Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംബാനിഫിക്കേഷനിൽ രാജീവ് ദേവരാജ് വീണു; ന്യൂസ് കേരള 18ന്റെ തലവനായി മനോരമയിലെ മാദ്ധ്യമ പ്രവർത്തകനെത്തും; വിനു വി. ജോണിനെയും വേണുബാലകൃഷ്ണനെയും നോട്ടമിട്ടും കരുക്കൾ നീക്കി റിലയൻസിന്റെ മലയാളം ന്യൂസ് ചാനൽ

അംബാനിഫിക്കേഷനിൽ രാജീവ് ദേവരാജ് വീണു; ന്യൂസ് കേരള 18ന്റെ തലവനായി മനോരമയിലെ മാദ്ധ്യമ പ്രവർത്തകനെത്തും; വിനു വി. ജോണിനെയും വേണുബാലകൃഷ്ണനെയും നോട്ടമിട്ടും കരുക്കൾ നീക്കി റിലയൻസിന്റെ മലയാളം ന്യൂസ് ചാനൽ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് ആരംഭിച്ച റിലയൻസിന്റെ മലയാളം വാർത്താചാനലിലേക്ക് കൂടുതൽ പ്രമുഖർ എത്തുന്നു. മനോരമ ന്യൂസിന്റെ വാർത്താമുഖവും നെടുംതൂണുമായ രാജീവ് ദേവ്‌രാജ് ഉടൻ റിലയൻസിന്റെ ചാനലായ ന്യൂസ് 18ൽ ചേരും. കേരള ഹെഡായാണ് നിയമനം. മനോരമ ന്യൂസ് ചാനലിന്റെ തിരുവനന്തപുരം റീജണൽ ഹെഡാണ് രാജീവ് ദേവ്‌രാജ് ഇപ്പോൾ. വാർത്താധിഷ്ഠിതപരിപാടിയായ 'പറയാതെ വയ്യ' തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും രാജീവാണ്. മനോരമയിലെ ഏറെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്നാണ് ഇത്. കൂടാതെ പ്രമുഖരുമായുള്ള അഭിമുഖങ്ങളും ബജറ്റ്‌പോലെയുള്ള പ്രധാനസംഭവങ്ങളുമൊക്കെ റിപ്പോർട്ട് ചെയ്യുന്നതും പ്രത്യേക പരിപാടികൾ തയ്യാറാക്കുന്നതും രാജീവാണ്.

മനോരമന്യൂസ് മേധാവി ജോണി ലൂക്കോസിന്റെ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് രാജീവ് ദേവ്‌രാജ്. ന്യൂസ് 18ൽ രാജീവ് എത്തുന്നതോടെ വാർത്താവിഭാഗത്തെ നിലവിൽ നിയന്ത്രിക്കുന്നതിനുള്ള ചുമതല രാജീവിൽ നിക്ഷിപ്തമാകും. റിപ്പോർട്ടർ ചാനലിന്റെ ഡൽഹി ബ്യൂറോയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായിരുന്ന എം. ഉണ്ണിക്കൃഷ്ണനും കഴിഞ്ഞദിവസം രാജിവച്ച് ന്യൂസ് 18 ൽ ചേർന്നിട്ടുണ്ട്.

മനോരമ ന്യൂസ് ചാനലിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായിരുന്ന ടി.ജെ. ശ്രീലാൽ നേരത്തെ ന്യൂസ് 18 ൽ ചേർന്നിരുന്നു. മനോരമയുടെ ഡൽഹി ബ്യൂറോചീഫായിരുന്നു ശ്രീലാൽ. വൻതുക ശമ്പളം നൽകിയാണ് ടി.ജെ. ശ്രീലാലിനെ ന്യൂസ് 18 സ്വന്തമാക്കിയത്. ഡൽഹിയിലെ മാദ്ധ്യമരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായ ശ്രീലാലിനെ കിട്ടിയത് ന്യൂസ് 18 ന്റെ വാർത്താവിഭാഗത്തിന് കരുത്ത് പകർന്നിട്ടുണ്ട്. മനോരമ ന്യൂസ് ചാനലിന്റെ തന്നെ ഡൽഹി റിപ്പോർട്ടറായിരുന്ന ജെ. സതീഷ്‌കുമാറും മനോരമയിൽ നിന്ന് രാജിവച്ച് ന്യൂസ് 18 ൽ ചേർന്നു. ഡൽഹിയിലാണ് നിയമനം. ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി. ദിലീപ് കുമാറും ന്യൂസ് 18 ൽ ചേർന്നു. ന്യൂസ് എഡിറ്ററായാണ് ദിലീപ് ന്യൂസ് 18 ൽ എത്തിയത്. എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്നതിന് മുമ്പ് ഇന്ത്യാവിഷൻ ഡൽഹി ബ്യൂറോ ചീഫായിരുന്നു ദിലീപ്.

ജൂലൈ അഞ്ചിനാണ് ന്യൂസ് 18 ഔദ്യോഗികമായി കേരളത്തിൽ വാർത്താ സംപ്രേഷണം ആരംഭിച്ചത്. കണക്കില്ലാതെ പണംമുടക്കിയാണ് റിലയൻസിന്റെ ചാനലിന്റെ പ്രവർത്തനം. കഴക്കൂട്ടത്ത് പ്രധാന ഓഫീസിൽ തന്നെ കോടികൾ മുടക്കിയിട്ടുണ്ട്. കേരളത്തിലെ ചാനലുകളിൽ ഏറ്റവുംവലിയ സ്റ്റുഡിയോ ആയിരിക്കും തങ്ങളുടേതെന്നാണ് ന്യൂസ് 18 ന്റെ അവകാശവാദം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് തൽസമയ സംപ്രേഷണത്തിനുള്ള സൗകര്യങ്ങളടക്കം വിപുലമായ സജ്ജീകരണങ്ങളോടെയാണ് ചാനലിന്റെ പ്രവർത്തനം.

തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ന്യൂസ് 18 ന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി മലയാളം ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ചാക്കിട്ടുപിടിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പ്രമുഖ ചാനലുകളിലെ ദൃശ്യമാദ്ധ്യമ പ്രവർത്തകർ റിലയൻസിലേക്ക് വരാൻ തയ്യാറായില്ല. ചാനലിന്റെ ഘടന എങ്ങനെയായിരിക്കും, ടീം ആരൊക്കെ ആയിരിക്കും എന്ന സംശയം നിലനിന്നിരുന്നതാണ് കാരണം. അതേസമയം, പൂട്ടിപ്പോയ ഇന്ത്യാവിഷൻ, പ്രതിസന്ധിയിലായ ടി.വി. ന്യൂ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചാനൽ പരീക്ഷണ സംപ്രേഷണവും ആരംഭിച്ചു. തൽസമയ സംപ്രേഷണത്തിനുള്ള ഡി.എസ്.എൻ.ജി അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പരീക്ഷണ സംപ്രേഷണം. മറ്റ് ജില്ലകളിലും റിലയൻസിന് റിപ്പോർട്ടർമാരെ കിട്ടി. പ്രതിസന്ധിയിലായ റിപ്പോർട്ടറായിരുന്നു പ്രധാന സ്രോതസ്സ്.

തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ മാദ്ധ്യമപ്രവർത്തകർ ന്യൂസ് 18 നോട് അടുപ്പം കാണിച്ചുതുടങ്ങി. മാദ്ധ്യമരംഗത്ത് ചാനൽ ശ്രദ്ധേയാകർഷിക്കുമെന്ന ബോധ്യം പ്രമുഖ ദൃശ്യമാദ്ധ്യമപ്രവർത്തകരിലെല്ലാം ഉണ്ടായി. ഇതോടെയാണ് റിലയൻസിലേക്ക് ഒഴുക്ക് തുടങ്ങുന്നത്. ഇന്ത്യയിലെ വാർത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് വ്യാപകമായി പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ന്യൂസ് 18 നെറ്റ് വർക്കിന് 13 ഭാഷാ ചാനലുകളുണ്ട്. ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീസ് ചാനലുകളാണ് ഇപ്പോൾ തുടങ്ങാൻ പോകുന്നത്. കേരളത്തിൽ വാർത്താസംപ്രേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകർക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. മറ്റ് ചാനലുകളിലെ പ്രമുഖർക്ക് വൻശമ്പളമാണ് റിലയൻസിന്റെ വാഗ്ദാനം.

അന്വേഷണാത്മക പത്രപ്രവർത്തകനായ പ്രദീപ് സി. നെടുമണും ന്യൂസ് 18 ൽ ജോലിക്ക് ചേർന്നിട്ടുണ്ട്. റിപ്പോർട്ടർ ചാനലിലെ കാണാത്ത കേരളം പരിപാടിയിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകനാണ് പ്രദീപ് സി. നെടുമൺ. കൈരളിയുടെ ന്യൂസ് ചാനലായ പീപ്പിളിന്റെ വാർത്താവതാരകനായിരുന്ന പ്രദീപും ന്യൂസ് 18 ൽ എത്തി. ജയ് ഹിന്ദ് ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ ശ്രീനാഥും ചാനലിന്റെ ഭാഗമായി. ഇന്ത്യാവിഷനിൽ ഉണ്ടായിരുന്ന സി.എൻ.പ്രകാശ്, അഭിലാഷ് തുടങ്ങിയവരും റിപ്പോർട്ടർ ചാനലിൽ നിന്ന് ബിജുഗോപിനാഥ്, ശ്രീജിത്ത് എന്നിവരും മംഗളത്തിൽ നിന്നു തന്നെ ശ്രീലാപിള്ളയും ന്യൂസ് 18 നിൽ എത്തി.

വരും ദിവസങ്ങളിൽ മറ്റ് പ്രമുഖ ചാനലുകളുടെ വാർത്താവിഭാഗത്തിൽ നിന്ന് കൂടുതൽ പേർ ന്യൂസ് 18 ലേക്ക് എത്തുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. നിലവിൽ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ എന്നിവ ഒഴികെയുള്ള ചാനലുകളുടെ വാർത്താവിഭാഗങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പല ചാനലുകളിലും മാദ്ധ്യമപ്രവർത്തകർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയും ഉണ്ട്. റിപ്പോർട്ടർ ചാനലിൽ രണ്ടുമൂന്ന് മാസം കൂടുമ്പോഴാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ജീവൻ ടി.വിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ജയ്ഹിന്ദ് ടി.വിയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.

ജയ്ഹിന്ദിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകയായിരുന്ന സിമിയും ജോലി രാജിവച്ച് ന്യൂസ് 18 ൽ ചേർന്നു. റിപ്പോർട്ടർ ചാനലിന്റെ കൊച്ചി റിപ്പോർട്ടറായിരുന്ന എം.എസ്. അനീഷ്‌കുമാർ ന്യൂസ് 18 ന്റെ ആലപ്പുഴ റിപ്പോർട്ടറാണ് ഇപ്പോൾ. അതിനിടെ ഏഷ്യാനെറ്റിലെ ന്യൂസ് അവർ അവതാരകനായ വിനു വി. ജോണുമായും മാതൃഭൂമിയിലെ വാർത്താവതാരകനായ വേണുബാലകൃഷ്ണനുമായും ന്യൂസ് 18 മേധാവികൾ ആശയവിനിമയം നടത്തുന്നതായും സൂചനയുണ്ട്. ഇവരെക്കൂടി ചാനലിന്റെ ഭാഗമാക്കാനാണ് ശ്രമം. ഇവർകൂടി എത്തിയാൽ ചാനലിന്റെ വാർത്താമുഖം വളരെ ശക്തമാകുമെന്ന ബോധ്യത്തെത്തുടർന്നാണ് ഈ നീക്കം. വൻതുകയാണ് ഇരുവർക്കും വാഗ്ദാനം.

കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കുമെന്ന് ഉറപ്പ്. റിലയൻസ് എന്ന ഭീമന്റെ പിന്തുണയും പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടിയാകുമ്പോൾ മലയാളം ദൃശ്യമാദ്ധ്യമരംഗത്ത് ന്യൂസ് 18 സജീവസാന്നിധ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP