Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കബാലി തുടക്കം ഗംഭീരം: പിന്നെ ആവേശം കുറഞ്ഞ് കബാലി; പഞ്ച് ഡയലോഗും മസാലയുമൊന്നുമില്ലാതെ വേറിട്ടൊരു രജനീ ചിത്രം; നടനും സൂപ്പർതാരത്തിനുമിടയിൽ പകച്ച് പാ രഞ്ജിത്ത്; തിരിച്ചുവരുന്നത് താരാധിപത്യം ചങ്ങലക്കിട്ട രജനിയിലെ നടൻ!

കബാലി തുടക്കം ഗംഭീരം: പിന്നെ ആവേശം കുറഞ്ഞ് കബാലി; പഞ്ച് ഡയലോഗും മസാലയുമൊന്നുമില്ലാതെ വേറിട്ടൊരു രജനീ ചിത്രം; നടനും സൂപ്പർതാരത്തിനുമിടയിൽ പകച്ച് പാ രഞ്ജിത്ത്; തിരിച്ചുവരുന്നത് താരാധിപത്യം ചങ്ങലക്കിട്ട രജനിയിലെ നടൻ!

എം മാധവദാസ്

ത്യത്തിൽ ആനന്ദോൽസവം എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്. പുലർച്ചെ തന്നെ തുടങ്ങിയിരുന്നു. പാലഭിഷേകവും വാദ്യമേളങ്ങളുമെല്ലാമായി ആരാധകർ തിയേറ്ററുകൾ പൂരപ്പറമ്പാക്കി. ഒടുവിൽ കബാലിയെന്ന കബാലേശ്വരനായി സാക്ഷാൽ രജനീകാന്ത് അവതരിച്ചു. നിറഞ്ഞ കൈയടികൾക്കും മഴയായി പെയ്തിറങ്ങുന്ന വർണ്ണക്കടലാസുകൾക്കുമിടയിലൂടെ ജയിൽ മുറിയിൽ സൂപ്പർസ്റ്റാറിന്റെ ഒരു ദൃശ്യം. പിന്നെ കുറച്ച് നേരത്തേക്ക് പൊളിച്ചടുക്കുകയായിരുന്നു. കബാലിയുടെ നെരുപ്പ് രംഗങ്ങളിൽ തിയേറ്ററുകൾ ഇളകി മറഞ്ഞു. അധികം പോയില്ല ഈ ആഘോഷ പ്രകടനം. ബ്രഹ്മാണ്ഠ സിനിമയുടെ സ്വഭാവം പതിയെ മാറുകയാണ്. പതുക്കെ അതൊരു കുടുംബ കഥയായും ഗ്യാങ്ങ്സ്റ്റർ ഡ്രാമയായും മാറുന്നു. ഇതോടെ ആൾക്കൂട്ടത്തിന്റെ ആവേശവും നേർത്തുവരുന്നു.

പാട്ടും ഡാൻസും മൂന്നാം കിട കോമഡിയും നിറഞ്ഞ ചിത്രങ്ങളെടുക്കുന്ന സംവിധായകനല്ല ഈ ചിത്രമെടുത്ത പാ രഞ്ജിത്ത്. 'ആട്ടകത്തിയും', 'മദ്രാസും' പോലുള്ള സിനിമകൾ ഈ യുവ സംവിധായകനിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ രജനീകാന്തിനെപ്പോലൊരു താരത്തെ വച്ച് പാ രഞ്ജിത്ത് സിനിമയെടുക്കുമ്പോൾ വലിയ സംശയങ്ങളുണ്ടായിരുന്നു. റിയലിസ്റ്റിക് സ്വഭാവം കാത്തു സൂക്ഷിച്ചുകൊണ്ട് സിനിമയെടുക്കുന്ന പാ രഞ്ജിത്ത്,തട്ടുപൊളിപ്പൻ മാസ് എന്റർടെയ്‌നറുകളുടെ തലതൊട്ടപ്പനായ രജനീകാന്തിനെകൊണ്ട് എന്തുചെയ്യിക്കാനെന്ന്. അതിനുത്തരമാണ് കബാലി.

രജനി ചിത്രങ്ങളുടെ പതിവ് 'കത്തി'കളിലേക്ക് വീഴാൻ സംവിധായകൻ ഒരുക്കമല്ലായിരുന്നു. സ്ലോമോഷനിൽ നടക്കുന്ന, സിഗരറ്റ് മേലോട്ടെറിഞ്ഞ് വെടിവച്ച് കത്തിക്കുന്നു, പഞ്ച്ഡയലോഗുകൾ അതീശ്രീഘ്രംപറഞ്ഞ് കൈയടി വാങ്ങുന്ന രജനി ഈ പടത്തിലില്ല. ബ്രഹ്മാണ്ഡനായകനെ കാണുമ്പോഴേക്കും കന്നിമാസത്തിലെ നായ്‌പ്പടയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അർധനഗ്‌നരായ നായികമാരുടെ ആറാട്ട് ഈ പടത്തിലില്ല. പ്രധാന കഥക്കൊപ്പം സഹനടന്മാർ നിർമ്മിച്ചെടുക്കുന്ന അരോചകാമായ കോമഡി ട്രാക്കുമില്ല. അങ്ങനെ എന്ത് ഉണ്ട് എന്ന് ചോദിക്കുന്നതിനേക്കാൾ കൂടുതൽ എന്ത് ഇല്ലന്നെതിലാണ് കബാലി വ്യത്യസ്തമാവുന്നതും, തമിഴക വ്യാവസായിക സിനമയിലെ വേറിട്ട ശബ്ദമാവുന്നതും.രജനീകാന്ത് അടുത്തകാലത്ത് ഏറ്റവും നന്നായും സ്വാഭാവികമായും അഭിനയിച്ച ചിത്രമാണിത്.താരക്കൂട്ടിൽ അടക്കപ്പെട്ട രജനിയിലെ നടൻ പലപ്പോഴും ഈ പടത്തിൽ ചങ്ങലപൊട്ടിച്ച് പുറത്തുവരുന്നുമുണ്ട്.

പക്ഷേ ഒരു ചലച്ചിത്രത്തിന്റെ സമഗ്രതയിൽ എടുക്കുമ്പോൾ ശരാശരി മാത്രമാണ് കബാലിയെന്ന് പറയാതെ വയ്യ. രജനിയിലെ നടനെ ഫോക്കസ് ചെയ്യണോ, അതോ താരത്തെവേണൊ എന്ന അങ്കലാപ്പ് സംവിധായകന് ഈ പടത്തിൽ മൊത്തമുണ്ട്. ഒന്നുകിൽ രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയുന്ന പക്കാ വാണിജ്യ ചിത്രമെടുക്കുക. അല്‌ളെങ്കിൽ താൻ മുമ്പുചെയ്തപോലെ റിയലിസ്റ്റിക്കായ ചിത്രമെടുത്ത് രജനിയിലെ നടനെ ഉയർത്തുക. ഈ രണ്ടും കൂട്ടിക്കലർത്തി ആരാധകരെയും ആസ്വാദകരെയും ഒരോ സമയം ഒപ്പംകൂട്ടാനാണ് പാ രഞ്ജിത്ത് ശ്രമിച്ചത്.അതാട്ടെ പൂർണമായും വിജയിച്ചില്ല. എന്നുവച്ച് വിനോദംമാത്രം ലക്ഷ്യമിട്ട് കയറുന്ന ഒരു പ്രേക്ഷകന് കാശ് നഷ്ടമാവുന്ന പടവുമല്ല ഇത്.

പതിവ് കഥ, പതിവ് വിട്ട ആഖ്യാനം

ലരും പലവട്ടം പറഞ്ഞ കഥ തന്നെയാണ് കബാലിയുടെയും. തന്റെ കുടുംബത്തെ തകർത്തവരോട് അധോലോക നായകന്റെ പ്രതികാരം തന്നെ. ( പാ രഞ്ജിത്തിനെപോലുള്ള പ്രതിഭാശാലികളിൽനിന്ന്‌തേഞ്ഞ കഥകളല്ല നാം പ്രതീക്ഷിക്കുന്നത്) എന്നാൽ വ്യത്യസ്തമായ രീതിയിൽ കഥ പറയാനുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് കുംടുബത്തിൽ പെട്ട ആളാണ് കബാലി. ചൂഷണം ചെയ്യപ്പടുന്ന പാവപ്പെട്ട തമിഴർക്ക് വേണ്ടി ശബ്ദമുയർത്തുന്ന അയാൾ എല്ലാവരുടെയും പ്രിയങ്കരനാണ്. ഇവിടെ തന്റെ മുൻചിത്രങ്ങളിലെപ്പോലെ കറുപ്പിന്റെ രാഷ്ട്രീയവും സ്വയ്വബോധവുമൊക്കെ സ്പർശിച്ചുപോകുന്നുണ്ട് സംവിധായകൻ.

മലേഷ്യയെ നിയന്ത്രിച്ച അധോലോക നായകനായി മാറുന്ന കബാലിയുടെ എല്ലാമെല്ലാമാണ് ഭാര്യ കുമുദവല്ലി. എന്നാൽ ഒരു ഏറ്റുമുട്ടലിനിടയിൽ അയാൾക്ക് ഗർഭിണിയായ ഭാര്യയെ നഷ്ടപ്പെടുന്നു. പല കേസുകൾ ചുമത്തപ്പെട്ട് അയാൾ ജയിലിലാകുകയും ചെയ്യന്നു. 25 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാവുന്ന കബാലി തനിക്ക് നഷ്ടമായത് ഓരോന്നും തിരിച്ചു പിടിക്കാനത്തെുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കണ്ട് കണ്ട് ഓക്കാനം വരുന്ന സിനിമാറ്റിക്ക് ധാരണകളെ തുടക്കത്തിൽതന്നെ തിരുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ആരവങ്ങൾക്കിടയിലോ നൃത്തം ചെയ്യന്ന പെൺപടയ്ക്കിടയിലോ അല്ല താരത്തെ ആദ്യമായി കാണിക്കുന്നത്. മറിച്ച് ജയിലിൽ ഒരു ദലിത് ചിന്തകന്റെ പുസ്തകം വായിക്കുന്ന ശാന്തമായ ഒരു രംഗത്തിലാണ്. ഇവിടം മുതൽ തന്നെ രജനിയുടെ പതിവ് വഴികളെ സംവിധായകൻ മാറ്റുന്നുണ്ട്. ഏത് നാട്ടിൽ പോയാലും ജാതിയെ കൂടെ കൊണ്ടുപോകുന്നവരെ കബാലി പരിഹസിക്കുന്നുമുണ്ട്.

സ്ത്രീകളെ അവഹേളിക്കുന്ന രജനി ചിത്രങ്ങൾക്ക് എന്തിന് ടിക്കറ്റടെുക്കണം എന്ന് ചോദിച്ചത് കവയത്രിയും നടിയുമായ ലീന മണിമേഖലയാണ്. (കേരളത്തിൽ എത് താരത്തെയും നമുക്ക് വിമർശിച്ച് കൊന്ന് കൊലവിളിക്കാം.പക്ഷേ തമിഴകത്ത് അങ്ങനെയല്ല. ഫാൻസുകർ പെട്രോളൊഴിച്ച് പച്ചക്ക് കത്തിക്കും!) അടങ്ങിയൊതുങ്ങി കഴിയേണ്ടവർ മാത്രമാണ് പെണ്ണ്, ആണിന് താഴെ മാത്രമാണ് പെണ്ണിന് സ്ഥാനം എന്നൊക്കെ പ്രഖ്യാപിക്കുന്നതാണ് പതിവ് രജനി കഥാപാത്രങ്ങൾ. തനിക്ക് നേരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ കാൽക്കീഴിലിരുത്തുന്നവരാണ് രജനിയുടെ നായകന്മാർ. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രസ്താവന ലീന നടത്തിയത്. എന്നാൽ കബാലിയിൽ അത്തരം കാഴ്ചകളൊന്നുമില്ല. സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവരാണ് കബാലിയിലെ സ്ത്രീ കഥാപാത്രങ്ങൾ. ഭാര്യയാണ് തന്റെ ശക്തിയെന്ന് വിശ്വവസിക്കുന്നവനാണ് സാക്ഷാൽ കബാലീശ്വരൻ. (പടയപ്പയിൽ ഒരു പെണ്‌നിന്റെ ആധിപത്യത്തിനെതിരെ രജനിയുടെ കഥാപാത്രം നടത്തുന്ന പോരാട്ടം ജയലളിതക്കെതിരാണെന്ന് പറഞ്ഞ് ഒരു കാലത്ത് ഡി.എം.കെ വോട്ടുവാരിയിരുന്നു!)

നായകനൊപ്പമോ, നായകനെ ഒരു വേള താഴ്‌ത്തി നിർത്തുന്നതോടെ ആയ പ്രകടനത്താൽ ചിത്രത്തിലെ ഓരോ സ്ത്രീ കഥാപാത്രവും ശ്രദ്ധേയമാകുന്നു. കബാലിയുടെ ഭാര്യ കുമുദവല്ലിയായി രാധികാ ആപ്‌തെയും,ധൻസികയും ഋത്വികയുമെല്ലാം വ്യക്തിത്വമുള്ള ശക്തരായ സ്ത്രീ കഥാപാത്രങ്ങളായി ചിത്രത്തിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. കബാലിയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധവും മകളുമായുള്ള ബന്ധവുമെല്ലാം ഏറെ മനോഹരമായി തന്നെ ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്.

ഇരുവള്ളത്തിലും കാലുനീട്ടി സംവിധായകൻ

ങ്ങനെയൊക്കെയാണെങ്കിലും രജനിയുടെ സാധാരണക്കാരായ പ്രേക്ഷകരെ കബാലി എത്രത്തോളം ആകർഷിക്കും എന്നത് വലിയ ചോദ്യമാണ്. 'അതാണ്ടാ ഇതാണ്ടാ പോലെയോ', 'നാൻ ഓട്ടോക്കാരൻ' പോലെയോ ഒരു അടിപൊളി പാട്ടുപോലും കബാലിയിലില്ല. കഥയുടെയോ അവതരണത്തിന്റേയോ നിലവാരമൊന്നുമല്ല രജനീകാന്ത് ആളുകളെ കാന്തത്തിലേക്കെന്ന പോലെ ആകർഷിക്കുന്നത്. ഓരോ നിമിഷവും ആവേശത്തിലാക്കുന്ന താരത്തിന്റെ നെരിപ്പൻ പ്രകടനങ്ങളും പഞ്ച് ഡയലോഗുകളെല്ലാമാണ് ആ അത്ഭുദമുണ്ടാക്കുന്നത്.

എന്നാൽ തുടക്കത്തിൽ അത്തരമൊരു രീതിയിൽ കഥയാരംഭിച്ച് പിന്നീട് വഴിമാറി നടക്കുന്ന സംവിധായകന്റെ സമീപനത്തെ അവരേത് രീതിയിൽ ഉൾക്കോള്ളും എന്നതിനെ ആശ്രയിച്ചിരിക്കും കബാലിയുടെ തിയേറ്റർ വിജയം. തുടക്കത്തിനുശേഷം പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ഇടവേളയിൽ എത്തുമ്പോഴാണ് നേരത്തെയുള്ള ആവേശം തിരിച്ചു പിടിക്കുന്നത്.

താരത്തിനും നടനും മധ്യേ പകച്ചു പോകുന്ന സംവിധായകനെ ചിത്രത്തിൽ പലയിടത്തും കാണാം. രജനീകാന്തിന്റെ സാന്നിധ്യം നൽകുന്ന ഓളത്തിനൊപ്പം മറ്റൊരു ഓളം സൃഷ്ടിച്ച ശങ്കറിനെയോ സുരേഷ്‌കൃഷ്ണയെ പോലെയോ ആരവമുണ്ടാക്കി, നെരിപ്പ് ഡാ എന്ന് അലറാൻ പാ രഞ്ജിത്തിന് സാധിക്കുന്നില്ല. അല്‌ളെങ്കിൽ അദ്ദേഹം അതിന് ശ്രമിച്ചില്ല. പക്ഷെ ഇരുവള്ളത്തിലും കാലുനാട്ടിയുള്ള സംവിധായകന്റെ യാത്ര തന്നെയാണ് ഒരു തകർപ്പൻ രജനി ചിത്രം പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകരെ നിരാശരാക്കുന്നത്. ഇതേ സമയം ഒരു റിയലിസ്റ്റിക് ചിത്രം ആഗ്രഹിക്കുന്ന പ്രേക്ഷകരെയും ഇത് നിരാശപ്പെടുത്തുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കഥയുടെ രസച്ചരട് പലപ്പോഴും മുറിയുകയും പിരിമുറുക്കം നഷ്ടമാവുകയും ചെയ്യന്നുണ്ട്.

കഥയുടെ അവസാന ഭാഗമാവുമ്പോഴേക്കും കഥയുടെ നിയന്ത്രണം മുഴുവൻ സംവിധായകനിൽ നിന്ന് രജനിയെന്ന താരം കൈയടക്കുന്നു. പിന്നെയുള്ള ഏറ്റുമുട്ടൽ പൂർണ്ണമായും താരത്തിന്റെ നിയന്ത്രണത്തിലാണ്. അതുവരെ പിടിച്ചുനിന്ന സംവിധായകൻ അവിടെ പൂർണ്ണമായും കാഴ്ചക്കാരനായി മാറുന്നു. വലിയ ആവേശമൊന്നും പ്രേക്ഷകരിൽ ഉണ്ടാക്കാൻ അവസാനത്തെ ഏറ്റുമുട്ടൽ രംഗത്തിന് സാധിക്കുന്നില്ല. എന്നാൽ കഥാന്ത്യത്തിൽ ഇരുട്ടിൽ അവ്യക്തമായ ഒരു വെടിയൊച്ചയിൽ സിനിമ അവസാനിപ്പിക്കുന്ന സംവിധായകൻ അവിടെ തന്റെ സാന്നിധ്യം തിരിച്ചു പിടിക്കുന്നുണ്ട്.

പക്ഷേ വെടിവെയ്‌പ്പും സംഘട്ടനങ്ങളുമെല്ലാം നിറയുന്നുണ്ടെങ്കിലും ഒരിടത്തും രജനീകാന്ത് എന്ന താരത്തെ സംവിധായകൻ അഴിച്ചുവിടുന്നില്‌ളെന്നതും ശ്രദ്ധേയമാണ്. നൃത്ത രംഗത്തിൽ പോലും ഒരു സ്റ്റപ്പ് മാത്രം വച്ച് രംഗത്ത് നിന്നും മാറി രജനീകാന്ത് തന്റെ പ്രായത്തിന്റെ പക്വത അടയാളപ്പെടുത്തുന്നുണ്ട്.ഒരുപക്ഷേ കാലംതെറ്റിവന്ന 'ലിംഗയെന്ന' ചിത്രത്തിന്റെ പരാജയത്തിൽനിന്ന് സ്‌റ്റൈൽ മന്നനും ഒരു പാടം പഠിച്ചിരിക്കാം.

കഴിഞ്ഞ കാൽനൂറ്റാണ്ടായി രജനീകാന്ത് എന്ന സൂപ്പർതാരം ഒരു ശത്രുഗ്രൂപ്പിനെ നേരിടുമ്പോൾ പ്രേക്ഷകർക്ക് ഒന്നും സംശയിക്കേണ്ടകാര്യമില്ലായിരുന്നു.അവസാനം സകലരെയും അടിച്ചു പപ്പടമാക്കി രജനി ജയിച്ചുകയറിവരും. എന്നാൽ ഈ പടത്തിലെ പല സീനുകളിലും നായകന് ജീവഹാനിവരുമോയെന്ന് പ്രേക്ഷകർ സംശയിക്കുന്നിടത്ത് എത്തിക്കാൻ കഴിഞ്ഞു പാ രഞ്ജിത്തിന്.ആ അർഥത്തിൽ നോക്കുമ്പോൾ കബാലിയുടെ കൈ്‌ളമാക്‌സും രജനിചിത്രങ്ങളിലെ വിപ്‌ളവമാണ്.

രജനിയെന്ന നടൻ തിരച്ചുവരുന്നു!

മിഴിലെ നോവലിസ്റ്റും വിമർകനുമൊക്കെയായ ചാരുനിവേദിത രജനിയെ വിശേഷിപ്പിക്കുന്നത് താരക്കൂട്ടിലടക്കപ്പെട്ട നടനെന്നാണ്.'ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ ലോകത്തിൽ തന്നെ കഴിവുള്ള അപുർവം നടന്മാരിൽ ഒരാളാണ് രജനി.എന്നിട്ട് അദ്ദേഹം ചെയ്യുന്നതോ, വെറും തട്ടുപൊളിപ്പൻ പടങ്ങൾ ആരാധകർക്ക് കൊടുത്ത് തമിഴ് സിനിമയെ പതിറ്റാണ്ടുകൾ പിറകോട്ട് അടിപ്പിക്കുന്നു.'-ചാരുനിവേദിയതുടെ ഈ നിരീക്ഷണം ശരിവെക്കുന്ന രീതിയിലയിരുന്നു അടുത്തകാലത്തെ രജനി പടങ്ങൾ. അഭിനത്തെ വെറുമൊരു സ്റ്റെലാക്കി അദ്ദേഹം മാറ്റിയെന്ന വിമർശ?ത്ത പക്ഷേ കബാലി പൊളിക്കുന്നുണ്ട്.(പണ്ട് രജനിയുടെ സ്റ്റെലിന് പേറ്റന്റ് എടുക്കാൻ പോയവരായിരുന്നു അദ്ദേഹത്തിന്റെ രസികൾ മന്റക്കാർ.അത് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ തെരുവിലെ അഭ്യാസികൾ തൊട്ട് മമിക്രിക്കാർവരെ കുടുങ്ങുമായരുന്നു. ഒടുവിൽ രജനീകാന്ത് തന്നെ ഇടപെട്ടാണ് സ്റ്റെലിന് പേറ്റന്റ് എടുക്കുന്നതിൽനിന്ന് ആരാധകരെ പിന്തിരിപ്പിച്ചതെന്നും വാർത്തയുണ്ടായിരുന്നു!) തന്റെ ആദ്യകാല ചിത്രങ്ങൾക്കുശേഷം രജനി നിറഞ്ഞ് സ്വാഭാവികമായി അഭിനയിച്ച ചിത്രം ഒരുപക്ഷേ കബാലിയായിരിക്കും.ഭാര്യയും മകളുമൊക്കെയായുള്ള പുനസമാഗമരംഗങ്ങളിലൊക്കെ രജനിയിലെ നടൻ നന്നായി സ്‌ക്കോർ ചെയ്യുന്നുണ്ട്.

എന്നാൽ താടി വച്ച രജനിയോളം ആരവമുയർത്താൻ താടി വടിച്ച രജനിക്ക് സാധിക്കുന്നില്ല. കുമുദവല്ലിയായി രാധിക ആപ്‌തെയും യോഗിയായി ധൻസികയും മീനയായി ഋത്വികയും കബാലിയുടെ സുഹൃത്തായ അമീറായി ജോൺ വിജയും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. സത്യ എന്ന രസികൻ കഥാപാത്രത്തിലൂടെ ദിനേശ് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. കിഷോറും വിദേശ നടനായ വിൻസ്റ്റൺ ചോയുമാണ് വില്ലൻ വേഷത്തിൽ.

ജി മുരളിയുടെ ഛായാഗ്രഹണവും പ്രവീൺ കെ എലിന്റെ എഡിറ്റിംഗും മനോരമായിട്ടുണ്ട്. പ്രേക്ഷകരുടെ ആവേശം ചോരുമ്പോഴെല്ലാം സന്തോഷം നാരായണന്റെ സംഗീതവും പശ്ചാത്തല സംഗീതവും ആവേശമുയർത്താനായി കൂട്ടിനുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ മലപോലെയുള്ള പ്രതീക്ഷയില്ലാതെ കയറുകയാണെങ്കിൽ കണ്ടിരുന്ന് ആസ്വദിക്കാവുന്ന ഒരു കച്ചവട സിനിമതന്നെയാണ് കബാലി.

വാൽക്കഷ്ണം: കേരളംപോലെ പ്രബുദ്ധമെന്ന് പറയുന്ന നാട്ടിൽപോലും ആൾക്കൂട്ടത്തിന് ഹിസ്റ്റീരിയ ബാധിക്കത്തക്കരീതിയിൽ തരംഗമുണ്ടാക്കാൻ രജനീകാന്ത് എന്ന മനുഷ്യന് എങ്ങനെ കഴിയുന്നുവെന്നതാണ് ഈ പടം കണ്ടിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്നത്. ന്യൂജനറേഷൻ ഫ്രീക്കന്മാർ തൊട്ട് വീട്ടമ്മമാരും വയോധികരുംവരെ നരച്ചതാടിയുള്ള മെല്ലിച്ച ഈ മനുഷ്യനെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നു!സാമൂഹിക ശാസ്ത്രജ്ഞരൊക്കെ പഠിക്കേണ്ട വിഷയമാണത്.രജനീകാന്ത് വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റിയാണ് കേരളത്തിന് മുകളിലൂടെ ഉൽക്കയായി പോയതെന്നൊക്കൊ ട്രോളടിച്ചവരായിരുന്നല്ലോ നാം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP