Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടികജാതിക്കാർക്ക് വാഹനാപകടത്തിൽ പരുക്കേറ്റാൽ സഹായധനം ഒരു ലക്ഷമുണ്ടെന്ന് എത്ര പേർക്ക് അറിയാം? ആദിവാസികൾക്ക് വസ്തു വാങ്ങാൻ 10 ലക്ഷവും വീടു കെട്ടാൻ മൂന്നുലക്ഷവും കിട്ടും: അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന് ലീഗൽ സർവീസ് അഥോറിട്ടി

പട്ടികജാതിക്കാർക്ക് വാഹനാപകടത്തിൽ പരുക്കേറ്റാൽ സഹായധനം ഒരു ലക്ഷമുണ്ടെന്ന് എത്ര പേർക്ക് അറിയാം? ആദിവാസികൾക്ക് വസ്തു വാങ്ങാൻ 10 ലക്ഷവും വീടു കെട്ടാൻ മൂന്നുലക്ഷവും കിട്ടും: അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന് ലീഗൽ സർവീസ് അഥോറിട്ടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അടിയന്തര സാമ്പത്തികസഹായമായി ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ആദിവാസികൾക്ക് സ്ഥലം വാങ്ങാൻ 10 ലക്ഷം രൂപയും വീട് വയ്ക്കാൻ മൂന്നരലക്ഷം രൂപയും നൽകണമെന്നൊരു വകുപ്പും സർക്കാരിനുണ്ട്.

നമ്മൾ അറിയാതെ പോകുന്ന നിയമത്തിന്റെ ഇത്തരം സാങ്കേതിക വശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന ലീഗൽ സർവീസ് അഥോറിട്ടിയും അതാത് ജില്ലാ ഘടകങ്ങളും. ദളിത് വിഭാഗത്തിൽപ്പെട്ട 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് അപകട ധനസഹായം ലഭിക്കുന്നത്. ലീഗൽ സർവീസ് അഥോറിട്ടിയിൽ പരാതിപ്പെടുക ലളിതമാണ്.

വെള്ളപേപ്പറിൽ ഒരു അപേക്ഷ എഴുതി അതത് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റികൾക്കോ, ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിക്കോ നൽകിയാൽ മതിയാകും. എല്ലാ വ്യാഴാഴ്ചയും ജില്ലാ കോടതിയിൽ നടക്കുന്ന ലീഗൽ അദാലത്തിലൂടെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. നിലവിൽ കോടതിയിലുള്ള കേസിന് പുറമേ ഏതു തരം പരാതിയും ലീഗൽ സർവീസ് അഥോറിട്ടിക്ക് നൽകാം. ഒരു ജുഡീഷ്യൽ ഓഫീസറും സാമൂഹിക പ്രവർത്തകനും അഭിഭാഷകനും അടങ്ങുന്ന ബഞ്ച് പരാതി പരിശോധിച്ച് തീരുമാനം എടുക്കും. ഇങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഒരു കോടതിയിലും അപ്പീൽ ഇല്ല. ഇനി, അഥോറിട്ടിയുടെ ഉത്തരവ് നടപ്പാക്കാൻ അല്ലെങ്കിൽ അംഗീകരിക്കാൻ എതിർകക്ഷി മടിക്കുന്നുവെന്നിരിക്കട്ടേ അതിനും വകുപ്പുണ്ട്. ബന്ധപ്പെട്ട കോടതിയിൽ ഈ ഉത്തരവ് ഹാജരാക്കി ഹർജി നൽകിയാൽ മാത്രം മതി.

നിലവിൽ ദേശീയ ലീഗൽ സർവീസ് അഥോറിട്ടി എല്ലാ മാസവും രണ്ടാം ശനിയാഴ്ച അതത് താലൂക്ക് ആസ്ഥാനങ്ങളിൽ ലീഗൽ അദാലത്ത് നടത്തുന്നുണ്ട്. ഇത് ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ അധിഷ്ഠിതമായിരിക്കും. അടുത്ത മാസം 13 ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട അദാലത്താണ് നടക്കുക. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ ക്രിമിനൽ, പെറ്റി കേസുകളാണ് പരിഗണിക്കുക. നവംബറിൽ പൊതുവായ കേസുകളും പരിഗണിക്കും.

നാഷണൽ ലീഗൽ സർവീസ് അഥോറിട്ടി സ്‌കീം 2015 പ്രകാരം ഏഴു പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമവും മനുഷ്യക്കടത്തും അസംഘടിത മേഖലയിലെ തൊഴിലാളികളോടുള്ള ചൂഷണം, ശിശുസൗഹൃദ-സംരക്ഷണ പരിപാടികൾ, മാനസിക ദൗർബല്യമുള്ളവർക്ക് നിയമപരിരക്ഷ, ദാരിദ്ര്യ നിർമ്മാർജനം, ആദിവാസി സംരക്ഷണം, ലഹരി മരുന്നിന് അടിമകളായവരുടെ പുനരധിവാസം എന്നീ സാമൂഹിക വിഷയങ്ങളാണ് പദ്ധതിയിലുള്ളത്. ജില്ലയിലെ ആദിവാസി സമൂഹത്തിന് വേണ്ടി ലീഗൽ സർവീസ് അഥോറിട്ടി പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്.

അഥോറിട്ടിയെ സഹായിക്കാൻ 120 അഭിഭാഷകരുടെ ഒരു പാനൽ തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിലും ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. ഇവിടെ വച്ച് പരാതിക്കാരെ വിളിച്ച് കേസ് ഒത്തുതീർപ്പാക്കാൻ വിടുന്നത് പാനലിലുള്ള അഭിഭാഷകനെയാണ്. ഇവിടെ തീരുമാനമായില്ലെങ്കിൽ അദാലത്തിലേക്ക് വിടും. തീരുമാനം ആയാലും അന്തിമവിധി വരുന്നതിന് ഒരു ലീഗൽ ഓഫീസർ ഒപ്പിടണമെന്നുള്ളതിനാൽ അതും അദാലത്തിൽ പാസാക്കും. ഉപഭോക്തൃ സംബന്ധമായ പരാതികൾക്കും ഇനി അദാലത്തുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP