Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അതിർത്തിയിൽ സംഘർഷത്തിനു കാരണമായ' മലയാളി; ഹോക്കി സ്റ്റിക്കെടുത്തതു ജി വി രാജ സ്‌കൂളിൽ അത്‌ലറ്റായിരിക്കെ; ഇന്ത്യയെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ചു: മലയാളികളുടെ അഭിമാനമുയർത്തിയ പി ആർ ശ്രീജേഷിനെ അറിയാം

'അതിർത്തിയിൽ സംഘർഷത്തിനു കാരണമായ' മലയാളി; ഹോക്കി സ്റ്റിക്കെടുത്തതു ജി വി രാജ സ്‌കൂളിൽ അത്‌ലറ്റായിരിക്കെ; ഇന്ത്യയെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ചു: മലയാളികളുടെ അഭിമാനമുയർത്തിയ പി ആർ ശ്രീജേഷിനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ ശ്രീയായി രാജ്യത്തിന്റെ അഭിമാനം കാക്കാൻ റിയോയിലേക്കു വണ്ടികയറുകയാണ് പി ആർ ശ്രീജേഷ്. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും പേറിയാണ് ഹോക്കി ടീമിനെ നയിക്കുക എന്ന ദൗത്യമേറ്റെടുത്തു ശ്രീജേഷ് മുന്നോട്ടു പോകുന്നത്.

അത്‌ലറ്റിക്‌സിൽ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോൾ കീപ്പിങ് മികവിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്.

ഈ പ്രകടനമാണ് അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർക്കു പ്രകോപനമുണ്ടാക്കിയതും. തങ്ങളുടെ ടീമിനെ തോൽപ്പിക്കാൻ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാൻ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനൽ കഴിഞ്ഞ സമയത്താണു അതിർത്തിയിൽ വെടിവയ്പുണ്ടായതെന്ന് അന്നു വാർത്താസമ്മേളനം നടത്തി ബിഎസ്എഫ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഹോക്കിയാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ കായിക ഇനം. ഇന്ത്യ ക്രിക്കറ്റിനെ നെഞ്ചിലേറ്റി മുന്നോട്ട് പോകുമ്പോഴും പാക്കിസ്ഥാന് ഹോക്കി ക്രിക്കറ്റിനോളം പ്രിയപ്പെട്ടതാണ്. ഹോക്കിയിൽ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാനപ്രശ്നമാണ്.

ഇഞ്ചിയോൺ ഏഷ്യാഡിലെ ആദ്യ കളിയിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചു. ഫൈനലിലും പരമ്പരാഗത എതിരാളികൾ നേർക്കു നേർ എത്തി. കളിയിൽ മുൻതൂക്കം നൽകിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച് വിജയ വഴിയിൽ അവർ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച് ഇന്ത്യ സമനില ഗോൾ നേടി. മുഴുവൻ സമയത്ത് സമനില. ഇനി പെനാൽട്ടി കിക്ക്. അപ്പോഴും തോൽക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. കാരണം പാക് ഗോൾ വലകാക്കുന്നത് ഇമ്രാൻ ബട്ട്. ഇന്ത്യക്ക് വേണ്ടിയാണെങ്കിൽ ശ്രീജേഷെന്ന കൊച്ചു പയ്യൻ.

മത്സര പരിചയത്തിലും കളി മികവിലും ഇമ്രാൻ ബട്ട് തന്നെയാണ് മിടുക്കൻ. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമർപ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാൽട്ടി കിക്കുകൾ ശ്രീജേഷ് തടഞ്ഞു. മലയാളി നൽകിയ മുൻതൂക്കം ഇന്ത്യൻ താരങ്ങളും മുതലാക്കി. ഇമ്രാൻ ബട്ടിനെ മറികടന്ന് നാല് കിക്കുകൾ വലയിലെത്തി. ഇതോടെ പാക്കിസ്ഥാൻ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തിൽ ഇന്ത്യ ഇഞ്ചിയോണിൽ നിന്ന് സ്വർണ്ണവുമായി മടങ്ങി. ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു.

തകർച്ചയിൽ നിന്ന് ഇന്ത്യൻ ഹോക്കി ഉയർത്തെഴുന്നേറ്റപ്പോൾ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇന്ത്യൻ അതിർത്തി രക്ഷാ സേന തന്നെ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കിയത് ഏഷ്യൻ ഗെയിസ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷമെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി. ബി.എസ്.എഫ് പറയുന്നത് ശരിയാണെങ്കിൽ പാക് വിജയം തടഞ്ഞ ഇന്ത്യൻ ഗോൾ വലകാത്ത കൊച്ചിക്കാരൻ ശ്രീജേഷ് തന്നെയാണ് സംഘർഷത്തിന്റെ യഥാർത്ഥ ഉത്തരവാദി!

മടിയാണ് ശ്രീജേഷിനെ ഗോൾകീപ്പറാക്കിയത്. ആ മടി തന്നെയാണ് പിന്നീട് ഇന്ത്യൻ ഹോക്കിക്ക് കരുത്തായതും. അത്ലറ്റിക്സിനോടായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ ശ്രീജേഷിന് താൽപ്പര്യം. എങ്ങനെ ഗോൾ കീപ്പറായെന്ന ചോദ്യത്തിന് ശ്രീജേഷ് നൽകുന്ന ഈ ഉത്തരത്തിൽ എല്ലാമുണ്ട്. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ ചെന്നശേഷമാണ് ഞാൻ ഹോക്കി ആദ്യമായി കളിക്കുന്നത്. അതുവരെ ഷോട്ട്പുട്ടായിരുന്നു എന്റെ ഇനം. എട്ടാം ക്ലാസിൽ ഹോക്കിയിലേക്ക് വന്നപ്പോൾ ഓടാൻ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ഗോൾ കീപ്പറായത്. അങ്ങനെ ഗോൾകീപ്പറായ ശ്രീജേഷ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. പോസ്റ്റിന് മുന്നിൽ പുതിയ ചരിത്രം കുറിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്‌കൂളിൽ ഓടിത്തുടങ്ങിയ ശ്രീജേഷിന്റെ കൈകളിലേക്ക് ഹോക്കി സ്റ്റിക്ക് എത്തുന്നത് പന്ത്രണ്ടാമത്തെ വയസിൽ. തൊട്ടടുത്ത വർഷം തന്നെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. അണ്ടർ 19 ഇന്ത്യൻ ക്യാംപിലെത്തിയതോടെ ഹോക്കി പന്തിന്റെ വേഗത്തിലായിരുന്നു ശ്രീജേഷിന്റെ വളർച്ച. ഈ യാത്ര ക്യാപ്റ്റനിൽ വരെയെത്തി നിൽക്കുന്നു.

ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് ആദ്യമായി ക്യാപ്റ്റനാകുന്നത്. ക്യാപ്റ്റനായിരുന്ന സർദാർ സിങ്ങിനു വിശ്രമം നൽകിയാണു ശ്രീയെ ഹോക്കി ഇന്ത്യ കടിഞ്ഞാണേൽപ്പിച്ചത്. ഇവിടെയും വിശ്വാസം കാത്ത ശ്രീ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചു. ഏറെക്കാലത്തിനുശേഷമാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ എത്തുന്നതു തന്നെ. ഈ വിജയം ക്യാപ്റ്റന്റെ കിരീടം ശ്രീയുടെ തലയിൽ ഉറപ്പിക്കാൻ കാരണമായി.

ഒളിമ്പിക്‌സ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ സെലക്ടർമാർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ക്യാപ്റ്റന്റെ ആം ബാൻഡ് ഈ മലയാളി താരത്തെ തന്നെ ഏൽപ്പിച്ചു. ഏവരെയും ഒത്തിണക്കത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഈ കൊച്ചിക്കാരന്റെ പാടവവും സെലക്ടർമാരുടെ ശ്രദ്ധയിലെത്തിയിരുന്നു.

1972ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മാനുവൽ ഫെഡറിക്‌സാണ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഏക മലയാളി ഹോക്കി താരം. പശ്ചിമ ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യയുടെ നേട്ടം. പിആർ ശ്രീജേഷ് എന്ന കരുത്തനായ ഗോൾകീപ്പറുടെ പോരാട്ടവീറും നായകനു കൂട്ടുകാരുടെ മികച്ച പിന്തുണയുമുള്ളപ്പോൾ ഇന്ത്യക്ക് ഇക്കുറി ഒളിമ്പിക്‌സിൽ ഹോക്കി സ്വർണം സ്വപ്‌നം കണ്ടുതുടങ്ങാം.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പാറാട്ടു രവീന്ദ്രന്റെ മകനായി 1986 മെയ് 8നു ജനിച്ചു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. ഗ്രൗണ്ടിലെ പ്രണയം തന്നെയാണ് ശ്രീജേഷിന്റെ ജീവിത സഖിയായി അനീഷ്യയെ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP