Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹുഭാര്യാത്വവും തലാഖും ഇല്ലാതാവും; സ്ത്രീക്കും പുരുഷനും തുല്യപദവി ലഭിക്കും; ശരീയത്ത് കോടതികളും സഭാ കോടതികളും നിരോധിക്കും: ഏകീകൃത സിവിൽകോഡ് വീണ്ടും ചർച്ചയാകുമ്പോൾ കൂടുതൽ ആശങ്കയിലാകുന്നത് മുസ്ലിങ്ങൾ

ബഹുഭാര്യാത്വവും തലാഖും ഇല്ലാതാവും; സ്ത്രീക്കും പുരുഷനും തുല്യപദവി ലഭിക്കും; ശരീയത്ത് കോടതികളും സഭാ കോടതികളും നിരോധിക്കും: ഏകീകൃത സിവിൽകോഡ് വീണ്ടും ചർച്ചയാകുമ്പോൾ കൂടുതൽ ആശങ്കയിലാകുന്നത് മുസ്ലിങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് പ്രാരംഭമായി കേന്ദ്രസർക്കാർ നടപടികളാരംഭിച്ചതോടെ വേറിട്ട വ്യക്തിനിയമങ്ങൾ ഇപ്പോഴും അനുവർത്തിക്കുന്ന മതങ്ങളും സമുദായങ്ങളും കടുത്ത ആശങ്കയിലായി. രാജ്യത്തെ ജനങ്ങൾക്കെല്ലാം ഒറ്റരീതിയിൽ ബാധകമാകുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനാണ് ഏകീകൃത സിവിൽകോഡ് കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്. ദശാബ്ദങ്ങളായി ചർച്ചചെയ്യപ്പെട്ട ഏകീകൃത സിവിൽകോഡെന്ന ആശയം പലയിടത്തുനിന്നും എതിർപ്പുയർന്നതിനെ തുടർന്ന് മുമ്പുള്ള കേന്ദ്രസർക്കാരുകൾ നടപ്പാക്കാൻ ഒരുമ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്രംഭരിക്കുന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപിത അജണ്ടയായിരുന്നു സിവിൽകോഡ് നടപ്പാക്കുക എന്നത്.

അതിനാൽത്തന്നെ ഇപ്പോൾ സിവിൽകോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിഷയം പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയമ കമീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് വിവിധ മതങ്ങളിലും സമുദായങ്ങളിലും പല വിഷയങ്ങളിലും പ്രത്യേകം നിയമങ്ങളാണുള്ളത് എന്നതിനാൽ ഏകീകൃത നിയമം വരുന്നത് ഇപ്പോൾ വിവാഹ, കുടുംബ ബന്ധങ്ങളിൽ തുടരുന്ന നിയമങ്ങൾ സിവിൽകോഡ് വരുന്നതോടെ ഇല്ലാതാകും. ഇക്കാര്യത്തിൽ ഏറ്റവുമധികം ആശങ്കയിലാകുന്നത് ശരീയത് നിയമങ്ങൾ പിൻതുടരുന്ന മുസ്‌ലിങ്ങളാണ്.

പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽകോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. ഹിന്ദുമതത്തിൽ വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽകോഡ് ഏകീകരിക്കപ്പെടുന്നതോടെ അവസാനമാകും. സഭാ കോടതികളും കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമവുമെല്ലാം ഇല്ലാതാകും. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കാത്ത കീഴ്‌വഴക്കങ്ങളും മാറ്റുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലുള്ളത്.

എല്ലാക്കാലത്തും സിവിൽകോഡ് എന്ന വിഷയം ചർച്ചചെയ്യുമ്പോൾത്തന്നെ വിവിധ മതവിഭാഗങ്ങൾ എതിർപ്പുയർത്താറുണ്ടെങ്കിലും ഏറ്റവുമധികം പ്രതിഷേധം മുസ്‌ളീം സമുദായത്തിനാണ്. വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തിനിയമങ്ങൾക്ക് ഏകതവരുത്തുകയും എല്ലാ പൗരന്മാർക്കും പൊതു വ്യക്തിനിയമം പ്രാബല്യത്തിൽ കൊണ്ടുവരികയുമാണ് സിവിൽകോഡിന്റെ ലക്ഷ്യമെന്നതിനാൽ ഇക്കാര്യങ്ങളിലെല്ലാം മതനിയമം പിൻതുടരുന്ന മുസഌങ്ങൾക്കാവും പുതിയ നിയമമാറ്റം ഏറ്റവുമധികം ബാധിക്കുക.

ബഹുഭാര്യാത്വത്തിനും സ്ത്രീയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടാനുമുള്ള മുസ്‌ളീം പുരുഷന്മാരുടെ അവകാശം ഇല്ലാതാകും. ഈ ആവശ്യമുന്നയിച്ച് തലാഖിനെതിരെ മുസ്ലിം സമുദായത്തിലെ സ്ത്രീകൾതന്നെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ സിവിൽകോഡിന്റെ സാധ്യതകൾ കോടതിയും ആരാഞ്ഞിരുന്നു. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണിപ്പോൾ. എൺപതുകൾ മുതൽക്ക് തലാക്ക് ചൊല്ലലിനെതിരായ നിയമ പോരാട്ടം മുസ്ലിം വ്യക്തിനിയമത്തെ വെല്ലുവിളിക്കുന്നുണ്ട്.

1985ൽ ഇൻഡോറിൽനിന്നുള്ള ഷാ ബാനു എന്ന 62കാരി തലാക്കിനെതിരെ സുപ്രീം കോടതിയിൽ എത്തിയതോടെയായിരുന്നു ഈ നിയമപോരാട്ടത്തിന്റെ തുടക്കം. . അഞ്ച് മക്കളുടെ അമ്മയായ തനിക്ക് ഭർത്താവിൽനിന്ന് ജീവനാംശം ലഭിക്കണമെന്നായിരുന്നു ഇവരുടെ വാദം. തലാക്കിലൂടെയുള്ള വിവാഹബന്ധം വേർപെടുത്തലിനെ വിമർശിച്ചുകൊണ്ട് ഇവർക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് കേന്ദ്രത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുസ്ലിം നേതൃത്വം നിയമം തന്നെ പൊളിച്ചെഴുതി. രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം വനിതാ നിയമം അതിനുള്ളതായിരുന്നു. സുപ്രീം കോടതി വിധിയെ മയപ്പെടുത്തിയ ഈ നിയമം, വിവാഹബന്ധം വേർപെടുത്തപ്പെട്ട സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അർഹത പോലും ഇല്ലാതാക്കി.

ഇപ്പോൾ ഷാ ബാനുവിന്റെ സ്ഥാപത്ത് ഷയറാ ബാനുവാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽനിന്നുള്ള ഷയറാ ബാനു തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സിവിൽകോഡ് നടപ്പാക്കുന്നകാര്യത്തിൽ കേന്ദ്രനീക്കം തുടങ്ങിയിരിക്കുന്നതും.

എന്നാൽ, വ്യക്തിനിയമത്തിനെതിരായ നീക്കത്തെ ഏതുവിധത്തിലും ചെറുത്തുതോൽപ്പിക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അവർ കേസിൽ കക്ഷി ചേർന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരോ മറ്റാരെങ്കിലുമോ വ്യക്തിനിയമത്തിൽ ഇടപെട്ടാൽ അനുവദിക്കില്ലെന്ന നിലപാടിലാണ് ബോർഡ്. ഒരേസമയത്തുതന്നെ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന സമ്പ്രദായം പുനഃപരിശോധിക്കാനാവില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അടുത്തിടെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ നിയമം നടപ്പാക്കുന്നതിലുപരി ഇതു നൽകുന്ന രാഷ്ട്രീയ മൈലേജ് തന്നെയാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ സിവിൽകോഡ് നടപ്പാക്കുന്നത് നിർബന്ധമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. സ്റ്റേറ്റിന് വേണമെങ്കിൽ നടപ്പാക്കാം എന്ന വിധത്തിൽ ഡയറക്ടീവ് പ്രിൻസിപ്പിൾസിലാണ് ഈ വിഷയം ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മുസ്‌ളീം സ്ത്രീകൾതന്നെ തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയെ സമീപിച്ച സാഹചര്യത്തിൽ സിവിൽകോഡ് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്വീകരിക്കുന്നത്.

ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഏക സിവിൽ കോഡ് സംബന്ധിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിൽ എപ്പോഴും ആശങ്ക ഉണ്ടാവാൻ കാരണമാവുന്ന 44-ാം വകുപ്പ് എടുത്തു കളയാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയതലത്തിൽ മുസ്‌ലിം ലീഗ് തയ്യാറാക്കിയ ഒരു കോടിയോളം പേർ ഒപ്പിട്ട നിവേദനം അധ്യക്ഷൻ ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ രാഷ്ട്രപതി പ്രണബ് മുഖർജിക്കു കൈമാറിയിരുന്നു.

എല്ലാ മതവിഭാഗത്തിനും അവരുടെ മതാചാരങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കാൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നത് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയിലെ 25, 26 വകുപ്പുകൾക്ക് എതിരാണ്. ഓരോ മതവിശ്വാസിക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനും അനുവാദം നൽകുന്നതാണ് ഈ വകുപ്പുകൾ. എന്നാൽ 44ാം വകുപ്പ് ഇത്തരം കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണ്. മുസ്‌ലിംകൾ പിന്തുടരുന്ന വ്യക്തിനിയമങ്ങൾ ഖുർആനും പ്രവാചക വചനങ്ങളുമാണ്. അവ പിന്തുടരൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നതു മുസ്‌ലിംകൾക്ക് അവരുടെ ശരീഅത്ത് അനുസരിച്ചു ജീവിക്കാനുള്ള സൗകര്യം ഇല്ലാതാക്കും അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാൻ പോലും കഴിയാത്തതാണെന്നും നിവേദനം രാഷ്ട്രപതിക്കു കൈമാറുന്ന വേളയിൽ മുസഌംലീഗ് നേതൃത്വം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സിവിൽകോഡ് നടപ്പാക്കുന്നതിൽ സുപ്രധാനമായ ഉപദേശക റോളിലുള്ള നിയമ കമീഷന്റെ ഉപദേശം തേടി ഇപ്പോൾ കത്തയച്ചതിലൂടെ നിയമം നടപ്പാക്കാൻ തന്നെയാണ് ബിജെപി സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. സുപ്രീംകോടതി മുൻ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി നിയമമന്ത്രാലയത്തിന്റെ കത്ത് അടിസ്ഥാനപ്പെടുത്തി ഏക സിവിൽകോഡ് വിഷയത്തിൽ വിദഗ്ധരും ബന്ധപ്പെട്ട മറ്റെല്ലാവരുമായി ചർച്ച നടത്തും.

ഇതിനുശേഷം കമീഷന്റെ കാഴ്ചപ്പാടും ഏകസിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വഴികളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കും.ഇതേത്തുടർന്നാവും സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുക. അതേസമയം, സമവായമില്ലാത്ത വിഷയമാണെന്നിരിക്കേ, ഏക സിവിൽകോഡ് നടപ്പാക്കുക എളുപ്പമല്ല. നിരവധി വ്യക്തിനിയമങ്ങളും ആചാരരീതികളും വൈകാരികതകളുമുള്ള ഇന്ത്യയിൽ ഒറ്റ സിവിൽകോഡ് പ്രായോഗികമല്ലെന്ന വാദം പ്രബലമാണ്.

അതേസമയം, മുസ്‌ളീം വ്യക്തിനിയമത്തെ എതിർത്തുകൊണ്ട് സമുദായത്തിനകത്തും പുറത്തും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനമെന്നു ജസ്റ്റിസ് കമാൽ പാഷ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പുരുഷാധിപത്യത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാരാണെന്നും ഏകീകൃത സിവിൽ കോഡിനെ അന്ധമായി എതിർക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ എന്നും ചോദിച്ചു. ഖുറാൻ പറയുന്ന അവകാശങ്ങൾ പോലും മുസ്ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP