Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനക്കൂട്ടവും പൊലീസും ഒരുമിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു; 42 പേർ കൊല്ലപ്പെട്ടു; പാർലമെന്റെ മന്ദിരത്തിന് ബോംബിട്ടു; അട്ടിമറി ഒഴിവായ ആശ്വസത്തിൽ അമേരിക്കയും യൂറോപ്പും

ജനക്കൂട്ടവും പൊലീസും ഒരുമിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു; 42 പേർ കൊല്ലപ്പെട്ടു; പാർലമെന്റെ മന്ദിരത്തിന് ബോംബിട്ടു; അട്ടിമറി ഒഴിവായ ആശ്വസത്തിൽ അമേരിക്കയും യൂറോപ്പും

മറുനാടൻ മലയാളി ഡെസ്‌ക്‌

അങ്കാര: യൂറോപ്പിലെ ഏക മുസ്ലിം രാജ്യമായ തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു. ഒളിൽ പോയ പ്രസിഡന്റ് നിയന്ത്രണം തന്റെ കയ്യിൽ തന്നയെന്ന് അവകാശപ്പെട്ടു. പ്രസിഡന്റിന്റെ ആഹ്വാന പ്രകാരം ജനങ്ങളും പൊലീസും നടത്തിയ നീക്കങ്ങളിലാണ് പട്ടാള അട്ടിമറി പൊളിഞ്ഞത്. സൈന്യത്തിലെ ഒരു വിഭാഗം മാത്രമേ സൈനിക നടപടിയിൽ പങ്കെടുത്തുള്ളൂ. ഇതും കാര്യങ്ങൾ സർക്കാരിന് അനുകൂലമാക്കി. അതിനിടെ പാർലമെന്റിന് ബോംബിടുകയും ചെയ്തു. സൈന്യം ജനങ്ങളും തമ്മിലെ ഏറ്റുമുട്ടലിൽ 42 പേർ കൊല്ലപ്പെട്ടു.

പ്രസിഡന്റ് തയ്യിബ് എർദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അട്ടിമറി വാർത്തകൾക്ക് പിന്നാലെ പുറത്ത് വരുന്നത്. പട്ടാള അട്ടിമറി ജനം ചെറുത്തു തോൽപ്പിക്കുകയായിരുന്നുവെന്നാണ് തുർക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതായും ചിലർ കീഴടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി ബിനാലി യിൽദിരിം പ്രത്യേക പാർലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തുർക്കി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്നലെ അർധരാത്രിയോടെയാണ് അട്ടിമറിശ്രമത്തിന് സൈന്യത്തിലെ ഒരുവിഭാഗം നീക്കം നടത്തിയത്. പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബൂളിലുമാണ് സൈന്യം നിയന്ത്രണം ഏറ്റെടുത്തത്. ജനങ്ങളുടെ അവകാശവും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടി അധികാരം പിടിച്ചടക്കേണ്ടിയിരിക്കുന്നു എന്നാണ് സൈന്യം വിശദീകരണം നൽകിയത്. പിന്നാലെ പുലർച്ചെ രണ്ട്മണിയോടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതായി ഓദ്യോഗിക ചാനലിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് തയ്യിബ് എർദോഗൻ ജനങ്ങളോട് തെരുവിലിറങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതനുസരിച്ച് തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ സൈന്യം നിറയൊഴിച്ചു.

ഇതോടെ തുർക്കിയിൽ സൈന്യത്തിനെതിരെ പ്രതിഷേധം വ്യാപകമായി. അതിനിടെ ഇസ്താംബൂളിലെത്തിയ പ്രസിഡന്റ് എർദോഗൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഈ സമയത്ത് ഇസ്താംബൂളിൽ വൻ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ എർദോഗന് പിന്തുണയുമായെത്തിയ ജനക്കൂട്ടം സൈന്യത്തെ നിഷ്‌ക്രിയരാക്കി. അങ്കാരയിലും ഇസ്തംബൂളിലും വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയ സൈന്യം രാജ്യത്തെ സൈനിക മേധാവിയെ തടവിലാക്കുകയും ചെയ്തതയാണ് ഇന്ന് വാർത്ത വന്നത്. അതിനിടെ തുർക്കിയിൽ ജനാധിപത്യവും മനുഷ്യാവകാശവും നിലനിർത്താൻ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന പ്രസ്താവന പുറത്തു വന്നു. ഇതോടെയാണ് തിരിച്ചടിക്കാനുള്ള പ്രസിഡന്റിന്റെ നിർദ്ദേശം വന്നത്. രാജ്യത്തെ പൊതുഇടങ്ങളും വിമാനത്താവളങ്ങളും പിടിച്ചെടുക്കാൻ ജനങ്ങളോട് പ്രസിഡന്റ് നിർദ്ദേശിച്ചു. ഇതും ജനങ്ങൾ ഏറ്റെടുത്തു.

പ്രസിഡന്റിന്റെ ഓഫീസ് പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമവും നടന്നില്ല. ജനങ്ങൾക്കൊപ്പം പൊലീസുകാരും ചേർന്നു. പ്രസിഡന്റിന്റെ ഓഫീസിലെത്തിയവരെ പൊലീസുകാർ പിടികൂടി. ഈ ചിത്രങ്ങളും പുറത്തുവന്നു. നേരത്തെ അങ്കാരയിലെ പൊലീസ് സ്‌പെഷൽ ഫോഴ്‌സ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ 17 തുർക്കി പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്താംബൂളിൽ തടിച്ചൂകൂടിയ ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടിയുതിർത്തു. ഇതും ജനങ്ങളുടെ പ്രതിഷേധം ഇരട്ടിയാക്കി. തിരിച്ചടിക്കാൻ ജനം ഒന്നടങ്കം തെരുവിലെത്തിയതോടെ സൈന്യത്തിന്റെ പിടിവിട്ടു. ഇതോടെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആശ്വാസത്തിലുമായി. ഐസിസിനെതിരായ പോരാട്ടങ്ങൾക്ക് തുർക്കിയുടെ പിന്തുണ അനിവാര്യതയാണ്. അത് ഇനിയും തുടരുമെന്ന് ഉറപ്പാക്കാൻ അട്ടിമറി ശ്രമം പൊളിഞ്ഞതിലൂടെ കഴിഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യവും മതേതര സ്വഭാവവും അട്ടിമറിക്കുന്ന നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ചാനലിൽ സൈന്യത്തിന്റെ പ്രസ്താവനയായി വന്നിരുന്നു. ഒരു 'സമാധാന കൗൺസി'ന്റെ നേതൃത്വത്തിലായിരിക്കും ഇനി രാജ്യത്തിന്റെ ഭരണമെന്നും അറിയിച്ചു. അതിനു കീഴിൽ ജനങ്ങൾ സുരക്ഷിതരായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. തുർക്കിയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നായ ബോസ്‌ഫോറസ് പാലവും സൈന്യം അടച്ചു. നിസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഫ്രാൻസ് പതാകയുടെ നിറങ്ങളിൽ ഇന്നലെ വൈദ്യുതാലങ്കാരം നടത്തിയിരുന്ന പാലമായിരുന്നു ഇത്. രണ്ട് പ്രധാനപാലങ്ങൾ അടച്ചതോടെ പുറംലോകവുമായുള്ള ബന്ധം ഏകദേശം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു തുർക്കി.

യുഎസ് നേത്യത്വത്തിലുള്ള നാറ്റോ സഖ്യത്തിൽ അംഗമാണ് തുർക്കി. പട്ടാള അട്ടിമറി നടന്നാൽ ഇത് വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാവുമായിരുന്നു. പ്രസിഡന്റ് തയി എർദോൻ 2003 മുതൽ തുർക്കിയുടെ അധികാരം കൈയാളുകയാണ്. അമേരിക്കയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തുർക്കി, ഐഎസിനെതിരായ പോരാട്ടങ്ങളിൽ അമേരിക്കയുടെ കൂട്ടാളിയാണ്. അതുകൊണ്ട് തന്നെ ഐസിസിനെതിരായ പോരാട്ടത്തിന് അമേരിക്കയ്ക്കും റഷ്യയ്ക്കും തുർക്കിയുടെ പിന്തുണ അനിവാര്യമാണ്. അതുകൊണ്ട് പട്ടാള അട്ടിമറി ഫലത്തിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ തിരിച്ചടിയായി വിലയിരുത്തിയിരുന്നു.

വ്യാപകമായി സിറിയൻ അഭയാർത്ഥികൾക്ക് താവളമൊരുക്കിയ രാജ്യം കൂടിയാണ് തുർക്കി. ഏകദേശം 20 ലക്ഷത്തോളം സിറിയൻ അഭയാർത്ഥികൾ തുർക്കിയിലുള്ളതായാണ് കണക്ക്. അതുകൊണ്ട് തന്നെ സൈനിക അട്ടിമറി പൊളിയുന്നത് അന്താരാഷ്ട്ര സമൂഹത്തിനും ആശ്വാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP