Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകലിനെ പകലായും രാത്രിയെ രാത്രിയായും വേർതിരിച്ച് കാണാൻ കഴിവുള്ള പ്രഗൽഭനായ നേതാവാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി; നഗ്നമായ നിയമലംഘനത്തിൽ പെട്ട് അകത്താകാതിരിക്കാൻ ഏതറ്റം വരേയും താഴാൻ ഉറച്ച് എസ്എൻഡിപി യോഗ നേതാവ്

പകലിനെ പകലായും രാത്രിയെ രാത്രിയായും വേർതിരിച്ച് കാണാൻ കഴിവുള്ള പ്രഗൽഭനായ നേതാവാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി; നഗ്നമായ നിയമലംഘനത്തിൽ പെട്ട് അകത്താകാതിരിക്കാൻ ഏതറ്റം വരേയും താഴാൻ ഉറച്ച് എസ്എൻഡിപി യോഗ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മൈക്രോ ഫിനാൻസ് അഴിമതിയിൽ വിജിലൻസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ അറസ്റ്റ് ഭീഷണിയിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എങ്ങനേയും അത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് വെള്ളാപ്പള്ളി. ബിജെപിയ്‌ക്കൊപ്പം ചേർന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ബിഡിജെഎസ് ഉണ്ടാക്കിയത് ഫലം കണ്ടില്ല. വി എസ് അച്യൂതാനന്ദനെ കടന്നാക്രമിച്ച് ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി. എങ്ങനേയും കേസിൽ നിന്ന് ഊരുകയാണ് ലക്ഷ്യം. അതിനായി പിണറായി വിജയനെ പുകഴ്‌ത്തി മുന്നേറാനാണ് തീരുമാനം. അത് ഫറലം കാണുമെന്നാണ് പ്രതീക്ഷ. അതിനായി ഏതറ്റം വരേയും പോകും.

മൈക്രോഫിനാൻസ് വിഷയവുമായി ബന്ധപ്പെട്ടു നടത്താനിരുന്ന എല്ലാ പ്രതിഷേധങ്ങളും ഒഴിവാക്കിയെന്നും പദ്ധതിക്കെതിരെ ഉയർന്ന പരാതിയിലെ കള്ളത്തരം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. യോഗത്തിന്റെയും പോഷകസംഘടനകളുടെയും ഭാരവാഹികളുടെ സംയുക്ത യോഗം ഇന്നലെ വൈകിട്ടു നടത്താനിരുന്ന പ്രകടനം മാറ്റിവച്ചു. പകരം പൊതുസമ്മേളനം ചേർന്നു. സർക്കാരിന്റെ എതിർപ്പുയർന്നാൽ വിജിലൻസ് കേസിൽ അകത്താകുമെന്നാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ. യോഗത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ സമ്മേളനങ്ങളും പ്രചാരണങ്ങളും നടത്തുമെന്നും മൈക്രോഫിനാൻസ് പദ്ധതി ശക്തമായി മുൻപോട്ടു കൊണ്ടുപോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

പകലിനെ പകലായും രാത്രിയെ രാത്രിയായും വേർതിരിച്ചു കാണാൻ കഴിവുള്ള നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നും മൈക്രോഫിനാൻസ് വിഷയത്തിൽ പിണറായി വിജയനു മുൻപും പരാതിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് എസ്എൻഡിപി യോഗം വിലയിരുത്തുന്നത്. മൈക്രോഫിനാൻസ് പദ്ധതി നടത്തിപ്പു സംബന്ധിച്ചു യോഗത്തിനെതിരെ വിജിലൻസ് കേസ് എടുക്കാൻ കഴിയില്ല. വിജിലൻസ് കേസ് എടുക്കണമോ എന്ന പരിശോധന പോലും പൂർത്തിയായിട്ടില്ല. ഇതിനിടെയാണു യോഗം ഭാരവാഹികൾക്കെതിരെ കേസ് എടുക്കുമെന്ന വ്യാജപ്രചാരണം പുറത്തുവന്നത്. എസ്എൻഡിപിക്കു ബിഡിജെഎസുമായി ബന്ധമില്ലാത്തതിനാൽ സർക്കാർ മൈക്രോഫിനാൻസ് വിഷയത്തെ ബിഡിജെഎസുമായി കൂട്ടിയോജിപ്പിക്കുമെന്നു കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വി എസ്.അച്യുതാനന്ദൻ തെറ്റിദ്ധാരണയുടെ പുറത്താണു യോഗത്തിനെതിരെ പരാതി ഉന്നയിക്കുന്നത്. എസ്എൻഡിപി യോഗത്തിലെ സ്ഥാനം നഷ്ടപ്പെട്ട ചിലർ വിഎസിനെ തെറ്റിദ്ധരിപ്പിക്കുന്നതാണു കാരണം. കേസ് കൊടുക്കാൻ വക്കീൽ എഴുതിയ പരാതി വായിച്ചുനോക്കിയിരുന്നെങ്കിൽ വി എസ് ഒപ്പിട്ടു നൽകില്ലായിരുന്നു. ഒരേ സമയം വിജിലൻസിലും ക്രൈംബ്രാഞ്ചിനും പരാതി നൽകിയിരിക്കുകയാണ്. ഇതുതന്നെ അബദ്ധമാണ്. വിഎസിനെ തിരുത്താൻ സാധ്യമല്ല. പണം നൽകിയില്ലെന്ന് ഒരിടത്തും നൽകിയ പണത്തിനു പലിശ കൂട്ടിവാങ്ങിയെന്നു മറ്റൊരിടത്തും പരസ്പരവിരുദ്ധമായി ആരോപിക്കുന്നു. 2003ൽ പണം നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ഇപ്പോൾ ഉന്നയിക്കുന്ന മറ്റൊരാരോപണം. എന്തെങ്കിലും ക്രമക്കേട് ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ യോഗത്തിനെതിരെ കേസ് ഉണ്ടാകുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു.

മൈക്രോഫിനാൻസ് ഇടപാടിൽ കോടികളുടെ തട്ടിപ്പു നടന്നെന്ന കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. പൊലീസ് ക്രൈംബ്രാഞ്ചും ഇതുസംബന്ധിച്ചു കേസെടുക്കാൻ തീരുമാനിച്ചതോടെ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലുമായി. നിയമോപദേശം കിട്ടിയാലുടൻ അറസ്റ്റുണ്ടാകുമെന്നു സൂചന. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. രണ്ട് കേസുകളുമായി ഒരേ സമയം മുന്നോട്ട് പോകാമോ എന്ന പരിശോധന വിജിലൻസ് ഡയറക്ടർ നടത്തുന്നുണ്ട്. ഇത് കഴിഞ്ഞാൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി വെള്ളാപ്പള്ളി വാർത്തകളിൽ നിറയാൻ ശ്രമിച്ചിരുന്നു. കേസിൽ നിന്ന് രക്ഷനേടാനായിരുന്നു അത്. എന്നാൽ ജേക്കബ് തോമസിന്റെ നടപടികളിൽ ഒരു ഘട്ടത്തിലും പിണറായി ഇടപെട്ടില്ല. ബിജെപിയുമായി അടുക്കുന്ന വെള്ളാപ്പള്ളിയെ സംരക്ഷിക്കേണ്ടെന്നത് സിപിഐ(എം) തീരുമാനവുമായി. ഇതോടെയാണ് വെള്ളാപ്പള്ളി കുടുങ്ങിയത്.

വിജിലൻസ് കണ്ടെത്തൽ ഇങ്ങനെ: 15 കോടിയോളം രൂപ എസ്.എൻ.ഡി.പി. യോഗത്തിനു പിന്നാക്ക വികസന കോർപറേഷൻ വായ്പയായി നൽകി. ഈ തുക യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 1015% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കി. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തി. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയത്. വിജിലൻസ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തും. അതിനുശേഷം വിജിലൻസ് കോടതി മുമ്പാകെ എഫ്.ഐ.ആർ. സമർപ്പിക്കും. 15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി നേരിടുക. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശൻ, സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികൾ.

പിന്നാക്ക വികസന കോർപറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി എസ്. അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണമാരംഭിച്ചത്. അന്വേഷണം അട്ടിമറിക്കാൻ മുൻസർക്കാർ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. ബിജെപി പക്ഷത്തേക്ക് പോയതോടെ സിപിഎമ്മിന്റെ പ്രധാന ശത്രുവായി വെള്ളാപ്പള്ളി മാറി. വി എസ് അച്യൂതാനന്ദനെ നിരന്തരം കടന്നാക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെ തോൽപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ ഇടതുപക്ഷം അധികാരത്തിലെത്തി. അതോടെ നിരന്തരമായി മുഖ്യമന്ത്രി പിണറായിയെ പുകഴ്‌ത്തി. പക്ഷേ ഫലം ഒന്നും കണ്ടില്ല. വിജിലൻസിലെ കണ്ടെത്തലുകൾ അതീവ ഗൗരവമാണെന്ന് മനസ്സിലായതോടെ കേസെടുക്കാൻ പിണറായിയും നിർദ്ദേശിച്ചു.

ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉൾപ്പെടെയുള്ള രേഖകൾ കോർപറേഷനിൽ ഹാജരാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ, 2015ൽ കോർപറേഷൻ അഞ്ചുകോടി രൂപകൂടി വായ്പ നൽകി. ഇക്കാര്യത്തിൽ ഗുരുതരവീഴ്ചയാണു കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒൻപതിനു മുമ്പു സമർപ്പിക്കാനാണു വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. പഴുതുകളടച്ച അന്വേഷണമാകണം നടത്തേണ്ടതെന്നും കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവമുണ്ടാകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തട്ടിപ്പ് നടത്തിയത് ചില കോൺഗ്രസ് നേതാക്കളാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വിജിലൻസ് മുഖവിലയ്‌ക്കെടുത്തില്ല. തട്ടിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തമാണ് വിജിലൻസ് വെള്ളാപ്പള്ളിക്ക് മേൽ ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയ വൈരാഗ്യമായി കണ്ടുള്ള പ്രചരണത്തിനാകും എസ്എൻഡിപിയും വെള്ളാപ്പള്ളിയും ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP