Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്‌നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്‌ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്

ക്‌നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്‌ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്

യുകെയിൽ അങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾക്കു ആവേശത്തിലാണ്. സീറോ മലബാർ സഭയ്ക്ക് ഇന്ത്യയ്ക്കു വെളിയിൽ മൂന്നാമത്തെ രൂപത വത്തിക്കാൻ അനുവദിച്ചത് ബ്രിട്ടനിലെ പ്രിസ്റ്റണിലായത് അവിടെയുള്ള മലയാളികൾക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമായി.

വിശ്വാസ ആവശ്യങ്ങൾക്കായി ഇനി ആർക്കും നാട്ടിൽ പോകേണ്ടി വരില്ല എന്നതും ഇടവകകൾ സ്ഥാപിക്കാൻ അവസരമൊരുക്കുമെന്നതും ഒരുക്കും. റോമിന്റെ പിന്തുണയോടെ യുകെയിലെ ലാറ്റിൻ പള്ളികളോടു ചേർന്നു തന്നെ ഇടവകകൾ രൂപീകരിക്കുന്നതോടൊപ്പം സ്വന്തം പള്ളിയായി വളരാനുള്ള അവസരം കൂടിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. യുകെയിലെ സഭയെ നയിക്കാൻ നിയുക്തനായ മാർ ജോസഫ് സാമ്പ്രിക്കലിനെ പാലാ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ചു മറുനാടൻ മലയാളി പ്രതിനിധി സാബു ചുണ്ടക്കാട്ടിൽ നടത്തിയ സംഭാഷണത്തിലെ പ്രസക്തമായ ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:

ഇപ്പോൾ ഉള്ള സഭാ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രവർത്തിക്കും

സീറോ മലബാർ സഭയ്ക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് പ്രസ്റ്റൺ കേന്ദ്രീകരിച്ചുള്ള സീറോ മലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള രൂപത. അതുപോലെ തന്നെ പരിശുദ്ധ പിതാവ് പുതിയ രൂപതയ്ക്ക് നേതൃത്വം നൽകുവാനായിട്ട് അയോഗ്യനായ എന്നെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവരെയുള്ള പ്രവർത്തികളെല്ലാം ദൈവത്തിന്റെ പ്രവർത്തിയാണ്. പാറയടി അച്ചനിലൂടെ, പ്രിയപ്പെട്ട വൈദികനിലൂടെ, അൽമായ നേതാക്കളിലൂടെ ഒരു വലിയ സംഘടിതമായ രീതിയിൽ സഭ അവിടെയുണ്ട്. അതിന്റെ തുടർച്ചയായിട്ട് തന്നെ പ്രവർത്തിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

അച്ചനോടു ചേർന്നു അതുപോലെ തന്നെ അവിടെയുള്ള വൈദികരോട് ചേർന്ന് എല്ലാ അൽമായോടും ചേർന്ന് മെത്രാനോടൊപ്പം ദൈവത്തെ ആരാധിക്കുന്ന ദൈവവചനം ശ്രവിച്ച് ഹൃദയത്തിൽ സംഗ്രഹിച്ച് അത് ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുന്ന, മഹത്വപ്പെടുത്തുന്ന ഒരു സഭ, ആ സഭ സീറോ മലബാർ സഭയ്ക്ക് ഒരു രൂപത ബ്രിട്ടനിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു ദൈവത്തിനു പ്രത്യേകമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ സഭ പ്രേഷിത സഭയാണ്. ഓരോ വിശ്വാസിയെയും പ്രേഷിതനായിട്ടാണ് സഭ കാണുന്നത്.

മറ്റുള്ളവർക്ക് ഈശോയെ കൊടുക്കുന്ന, ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്ന, ഈശോയെ മഹത്വപെടുത്തുന്ന അതിലൂടെ പ്രേഷ്യത പ്രവർത്തനം നടത്തുന്ന സഭ. അപ്പോൾ അതിനുവേണ്ടി ഓരോ വിശ്വാസിയെയും ഒരുക്കുന്ന ഒരു സ്വപ്നമാണ് എനിക്കുള്ളത്. അതിനുവേണ്ടി ഓരോ സീറോ മലബാർ വിശ്വാസിയും ഒരു പ്രേഷിയ പ്രവർത്തകയാവണം, പ്രേഷിത പ്രവർത്തകനാകണം അതിനുവേണ്ട നേതൃത്വം കൊടുക്കുവാനായിട്ടാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുവാനായിട്ട് ഈയൊരു ദൗത്യം സഭാ പ്രേഷിതയാവണം ആ പ്രേഷിത സഭയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ടാകണം അതിന് എല്ലാവരുടെയും സഹകരണം ഞാൻ യാചിച്ചുകൊള്ളുന്നു.

എംഎയും ബിഎഡ്ഡും കഴിഞ്ഞു സെമിനാരിയിൽ ചേർന്നതും പോട്ടയിൽ ധ്യാനം കൂടിയപ്പോൾ

ഞാൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. പാലായിലാണ് സ്രാമ്പിക്കൽ കുടുംബത്തിന്റെ ആരംഭം. 1002ൽ തന്നെ, ഏകദേശം ആയിരം വർഷത്തെ ചരിത്രമുണ്ട് സ്രാമ്പിക്കൽ കുടുംബത്തിന്. ഉരളികുന്ന് എന്ന ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിച്ചവരാണ് മാതാപിതാക്കൾ. കുടുംബത്തിൽ എല്ലാവരും കൃഷിക്കാരാണ്. ഞാനും കൃഷിക്കാരനായി ജീവിക്കാൻ ആഗ്രഹിച്ചയാളാണ്. പക്ഷേ 24-ാം വയസിലാണ് പോട്ടയിലെ യുവജനങ്ങളുടെ ഒരു ധ്യാനം കൂടി, വചനം കേട്ട് തെറ്റുകൾ തിരിച്ചറിഞ്ഞു കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന അനുഭവത്തിലൂടെ പിന്നീട് വികാരിയായിരുന്ന തോമസ് ഓലിക്കലച്ചന്റെ ഒപ്പം ഒരു വർഷം തുടർച്ചയായി എല്ലാ ദിവസവും ഗ്രോട്ടോയിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലുകയും വചനം കേൾക്കുയും ധ്യാനിക്കുകയും പങ്കുവെക്കുകയും അങ്ങനെയുള്ള ഒരു പ്രാർത്ഥനാ അനുഭവത്തിൽ നിന്നാണ് ഞാൻ സെമിനാരിയിൽ ചേരുന്നത്.

എന്റെ വിദ്യാഭ്യാസം പൊളിറ്റിക്കൽ സയൻസിലുള്ള ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയുമാണ്. അതുപോലെ തന്നെ ബി എഡ് ഡിഗ്രിയും എടുത്തിരുന്നു. അതിനുശേഷമാണ് സെമിനാരിയിൽ ചേർന്നത്. പാലാ ഗുഡ് ഷെപ്പേർഡ് മയിനർ സെമിനാരിയിലും കോട്ടയം വടവാതൂർ സെമിനാരിയിലും ഫിലോസഫി, തുടർന്ന് തിയോളജി ദൈവശാസ്ത്രം പഠിക്കുന്നതിനായി റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജിലേയ്ക്ക് പോയി അവിടെ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുകയും ബൈബിൾ വിജ്ഞാനത്തിൽ ലൈസൻസ്ഷീറ്റ് എടുക്കുകയും ചെയ്തു. പിന്നീട് 2000ത്തിൽ ഓഗസ്റ്റ് 12ന് എന്റെ പട്ടം അന്നു രൂപതാ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവ് എന്റെ ഇടവകയിൽ വച്ചാണ് പട്ടം സ്വീകരിച്ചത്. എനിക്ക് 33 വയസു തികഞ്ഞതിന്റെ പിറ്റേദിവസമാണ് പട്ടം ലഭിച്ചത്.

ഒറ്റയ്ക്കു മലയാളം കുർബ്ബാന ചൊല്ലിയ ഓക്‌സ്‌ഫോർഡ് കാലം

തുടർന്ന് ഇംഗ്ലണ്ടിൽ പഠിക്കാനായി വന്നിരുന്നു. 2000 -2001 കാലയളവിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ സ്റ്റഡീസ് എടുത്തിരുന്നു. ആ കാലഘട്ടത്തിൽ സീറോ മലബാർ വിശ്വാസികൾ കുറവായിരുന്നു. എങ്കിലും അവർക്കുവേണ്ടി കുർബ്ബാന ചൊല്ലുവാനായിട്ട് പലപ്പോഴും ഭവനങ്ങളിൽ പോലും കുർബ്ബാന ചൊല്ലിയിട്ടുണ്ട്. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ എല്ലാദിവസവും ഞാൻ സീറോ മലബാർ കുർബ്ബാന ഒറ്റയ്ക്ക് ചൊല്ലിയിരുന്നു.

അദ്ധ്യാപകനായും നഴ്‌സിങ് കോളജ് ഡയറക്ടറായും ഒരു കാലം

2001-2002ൽ ഞാൻ മംഗലാപുരത്ത് മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ എടുത്തിരുന്നു. അന്നും അൽഫോൻസാ കാങ്ങാടി പള്ളിയിലാണ് താമസിച്ചിരുന്നത്. അവിടെയും ഇടവക പ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കുചേർന്നിരുന്നു. 2002 മുതൽ 2004 വരെ ഗുഡ് ഷെപ്പേർഡ് മായിനർ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 2004 മുതൽ 2005 ഓഗസ്റ്റ് വരെ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അദ്ധ്യാപകനായിരുന്നു. 2005ൽ പാലാ രൂപത നേഴ്സിങ് കോളജ് ആരംഭിക്കുന്ന ഘട്ടത്തിൽ ഞാൻ നഴ്സിങ് കോളജിന്റെ ഡയറക്ടർ ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു കോളജിനെ ഒരു ഹോസ്റ്റലിനെ രൂപപ്പെടുത്തുന്നതിൽ എന്നെ ഉപകരണമാക്കിയിരുന്നു. അതുപോലെ തന്നെ തുടർന്ന് 2010 വരെ അവിടെ ശുശ്രൂഷ ചെയ്തു. 2010 കുറച്ചു മാസക്കാലം സെന്റ് എഫ്രേം ഫോർ ഇൻഫോർമേഷൻ സെന്ററിൽ അദ്ധ്യാപകനായിരുന്നു.

2010 മെയ് മാസം മുതൽ 2012 മെയ് വരെ പാലാ രൂപതയുടെ ഇവാഞ്ചലൈസേഷൻ പ്രോഗ്രാംസിന്റെ ഡയറക്ടർ ആയിരുന്നു. കുടുംബക്കൂട്ടായ്മ, കരിസ്മാറ്റിക് പ്രോഗ്രാമുകൾ ,ജീസസ് യൂത്ത്, ബൈബിൾ കൺവെൻഷൻ, പ്രാർത്ഥനാ ഭവനങ്ങൾ ആ കാലഘട്ടത്തിലാണ് വാഗമണ്ണില് രൂപത ധ്യാനകേന്ദ്രം ആരംഭിക്കുന്നത്. തുടർന്ന് പിതാവിന്റെ സെക്രട്ടറിയും, പാലാ രൂപതയുടെ വക്താക്കളിൽ ഒരാളായിട്ട് ഞാൻ പ്രവർത്തിച്ചിരുന്നു. അതുപോലെ കല്ലറങ്ങാട്ട് പിതാവിന്റെ എല്ലാ വിദേശ യാത്രകളിലും പിതാവിന്റെ ഒപ്പം ഞാനാണ് യാത്ര ചെയ്തിരുന്നത്.

2013 ഓഗസ്റ്റിൽ ഞാനെന്റെ സ്വന്തം ഇടവകയിൽ വികാരിയായിട്ട് ശുശ്രൂഷ ചെയ്തു. അതിനു ശേഷമാണ് ഞാൻ റോമിലെ പൊന്തിഫിക്കൽ സെമിനാരിയിൽ വൈസ് റെക്ടർ ആയിട്ട് ശുശ്രൂഷയ്ക്കു പോയത്. ആ ശുശ്രൂഷ കാലഘട്ടത്തിൽ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് സീറോ മലബാർ വിശ്വാസികൾക്കായിട്ട് ബ്രിട്ടനിൽ ഒരു രൂപത വരുന്നതായും, അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുവാനായിട്ട് മാർപാപ്പ ആഗ്രഹിക്കുന്നതായും ഒരു അറിയിപ്പ് വരുന്നത്. അതിന് ഒരുകൺസന്റ് ആവശ്യമായിരുന്നു. അതു നൽകി. ജൂലൈ 28-ാം തീയതി പുതിയ രൂപത സ്ഥാപിക്കുന്നതായും അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിൽ സ്ഥാനാരോഹണം

ക്ടോബർ 9-ാം തീയതി പ്രസ്റ്റണിൽ വച്ചായിരിക്കും മെത്രാഭിഷേകവും സ്ഥാനാരോഹണവും, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ജോർജ്ജ് ആലഞ്ചേരി ആണ് പ്രധാന കാർമ്മികൻ. എല്ലാവരെയും തിരുക്കർമങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടെ സഹകരണവും പ്രാർത്ഥനയും ഒപ്പം സജീവമായ സാന്നിധ്യവും, പ്രവർത്തനവും ഉണ്ടാവണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

മാതാപിതാക്കൾ, സഹോദരങ്ങൾ

പിതാവ് 1982ൽ നിര്യാതനായി. അമ്മയുണ്ട്. ആറ് ആൺ മക്കളാണ്. ഞാൻ 4-ാമത്തെ ആൾ. മൂത്തയാൾ അഡ്വക്കേറ്റ്, രണ്ടാമത്തെയാൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെയാൾ ടെലഫോൺസിൽ എഞ്ചിനീയറാണ്. അഞ്ചാമത്തെയാൾ കാഞ്ഞിരപ്പള്ളിയൽ പ്ലാന്ററായി പ്രവർത്തിക്കുന്നു. ഇളയ സഹോദരൻ പാലാ രൂപതയുടെ സെന്റ് ജോസഫ് കോളജ് ഓഫ് ടെക്നോളജിയുടെ മെക്കാനിക്കൽ ലാബിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നു.

യുകെയിലെ ക്‌നാനായക്കാർ പ്രസ്റ്റൺ രൂപതയുടെ കീഴിലോ കോട്ടയം രൂപതയുടെ കീഴിലോ?

റോമിലെ അനുഭവം വച്ചു നോക്കിയാൽ റോമില് സീറോ മലബാർ സഭയുടെ പ്രൊക്വേറ്ററൂം ഇടവക വികാരിയായിട്ട് ശുശ്രൂഷ ചെയ്യുന്നത് ഇപ്പോൾ അപ്പസ്‌തോലിക് വിസിറ്റേറ്റർ ആയി നിയമിക്കപ്പെട്ട മോൺ സ്റ്റീഫൻ ചിറപ്പണത്ത് ആണ്. അച്ചന്റെ പ്രവർത്തനത്തോടൊപ്പം തന്നെ അവിടെ വേറൊരു ഇടവക കോട്ടയം രൂപതയ്ക്ക് വേണ്ടി തന്നെ ഉണ്ടായിരുന്നു. അപ്പോൾ കോട്ടയം രൂപതയിലെ ആളുകൾ അവര് ഒന്നിച്ചുചേർന്ന് അവരുടെ തന്നെ അച്ചന്മാർ ചേർന്ന് അവരുടേതായ കുർബ്ബാനയും അവരുടേതായ പ്രവർത്തനങ്ങളും ഉണ്ട്.

അതവരുടെ തനിമ നിലനിർത്തുവാനായിട്ട് അവരുടെ ചില പ്രത്യേക സാംസ്‌കാരിക പരമായ ചില കാര്യങ്ങളുണ്ട്. അതു നിലനിർത്തുവാനായിട്ട് അതുപോലെ തന്നെ ഒരു കമ്മ്യുണിറ്റി എന്ന നിലയിൽ അവരുടേതായ ഒരു സെറ്റപ്പ് അവർക്ക് എല്ലായിടത്തും തന്നെയുണ്ട്. അതിനെ ഞാൻ ബഹുമാനിക്കും. അതുപോലെ തന്നെ വേണ്ട എല്ലാ സഹായവും പ്രസ്റ്റൺ രൂപതാ അദ്ധ്യക്ഷൻ എന്ന നിലയിൽ അവർക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് ഞാൻ ഉറപ്പുതരുകയും ചെയ്യുന്നു. ഇപ്പോളത്തെ രീതിക്ക് അവർ പ്രസ്റ്റൺ രൂപതയോടു ചേർന്നുതന്നെയാണ് അവരും പ്രവർത്തിക്കുക.

യുകെയിലെ മലയാളി ധ്യാനകേന്ദ്രങ്ങൾ

കേരളത്തിൽ തന്നെ അനേകം ധ്യാനകേന്ദ്രങ്ങൾ ഉണ്ട്. സഭ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ അടുത്ത കാലത്ത് റോമിലെ കോൺക്രിയേഷൻ ഫോർ ഫെയ്ത്തിന്റെ ഒരു ഡോക്യുമെന്റ് ഇറങ്ങിയിട്ടുണ്ട്. ഹ്യുവനിഷ്യത് ഇക്ലേഷ്യ എന്നു പറയുന്നത്, അതായത് രൂപതയിലെ മെത്രാന്റെ പ്രവർത്തനങ്ങൾ, അതുപോലെ തന്നെ കരിസ്മാറ്റിക് ഗ്രിപ്സ് അങ്ങനെയുണ്ടാവുമ്പോൾ അതെങ്ങനെ ആയിരിക്കണം സഭ അതിനെ നോക്കിക്കാണേണ്ടത് എന്നുള്ളതിനെ നിർദ്ദേശം ഈ ഡോക്യുമെന്റ് നൽകുന്നുണ്ട്.

ഒരിക്കലും മെത്രാൻ പരിശുദ്ധാത്മാവിന്റെ മുകളിലുള്ള ആളല്ല. പരിശുദ്ധാത്മാവിന് വിധേയപ്പെട്ട്പ്രവർത്തിക്കുന്ന ആളാണ്. പരിശുദ്ധാത്മാവിന് സ്വതന്ത്രമായിട്ട് ദാനങ്ങൾ കൊടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വതന്ത്രമായിട്ട് കൊടുക്കുന്ന ദാനങ്ങളെ പരിശുദ്ധാത്മാവിൽ നിന്നാണോ അല്ലയോ എന്നു മാത്രം നോക്കി വിലയിരുത്താനുള്ള ഉത്തരവാദിത്വമേ മെത്രാനുളൂ. പരിശുദ്ധാത്മാവിൽ നിന്നുള്ള എല്ലാ കാര്യങ്ങളെയും അംഗീകരിക്കുകയും അതിനോട് വിധേയപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഭാവമായിരിക്കും എന്റേത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP