Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒൻപതിൽവച്ചു സഹപാഠിക്ക് അഞ്ചു സെന്റ് നൽകി തുടക്കം; പ്ലസ് ടുവില്‍ താങ്ങായതു രണ്ടു സുഹൃത്തുക്കൾക്കും; രണ്ടു സ്ത്രീകൾക്കും തലചായ്ക്കാൻ ഇടം നൽകി; സഹായിക്കാനെത്തിയ അമേരിക്കക്കാരനോടു പറഞ്ഞതും കൂട്ടുകാരന്റെ കാര്യം; പ്രാരാബ്ധങ്ങൾക്കിടയിലും പതിനേഴുകാരൻ ഗിരീഷ് വീടില്ലാത്തവരുടെ ദൈവമാകുന്നത് ഇങ്ങനെ

ഒൻപതിൽവച്ചു സഹപാഠിക്ക് അഞ്ചു സെന്റ് നൽകി തുടക്കം; പ്ലസ് ടുവില്‍ താങ്ങായതു രണ്ടു സുഹൃത്തുക്കൾക്കും; രണ്ടു സ്ത്രീകൾക്കും തലചായ്ക്കാൻ ഇടം നൽകി; സഹായിക്കാനെത്തിയ അമേരിക്കക്കാരനോടു പറഞ്ഞതും കൂട്ടുകാരന്റെ കാര്യം; പ്രാരാബ്ധങ്ങൾക്കിടയിലും പതിനേഴുകാരൻ ഗിരീഷ് വീടില്ലാത്തവരുടെ ദൈവമാകുന്നത് ഇങ്ങനെ

എം എസ് സനിൽകുമാർ

കൊടുമൺ: വേദനിക്കുന്നവർക്കും സങ്കടപ്പെടുന്നവർക്കുംവേണ്ടി ഒരു +2 വിദ്യാർത്ഥിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും. പത്തനംതിട്ട ജില്ലയിൽ കൊടുമൺ പുതുമലയിൽ ഗിരീഷ് ഭവനത്തിൽ ഗിരീഷിനോട് സംസാരിക്കുമ്പോൾ അത് നമുക്ക് ബോധ്യമാകും. രണ്ടുമുറി ഷീറ്റിട്ട വീട്ടിൽ അച്ഛനോടും അമ്മയോടും അനിയനോടുമൊപ്പം ദാരിദ്ര്യത്തോട് പടവെട്ടി ജീവിക്കുമ്പോഴും ഗിരീഷ് സഹപാഠികളായ, സ്വന്തമായി സ്ഥലമില്ലാത്ത, വീടില്ലാത്ത രണ്ടുകുട്ടികൾക്ക് സൗജന്യമായി സ്വന്തം കുടുംബസ്വത്തിൽ നിന്ന് ഏഴര സെന്റ് ദാനമായി നൽകി. അവിടെ വീടുവെയ്ക്കാൻ പണംസ്വരൂപിച്ച് നൽകി. കൊടും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും കഴിയുന്ന രണ്ട് അമ്മമാർക്ക് വീടുവച്ച് നൽകി. പത്രങ്ങളിൽ വായിക്കുന്ന വ്യവസായ പ്രമുഖരുടെ ദാനവ്യവസായത്തേക്കാൾ എത്രയോ മുകളിലാണ് ഈ കുട്ടിയുടെ മനസ്സ്. ഗിരീഷിന്റെ കഥയിലേക്ക്.

അടൂർ പറക്കോട് ബോയ്‌സ് ഹൈസ്‌കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് സഹപാഠിയായ കണ്ണനെന്ന കുട്ടി ഗിരീഷിന്റെ മനസ്സിലേക്ക് കയറിവരുന്നത്. ഒരുവീടിന്റെ തൊഴുത്തിലാണ് കണ്ണൻ താമസിച്ചിരുന്നത്. ഒപ്പം അമ്മയും അനിയനും. കനത്ത ദാരിദ്ര്യത്തിലായിരുന്നു കണ്ണന്റെ പശുത്തൊഴുത്തിലെ ജീവിതം. കണ്ണന്റെ കദനകഥ അറിഞ്ഞ് സ്‌കൂൾ അധികൃതർ കണ്ണന് വീടുവച്ച് നൽകാൻ തീരുമാനിക്കുന്നു. അത്യാവശ്യം പണമൊക്കെ സമാഹരിച്ചപ്പോഴാണ് കണ്ണന്റെ കുടുംബത്തിന് സ്വന്തമായി സ്ഥലമില്ലായെന്ന യാഥാർത്ഥ്യം മനസ്സിലാകുന്നത്. സ്ഥലംവാങ്ങാനുള്ള പണംകൂടി സമാഹരിക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞില്ല. ഈ സമയത്താണ് ഗിരീഷ് ഈ വിവരം അറിയുന്നത്. പിന്നെ ഗിരീഷ് പുറകോട്ട് നോക്കിയില്ല. നേരെ സ്വന്തം മുത്തശ്ശി രമണിയെ പോയിക്കണ്ടു. രമണിക്ക് സ്വന്തമായി കുറച്ച് സ്ഥലമുണ്ട്. അതിൽനിന്ന് അഞ്ച് സെന്റ് സ്ഥലം കണ്ണന് വീടുവെക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

ഗിരീഷിന്റെ നിരന്തരമുള്ള അഭ്യർത്ഥനയ്ക്കും വഴക്കിനുമൊടുവിൽ മുത്തശ്ശി സമ്മതം മൂളി. അങ്ങനെ കണ്ണന് വീടുവെയ്ക്കാൻ അഞ്ച് സെന്റ് സ്ഥലം ഗിരീഷിന്റെ കുടുംബ ഓഹരിയിൽ നിന്ന് ദാനമായി നൽകി. അവിടെ സ്‌കൂൾ അധികൃതർ കണ്ണനും കുടുംബത്തിനും വീടുവച്ച് നൽകി. കാലം കഴിഞ്ഞു. ഗിരീഷ് +2വിന് അടൂർ ബോയ്‌സ് ഹൈസ്‌കൂളിൽ പഠിക്കുന്നു. അപ്പോഴാണ് സ്‌കൂളിലെ ഒരു കുട്ടിയുടെ കഥ ഗിരീഷ് അറിയുന്നത്, കാർത്തിക്. അകന്ന ബന്ധത്തിൽപ്പെട്ട ഒരാളിന്റെ വീടിന്റെ മൂലയ്ക്ക് ടാർപ്പ വലിച്ചുകെട്ടി താമസിക്കുകയാണ് കാർത്തിക്കും കുടുംബവും. അച്ഛൻ രോഗാവസ്ഥയിൽ. വല്ലപ്പോഴും കൂലിപ്പണിക്കുപോകുമ്പോൾ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. മഴപെയ്താൽ ചോർന്നൊലിക്കുന്ന ദൈന്യത. കാർത്തിക്കിന്റെ അവസ്ഥ ഗിരീഷിനെ കണ്ണീരിലാഴ്‌ത്തി. അങ്ങനെ ഗിരീഷ് വീണ്ടും മുത്തശ്ശിയെക്കാണാനെത്തി.

ഒരു രണ്ടര സെന്റ് സ്ഥലംകൂടി വേണം. കാർത്തിക് എന്ന കുട്ടിക്ക് വീടുവെയ്ക്കാനാണ്. ഗിരീഷിന്റെ ബഹളം കൂടിയപ്പോൾ അതിനും മുത്തശ്ശി വഴങ്ങി. അങ്ങനെ കാർത്തിക്കിന് ഗിരീഷിന്റെ വക സൗജന്യ സമ്മാനമായി രണ്ടരസെന്റ് സ്ഥലം. ഇനി അവിടെ വീടുവെയ്ക്കണം. അതിനും ഗിരീഷ് തന്നെ മുന്നിട്ടിറങ്ങി. കാർത്തിക്കിന്റെ അവസ്ഥ നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ അറിയിച്ചു. പത്രങ്ങളിൽ വാർത്ത വരുത്തി. ലോക്കൽ ചാനലുകളിൽ റിപ്പോർട്ടുകൾ നൽകി. നാട്ടിൽ ഗിരീഷിന്റെ നേതൃത്വത്തിൽ പിരിവും തുടങ്ങി. ഇതിനിടെ ഒമ്പതാംക്ലാസുകാരൻ ഗിരീഷ് സഹപാഠിക്ക് വീടുവെയ്ക്കാൻ സൗജന്യമായി സ്ഥലംനൽകിയ വാർത്ത നേരത്തെതന്നെ നാട്ടിൽപാട്ടായിരുന്നു. അന്ന് ഗിരീഷിനെ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് ചിലരെത്തുകയും ചെയ്തു. അമേരിക്കയിലെ ഗ്രേറ്റർ ഫിലാൽഡൽഫിയിലെ മലയാളി അസോസിയേഷൻകാർ. സഹപാഠിക്ക് സൗജന്യമായി സ്ഥലംനൽകിയ കൂട്ടുകാരന്റെ വീടിന്റെ അവസ്ഥ കണ്ട് അവർ ഞെട്ടി.

ഒരു ഒറ്റമുറി ഷീറ്റിട്ട വീട്ടിലായിരുന്നു ഗിരീഷിന്റെയും അനിയന്റെയും അച്ഛന്റെയും അമ്മയുടെയും താമസം. അച്ഛൻ ഓട്ടോ ഡ്രൈവർ. അമ്മയ്ക്ക് ഹോട്ടൽ ജോലി. തുച്ഛമായ വരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റംമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഗിരീഷിന്റെ മഹത്തായ ദാനകർമ്മം നടന്നത്. മലയാളി അസോസിയേഷൻകാർ ഗിരീഷിന് നല്ല വാർത്ത വീട് വച്ചുതരാമെന്ന് ഏറ്റിട്ടാണ് മടങ്ങിപ്പോയത്. ഈ സമയത്താണ് കാർത്തിക്കിന്റെ അവസ്ഥ ഗിരീഷിന്റെ മുമ്പിലേക്കെത്തിയത്. ഗിരീഷ് പിന്നെ മടിച്ചില്ല. മലയാളി അസോസിയേഷൻകാരെ വിളിച്ചു. എനിക്ക് വീടുവേണ്ട. പകരം എന്റെ ഒരു സുഹൃത്തുണ്ട്. കാർത്തിക്. അവന് വീടുവച്ച് നൽകണം. ആദ്യമൊക്കെ അവരെതിർത്തു ഗിരീഷിന് വീടുവച്ചുനൽകാമെന്നാണ് തങ്ങൾ വാഗ്ദാനം ചെയ്തത്. ആദ്യം സ്വന്തം കാര്യം നോക്കൂ. ഗിരീഷ് വാശിവിട്ടില്ല. എന്റെകാര്യം ഞാൻ നോക്കിക്കൊള്ളാം. ഇപ്പോഴത്തെ കാര്യം എന്റെ സുഹൃത്തിന്റെ വീടാണ്. അത് നിങ്ങൾ സാധ്യമാക്കിത്തരണം. ഒടുവിൽ ഗിരീഷിന്റെ വാശിക്ക് മുന്നിൽ മലയാളി അസോസിയേഷൻകാർ വഴങ്ങി. കാർത്തിക്കിന് വീടുവെയ്ക്കാൻ മൂന്നുലക്ഷത്തിമുപ്പതിനായിരംരൂപ അവർ നൽകി.

ബാക്കിത്തുക ഗിരീഷ് നാട്ടിലോടിനടന്ന് സംഘടിപ്പിച്ചു. അങ്ങനെ ഒമ്പത് ലക്ഷംരൂപ ചെലവിൽ കാർത്തിക്കിന് വീടൊരുങ്ങി. ഗിരീഷെന്ന ചെറിയ ചെറുക്കൻ കൊടുമണ്ണിൽ ചരിത്രമെഴുതുകയായിരുന്നു. പിന്നെ ഗിരീഷിനെ തേടി വീടില്ലാത്ത പലരുമെത്തി. പലരുടെയും കഥകളുമെത്തി. ഗിരീഷ് വീടില്ലാത്തവരുടെ ദൈവമായി മാറുകയായിരുന്നു. പറക്കോട് സ്വദേശിയായ മായാദേവിയാണ് ഗിരീഷിന്റെ കാരുണ്യത്തിന്റെ അടുത്ത സ്പർശം അറിഞ്ഞത്. സ്വന്തം സ്ഥലമുണ്ട്. പക്ഷേ സ്ഥലത്ത് വീടില്ല. ഒരു ടാർപ്പ വലിച്ചുകെട്ടി കഴിയുന്ന കുടുംബം. ഭർത്താവ് ഉപേക്ഷിച്ചുപോയി. പത്താംക്ലാസിൽ പഠിക്കുന്ന മകൾ മാത്രം. പ്രമേഹംബാധിച്ച് വലതുകാൽ മുറിച്ചുമാറ്റിയ അവസ്ഥയിലാണ് മായാദേവി. മായാദേവിയുടെ അവസ്ഥ ഗിരീഷിനെ വല്ലാതെ ബാധിച്ചു. അങ്ങനെ വീണ്ടും ഗിരീഷ് നാട്ടുകാർക്കിടയിലേക്ക് ഇറങ്ങി. ഒരുലക്ഷംരൂപ സമാഹരിച്ചു. രണ്ടുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ ഓടിട്ട വീട് മായാദേവിക്ക് സമ്മാനിച്ചു. ആനന്ദപ്പള്ളി സ്വദേശി ലത അമ്മാളാണ് ഗിരീഷിന്റെ മുമ്പിലേക്ക് എത്തിയ അടുത്ത ഭവനരഹിത. ഇടിഞ്ഞുപൊളിഞ്ഞ ഒരുവീട്ടിൽ താമസം. ഭർത്താവ് ഉപേക്ഷിച്ചുപോയി. കൂലിപ്പണിക്ക്‌പോകുമായിരുന്നു ഒരിക്കൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞ് കിടപ്പിലായി. +2വിൽ പഠിക്കുന്ന ഒരുമകൻ മാത്രം. ബന്ധുക്കളുടെ സഹായംകൊണ്ട് കഴിഞ്ഞുകൂടുന്ന ഒരുകുടുംബം. ഗിരീഷ് വീണ്ടും ദൈവമായി. മൂന്നുലക്ഷം രൂപ സമാഹരിച്ചു. രണ്ടുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ വീട് ചുരുങ്ങിയ ദിവസംകൊണ്ട് ഉയർന്നുപൊങ്ങി.

ഇപ്പോൾ ഗിരീഷ് +2 കഴിഞ്ഞ് നിൽക്കുകയാണ്. ഗിരീഷിനോട് ചോദിച്ചു..... എന്താണ് ലക്ഷ്യം. ഇത്ര കരുണ എങ്ങനെ മനസ്സിൽ നിറയ്ക്കാൻ കഴിഞ്ഞു. മറുപടി ഇങ്ങനെ: ' ഈ പ്രായത്തിൽ ഓരോ മനുഷ്യനും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. കാരുണ്യം അർഹിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. അവരെ കാണാതിരിക്കരുത്. നമുക്കുള്ളതിൽ ഒരു പങ്ക് അവർക്കും അർഹതപ്പെട്ടതാണ്. അതവർക്ക് നൽകാനുള്ള കരുണ മാത്രം മനസ്സിൽ സൂക്ഷിച്ചാൽ മതി. ലക്ഷ്യത്തിലേക്കുള്ള വഴി അവിടെ നമുക്ക് തുറന്നുകിട്ടും'. ഗിരീഷിന്റെ അച്ഛൻ ഹരിദാസും അമ്മ അനിതയും എട്ടാംക്ലാസുകാരൻ അനുജൻ അരുണും ഗിരീഷിന്റെ ലക്ഷ്യങ്ങൾക്കൊപ്പമാണ്. സ്വന്തംവീടിന്റെ ദാരിദ്ര്യാവസ്ഥയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. ഷീറ്റിട്ട ഒറ്റമുറി വീടായിരുന്നു ഗിരീഷിന്റെ സമ്പാദ്യം. ഇപ്പോൾ രണ്ടുലക്ഷം രൂപ ലോണെടുത്ത് അതൊന്ന് പുതുക്കിപ്പണിതു. പുതുക്കിപ്പണി എന്നുപറഞ്ഞാൽ ഒരു മുറികൂടി പണിതു. അത്രയേയുള്ളൂ.

ലോണിന്റെ അടവും ജീവിതം നയിക്കലും ഒക്കെയായി പെടാപ്പാട് പെടുകയാണ് ഗിരീഷിന്റെ അച്ഛൻ ഹരിദാസും അമ്മ അനിതയും. ഓട്ടോ ഓടിക്കുന്നതിൽ നിന്ന് കിട്ടുന്ന ഹരിദാസിന്റെ വരുമാനവും ഹോട്ടൽ ജോലിക്കുപോകുന്ന അമ്മ അനിതയുടെ തുച്ഛമായ വരുമാനവുമാണ് ഈ കുടുംബത്തിന്റെ സമ്പാദ്യം. പിന്നെ പണവും സ്‌നേഹവും തൂക്കിനോക്കുമ്പോൾ കാരുണ്യത്തിന്റെ സ്‌നേഹസ്പർശത്തിന്റെ തട്ടിൽക്കയറി നിൽക്കുന്ന വിലപിടിച്ച മനസ്സുള്ള ഒരുമകനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP