Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യാചരിത്രത്തിൽ അംബേദ്കർ ആരായിരുന്നു?

ഇന്ത്യാചരിത്രത്തിൽ അംബേദ്കർ ആരായിരുന്നു?

രിത്രം എന്നുമാവശ്യപ്പെടുന്നത് പുനർ വായനയാണ്. ചരിത്രവസ്തുതകളെ സമകാലികതയിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചരിത്രപരമായ പുനർവായന പുതിയ പാഠങ്ങൾ പകർന്നു തരിക മാത്രമല്ല, കേവലം അനുഭവത്തിൽനിന്നുമാത്രം ലഭിക്കാനാവുന്ന ചില സവിശേഷ വിവേകങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്യും. കാലം അത്തരമൊരു പുനർ വായന അവശ്യപ്പെടുന്ന കൃതിയാണ് ബാബാ സാഹേബ് അംബേദ്കറിന്റെ ജാതി ഉന്മൂലനം.

രാജ്യത്തെ ഏറ്റവും പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന, ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സാമൂഹ്യ, രാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കുകയും ചെയ്ത ഡോ ബി ആർ അംബേദ്കറിന്റെ ഒരു പ്രഭാഷണത്തിന്റെ ലിഖിതരൂപമാണ് ജാതി ഉന്മൂലനം (Annihilation of Caste) എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നത്. എന്നാൽ ആ പ്രഭാഷണം ഒരിക്കലും നടത്തപ്പെടുകയുണ്ടായില്ല എന്നതാണ് വാസ്തവം. ഹിന്ദുമതത്തിലെ (അന്നത്തെ) ഒരു പുരോഗമന പരിഷ്‌കരണ സംഘം, ഹിന്ദുമതത്തിന്റെ അടിസ്ഥാന സങ്കല്പമെന്നു പൊതുവെ കരുതിപ്പോരുന്ന ധാരണകളെപ്പറ്റി അംബേദ്കർ ഉയർത്തിയ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടാണ് ആ യോഗം റദ്ദു ചെയ്തത്. കൂടാതെ ജാതി ഉന്മൂലനം അച്ചടിച്ച് പുറത്തിറങ്ങിയതോടെ അന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തനായ 'ഹിന്ദു' മഹാത്മാ ഗാന്ധി അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഹരിജനിലെ ലേഖനത്തിന് അംബേദ്കർ മറുപടി നൽകുകയും ചെയ്തു. ഇന്ന്, സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിട്ടും ആ പ്രഭാഷണം പ്രസക്തമായി നിൽക്കുന്നു, അതിന്റെ ഉള്ളടക്കം കാലികമാണ്, എന്നതാണ് ചിന്താവിഷയമാകേണ്ടത്.

അതുകൊണ്ടാണ് ചരിത്രപരമായ ഒരു പുനർവായനയ്ക്ക് ഉതകുംവിധം ആവശ്യമായ പഠന-വ്യാഖ്യാനക്കുറിപ്പുകളോടെ ജാതി ഉന്മൂലനത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, ജാതി ഉന്മൂലനത്തിന്റെ പ്രസക്തിയും ആധുനിക ഇന്ത്യയിൽ ജാതിയുടെ സ്ഥാനത്തെയും വിശദമാക്കിക്കൊണ്ടുള്ള അരുന്ധതി റോയിയുടെ, ഒരു പുസ്തകത്തിനോളം തന്നെ വലിപ്പമേറിയ, വിശദമായ അവതാരികയും ഈ പതിപ്പിന്റെ സവിശേഷതയാണ്.

ഇന്ത്യാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ടു വ്യക്തികളെ - അവർ ഇന്നു കൈവരിച്ചിരിക്കുന്ന സ്ഥാനത്തിന്റെയും അവരുടെ ജാതി-സാമൂഹ്യാവസ്ഥകളുടെ പരിപ്രേക്ഷ്യത്തിലുള്ള പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും സാമൂഹ്യാവസ്ഥകളുടെയും സമൂഹം അവരിൽനിന്നും ആവശ്യപ്പെട്ടിരുന്നതിന്റെയുമൊക്കെ - ചരിത്രപരമായി വിശകലനം ചെയ്യുകയാണ് 'ഡോക്ടറും വിശുദ്ധനും' എന്ന തലക്കെട്ടിലുള്ള ഈ അവതാരിക. ഒന്ന് സ്വാഭാവികമായും ഡോ. ബി ആർ അംബേദ്കർ തന്നെ. രണ്ടാമത്തേ ആൾ, ചരിത്രപുരുഷന്മാർക്കിടയിൽ എന്നും പ്രഥമസ്ഥാനംമാത്രം അലങ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയും. എന്തായിരുന്നു ഇന്ത്യാ ചരിത്രത്തിൽ ഇരുവർക്കുമുള്ള സ്ഥാനം? അർഹിച്ച പങ്കുതന്നെയാണോ ഇരുവർക്കും കിട്ടിയിട്ടുള്ളത്?

'ചരിത്രം ഗാന്ധിയോട് കനിവ് കാട്ടിയിരുന്നു' എന്നും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ തിളക്കമാർന്ന താരങ്ങളുടെ പട്ടികയിൽ മറ്റാർക്കെങ്കിലും കടക്കണമെങ്കിൽത്തന്നെ രാഷ്ട്രപിതാവിനെ മാറ്റി നിർത്തി മറ്റൊരു പട്ടിക ഉണ്ടാക്കിയെങ്കിലേ സാധിക്കൂ എന്നും അരുന്ധതി റോയി വാദിക്കുന്നു. അത്തരമൊരു ശ്രമത്തിൽ എല്ലായ്‌പ്പോളും അവസാനംവരെ മത്സരിക്കുന്ന ഡോ അംബേദ്കറിനെ ചരിത്രം രേഖപ്പെടുത്തുന്നതുതന്നെ 'ജീവിതത്തിലും ചിന്തയിലും കാമ്പായിരുന്ന രാഷ്ട്രീത്തെക്കാളും അഭിനിവേശത്തേക്കാളുമൊക്കെ, ഇന്ത്യൻ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനാലാവും' എന്നും അവർ എടുത്തുകാണിക്കുന്നുണ്ട്. ആ രാഷ്ട്രീയത്തെ അല്ലങ്കിൽ അദ്ദേഹത്തിന്റെ അഭിനിവേശത്തെ എന്തുകൊണ്ട് ചരിത്രത്തിൽ പോലും തമസ്‌കരിക്കാൻ ശ്രമിക്കുന്നു? അതിനു കാരണം ഇന്നും നിലനിൽക്കുന്ന ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയുടെ ദുഷിച്ച അധികാരശ്രേണികളാണ് എന്ന് അവതാരിക സമർത്ഥിക്കുന്നു.

'ജാതി വ്യവസ്ഥയെപ്പോലെ അവമതിക്കുന്ന സാമൂഹ്യസംഘടനാ സമ്പ്രദായം മറ്റൊന്നുണ്ടാവാനിടയില്ല' എന്നു പറഞ്ഞ അംബേദ്കറും അതേസമയം 'ഇന്ത്യൻ സമൂഹത്തിന്റെ അസാമാന്യ ധിഷണാ പാടവത്തെയാണ് ജാതി പ്രതിനിധീകരിക്കുന്നത്' എന്നു വിശ്വസിച്ച ഗാന്ധിയും പ്രതിനിധീകരിച്ചത് 'കാലങ്ങൾക്കുമുമ്പു തുടങ്ങിയ, ഇന്നും ഒരിക്കലും അവസാനിക്കാത്ത ആഴമുള്ള, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപരമായ ആശയ സംഘർഷങ്ങളുടെ ആ തലമുറയിലെ പ്രതിനിധികൾ' മാത്രമാണെന്നുള്ള പശ്ചാത്തലം കൂടി മനസ്സിലാക്കുമ്പോഴാണ് അവർ തമ്മിലുള്ള ആശയസംഘർഷത്തിന്റെ ആഴവും പ്രസക്തിയും വ്യക്തമാകുന്നത്. അവതാരികയും വ്യാഖ്യാന വിമർശനക്കുറിപ്പുകളും അടങ്ങിയ ഈ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷതയും അതുതന്നെയാണ്.

'ഡോക്ടറും വിശുദ്ധനും' എന്ന അവതാരിക കൊണ്ടുമാത്രം ഈ പ്രത്യേകപതിപ്പിന്റെ പ്രത്യേകത അവസാനിക്കുന്നില്ല. 1936ൽ അംബേദ്കർ നേരിട്ടു പുറത്തിറക്കിയ ജാതി ഉന്മൂലനത്തിന്റെ ആദ്യ പതിപ്പും 1937ൽ അദ്ദേഹം തന്നെ പ്രസിദ്ധപ്പെടുത്തിയ രണ്ടാമത്തെ പതിപ്പും തമ്മിൽ വളരെ സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അവ രേഖപ്പെടുത്തുകയും ഒപ്പം അംബേദ്കറിന്റെ ദൈർഘ്യമേറിയ ഖണ്ഡികകളെ, വായനയുടെ സൗകര്യത്തിനായി, ഉചിതമായ സ്ഥലങ്ങളിൽ ഖണ്ഡിക തിരിച്ചും പുസ്തകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങളുടെ അർത്ഥം ഉൾപ്പെടുത്തിയും ആദ്യപതിപ്പു പുറത്തിറങ്ങിയശേഷം ഇക്കാലയളവിൽ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ വളരെയധികം മാറ്റം വന്നിരിക്കവെ ഇതിൽ പരാമൃഷ്ടമാകുന്ന സംഭവങ്ങളെയും വ്യക്തികളെയും സംഘടനകളെയും ആവശ്യമായ കുറിപ്പുകളിൽക്കൂടി പരിചയപ്പെടുത്തിയും ഒക്കെ തികച്ചും കാലികമാക്കിയിട്ടുണ്ട് എഡിറ്റർ എസ്. ആനന്ദ്. കൂടാതെ ജാതി ഉന്മൂലനത്തെച്ചൊല്ലി നടന്ന ഗാന്ധി- അംബേദ്കർ സംവാദവും ഈ പുസ്തകത്തിൽ ധാരാളം പരാമർശിക്കപ്പെടുന്ന പൂന കരാറിനെപ്പറ്റിയുള്ള വിശദമായൊരു കുറിപ്പും ഈ പതിപ്പിൽ അടങ്ങിയിരിക്കുന്നു.

ചരിത്രപഠിതാക്കൾക്കും ഇന്ത്യയുടെ ഇന്നത്തെ സാമൂഹികാവസ്ഥയെപ്പറ്റി ചിന്താകുലരാകുന്നവർക്കും എല്ലാ വായനാകുതുകികൾക്കും വളരെയേറെ പ്രയോജനപ്രദമാണ് ഈ പുസ്തകം എന്നതിൽ തർക്കമില്ല. കേവലം രാഷ്ട്രീയമാനങ്ങൾ മാത്രം നിറഞ്ഞ, വ്യർത്ഥമായ വാദങ്ങളും പ്രതിവാദങ്ങളും സൃഷ്ടിക്കുന്ന സമകാലിക ചർച്ചകളുടെ അലോസരങ്ങൾക്കിടയിൽ നമ്മുടെ ചിന്തയെ വ്യതിരിക്തമായ ദിശകളിലേക്കും ആഴങ്ങളിലേക്കും തിരിച്ചുവിടുന്നവയാണ് അരുന്ധതി റോയിയുടെയും അംബേദ്കറിന്റെയും സൂക്ഷ്മമായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും എന്നതു തന്നെയാണ് ജാതി ഉന്മൂലനത്തിന്റെ ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രസക്തി.

കൃതി - ജാതി ഉന്മൂലനം (വ്യാഖ്യാന വിമർശനക്കുറിപ്പുകൾ സഹിതം)
ഗ്രന്ഥകാരൻ - ഡോ. ബി ആർ അംബേദ്കർ (അവതാരിക അരുന്ധതി റോയി)
വിഭാഗം - പഠനം
പേജ് - 416
ഐഎസ്ബിഎൻ - 978-81-264-5292-7
വില - 325
പ്രസാധകർ - ഡി സി ബുക്‌സ് കോട്ടയം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP