധമായിരുന്നു. അവിടെ വച്ച് അദ്ദേഹം പറഞ്ഞത്, റ്റെമ്പിൾ മൗണ്ട് എക്കാലവും ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരിക്കും എന്നാണ്. ഇത് ഫലസ്തീൻ രോഷത്തെ ഒരിക്കൽ കൂടി കെട്ടഴിച്ചു വിട്ടു. രണ്ടാം ഇൻതിഫാദയുടെ ആരംഭം അവിടെ നിന്നായിരുന്നു. പ്രധാന മന്ത്രിയായതിനു ശേഷം ഇൻതിഫാദയെ അതിക്രൂരമായി അമർച്ച ചെയ്യുകയാണ് ഷാരോൺ ചെയ്തത്. റ്റെമ്പിൾ മൗണ്ട് യാത്രയെ കുറിച്ച് ദുഖം തോന്നിയിട്ടുണ്ടോ എന്ന് ദ ന്യൂയോർക്കറിന്റെ ജെഫ്രി ഗോൾഡ്‌ബെർഗ് പിന്നീട് ഷാരോണീനോട് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്: 'അറബുകളും യഹൂദന്മാരും കൊല്ലപ്പെട്ടതിൽ എനിക്കു വിഷമമുണ്ട്. പക്ഷേ സംഭവിച്ചതിനെല്ലാം ഉത്തരവാദി അരാഫത്താണ്‌ന' എന്നാണ്.

ഫലസ്തീൻ നേതാവ് അരാഫത്തിനോടുള്ള ഈ വിരോധത്തിൽ ഒട്ടും പുതുമയില്ലായിരുന്നു. 1982ലെ ലെബനോൻ ആക്രമണത്തിൽ അരാഫത്തിന്റെ കൊന്നില്ല എന്നതിൽ തന്നി ഖേദമുണ്ടെന്ന് ഷാരോൺ ഒരിക്കൽ പറഞ്ഞിരുന്നു. ഷാരോൺ പ്രധാന മന്ത്രിയായിരുന്ന കാലത്താണ് യഹൂദരേയും അറബുകളേയും വേർത്തിരിക്കുന്ന അപ്പാർതൈഡ് മതിലിന്റെ നിർമാണം ധ്രുതഗതിയിലാവുന്നത്. വെസ്റ്റ് ബാങ്കിലെ പല യഹൂദകുടിയേറ്റ മേഖലകളും മതിലിന്റെ ഇസ്രയേലി ഭാഗത്തായിരുന്നു, ഷാരോണിന്റെ പദ്ധതിയനുസരിച്ച്. നഗ്നമായ കോളനിവത്കരണം. പതിവു പോലെ ഷാരോണിനെ തടുക്കാൻ ലോകരാജ്യങ്ങളിലാരുമുണ്ടായിരുന്നില്ല. ഷാരോൺ സർക്കാരിന്റെ കാലത്തു തന്നെയാണ് ഇസ്രയേൽ വൻതോതിൽ റ്റാർഗറ്റഡ് കൊലപാതങ്ങൾ നടപ്പാക്കി തുടങ്ങിയത്. അറസ്റ്റോ, വിചാരണയോ ഒന്നും കൂടാതെ തന്നെ ഇസ്രയേലി ഭരണകൂടം ശത്രുക്കളാണെന്നു കരുതുന്നവരെ യഥേഷ്ടം സൈനിക ശേഷിയുപയോഗിച്ച് കൊന്നു തള്ളുന്ന പ്രക്രിയയുടെ സുന്ദരൻ വിശേഷണമാണ് റ്റാർഗറ്റഡ് കൊലപാതങ്ങൾ. ഹാമാസിന്റെ ആത്മീയ നേതാവായിരുന്ന ഷേക് അഹമ്മദ് യാസിനും, സംഘടനാ നേതാവായിരുന്ന അബ്‌ദെൽ അസീസ് അൽറാൻതിസ്സിയുമെല്ലം ഇതുപോലെ കൊല ചെയ്യപ്പെട്ടവരായിരുന്നു. ഇതാണ് ഷാരോൺ എന്ന പ്രധാന മന്ത്രിയുടെ റെക്കോർഡ് ഇതിനെ മറച്ചു വച്ചാണ് ഷാരോൺ സമാധാനത്തിനു വേണ്ടി ശ്രമിച്ചിരുന്നു എന്നു ചിലർ വാദിക്കുന്നത്.

നമസ്‌തേ ഷാരോൺ*
ഷാരോണിന്റെ വളർച്ചയ്ക്കും ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികളുടെ വളർച്ചയ്ക്കും തമ്മിൽ സമാനതകളേറെയാണ്. ഷാരോൺ സാബ്ര ഷട്ടീല കൂട്ടക്കുരുതിയെ എങ്ങിനെ തന്നെ ജനപ്രീതിക്കായി ഉപയോഗിച്ചുവോ അതു പോലെ തന്നെയാണ് നരേന്ദ്ര മോദി മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ കാലത്ത് ഗുജറാത്ത് കൂട്ടക്കൊല തന്റെ ഹിന്ദുത്വ പ്രതിച്ഛായ ശക്തമാക്കാനായി ഉപയോഗിച്ചത്. ഷാരോണിന്റെ റ്റെമ്പിൾ മൗണ്ട് സന്ദർശനവും അവിടെ വച്ചു നടത്തിയ പ്രഖ്യാപനങ്ങളും എൽകെ അദ്വാനിയുടെ രഥ യാത്രയ്ക്കും തമ്മിൽ സാമ്യങ്ങൾ കണ്ടാലും അത്ഭുതപ്പെടാനില്ല. ഇരു കൂട്ടരും മാചോ ദേശീയതയുടേയും, ഭരണകൂടാധികാരത്തിന്റേയും, സൈന്യത്തിന്റെ മേൽക്കോയ്മയുടേയും വക്താക്കളാണ്. ഇരു കൂട്ടരും ഹിറ്റ്‌ലേറിയൻ മാതൃകയിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. തങ്ങളുടെ സുപ്രീം സ്വത്വത്തിനു പുറത്തുള്ളവരെല്ലാം 'അപരർന' എന്ന സംജ്ഞയിലാണ് ഇരുകൂട്ടരുടേയും പ്രത്യയ ശാസ്ത്രത്തിന്റെ വേരോടിയിരിക്കുന്നത്. അടൽ ബിഹാരി വായ്പായിയുടെ കാലത്താണ് ഷാരോൺ ഇന്ത്യ സന്ദർശിക്കുന്നത് എന്നത് ഒരു യാദൃശ്ചികതയല്ല. ഇന്ത്യയും, ഇസ്രയേലും അമേരിക്കയും പ്രതിനിധീകരിക്കുന്ന ഒരു ആഗോള അച്ചു തണ്ട് നിലവിൽ വരണമെന്ന ഹിന്ദുത്വ പ്രയോക്താക്കളുടെ ആഗ്രഹം തീരെ രഹസ്യവുമല്ല.

ഒരു പ്രധാനപ്പെട്ട വ്യത്യാസം ഷാരോണും സംഘവും യുദ്ധവും അക്രമങ്ങളും പ്രധാനമായും ഇസ്രയേൽ രാഷ്ട്രത്തിന്റെ അതിർത്തികൾക്കു പുറത്താണ് അഴിച്ചു വിട്ടതെങ്കിൽ ഹിന്ദുത്വ നേതൃത്വം അക്രമമഴിച്ചു വിടുന്നത് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെയാണ്. അതുകൊണ്ട് തന്റെ ഷാരോണിസത്തിന്റെ ഇന്ത്യൻ പതിപ്പുകൾ കൂടുതൽ അപകടകാരികളാണ് താനും.

*ഹിന്ദുത്വഷാരോണിസ്റ്റ് സഖ്യത്തെ കുറിച്ച് വിജയ് പ്രഷാദ് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP