Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാദുരന്തം ഒഴിവായത് വെറും 90 സെക്കന്റുകൊണ്ട് എല്ലാവരേയും പുറത്തിറക്കിയ ജീവനക്കാരുടെ മിടുക്കു കാരണം മാത്രം; ചെരുപ്പ് പോലും ഇടാതെ യാത്രക്കാർ പുറത്തേക്ക് ഓടി; ചാടി ഇറങ്ങിയതിനിടയിൽ പലർക്കും പരിക്ക് പറ്റി; ചുട്ടുപൊള്ളുന്ന വെയിലത്ത് റൺവേയിലൂടെ ഓടിയപ്പോൾ പാദങ്ങൾ പൊള്ളിയവരും ഏറെ; ഓട്ടത്തിനിടയിൽ പിന്നിൽ വിമാനം പൊട്ടിത്തെറിച്ചു

മഹാദുരന്തം ഒഴിവായത് വെറും 90 സെക്കന്റുകൊണ്ട് എല്ലാവരേയും പുറത്തിറക്കിയ ജീവനക്കാരുടെ മിടുക്കു കാരണം മാത്രം; ചെരുപ്പ് പോലും ഇടാതെ യാത്രക്കാർ പുറത്തേക്ക് ഓടി; ചാടി ഇറങ്ങിയതിനിടയിൽ പലർക്കും പരിക്ക് പറ്റി; ചുട്ടുപൊള്ളുന്ന വെയിലത്ത് റൺവേയിലൂടെ ഓടിയപ്പോൾ പാദങ്ങൾ പൊള്ളിയവരും ഏറെ; ഓട്ടത്തിനിടയിൽ പിന്നിൽ വിമാനം പൊട്ടിത്തെറിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യാത്രക്കാർ എമർജെൻസി എക്‌സിറ്റ് വഴി കൃത്യസമയത്ത് പുറത്തെത്തിയില്ലായിരുന്നെങ്കിൽ അത് വലിയ ദുരന്തമാവുമായിരുന്നു. അങ്ങനെ എല്ലാം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങളിൽ നിന്നാണ് 282 പേരും ജീവിതത്തിലേക്ക് സുരക്ഷിതരായി ലാൻഡ് ചെയ്തു. ദുബായ് സമയം ഉച്ചയ്ക്ക് 12.45. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.25 ന് പുറപ്പെട്ട ഇ.കെ 521 എമിറേറ്റ്‌സ് വിമാനം ദുബായ് അന്താരാഷ് ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വിമാനം ഇടിച്ചിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ വൻ പൊട്ടിത്തെറി കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് തീ ഗോളം ഉയരുന്നത് കണ്ടെന്നാണ് യാത്രക്കാർ പറയുന്നു. ഭീതിയുടെ അന്തരീക്ഷമായിരുന്നു അവിടെ അപ്പോൾ. ഒപ്പം രക്ഷപ്പെട്ടതിന്റെ ആശ്വാസം.

അപ്രതീക്ഷിതമായാണ് ടയർ പൊട്ടിയത്. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. ഇതോടെ തന്നെ യാത്രക്കാർക്ക് അപായ സന്ദേശം നൽകി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമർജൻസി വാതിലിലൂടെ ചാടിയിറങ്ങി. ചിലർക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവർ റൺവേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിമാനം ഏറക്കുറേ പൂർണമായി കത്തിയമർന്നു. ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ചെറിയ പൊട്ടിത്തെറിയോടെയാണ് വിമാനം കത്തിയത്. ഈ സമയം വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി.

'രണ്ടര മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ദുബായ് എയർപ്പോർട്ടിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് എമർജൻസി നിർദ്ദേശം വന്നത്. ലാൻഡ് ചെയ്ത ഉടനെ എല്ലാവരോടും പുറത്തേക്കിറങ്ങി വേഗത്തിൽ രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിപ്പിലായിരുന്നു യാത്രക്കാർ. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു. ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാർ പുറത്തേക്കോടി. ഓട്ടത്തിനിടിയിൽ സ്ത്രീകളിൽ ചിലർ മുട്ടിടിച്ച് വീണു. കയ്യിലുണ്ടായിരുന്ന ബാഗും സാധനങ്ങളൊന്നും എടുക്കാതെയാണ് പലരും ജീവനും കൊണ്ട് ചാടി ഇറങ്ങി ഓടിയത്. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയിൽ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലർക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവൻ രക്ഷപ്പെട്ടല്ലോ '-യാത്രക്കാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

വിമാനം ലാന്റ് ചെയ്ത ഉടനെ തീയും പുകയും ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിന്റെ എമർജൻസി വാതിൽ വഴി ചാടി ഇറങ്ങി റൺവേയിലൂടെ ഓടുകയായിരുന്നു. ഇതേ സമയം വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പരസ്പരം സഹായിച്ചാണ് യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിൽ നിന്നും പുറത്തു കടന്നത്. ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ലാൻഡ് ചെയ്ത ദുബായ് എയർപോർട്ടിലെ ടെർമിനൽ മൂന്ന് ഉടൻ അടച്ചു. ഇന്ന് പുലർച്ചെയാണ് വീണ്ടും വിമാനത്താവളം സാധാരണഗതിയിലായത്.

അഗ്‌നിബാധയിൽ വിമാനത്തിന്റെ മുക്കാൽ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗ്ഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിലെ യാത്രക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെയായിരുന്നുു. 282 യാത്രക്കാരിൽ മലയാളികളടക്കം 226 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 24 ബ്രിട്ടീഷുകാർ, 11 യുഎഇ സ്വദേശികൾ, അമേരിക്ക, സൗദി അറേബ്യ സ്വദേശികൾ ആറ് വീതം, അഞ്ച് തുർക്കി, നാല് അയർലൻഡ്, ഓസ്‌ട്രേലിയ, ബ്രസീൽ, ജർമനി, മലേഷ്യ, തായ്‌ലൻഡ് രണ്ട് വീതം, ക്രയേഷ്യ, ഈജിപ്ത്, ബോസ്‌നിയ-ഹെർസഗോവിന, ലബനൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, ടുണീസിയ എന്നീ രാജ്യക്കാർ ഒന്നു വീതം എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്ക്. 18 വിമാന ജോലിക്കാരും ഇതിൽ ഉൾപ്പെടും.

ബാഗേജുകൾ പോയി, ദൈവധീനം ജീവൻ നൽകി

''ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത് ''-ഇതു മാത്രമാണ് യാത്രക്കാർ പറയാനുള്ളത്. ''വിമാനം ദുബായിൽ ഇറങ്ങാനുള്ള അറിയിപ്പ് ലഭിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് പുക അകത്തേയ്ക്ക് കയറിയത്. പലർക്കും ശ്വാസംമുട്ടൽ പോലെ തോന്നി. എന്താണെന്നറിയാതെ പരിഭ്രാന്തരായ പലരും എണീറ്റ് ഓടാൻ ശ്രമിച്ചു. എല്ലാവരോടും പെട്ടെന്ന് പുറത്തിറങ്ങാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടു. ചിലർ മുൻഭാഗത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ആ ഭാഗത്ത് നിന്നാണ് പുക വരുന്നത് എന്നതിനാൽ അനുവദിച്ചില്ല. പൈലറ്റിന്റെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ പ്രവർത്തനമാണു ജീവൻ രക്ഷിച്ചത്. എല്ലാ എമർജൻസി വാതിലുകളും തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.

പിൻവശത്തെ വാതിലിലൂടെയും എമർജൻസി എക്‌സിറ്റിലൂടെയുമാണ് യാത്രക്കാരെല്ലാം 9സെക്കൻഡുകൾ കൊണ്ട് പുറത്തിറങ്ങിയത്. ആർക്കും തങ്ങളുടെ ഹാൻഡ് ബാഗുകളും മറ്റും എടുക്കാൻ സാധിച്ചില്ല. അതിനുള്ള സാവകാശമില്ലായിരുന്നു. പുറത്തിറങ്ങി രക്ഷപ്പെടാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ള യാത്രക്കാരുമാണ് പുറത്തിറങ്ങാൻ ഏറെ പ്രയാസമനുഭവിച്ചത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടി. ചെരുപ്പ് ധരിക്കാതെയാണ് പലരും വിമാനത്തിൽ നിന്ന് ഇറങ്ങിയിരുന്നത്. യുഎഇയിൽ ഇന്ന് നല്ല ചൂടായതിനാൽ പലരുടെയും കാൽപാദം പൊള്ളി. അതൊന്നും ആരും കാര്യമാക്കിയില്ല. ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജീവിതത്തിലേക്കുള്ള ഓട്ടത്തെ വിമാനയാത്രക്കാർ ഓർത്തെടുക്കുന്നു.

വിമാനത്തിൽ നിന്ന് ചാടിയിറങ്ങി കഷ്ടിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും പൊട്ടിത്തെറി കേട്ടു. ഇവർക്കും ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടവർക്കും വിമാനത്താവളത്തിലെ ക്ലിനിക്കിൽ ചികിത്സ നൽകി. ശാരീരികാസ്വാസ്ഥ്യമുണ്ടായവരെ വീൽചെയറിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. യാത്രക്കാരെ കാത്ത് വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ ബന്ധുക്കൾ നിന്നിരുന്നു. കൂടാതെ, ലോകത്തെ പ്രമുഖ വാർത്താ ഏജൻസികളുടെ റിപ്പോർട്ടർമാരടക്കം ഒട്ടേറെ മാദ്ധ്യമപ്രവർത്തകരും. യുഎഇ സമയം വൈകിട്ട് മൂന്നരയോടെയായിരുന്നു യാത്രക്കാർ പുറത്തിറങ്ങിയത്.

ജീവനായുള്ള ഓട്ടത്തിനിടെ യാത്രക്കാരിൽ മിക്കവർക്കും ഹാൻഡ് ബാഗുകൾ ഉൾപ്പെടെ നഷ്ടമായി. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുമുണ്ട്. എങ്കിലും ജീവൻ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. പരുക്കേറ്റവർക്ക് എമിറേറ്റ്‌സ് വൈദ്യസംഘം അടിയന്തര ശുശ്രൂഷ നൽകി. പരുക്കേറ്റ 10 പേർക്കാണു ചികിൽസ നൽകിയതെന്നാണു വിവരം. ഒരാളെ കിടത്തി ചികിൽസിക്കുന്നതായും അറിയുന്നു. നടപടികൾ പൂർത്തിയാക്കി മൂന്നരയോടെ പുറത്തിറക്കിയ യാത്രക്കാരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ എമിറേറ്റ്‌സ് അധികൃതർ നടപടി സ്വീകരിച്ചു.

90 സെക്കന്റിൽ 282 പേരും പുറത്തെത്തി, എല്ലാം എമിറേറ്റ്‌സ് ജീവനക്കാരുടെ മിടുക്ക്

മിന്നൽ വേഗത്തിലാണ് യാത്രക്കാരെ എമിറേറ്റ്‌സ് എയൽലൈൻസ് ജീവനക്കാർ യാത്രക്കാരെ രക്ഷിച്ചത്. വിമാനം ഇടിച്ചിറക്കിയതിനു പിന്നാലെ ഒരുനിമിഷം പോലും പാഴാക്കാതെ 18 ജീവനക്കാർ യാത്രക്കാർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിവേഗത്തിൽ എമർജൻസി എക്‌സിറ്റിലൂടെ സുരക്ഷിതരായി പുറത്തിറക്കുകയുമായിരുന്നു.

അതിവേഗമെന്നാൽ വെറും 90 സെക്കൻഡ്! 10 എമർജൻസി വാതിലുകളിലൂടെ അതിനകം 282 യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും പുറത്തിറങ്ങിയ പിന്നാലെ കത്തിയ വിമാനത്തിൽ അൽപ സമയത്തിനുശേഷം രണ്ടു വലിയ സ്‌ഫോടനങ്ങളുമുണ്ടായി. അതിന് മുമ്പ് എല്ലാവരും പുറത്ത് എത്തി. അല്ലായിരുന്നുവെങ്കിൽ ലോകത്തെ നടുക്കിയ ദുരന്തത്തിന് ദുബായ് സാക്ഷിയായേനേ. എമിറേറ്റ്‌സ് ജീവനക്കാർക്കു ലഭിക്കുന്ന മികച്ച പരിശീലനമാണു ദുരന്തമുഖത്തു സമചിത്തതയോടെയുള്ള രക്ഷാപ്രവർത്തനത്തിനു സഹായിച്ചതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ആറുമാസത്തിലൊരിക്കൽ എല്ലാ ജീവനക്കാരും മോക്ക് ഡ്രില്ലിൽ പങ്കെടുക്കണം. തീപിടിത്തം, സാങ്കേതിക തകരാറിനെ തുടർന്നുള്ള അടിയന്തര ലാൻഡിങ്, ക്രാഷ് ലാൻഡിങ് തുടങ്ങിയ എല്ലാ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിക്കുകയും ജീവനക്കാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഭയചകിതരാകാതെ അതിവേഗത്തിൽ സുരക്ഷാ നീക്കങ്ങൾ നടത്താനുള്ള 'പരിചയം' ഉറപ്പാക്കിയതിന് ഫലം കണ്ടു. സമൂഹമാദ്ധ്യമങ്ങളിൽ നിറയെ എമിറേറ്റ്‌സ് ജീവനക്കാരെ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള സന്ദേശങ്ങളാണ്.

ലാൻഡിംഗിന് അഞ്ച് മിനിട്ടുപോലും ബാക്കിയില്ലായിരുന്നു. എല്ലാവരും ഇറങ്ങാനുള്ള മാനസിക ഒരുക്കത്തിലായി. പെട്ടെന്നാണ് വിമാനം ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പിനൊപ്പം അപായ സൂചനയും എത്തിയത്. വിമാനം നിന്നാലുടൻ എമർജൻസി വാതിൽ വഴി രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. ഒരു നിമിഷം യാത്രക്കാരുടെ ഹൃദയം നിശ്ചിലമായി. അവരിൽ ചിലർ കൈ നെഞ്ചത്തു വച്ച് പ്രാർത്ഥിച്ചു. ചിലർ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു. ചിലർ നിലവിളിച്ചു. ചിലർ രക്തം നിലച്ച് മരവിച്ചിരുന്നു.അതിനിടെ വിമാന ജീവനക്കാർ എമർജൻസി വാതിലുകളുടെ സ്ഥാനവും രക്ഷപ്പെടേണ്ട രീതിയും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ലാൻഡ് ചെയ്തതും എമർജൻസി വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു. സാധനങ്ങളടങ്ങിയ ഹാൻഡ് ബാഗുകൾ പോലും എടുക്കാതെയാണ് സുരക്ഷാ വാതിലിലൂടെ ചില യാത്രക്കാർ രക്ഷപ്പെട്ടത്. ഇറങ്ങിയവർ റൺവേയിലൂടെ അകലേക്ക് ഓടി. ഇതിനിടയിൽ ചില സ്ത്രീകൾ മുട്ടിടിച്ചു വീണു. യാത്രക്കാർ എല്ലാവരും ഇറങ്ങുന്നതിന് മുമ്പുതന്നെ പുക പടരാൻ തുടങ്ങിയിരുന്നു. അതിനാൽ പലരും ശ്വാസം മുട്ടി ചുമച്ചു. രക്ഷാപ്രവർത്തകർ സന്നദ്ധമായി നിലകൊണ്ടിരുന്നതിനാൽ രക്ഷപ്പെട്ട 300 പേർക്കും സുരക്ഷിത അകലത്തേക്ക് മിനിട്ടുകൾക്കുള്ളിൽ മാറാൻ കഴിഞ്ഞു. അവിടെ ജീവൻ തിരിച്ച് കിട്ടിയ ആനന്ദത്തിൽ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. പിറകിൽ പുകയിൽ വിമാനം ജ്വലിക്കുന്നുണ്ടായിരുന്നു. മുപ്പതു മിനിട്ടോളം കഴിഞ്ഞാണ് വിമാനം പൊട്ടിത്തെറിച്ചത്.

ഞെട്ടിൽ വിട്ടുമാറാതെ ഡോ ഷാജി, മനോധൈര്യത്തിൽ ജീവൻ തിരിച്ചു പിടിച്ച് ഡെയ്‌സി

ദുബായ് വിമാനത്താവളത്തിൽ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ കുട്ടികളുമായി രക്ഷപ്പെടാൻ കഴിഞ്ഞത് ഓമല്ലൂർ താനുശേരിൽ അനുഭവനിൽ ഡെയ്‌സി ഷിജു രാജുവി(37)ന്റെ മനോധൈര്യം കൊണ്ടു മാത്രം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് പല്ലാരിമംഗലം തോട്ടിന്റെ തെക്കേതിൽ (സൗഭാഗ്യ) ഡോ.കെ.ഷാജിക്കും കുടുംബാംഗങ്ങൾക്കും ഞെട്ടൽ ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ല.

റൺവേയിൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ യാത്രക്കാർ ഒന്നാകെ ഉലഞ്ഞു. വിമാനം നിശ്ചലമായതോടെ തീയും പുകയുമുയർന്നു. ഒന്നും ചിന്തിക്കാൻ സമയമുണ്ടായില്ല. മൂന്നുവയസുകാരൻ ഡേവിഡിനെ കൈയിലെടുത്തു. ആഞ്ചലേനയോടു തന്നെ മുറുകെ പിടിക്കാൻ പറഞ്ഞു. സുഹൃത്തിന്റെ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ച് എമർജൻസി വാതിലിനടുത്തേക്കു പാഞ്ഞു. അപ്പോഴേക്കും വാതിലിനു മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമായിരുന്നു. ചിലർ എമർജൻസി വാതിലിലൂടെ പുറത്തേക്കു ചാടി.-അത് ജീവിതത്തിലേക്കുള്ള മടങ്ങിവരവായെന്ന് ഡെയ്‌സി ഓർക്കുന്നു. ഒരുവിധത്തിൽ വിമാനത്തിൽ നിന്നു കുട്ടികളുമായി പുറത്തെത്തിയ ഡെയ്‌സി ചുട്ടുപൊള്ളുന്ന വെയിലത്തു കൂടി മകനുമായി ഓടി. മകൾ ആഞ്ചലീനയും സുഹൃത്തിന്റെ കുട്ടികളും പിന്നാലെ. സുരക്ഷിതരാണെന്ന് വൈകുന്നേരത്തോടെ ഓമല്ലൂരിലെ ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു.

ഡോ.കെ.ഷാജി, ഭാര്യ റീന, മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധയ്ക്കും പറയാനുള്ളതും ഇതേ അനുഭവമാണ്. മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധ എന്നിവരെയാണു ആദ്യം ഞാൻ വാതിലിലൂടെ പുറത്തേക്കു ചാടാൻ അനുവദിച്ചത്, തുടർന്നു ഭാര്യ റീന പുറത്തേക്കു ചാടി. ചാടിയിറങ്ങുന്നതിനിടയിൽ റീനയുടെ കാൽമുട്ടിനു നിസാര പരുക്കേറ്റു. അവസാനം ഷൂസു പോലും ഇല്ലാതെയാണ് ഞാൻ ചാടിയത്. റൺവേയിലൂടെ ഓടുമ്പോഴേക്കും അവിടെ വിമാനത്തിൽ തീ പടരുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ കൃത്യമായി ലഭിച്ചു. പാസ്‌പോർട്ട് ഒഴികെ ബാക്കിയെല്ലാം അഗ്‌നി കവർന്നെടുത്തെങ്കിലും എല്ലാവർക്കും പുനർജന്മം കിട്ടിയതിന്റെ വലിയ ആശ്വാസമാണു മനസിൽ നിറയുന്നതെന്നും ഷാജി പറഞ്ഞു.

വിമാനം അപകടത്തിൽപ്പെട്ടെന്ന വാർത്ത അറിഞ്ഞതോടെ നാട്ടിൽ ഏറെ വിഷമിച്ചിരുന്ന ബന്ധുക്കൾക്ക് ആശ്വാസം പകർന്നു വൈകുന്നേരത്തോടെ ഷാജി നാട്ടിലേക്കു ഫോണിൽ വിളിച്ചു തങ്ങൾ സുരക്ഷിതരാണെന്നു മാതാവ് അമ്മിണിയെ അറിയിച്ചു. മകനെയും കുടുംബത്തേയും രക്ഷിച്ചതു ദൈവകൃപയാണെന്നാണു അമ്മിണി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP