Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതി വിലക്കു മറികടന്നു കബാലി ഇന്റർനെറ്റിൽ; ഫുൾ ഡൗൺലോഡിന് അവസരമൊരുക്കി ടോറന്റ് സൈറ്റുകൾ; ആരംഭസീൻ ആദ്യം വാട്സ്ആപ്പിലും പ്രചരിച്ചു; തടയിടാൻ ശ്രമിച്ച് അണിയറ പ്രവർത്തകർ

കോടതി വിലക്കു മറികടന്നു കബാലി ഇന്റർനെറ്റിൽ; ഫുൾ ഡൗൺലോഡിന് അവസരമൊരുക്കി ടോറന്റ് സൈറ്റുകൾ; ആരംഭസീൻ ആദ്യം വാട്സ്ആപ്പിലും പ്രചരിച്ചു; തടയിടാൻ ശ്രമിച്ച് അണിയറ പ്രവർത്തകർ

ബംഗളൂരു: വിലക്കുകളും കോടതിയുത്തരവും മറികടന്ന് തിയേറ്ററുകളിലെ റിലീസിനൊപ്പം രജനി ചിത്രമായ കബാലിയുടെ വ്യാജ പതിപ്പ് ഓൺലൈനിലും ലഭ്യമാക്കി ടോറന്റ് സൈറ്റുകൾ. ഇന്നുപുലർച്ചെ തിയേറ്ററുകളിൽ സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തതിനൊപ്പമാണ് നിരവധി സൈറ്റുകളിൽ സിനിമ പൂർണരൂപത്തിൽ ഡൗൺലോഡ്് ചെയ്യാൻ സൗകര്യമൊരുക്കി പ്രത്യക്ഷപ്പെട്ടത്.

കബാലിയുടെ എച്ച് ഡി പ്രിന്റ് തന്നെയാണ് പുറത്തായതെന്നാണ് വിവരം. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെയാണ് കബാലി ഓൺലൈനിൽ എത്തിയത്. നേരത്തെ കബാലിയുടെ സെൻസർ കോപ്പിയാണ് ലീക്കായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൻ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കബാലി ഇന്റർനെറ്റിൽ ലീക്കായത് ചിത്രത്തിന്റെ അണിയറക്കാരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം റിലീസാകുന്നതിന് മുമ്പുതന്നെ കബാലിയുടെ ഓപ്പണിങ് സീൻ വാട്‌സ് ആപ്പിൽ പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണു ചിത്രത്തിലെ രജനീകാന്തിന്റെ മാസ് ഇൻട്രോ സീൻ പുറത്തു വന്നത്. ജയിൽ പശ്ചാത്തലത്തിലുള്ള രംഗമാണു പുറത്തായത്. അതിനു പിന്നാലെ സൈറ്റുകളിൽ ചിത്രം മുഴുവായും എത്തുകയായിരുന്നു.

ചിത്രം ഇന്റർനെറ്റിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് വിവിധ സൈറ്റുകൾ മാസങ്ങൾക്കു മുമ്പുമുതൽതന്നെ പരസ്യങ്ങൾ നൽകിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ചിത്രം നെറ്റിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്ന അപേക്ഷയിന്മേൽ ചിത്രം ഓൺലൈനിൽ ലഭ്യമാക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതെല്ലാം അവഗണിച്ചാണ് ഇന്ന് സിനിമ സൈറ്റുകളിൽ എത്തിയത്. കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങൾ അടങ്ങിയ പേജുകൾ പിൻവലിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 169 ഇന്റർനെറ്റ് സേവനദാതാക്കളേയും കോടതി വിലക്കി. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതിനെല്ലാം പുല്ലുവില കൽപിച്ചാണ് ഇന്ന് ചിത്രം ഇന്റർനെറ്റിൽ വിവിധ ടോറന്റ് സൈറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. ചില സൈറ്റുകളിൽ നേരിട്ടുള്ള സ്ട്രീമിംഗും ഉണ്ട്. സിനിമയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാവ് കലൈപുലി എസ്. താണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു പകർപ്പിൽനിന്ന് അനധികൃതമായി നിരവധി പകർപ്പുകൾ നിർമ്മിക്കുന്നതായും ഇത് കൈമാറുന്നതു നിർമ്മാതാവിനു വൻ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചിത്രത്തിന്റെ ഡൗൺലോഡ് ലിങ്കുകൾ പല ടോറന്റ് സൈറ്റുകളും നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ചിത്രം ഓൺലൈനിൽ ലഭ്യമാകുമെന്നതിന്റെ പരസ്യങ്ങളും പല വെബ്‌സൈറ്റുകളും നൽകിയിരുന്നു. പരാതി ഉയർന്നതോടെ ഇടയ്ക്ക് ഇവ പിൻവലിക്കപ്പെട്ടെങ്കിലും ഇന്ന് ഇവയിലെല്ലാം ഡൗൺലോഡ് ലിങ്കുകൾ വീണ്ടും എത്തുകയായിരുന്നു. ഓൺലൈനിൽ എത്തിയതോടെ ചിത്രം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കളക്ഷനുകളിൽ കുറവ് വന്നേക്കുമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ കോപ്പികൾ കൂടുതൽ പ്രചരിക്കാതിരിക്കാനും ചിത്രത്തിന്റെ ഡൗൺലോഡിങ് ലിങ്കുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് മാറ്റുന്നതിനും അണിയറ പ്രവർത്തകർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ചിത്രം ഓൺലൈനിൽ കൂടുതൽ ച്രരിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ചെന്നെയിലാണ് സെൻസർ ചെയ്തത്. അവിടെനിന്ന് ചിത്രം ചോർന്നിരിക്കാമെന്നാണ് ഇപ്പോൾ സംശയമുയർന്നിട്ടുള്ളത്. അടുത്തിടെ ചില ചിത്രങ്ങളുടെ സെൻസർ കോപ്പി ഓൺലൈനിൽ എത്തിയിരുന്നു. ബോളീവുഡ് ചിത്രങ്ങളായ ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് മസ്താനി എത്തിവയുടെ സെൻസർ കോപ്പികൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP