Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിടിച്ച മൂർഖനെ ചാക്കിലാക്കുമ്പോൾ കടിയേറ്റു; വിഷ ചികിൽസ ഫലം കണ്ടെങ്കിലും പാമ്പുകളുടെ തോഴനെ ജീവിത പ്രാരാബ്ദങ്ങൾ തളർത്തി; സജീവന്റെ ആത്മഹത്യ പ്രതിസന്ധിയിലാക്കുന്നത് ലില്ലിയേയും മക്കളേയും; അച്ഛന് അർഹതപ്പെട്ട സ്ഥിര ജോലി മകനെങ്കിലും വനംവകുപ്പ് നൽകുമോ?

പിടിച്ച മൂർഖനെ ചാക്കിലാക്കുമ്പോൾ കടിയേറ്റു; വിഷ ചികിൽസ ഫലം കണ്ടെങ്കിലും പാമ്പുകളുടെ തോഴനെ ജീവിത പ്രാരാബ്ദങ്ങൾ തളർത്തി; സജീവന്റെ ആത്മഹത്യ പ്രതിസന്ധിയിലാക്കുന്നത് ലില്ലിയേയും മക്കളേയും; അച്ഛന് അർഹതപ്പെട്ട സ്ഥിര ജോലി മകനെങ്കിലും വനംവകുപ്പ് നൽകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ബേപ്പൂർ: മലബാറിൽ പാമ്പുകടിയേൽക്കുമായിരുന്ന നിരവധിപേർക്ക് സജീവൻ രക്ഷകനായി മാറിയിരുന്നു. ഈ രക്ഷകനാണ് മാഞ്ഞു പോകുന്നത്. ഇതിന്റെ വേദനയിലാണ് കോ്ട്ടൂളി. പാമ്പുപിടിത്തക്കാരൻ എന്ന നിലക്കാണ് അറിയപ്പെടുന്നതെങ്കിലും പാമ്പുകളുടെ തോഴനായിരുന്നു സജീവൻ. കോഴിക്കോടും സമീപപ്രദേശങ്ങളിലും നിന്ന് പാമ്പിനെക്കണ്ട് ഭയക്കുന്നവർ അവയെ സ്‌നേഹത്തോടെ കീഴടക്കാൻ സജീവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധി ഏറെ പ്രയോജനപ്പെടുത്തിയത് വനം വകുപ്പാണ്. ചെറുപാമ്പുകൾ മുതൽ രാജവെമ്പാലയെവരെ പരിക്കൊന്നും ഏൽപിക്കാതെ പിടികൂടി വയനാട്ടിലോ താമരശ്ശേരിയിലോ കാടുകളിൽ കൊണ്ടുപോയി സ്വതന്ത്രമാക്കും.

പാമ്പുകളുമായി നാട്ടുകാർക്ക് മുന്നിൽ അഭ്യാസം കാട്ടി അവയെ ഭയപ്പെടാതിരിക്കാനും സ്‌നേഹിക്കാനും ഉപദേശിക്കും. ഇതിനിടെ, ഒട്ടേറെ തവണ സജീവന് പാമ്പു കടിയേറ്റിട്ടുണ്ട്. അതിൽനിന്നൊക്കെ രക്ഷപ്പെട്ട സജീവനെ കഴിഞ്ഞ ഏപ്രിൽ 27ന് ഒളവണ്ണയിൽനിന്ന് വീണ്ടും മൂർഖന്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളജിലും ബീച്ചാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമൊക്കെയായി മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് വീട്ടിലത്തെിയത്. വിഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഏറക്കുറെ ചികിത്സയിൽ പരിഹരിച്ചെങ്കിലും സജീവൻ കടുത്ത മാനസിക സംഘർഷത്തിന് വിധേയനായിരുന്നു. ജീവതപ്രാരാബ്ദങ്ങളുടെ വേദനയിൽ ആത്മഹത്യ ചെയ്ത സജീവനെയോർത്ത് പരിസ്ഥിതി പ്രേമകിൾ ആകെ വേദനയിലാണ്.

അങ്കണവാടി ഹെൽപറായ ഭാര്യ ലില്ലിയും മക്കളായ നവീൻ, നെൽസി എന്നിവരും സാന്ത്വനവുമായി കൂടെയുണ്ടായിട്ടും സജീവൻ ജീവനൊടുക്കി. ചെറുവീട്ടിലെ ഹാളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ട ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കുറ്റ്യാടി വള്ളുമടത്തിൽ വിശ്വനാഥൻ നമ്പീശന്റെയും രമണിയുടെയും മകനാണ്. തുച്ഛവേതനത്തിന് വനം വകുപ്പിൽ ജോലിചെയ്ത ഇദ്ദേഹം പാമ്പിനെയും കടന്നലിനെയുമൊക്കെ ഒഴിവാക്കാൻ നാട്ടുകാർ നൽകുന്ന ചില്ലറ കൂട്ടിയാണ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചത്. ശാരീരിക അവശതകളും ദാരിദ്ര്യവുമാണ് ഇദ്ദേഹത്തെ മരണത്തിന്റെ വഴിയിലത്തെിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മകനെങ്കിലും ഒരു സ്ഥിരം തൊഴിൽ നൽകി ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ വനം വകുപ്പ് തയാറാകണമെന്നാണ് പൊതുവികാരം.

ബേപ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മാത്തോട്ടം വനശ്രീയിൽ അന്ത്യോപചാരം നൽകി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഒളവണ്ണയിലെ ഒരു വീട്ടിൽ മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കവേയാണ് സജീവന്റെ ഇടതുകൈക്ക് കടിയേറ്റത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷമാണ് സജീവൻ രക്ഷപ്പെട്ടത്. പക്ഷേ ഇത്തവണ മാനസികമായി സജീവൻ തളർന്നു പോയി. അതുതന്നെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെച്ചിച്ചത്. രണ്ടുദശകമായി സജീവൻ പാമ്പുപിടിത്തം തുടങ്ങിയിട്ട്. കുറ്റ്യാടി സ്വദേശിയായ സജീവൻ ബേപ്പൂർകാരിയായ ലില്ലിയെ വിവാഹം ചെയ്തതോടെയാണ് ബേപ്പൂരിൽ സ്ഥിരതാമസമാക്കിയതും പാമ്പുപിടിത്തം പിന്നീട് ജീവിതസപര്യയാക്കിയതും.

രാജവെമ്പാല, മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, തുടങ്ങി ആയിരക്കണക്കിന് വിഷപ്പാമ്പുകളെയും പെരുമ്പാമ്പുകളെയും കഴിഞ്ഞ 20 വർഷത്തിനകം സജീവൻ പിടിക്കുകയും അദ്ദേഹം കാഷ്വൽ വാച്ചറായി ജോലിചെയ്യുന്ന വനംവകുപ്പിന്റെ ഉത്തരമേഖലാ ആസ്ഥാനമായ മാത്തോട്ടത്തെ 'വനശ്രീ'യിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വനശ്രീ'യിൽ എത്തിക്കുന്ന പാമ്പുകളെല്ലാം
പലയിടങ്ങളിലായി മനുഷ്യർക്ക് ഭീഷണിയുണ്ടാക്കിയവയാണ്. വീട്ടിനകത്ത്, അടുക്കളയിൽ, കിണറുകളിൽ, കുളിമുറിയിൽ, അട്ടത്ത്, വിറകുപുരയിൽ, വീട്ടുപറമ്പിൽ എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്ന് സജീവൻ പിടിക്കുന്ന പാമ്പുകളെ 'വനശ്രീ'യിൽ നിർമ്മിച്ച പ്രത്യേക കിണറ്റിലാണ് ഇടുന്നത്. പെരുമ്പാമ്പുകളും ഇക്കൂട്ടത്തിൽപ്പെടും. കിണർ പാമ്പുകളെക്കൊണ്ട് നിറയുമ്പോൾ സജീവൻതന്നെ അവയെ സുരക്ഷിതമായി കാടുകളിൽ കൊണ്ടുവിടും.

എവിടെയെങ്കിലും പാമ്പുകൾ മനുഷ്യർക്ക് ഭീഷണിയാവുമ്പോൾ ഉടൻ ഫോൺവിളി വരുന്നത് ഒന്നുകിൽ വനശ്രീയിലേക്കോ അല്ലെങ്കിൽ സജീവന്റെ മൊബൈലിലേക്കോ ആയിരിക്കും. വനശ്രീയിൽ വിളി എത്തേണ്ടതാമസമേയുള്ളൂ, സജീവനെ വിവരമറിയിക്കും. ചിലപ്പോൾ ഒരേസമയം പലേടത്തുനിന്നും പാമ്പിനെ പിടിക്കണമെന്ന ആവശ്യവുമായി ഫോൺകോൾവരും. പലയിടങ്ങളിൽനിന്ന് പിടിച്ച പാമ്പുകളും കൈയിലെ സ്‌നേക് കാച്ചിങ് സ്റ്റിക്കുമായി സജീവൻ വരുന്ന കാഴ്ച 'വനശ്രീ'യിൽ നിത്യസംഭവമാണ്.

ഏത് അസമയത്തും സജീവന് പാമ്പുപിടിത്തത്തിനായി ഇറങ്ങേണ്ടിവരാറുണ്ട്. അയൽ ജില്ലകളിൽനിന്നുപോലും ആളുകൾ സജീവന്റെ സഹായംതേടിവരുന്നു. സ്വന്തമായി വാഹനമോ മറ്റ് ഔദ്യോഗിക സൗകര്യങ്ങളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ നടത്തുന്ന പാമ്പുപിടിത്തത്തിന് തുച്ഛമായ പ്രതിഫലമാണ് വനംവകുപ്പിൽനിന്ന് ഇത്രയും കാലമായി കിട്ടിയത്. വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിലാണ് ഇനി കുട്ടികളുടെ പഠനവും ഉപജീവനവും നടക്കേണ്ടത്.

20 കൊല്ലത്തിനിടയിൽ പലതവണ സജീവന് മൂർഖൻപാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വിഷം കയറിയ സംഭവങ്ങളിൽ ആശുപത്രിയെ ശരണംപ്രാപിക്കേണ്ടി വരികയുംചെയ്തിരുന്നു. പാമ്പുഭീഷണി നേരിടുന്ന ജനങ്ങളെ സജീവൻ രക്ഷിക്കുമ്പോൾ കൂടുതൽ പ്രശംസപിടിച്ചുപറ്റുന്നത് വനശ്രീ അധികൃതർകൂടിയാണ്. പക്ഷേ, 20 വർഷം ഈ തൊഴിലെടുത്തിട്ടും വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിൽനിന്നാണ് ഇപ്പോൾ കുട്ടികളുടെ പഠനവും ഉപജീവനവും.

നാലുവർഷംമുമ്പ് സജീവൻ മരണം മുന്നിൽക്കണ്ടിരുന്നു. ചെറുവണ്ണൂരിലെ ഒരു വീട്ടുപറമ്പിലെ തെങ്ങിന്മണ്ടയിലെ കൂറ്റൻ കടന്നൽക്കൂട് ആ വീട്ടുകാരെ മാത്രമല്ല അയൽവീട്ടുകാർക്കും ഭീഷണിയായി. ആരോ ആ വീട്ടുകാരോട് പറഞ്ഞു, കടന്നൽഭീഷണി മാറ്റാനും സജീവനെ വിളിച്ചാൽമതിയെന്ന്. സ്ഥലത്ത് കുതിച്ചെത്തിയ സജീവൻ കടന്നൽക്കൂട് എടുത്തുമാറ്റാൻ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലുകളിളകി അദ്ദേഹത്തെ പൊതിഞ്ഞുകുത്തി. തെങ്ങിന്മുകളിൽനിന്ന് ഒരുവിധം ഇറങ്ങിയപ്പോഴേക്കും മാരകമായ കടന്നൽക്കുത്തേറ്റ സജീവൻ അർധബോധാവസ്ഥയിലായിരുന്നു. കൺപോളകളടഞ്ഞ് ശരീരവും മുഖവും പെട്ടെന്ന് തടിച്ച് നീലനിറമായി. ഒരു മാസത്തോളം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടിവന്ന സജീവൻ സുഖംപ്രാപിക്കുകയും പാമ്പുപിടിത്തത്തിൽ വ്യാപൃതനാവുകയുമായിരുന്നു.

സജീവനെക്കൂടാതെ വനശ്രീയിൽ നേരത്തേ ചെറുവണ്ണൂർ സ്വദേശി സിബി എന്ന വേലായുധൻ പാമ്പുപിടിത്തത്തിന് നിയോഗിക്കപ്പെട്ടിരുന്നു. പ്രശസ്ത പാമ്പുപിടിത്തക്കാരനും സർപ്പയജ്ഞത്തിൽ ദേശീയ റെക്കോഡ് കരസ്ഥമാക്കിയയാളുമായ ബേപ്പൂരിലെത്തന്നെ പാമ്പ് വേലായുധന്റെ ശിഷ്യനായിരുന്നു സിബി. ഗുരു വേലായുധൻ പാമ്പുകടിയേറ്റ് മരിച്ചപോലെ ശിഷ്യൻ സിബിയും പാമ്പുകടിയേറ്റാണ് രണ്ട് വർഷംമുമ്പ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP