Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് പൊലീസ് അന്വേഷണം തുടങ്ങി; സെബിയും റിസർവ്വ് ബാങ്കും ഇടപാടുകൾ പരിശോധിക്കുന്നു; പുതിയ നിക്ഷേപങ്ങൾ പാടെ നിലച്ചു; നേതാക്കന്മാരെ സ്വാധീനിച്ചു അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങളുമായി ബോബി ചെമ്മണ്ണൂർ

വിഎസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് പൊലീസ് അന്വേഷണം തുടങ്ങി; സെബിയും റിസർവ്വ് ബാങ്കും ഇടപാടുകൾ പരിശോധിക്കുന്നു; പുതിയ നിക്ഷേപങ്ങൾ പാടെ നിലച്ചു; നേതാക്കന്മാരെ സ്വാധീനിച്ചു അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങളുമായി ബോബി ചെമ്മണ്ണൂർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഓക്‌സിജൻ സിറ്റി പ്രഖ്യാപനവുമായി ഇറങ്ങിയ ബോബി ചെമ്മണ്ണൂർ ഊരാക്കുടുക്കിലേക്ക്. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ പൊലീസ് നടപടികൾ തുടങ്ങി. ഡിജിപിക്ക് കൈമാറിയ പരാതിയിൽ കൂടുതൽ വിശദമായ മൊഴിയെടുപ്പുകൾ പൊലീസ് ഇന്ന് തുടങ്ങും. വി എസ് അച്യുതാനന്ദൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡിനും (സെബി) പരാതി നൽകിയിരുന്നു. സെബിക്കും അച്യുതാനന്ദൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സെബിയും അന്വേഷണം തുടങ്ങി. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ പരിശോധന ഇൻകംടാക്‌സ് വകുപ്പും നടത്തുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഇൻകംടാക്‌സിന്റെ കണ്ടെത്തൽ. ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ കുടുങ്ങിയ പാവങ്ങളുടെ പരാതികൾ കണക്കിലെടുത്താണ് ഇത്.

ബോബി ചെമ്മണ്ണൂരിന്റെ ആസ്തി 1000 കോടിയിൽ താഴെ മാത്രമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ആറായിരം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1000 കോടിയിൽ താഴെ ആസ്തിയുള്ള ആൾക്ക് എങ്ങനെ ഇത്തരത്തിലൊരു പദ്ധതിക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ ബോബി ചെമ്മണ്ണൂർ നാടുവിടാൻ ശ്രമിക്കുന്നതായും ആക്ഷേപങ്ങളുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരായ ആയിരക്കണക്കിന് പേർ വഴിയാധാരമാകും. അതിനാൽ ബോബി ചെമ്മണ്ണൂരിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിവാദങ്ങൾ സജീവമയാത് ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയുമായിട്ടുണ്ട്. കേസ് അന്വേഷണവും മറ്റും പറക്കും ജൂലറിയടക്കമുള്ളവയുമായി കുതിക്കാൻ കൊതിക്കുന്ന സ്വർണ്ണക്കട മുതലാളിക്ക് തിരിച്ചടിയാകും.

വാർത്തകൾ സജീവമായതോടെ തൃശ്ശൂർ വട്ടക്കല്ലിൽ പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു തുടങ്ങി. പത്രപ്പരസ്യങ്ങളിലൂടെ ഓക്‌സിജൻ സിറ്റിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമമാണ് ബോബി നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാനായിരുന്നു ഓക്‌സിജൻ സിറ്റിയുമായി ബോബി ചെമ്മണ്ണൂർ എത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ഈ വിഷയത്തിലെ പൊള്ളത്തരം മറുനാടൻ മലയാളി തുറന്നു കാട്ടിയതോടെ നിക്ഷേപകർ പിന്മാറ്റം തുടർന്നു. പല പ്രമുഖരും ബോബി ചെമ്മണ്ണൂരിനോട് കാശ് തിരിച്ചു ചോദിച്ചതായും സൂചനയുണ്ട്. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ പദ്ധതികൾക്കെതിരെ ഉറച്ച നിലപാട് എടുത്ത ജോയ് കൈതാരത്തെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന നിർദ്ദേശം പൊലീസ് നൽകി കഴിഞ്ഞു. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് ഈ തീരുമാനം.

നാലായിരം കോടി രൂപ സാധാരണക്കാരിൽ നിന്ന് ബോബി ചെമ്മണ്ണൂർ പിരിച്ചെടുത്തിട്ടുണ്ട്. നിക്ഷേപകർ എല്ലാവരും ഒരുമിച്ചെത്തിയാൽ ഈ തുക നൽകാൻ ബോബി ചെമ്മണ്ണൂരിന് കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആദായ നികുതി വിഭാഗം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ വിവിധ ജൂവലറികളിൽ നടത്തിയ പരിശോധനകളിൽ 351 കോടി രൂപ നഷ്ടത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരാതി പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തിരുന്നില്ല. അന്ന് ശക്തമായ ബോധവൽക്കരണം നടന്നിരുന്നുവെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ കെണിയിൽ കൂടുതൽ പേർ വീഴില്ലായിരുന്നു. എന്നാൽ സർക്കാർ മാറിയ ശേഷം പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ.

സ്വകാര്യ സ്‌പെഷ്യൽ ഇക്കണോമിക് സോൺ അനുവദിക്കില്ലെന്നിരിക്കേ ഇനിയും ലഭിക്കാത്ത അനുമതി ലഭിച്ചെന്ന വിധത്തിൽ പരസ്യത്തിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാണ് ബോബി ഓക്‌സിജൻ സിറ്റിക്ക് പ്രചാരണം നടത്തിയത്. പദ്ധതിക്ക് വേണ്ടി പ്രാഥമികമായ അനുമതി പോലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേടുകയും ഉണ്ടായിരുന്നില്ല. എന്നാൽ, ഓക്‌സിജൻ സിറ്റിയുടെ പേരിൽ വൻതോതിൽ പിരിവ് നടത്താൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു നടന്നു വന്നത്. പൊലീസ് അന്വേഷണം കടുക്കുന്നതോടെ ഫണ്ട് പരിവ് അവതാളത്തിലാകും. തൃശൂരിലെ ആംആദ്മി നേതാക്കളും ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്തുവന്നു. ഇതോടെ ഓക്‌സിജൻ സിറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുമെന്നും ബോബി ചെമ്മണ്ണൂരിന് ഉറപ്പായി. ഇതോടെ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കണ്ട് പ്രശ്‌നത്തിൽ സഹായം അഭ്യർത്ഥിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തനിക്കെതിരെ അന്വേഷണമൊന്നുമില്ലെന്ന് വരുത്താനാണ് ഇത്. പത്രങ്ങളിലൂടെ പരസ്യം നൽകി തന്റെ ഇടപാടുകളെ ന്യായീകരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തിയ ശ്രമവും എങ്ങുമെത്തിയില്ല.

മറഡോണയ്ക്ക് പത്താം നമ്പർ വീടും , പ്രത്യേക സാമ്പത്തീക മേഖലയും ഐടി പാർക്കും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് ബോബി ചെമ്മണൂർ ഓക്‌സിജൻ സിറ്റി പ്രഖ്യാപിച്ചത്. നിലവിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു ഓക്‌സിജൻ സിറ്റിയുടെ പരസ്യം. മലിനീരകരണ നിയന്ത്രണ ബോർഡിൽ പോലും ഓക്‌സിജൻ സിറ്റിക്കുവേണ്ടി അനുമതിക്കുള്ള അപേക്ഷ നൽകിയിട്ടില്ല. യാതൊരു വിധ പ്രാരംഭ നടപടികളും ആരംഭിക്കാതെ കോടികളുടെ പരസ്യം നൽകി വൻ പണപിരിവിനാണ് ബോബി ചെമ്മണൂർ ലക്ഷ്യം വച്ചത്. ആം ആദ്മി പദയാത്രയിൽ ബേബി ചെമ്മണൂർ നടത്തുന്ന തട്ടിപ്പുകളെ തമസ്‌ക്കരിക്കുന്ന മാദ്ധ്യമ നിലപാടിനെതിരെയും പ്രതിഷേധം ഉയർന്നു. ആംആദ്മി സമരം പ്രഖ്യപിച്ചത് മുതൽ വാർത്തകൾ തിരസ്‌ക്കരിക്കാൻ വേണ്ടി ബോബിയുടെ ആളകൾ ചില പരസ്യ ഏജൻസികളുടെ പരിശ്രമത്തിൽ വിലുപമായി ശ്രമങ്ങൾ നടന്നിരുന്നു. ഓക്‌സിജൻ സിറ്റിയുടെ മാത്രം മുപ്പത് കോടിയിലധികം രൂപയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.

ഇതിനിടെ പൊതുസേവകന്റേയും സത്കർമ്മങ്ങളുടേയും അംബാസിഡറായി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബോബി ചെമ്മണ്ണൂർ പക്ഷേ സ്വന്തം സ്ഥാപനത്തിലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത അടക്കം പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ നിയമം ലംഘിച്ച് കോടികൾ സമാഹരിക്കുന്നതും സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നതോടെയാണ് ബോബി ചെമ്മണൂരിനെതിരെ പരസ്യമായ പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടെ ബോബി ചെമ്മണൂരിന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. നിക്ഷേപങ്ങൾ ഈ നിലയിൽ പിൻവലിക്കൽ തുടർന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് ബോബി ചെമ്മണൂർ ഗ്രൂപ്പ് നീങ്ങുമെന്ന ആശങ്കയാണ് പുതിയ തട്ടിപ്പു പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പിന്നിൽ.

പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചിരുന്നു. തിരൂരിലെ ബോബിയുടെ ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങിയ ഇസ്മായേൽ എന്ന വ്യക്തി ജൂവലറിയിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഇത്. 2013 മുംബൈ വംശിയിലെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജൂവലറി അവതരിപ്പിച്ച സ്വർണ പദ്ധതികളിൽ റിസർവ് ബാങ്ക് ചില സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആർബിഐയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസിൽ ചുമത്തപ്പെട്ടത്.

ഈ സംഭവത്തെ തുടർന്ന് ആർബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂർ ക്രഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇമെയിൽ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്. ചെയർമാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നൽകിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആർബിഐ ഉന്നയിച്ചത്. ഈ അന്വേഷണം ഞെട്ടിക്കുന്ന വിരവങ്ങളിലേക്കാണ് ആർബിഐയെ എത്തിച്ചത്. സെബിയും ആദായ നികുതി വകുപ്പും ഇതോടെ ബോബിയുടെ പിറകെയായി. നിക്ഷേപം സ്വീകരിക്കാൻ ആർബിഐയുടെ അനുമതി ഇല്ലാത്ത ബോബിയുടെ ജൂവലറികളിലൂടെ അനവധി നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളിലൂടെ പണം സ്വീകരിക്കുന്നുണ്ട്. 14 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നാലായിരത്തോളം കളക്ഷൻ ഏജന്റുമാർ ഈ പദ്ധതികളിൽ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ശേഖരിക്കുന്ന പണത്തിലെ ഒരു പങ്ക് മാത്രമാണ് രേഖകളിലുള്ളതെന്ന ആരോപണവും സജീവമാണ്.

ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ പ്രിഫറൻസ് ഷെയറുകളായി മാറ്റുന്നുമുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ബോബിയുടേത് എന്നതിനാൽ ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ കമ്പനി കളക്ടീവ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായി രജിസ്റ്റർ ചെയ്തതുമല്ല. ഇത്തരത്തിൽ യാതൊരു അംഗീകൃത അനുമതികൾ ഒന്നുമില്ലാതെയാണ് വൻതോതിൽ നിക്ഷേപം സ്വീകരിക്കുന്നത്. 14 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും അതേസമയം രേഖകളിൽ ആറ് ശതമാനം പലിശയുമാണ് രേഖപ്പെടുത്തുന്നത്. ഇതെല്ലാം വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂചനകളാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP