Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രസ് ക്ലബിലെ ഗുണ്ടകൾ തിരിച്ചടിച്ചു തുടങ്ങി! തെരുവ് പട്ടികളെ സൂക്ഷിക്കുക; മാദ്ധ്യമപ്രവർത്തകരെ വെല്ലുവിളിച്ച് വീണ്ടും ഏഷ്യാനെറ്റ് അവതാരകൻ; വിനു വി ജോണിനെ കാട്ടാളനെന്ന് വിമർശിച്ച് ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണനും; അനധികൃത ബാറിൽ തലസ്ഥാനത്തെ പത്രക്കാരുടെ തമ്മിലടി മൂക്കുന്നു

പ്രസ് ക്ലബിലെ ഗുണ്ടകൾ തിരിച്ചടിച്ചു തുടങ്ങി! തെരുവ് പട്ടികളെ സൂക്ഷിക്കുക; മാദ്ധ്യമപ്രവർത്തകരെ വെല്ലുവിളിച്ച് വീണ്ടും ഏഷ്യാനെറ്റ് അവതാരകൻ; വിനു വി ജോണിനെ കാട്ടാളനെന്ന് വിമർശിച്ച് ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണനും; അനധികൃത ബാറിൽ തലസ്ഥാനത്തെ പത്രക്കാരുടെ തമ്മിലടി മൂക്കുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ സങ്കേതത്തിനെതിരെ പ്രതികരിച്ചാൽ ആരെയായാലും വെറുതെ വിടില്ല. ഷെയിം ഓൺയു സിങ്കം! നിങ്ങൾ വിചാരിച്ചാലും തലസ്ഥാനത്തെ പത്രക്കാരുടെ അനധികൃത മദ്യവിൽപ്പന തടയാൻ കഴിയില്ല..! എന്ന ട്വീറ്റിട്ട ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഔട്ട് പുട്ട് എഡിറ്ററുമായ വിനു വി ജോണിനെതിരെ മാദ്ധ്യമ പ്രവർത്തകരുടെ കടന്നാക്രമണം എന്ന് സൂചന. ട്വിറ്ററിലൂടെ വിനു വി ജോൺ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. മാദ്ധ്യമ ഗുണ്ടകൾ തിരിച്ചടി തുടങ്ങിയെന്നും തെരുവ് പട്ടികളെ സൂക്ഷിക്കണമെന്നുമാണ് വിനു വി ജോണിന്റെ ഏറ്റവും പുതിയ ട്വീറ്റ്. ഇതോടെ പ്രസ് ക്ലബ്ബിലെ സങ്കേതം വിഷയത്തിൽ തുറന്ന പോരിന് വിനു വി ജോൺ തയ്യാറെടുക്കുകയാളെന്ന സൂചനനയാണ് ലഭിക്കുന്നത്.

തന്റെ സഹപ്രവർത്തകനും ചിത്ര വിചിത്രം എന്ന പരിപാടിയുടെ അവതാരകനുമായ ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന് വിളിച്ച് എസ്എംഎസ് അയച്ചതായും വിനു വി ജോൺ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അതിനിടെ ഏഷ്യാനെറ്റിലെ മറ്റൊരു വിഭാഗം വിനു വി ജോണിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.  ഇവരെല്ലാം പുതിയ വിഷയത്തിൽ വിനു വി ജോണിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രസ് ക്ലബ്ബ് അംഗങ്ങളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വിനു വി ജോണിനെ കടന്നാക്രമിക്കുന്ന പ്രതികരണങ്ങൾ പ്രവഹിക്കുന്നതായും സൂചനയുണ്ട്. ഇത് മനസ്സിലാക്കിയതാണ് മാദ്ധ്യമ ഗുണ്ടകൾ തിരിച്ചടി തുടങ്ങിയെന്നും തെരുവ് പട്ടികളെ സൂക്ഷിക്കണമെന്നും വിനു ട്വീറ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ തിരുവനന്തപുരം പ്രസ്‌ക്ലബിലെ മദ്യ വ്യവസായത്തെകുറിച്ചുള്ള ട്വീറ്റ് തനിക്ക് തോന്നിയതുകൊണ്ട് വെറുതെ ട്വീറ്റ് ചെയ്തതെന്ന് വിനു വി ജോൺ മറുനാടനോട് പ്രതികരിച്ചു. പ്രസ്‌ക്ലബിലെ മദ്യപാനത്തെകുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. മറ്റ് പല വിഷയങ്ങളിലും ഒരു മാദ്ധ്യമ പ്രവർത്തകൻ പ്രതികരിക്കാറുണ്ട്. അത് പോലെ തന്നെയാണ് ഇതും എന്നാണ് വിനു വി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞത്. തന്റെ ട്വീറ്റിന്റെ പിന്നിൽ വ്യക്തിപരമായി ആരേയും ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ് ക്ലബിലെ ഇപ്പോഴത്തെ ഭരണസമിതിയിലും മുൻ ഭരണസമിതിയിലും തന്റെ പരിചയക്കാരാണ് അധികവും. അവരുമായി നല്ല സൗഹൃമാണ് പുലർത്തുന്നതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് അംഗം കൂടിയായ വിനു വി ജോൺ വിശദീകരിക്കുകയും ചെയ്തു. അതിനിടെ വിനുവിനെ പ്രസ് ക്ലബ്ബ് അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ചർച്ചകളും സജീവമാണ്.

പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്നാണ് വിനു പോസ്റ്റിട്ടത്. ഇത് തീർത്തും തെറ്റാണ്. മദ്യകച്ചവടമൊന്നും പ്രസ് ക്ലബ്ബിൽ നടക്കുന്നില്ല. സങ്കേതമെന്നത് മദ്യ കച്ചവടത്തിന്റെ കേന്ദ്രവുമല്ലെന്ന് പ്രസ് ക്ലബ്ബിലെ മുതിർന്നൊരു അംഗം മറുനാടനോട് പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാനാണ് വിനു ശ്രമിക്കുന്നത്. ഏത് മാദ്ധ്യമ പ്രവർത്തകർക്കാകെ ചീത്ത പേരുണ്ടാക്കും. വിനുവിനെ പോലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഋഷിരാജ് സിംഗിനെ എത്ര പ്രകോപിപ്പിച്ചാലും പ്രസ് ക്ലബ്ബിനെതിരെ ഒന്നും ആർക്കും കിട്ടില്ലെന്നാണ് ഈ മാദ്ധ്യമപ്രവർത്തകൻ പ്രതികിരച്ചത്. അതിനിടെ വിനുവിന്റെ പോസ്റ്റിനെ തുടർന്ന് സങ്കേതത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സൂചനയുണ്ട്. പുറത്തുള്ള ആർക്കും ഇനിയവിടെ പ്രവേശനം ഉണ്ടാകില്ല. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ രണ്ട് മണി വരേയും രാത്രി ഏഴ് മുതൽ പത്ത് വരെയുമായി സങ്കേതത്തിന്റെ പ്രവർത്തനം ചുരുക്കുകയും ചെയ്തു.

എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്തശേഷം ഋഷിരാജ് സിങ് സങ്കേതം പൂട്ടിക്കുമെന്നുതന്നെയായിരുന്നു കുടിയന്മാരല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ പ്രതീക്ഷ. പക്ഷേ അതു തെറ്റിയിരിക്കുന്നു. അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ആഴ്ച സങ്കേതത്തിന് തൊട്ടടുത്തുള്ള രണ്ടു ക്ലബ്ബുകളിൽ സിങ്കമെത്തി. ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഈ രണ്ടു ക്ലബ്ബുകളിലും നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച അദ്ദേഹം ഉടൻ സങ്കേതത്തിൽ കയറുമെന്ന് കരുതിയിരുന്നവർക്ക് തെറ്റി. റോഡിൽ നിൽക്കുമ്പോൾതന്നെ മദ്യത്തിന്റെ മണം ലഭിക്കുന്ന അനധികൃത ബാർ ആയിരുന്നിട്ടും സിങ്കം സങ്കേതത്തെ തിരിഞ്ഞുനോക്കാത്തതിനെതിരേ വനിതാ മാദ്ധ്യമപ്രവർത്തകരും മദ്യവിരുദ്ധരായ മാദ്ധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തുവന്നതെന്നാണ് സൂചന.

ബാറുകൾ പൂട്ടിച്ച യുഡിഎഫ് സർക്കാർ എടുത്ത അതേ നിലപാട് തന്നെയാണ് പ്രസ് ക്ലബ്ബിലെ അനധികൃത ബാറിന്റെ കാര്യത്തിൽ എൽഡിഎഫ് സർക്കാരും എടുക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പത്രക്കാരെ പിണക്കിയാൽ പണിയാകും എന്നറിയാവുന്നതുകൊണ്ടാണ് സർക്കാരുകളും ഋഷിരാജ് സിംഗിനേപ്പോലുള്ള ധീരന്മാരായ ഉദ്യോഗസ്ഥരും ഈ അനധികൃത ബാറിനെ വളർത്തുന്നത്. ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ നിലവിലുണ്ടായിരുന്ന സമയക്രമം ഒന്നും ഈ ബാറിന് ബാധകമായിരുന്നില്ല. നിലവിൽ ബിയർ വൈൻ പാർലറുകൾക്കും, ഫൈവ്സ്റ്റാർ ബാറുകൾക്കും അനുവദിച്ച സമയക്രമവും പത്രക്കാരുടെ സങ്കേതത്തിന് ബാധകമല്ല. സങ്കേതത്തിലിരുന്ന് കുടിച്ചുകുടിച്ച് മരിച്ചവരും രോഗികളായവരുമായ മാദ്ധ്യമപ്രവർത്തകർ നിരവധിയാണ്.

സങ്കേതത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ചേർന്ന് അവരെ തെറിവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സങ്കേതതത്തിന് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തക സുനിത ദേവദാസിനെതിരെ തലസ്ഥാനത്തെ ഒരുവിഭാഗം പത്രക്കാർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സങ്കേതത്തിലെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനം വാർത്തയാക്കിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെയും കടുത്ത ആക്രമണങ്ങൾ ഉണ്ടായിരുന്നു. മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി നടന്ന മാദ്ധ്യമപ്രവർത്തകർ വരെയുണ്ടായിരുന്നു. സങ്കേതവുമായി ബന്ധപ്പെട്ട് നിരന്തരമായി സുനിത ദേവദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഇവിടുത്തെ കുടിയന്മാരായ മാദ്ധ്യമപ്രവർത്തകരെ വിവാദത്തിലാക്കിയിരുന്നു. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്.

തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൗജന്യ കരൾ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിലാണ് സങ്കേതം പ്രവർത്തിക്കുന്നത്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള സങ്കേത്തിലെ സൗകര്യങ്ങൾപോലും അടുത്തിടെ വീണ്ടും മെച്ചപ്പെടുത്തിയിരുന്നു. ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കവുന്ന സാഹചര്യമായിരുന്നു സങ്കേതത്തിൽ.

പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഋഷിരാജ് സിങ് വന്നിട്ടു പോലും സങ്കേതത്തിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തതാണ് വിനു വി ജോണിനെ പോലുള്ള മാദ്ധ്യമപ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP