Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോബി ചെമ്മണ്ണൂർ എന്ത് എഴുതി നൽകിയാലും പൊലീസ് ഉടൻ കേസെടുക്കും! സ്വർണ്ണമുതലാളിയുടെ കള്ളക്കളികൾ തുറന്ന് കാട്ടിയ ജോയ് കൈതാരത്തെ സമ്മർദ്ദത്തിലാക്കാൻ കള്ളക്കേസ്

ബോബി ചെമ്മണ്ണൂർ എന്ത് എഴുതി നൽകിയാലും പൊലീസ് ഉടൻ കേസെടുക്കും! സ്വർണ്ണമുതലാളിയുടെ കള്ളക്കളികൾ തുറന്ന് കാട്ടിയ ജോയ് കൈതാരത്തെ സമ്മർദ്ദത്തിലാക്കാൻ കള്ളക്കേസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബോബി ചെമ്മണ്ണൂരിനെ അപകീർത്തിപ്പെടുത്തി പണംപിടുങ്ങാൻ ശ്രമിച്ചെന്ന പരാതിയിൽ ജോയ് കൈതാരത്തിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്ത് സമ്മർദ്ദത്തിലൂടെ സ്വർണ്ണമുതലാളിയെ രക്ഷപ്പെടുത്താൻ എന്ന് ആരോപണം. ബോബി ചെമ്മണ്ണൂരിനെതിരെ ജോയ് കൈതാരത്തിന്റെ പരാതിയിൽ സെബി അന്തിമ നിഗമനങ്ങളിലേക്ക് എത്തുകയാണ്. സാമ്പത്തിക കുറ്റകൃത്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിർണ്ണായക തെളിവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ജോയ് കൈതാരത്തിനെതിരെ വാഹനം ഇടിച്ചുകൊല്ലാനും ശ്രമം നടന്നു. ഇതും പൊലീസിൽ പരാതിയെത്തി. വി എസ് അച്യൂതാനന്ദൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണത്തിലാണ്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് ജോയ് കൈതാരത്തിനെതിരായ കേസ് എന്നാണ് ആക്ഷേപം.

കോടികളുടെ പിൻബലത്തിൽ മാദ്ധ്യമങ്ങളെയും പൊലീസിനെയും കൂട്ട്പിടിച്ച് കള്ളപ്രചരണം നടത്തിയാൽ ഭയപ്പെടുമെന്ന ബോബി ചെമ്മണൂരിന്റെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ പൊതുപ്രവർത്തത്തിൽ പല കാട്ടുകള്ളന്മാരും ഭീഷണിയുമായി വന്നിട്ടുണ്ട്. ഇത്തരം ഭീഷണികളെ നേരിട്ട് കൊണ്ട് തന്നെയാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. അതുകൊണ്ട്
മിസ്റ്റർ ബോബി ചെമ്മണൂർ...പണം കൊണ്ട് എല്ലാം നോടാമെന്നും ജനങ്ങളെ എക്കാലവും വഞ്ചിക്കാമെന്നുമുള്ള ആഗ്രഹം ഇവിടെ നടക്കില്ല. താങ്കളുടെ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യും. ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും....പൊലീസ് സംരക്ഷണമാവശ്യമില്ലെന്ന് തീരുമാനിച്ചത് നിയമ വാഴ്‌ച്ചയിലും. ജനങ്ങളിലുമുള്ള വിശ്വാസം കൊണ്ടാണ്. ഇക്കാലമത്രയുമുള്ള പൊതുപ്രവർത്തന രംഗത്തെ സംശുദ്ധിയെ ചോദ്യം ചെയ്യാൻ ബോബിയുടെ കോടികൾക്കോ അയാളുടെ ഗുണ്ടകൾക്കോ കഴിയ്യില്ലെന്നാണ് ജോയ് കൈതാരത്തിന്റെ പ്രതികരണം.

ബോബി ചെമ്മണ്ണൂരിന്റെ സ്വകാര്യ വിഡിയോ കൈവശമുണ്ടെന്നും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ രണ്ടുകോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി നൽകിയ പരാതിയെത്തുടർന്നാണു വെള്ളിക്കുളങ്ങര മോനോടി കൈതാരത്ത് ജോയിക്കെതിരെ കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചത് ജോയി ആണെന്നും പരാതിയിൽ പറയുന്നു. ഈ പരാതി തൃശൂർ കമ്മീഷണർക്കാണ് നൽകിയത്. ഇത് അന്വേഷിക്കാൻ താഴേക്ക് കൈമാറി. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ താൽപ്പര്യാർത്ഥം എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുകയും പത്രങ്ങളിൽ വാർത്ത നൽകുകയുമായിരുന്നുവെന്ന് ജോയ് കൈതാരം പറയുന്നു.

ഇതിലെ കള്ളക്കളികളെ തുടർന്നുകാട്ടാനും തീരുമാനിച്ചിട്ടുണ്ട്. കള്ളപരാതി നൽകി അപകീർത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടാണ് ഇതെന്നാണ് ജോയ് കൈതാരം പറയുന്നത്. ഇത് കാട്ടി ബോബി ചെമ്മണ്ണൂരിന് വക്കീൽ നോട്ടീസും അയച്ചു. ഈ കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷണറോടും ജോയ് കൈതാരം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പൊലീസിനോട് കമ്മീഷണർ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ റിപ്പോർട്ടൊന്നും നൽകാതെ നേരിട്ട് കള്ളക്കേസ് എടുത്തുവെന്നാണ് ജോയ് കൈതാരത്തിന്റെ ആവശ്യം. വിഡിയോയുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണെന്നും പറയുന്നു.

2014ലാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ 2015ൽ എഡിജിപിയിൽ നിന്ന് വിവരാവകാശ പ്രകാരമാണ് വിഡിയോ തനിക്ക് ലഭിച്ചത്. അതിന്റെ രേഖകളെല്ലാം തന്റെ കൈയിലുണ്ട്. വാഹനം ഇടിച്ചു ജിസോ സി ബേബിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് മറ്റൊരു ആരോപണം. തനിക്ക് കാറോടിക്കാൻ അറിയില്ല. ലൈസൻസും ഇല്ല. മറ്റുള്ളവരുടെ കാറിൽ യാത്ര ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇതിൽ നിന്ന് തന്നെ ഈ ആരോപണത്തിലെ കള്ളത്തരം പൊളിയും. പക്ഷേ ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. സ്വർണ്ണമുതലാളിക്ക് വേണ്ടി ഏകപക്ഷീയമായി കേസെ എടുത്തുവെന്നും ജോയ് കൈതാരം പറയുന്നു. ആളുകളെ പറ്റിച്ച് ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്താനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ പുതിയ കേസുമായി എത്തിയതെന്നും ആരോപിക്കുന്നു.

ആളുകളിൽ നിന്ന് പണം തട്ടാനുള്ള ഓക്‌സിജൻ സിറ്റി അടക്കമുള്ള പദ്ധതികളിലെ കള്ളത്തരം തുറന്നു കാട്ടി. രാഷ്ട്രീയപാർട്ടികൾ ഇത് ഏറ്റെടുക്കാതെ വന്നപ്പോൾ ആപ്പ് സമരം ഏറ്റെടുത്തു. ഇതോടെ പ്രതിസന്ധിയിലായി. നിക്ഷേപകർ പലതും പിൻവലിഞ്ഞു. ഇതോടെ പ്രതിച്ഛായ തകർന്ന ബോബി ചെമ്മണ്ണൂർ പിടിച്ചു നിൽക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിനെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് ജോയ് കൈതാരം മറുനാടൻ മലയാളിയോട് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ സെബിയുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. ഏത് സാഹടര്യത്തിലും സ്വർണ്ണക്കട ഉടമയുടെ അറസ്റ്റുണ്ടാകുമെന്നാണ് ജോയ് കൈതാരം നൽകുന്ന സൂചന.

ആഴ്ചകൾക്ക് മുമ്പ് മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നമ്പർ പ്ലേറ്റ് മറച്ച മഹിന്ദ്രന്ന വാഹനം ജോയ് കൈതാരത്തിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു, ചാനൽ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനിടെ തൃശൂർ ബ്യൂറോ റിപ്പോർട്ടറെ ബോബി ചെമ്മണൂർ വിളിച്ചിരുന്നു. ഇതിനു പിന്നിലെയാണ് താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നാലെ അജ്ഞാത വാഹനം പിന്തുടർന്നത്. ഇത് ബോബി ചെമ്മണൂർ അയച്ച ക്വട്ടേഷൻ സംഘങ്ങളാണെന്ന് വിശ്വസിക്കുന്നതായി വെള്ളികുളങ്ങരെ പൊലീസ് സിന് നൽകിയ പരാതിയിൽ ജോയ് കൈതാരം പറയുന്നു. ബോബി ഉൾപ്പെടെയോ ബോബി നിയോഗിച്ചവരോ ആണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞയുടനെ തന്നെ രാത്രിയിൽ ജോയ് കൈതാരത്തിന്റെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിരുന്നു.

സ്വർണവ്യാപാരത്തിന്റെ മറവിൽ ബോബി ചെമ്മണ്ണൂർ എന്ന സ്വർണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികൾക്കെതിരെ അധികാരകേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിൽ എന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് കൈതാരം പരാതിയിൽ പറഞ്ഞിരുന്നു. തൃശൂർ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്‌സിജൻ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ തനിക്കെതിരെ ബോബി ചെമ്മണ്ണൂരിനു വൈരാഗ്യമുണ്ടെന്നാണു ജോയ് കൈതാരത്തു പരാതിയിൽ വ്യക്തമാക്കുന്നത്. ജോയ് കൈതാരത്തെ നേരിട്ട് കാണാൻ ബോബി ശ്രമം നടത്തിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഇതെല്ലാം പൊലീസിനും അറിയാവുന്നതാണ്. എന്നിട്ടും പഴയ തീയതിയിലെ ആരോപണത്തിൽ കേസ് എടുത്തത് ഗൂഢാലോചനയാണെന്ന വാദം സജീവമാണ്.

മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന ബോബി ചെമ്മണൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. 6000 കോടിയുടെ പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പാണ് ആസൂത്രണം ചെയ്യുന്നതെന്ന് പരാതിയിൽ ചുണ്ടികാട്ടുന്നു. പ്രമുഖ മാദ്ധ്യമങ്ങളിൽ കോടികൾ ചെലവാക്കി നൽകിയ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ മുഴുവൻ കളവാണെന്ന് ജോയ് കൈതാരം പരാതിയിൽ പറയുന്നു.62 ഏക്കർമാത്രം വരുന്ന ഭൂമിയിൽ കേന്ദ്ര സർക്കാരിന്റൈ പ്രത്യേക സാമ്പത്തീക മേഖല അനുവദിച്ചുവെന്നാണ് മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നത്.എന്നാൽ വിവിദ്ദോദേശ്യ സെസുകൾ വാണിജ്യമന്ത്രാലയം അനുവദിക്കണമെങ്കിൽ കുറഞ്ഞത് 250 ഏക്കർ ഭൂമിയെങ്കിലും വേണം. വെറും 62 ഏക്കറിൽ സെസ് അനുവദിച്ചിരിക്കുന്നുവെന്ന കളവാണ് മാദ്ധ്യമങ്ങളിൽ പരസ്യം നൽകി ബോബി ചെമ്മണൂർ പ്രചരിപ്പിക്കുന്നത്.

സ്വർണ വ്യാപാരത്തിന്റെ മറവിലും നിക്ഷേപത്തത്തിന്റെ പേരിലും കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിൽ പരാതി ലഭിക്കുകയും ക്രിമിനൽ നിയമ പ്രകാരം അന്വേഷണം നേരിടുകയു ചെയ്യുന്ന ബോബി ചെമ്മണൂർ പുതിയ മേഖലയിലും വൻ തട്ടിപ്പിനു തന്നെയാണ് തയ്യാറെടുക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ലഭിച്ച പരാതിയിൽ റിസർവ് ബാങ്കും, സെബിയും ബോബി ചെമ്മണൂരിനെതിരെ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടയിലിലാണ് ഓക്‌സിജൻ സിറ്റിയുടെ പേരിൽ പുതിയ തട്ടിപ്പ് നടത്തുന്നത്. പ്രാഥമീകമായി ഒരു അനുവാദവും കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്നും ഈ പദ്ധതിക്കായി ലഭിച്ചിട്ടില്ല. 29000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും അതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായും പരസ്യത്തിൽ അവകാശപ്പെടുന്നുണ്ട്. കൃത്യമായ ഒരു പ്രൊജക്ട് റിപ്പോർട്ട് പോലും ഇല്ലാത്ത ഓക്‌സിജൻ സിറ്റിയുടെ പേരിൽ തൊഴിൽ രഹിതരെ വഞ്ചിക്കാനാണ് നീക്കം. അതു വഴി വൻ സാമ്പത്തീക തട്ടിപ്പാണ് ലക്ഷ്യമിടുന്നത്.

മറഡോണ ഈ സിറ്റിയിലെ പത്താം നമ്പറിൽ താമസിക്കുമെന്ന് മറഡോണയുടെ ചിത്രം സഹിതമുള്ള പരസ്യത്തിൽ അവകാശപ്പെടുന്നത്. വിദേശിയായ മറഡോണയ്ക്ക് ഇന്ത്യയിൽ വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് വേണ്ടി നിരവധി നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നിരിക്കെയാണ് തന്റെ തട്ടിപ്പിന് വിശ്വാസ്യത നൽകാൻ മറഡോണയുടെ ചിത്രവും ഉപയോഗിക്കുന്നത്. ഇത്തരം ആഭ്യന്തര വിഷയങ്ങളിൽ ഒരു അപേക്ഷ പോലും നൽകാതെ ബോബി നൽകുന്ന വിവരങ്ങൾവച്ച് പത്ര പരസ്യം നൽകുന്നത്. ഇത്തരം പ്രചരണങ്ങൾ നിലവിലുള്ള ആഭ്യന്തര സുരക്ഷാ നിയമങ്ങളുടെ ലംഘനമായിട്ടും ബോബിയുടെ തട്ടിപ്പിന്റെ വിഹാതം പറ്റാനാണ് മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.

ബോബി ചെമ്മണൂർ കേരളത്തിൽ നടത്തികൊണ്ടിരിക്കുന്ന മുഴുവൻ തട്ടിപ്പുകളെ കുറിച്ചും സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിയും സിപിഐ(എം) മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ, ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് ചീഫ് ലോക്‌നാഥ് ബഹറ എന്നിവർക്ക് നൽകിയ പരാതിയിൽ ജോയ് കൈതാരം അഭ്യർത്ഥിച്ചിരുന്നു. ഈ ആരോപണങ്ങളെ ദുർബ്ബലപ്പെടുത്താനും തന്നെ ജയിലിടച്ച് തകർക്കാനുമുള്ള ശ്രമമാണ് ബോബി ചെമ്മണ്ണൂരിന്റെ പുതിയ പരാതിയെന്ന് ജോയ് കൈതാരം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP