Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമ്പത് ഇന്ത്യൻ ഭാഷകളും എട്ട് വിദേശ ഭാഷകളും അറിയാമായിരുന്ന പണ്ഡിതൻ...ആണവായുധത്തിന്റെ പിതാവ്...രൂപയ്ക്ക് അന്തസ്സ് ഉണ്ടാക്കി നൽകിയ ധനതന്ത്രജ്ഞൻ...നൈസാമിന്റെ നാടു കണ്ടെത്തിയ സ്വാതന്ത്ര്യ സമര സേനാനി: ആധുനിക ഇന്ത്യയുടെ ചാണക്യനായ നരസിംഹ റാവുവിനെ എങ്ങനെ വിസ്മരിക്കാനാകും?

ഒമ്പത് ഇന്ത്യൻ ഭാഷകളും എട്ട് വിദേശ ഭാഷകളും അറിയാമായിരുന്ന പണ്ഡിതൻ...ആണവായുധത്തിന്റെ പിതാവ്...രൂപയ്ക്ക് അന്തസ്സ് ഉണ്ടാക്കി നൽകിയ ധനതന്ത്രജ്ഞൻ...നൈസാമിന്റെ നാടു കണ്ടെത്തിയ സ്വാതന്ത്ര്യ സമര സേനാനി: ആധുനിക ഇന്ത്യയുടെ ചാണക്യനായ നരസിംഹ റാവുവിനെ എങ്ങനെ വിസ്മരിക്കാനാകും?

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യ ഭരിച്ച രാഷ്ട്രതന്ത്രജ്ഞരായ പ്രധാനമന്ത്രിമാരുടെ കൂട്ടത്തിൽ നരംസിംഹ റാവുവിന്റെ പേര് പലരും പരാമർശിക്കാറില്ല. എന്നാൽ, തന്റെ ചാണക്യ തന്ത്രങ്ങളിലൂടെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവയിരുന്നു റാവുവെന്നതാണ് സത്യം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞുകിടന്ന സമയത്ത് പ്രധാനമന്ത്രി പദവിയേറ്റെടുത്ത റാവുവാണ് രൂപയെ താങ്ങിനിർത്തുന്ന നടപടികൾക്ക് തുടക്കമിട്ടത്. ആഗോളീകരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പാത തുറന്നുകൊടുക്കുകയും ചെയ്തതും മറ്റാരുമല്ല.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവാണ് ഒരർഥത്തിൽ നരസിംഹ റാവു. അദ്ദേഹം തുടങ്ങിവച്ചത് പൂരിപ്പിക്കുക മാത്രമാണ് പിന്നാലെ വന്ന മന്മോഹൻ സിങ് ചെയ്തത്. അത്രയ്ക്കും ദീർഘവീക്ഷണമുള്ളയാളായിരുന്നു റാവു. ആധുനിക ഇന്ത്യയിലെ ചാണക്യനെന്ന് റാവു വിശേഷിപ്പിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. രാഷ്ട്രീയതന്ത്രജ്ഞതയിലും അദ്ദേഹത്തെ കവച്ചുവെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. ഒരു ന്യൂനപക്ഷ സർക്കാരുമായി അഞ്ചുവർഷം തികച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം.

തികഞ്ഞ പണ്ഡിതൻകൂടിയായിരുന്നു റാവു. തെലുങ്ക്, തമിഴ്, ഹിന്ദി, ഒറിയ, ഗുജറാത്തി, കന്നഡ, സംസ്‌കൃതം, ഉർദു എന്നീ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമൻ, ഗ്രീക്ക്, ലാറ്റിൻ, പേർഷ്യൻ എന്നീ വിദേശ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. എഴുത്തുകാരനും ചിന്തകനുമായിരുന്നു. പത്രപ്രവർത്തകനായാണ് റാവുവിന്റെ തുടക്കം. 1948 മുതൽ 55വരെ റാവു കാകത്തിയ പത്രിക എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.

ആന്ധ്രയിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നരംസിഹറാവു. സാമ്പത്തിക രംഗത്തുമാത്രമല്ല, പ്രതിരോധ രംഗത്തും റാവുവിന്റെ ദീർഘവീക്ഷണമാണ് ഇന്ത്യയെ നയിച്ചത്. ആണവപരീക്ഷണം നടക്കുമ്പോൾ എ.ബി.വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കിലും അതിന് തുടക്കമിട്ടത് നരംസിംഹ റാവുവാണ്. ആധുനിക ഇന്ത്യയുടെ രൂപപ്പെടലിന് വഴിയൊരുക്കിയ നരസിംഹ റാവുവിന് ഭാരതരത്‌നം നൽകണമെന്ന ആവശ്യം രാഷ്ട്രീയ ഭേദമെന്യേ ഉയർന്നിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

1921 ജൂൺ 28-ന് ഹൈദരാബാദിലാണ് നരസിംഹ റാവു ജനിച്ചത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. ഹൈദരാബാദിലെ നാട്ടുരാജാവായിരുന്ന നൈസാമിനെതിരെയായിരുന്നു പോരാട്ടം. നൈസാമിനെതിരെ ഒളിപ്പോരു നടത്തിയ സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും സധൈര്യം പോരാട്ടത്തിലുറച്ചുനിന്നു.

1947 ഓഗസ്റ്റ് 15-ന് രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ റാവുവും സംഘാംഗങ്ങളും നൈസാമിന്റെ വെടിയുണ്ടകളിൽനിന്ന് രക്ഷതേടി കൊടുംകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഒളിപ്പോർ അവസാനിപ്പിച്ചാണ് റാവു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. കോൺഗ്രസിൽ പടിപടിയായി ഉയർന്നുവന്ന റാവുവിനെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നത് ഇന്ദിരാ ഗാന്ധിയാണ്.

സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു റാവുവിനെ ഇന്ദിരാ ഗാന്ധി ഏൽപ്പിച്ചത്. തന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളിൽ ഏറെയും ഭൂരഹിതരായ കർഷകർക്ക് നൽകിക്കൊണ്ടാണ് റാവു ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. സാമ്പത്തികശാസ്ത്രം, നിയമം, ചരിത്രം, രാഷ്ട്രീയം, കല തുടങ്ങി വിവിധ മേഖലകളിൽ റാവുവിന് ഉണ്ടായിരുന്ന പാണ്ഡിത്യം മറ്റു രാഷ്ട്രീയക്കാരിൽനിന്ന് അദ്ദേഹത്തെ വേർതിരിച്ചുനിർത്തി.

നെഹ്‌റു കുടുംബത്തിന്റെ മേൽക്കോയ്മ നിലനിന്നിരുന്ന കോൺഗ്രസ്സിൽനിന്ന് എൺപതുകളുടെ ഒടുവിൽ ഏറെക്കുറെ വിരമിക്കലിന്റെ വക്കിൽനിൽക്കെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കോൺഗ്രസ്സിന്റെ പതിവ് രീതിയനുസരിച്ച് സോണിയ ഗാന്ധിയെ പാർട്ടി നേതാവായി നിർദ്ദേശിക്കുമെന്നിരിക്കെ, നെഹ്‌റു കുടുംബത്തിന്റെ മേൽക്കോയ്മയ്‌ക്കെതിരെ റാവു തുറന്നടിച്ചു. മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നതിനെതിരെയായിരുന്നു റാവുവിന്റെ പ്രതിഷേധം.

1991-ലെ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ റാവു പ്രധാനമന്ത്രിപദത്തിലെത്തി. പക്ഷേ, പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല ഇന്ത്യയിലപ്പോൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയും ബാധ്യതകളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരുന്നു. അടഞ്ഞ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. ഉയർന്ന പ്രതിരോധച്ചെലവുകളും വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടുള്ള അനാവശ്യ സബ്‌സിഡികളും മറ്റും സാമ്പത്തിക നില തീർത്തും ദയനീയമാക്കി മാറ്റിയിരുന്നു. ലോകബാങ്കിന് മുന്നിൽ ഇന്ത്യയുടെ സ്വർണനിക്ഷേപം പണയംവെക്കാൻ കൊണ്ടുപോകേണ്ട നിലയിലായിരുന്നു ഇന്ത്യ.

പാർട്ടിയുടെ നയങ്ങളും താത്പര്യങ്ങളുംപോലും അവഗണിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ തുറന്ിടാൻ റാവു തീരുമാനിച്ചു. സാമ്പത്തിക വിദഗ്ധനായ ഡോ. മന്മോഹൻ സിങ്ങിനെ ധനകാര്യമന്ത്രിയാക്കി. സാമ്പത്തിക പരിഷ്‌കരണത്തിനുള്ള നടപടികൾ കൈക്കൊള്ളാൻ മന്മോഹൻ സിങ്ങിന് പൂർണ സ്വാതന്ത്ര്യം നൽകി. പാർട്ടിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ, മന്മോഹൻ സിങ്ങിലൂടെ റാവു നടപ്പാക്കിയ പദ്ധതികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരെ നിൽക്കാനുള്ള അവസരം നൽകി.

ഇന്ത്യയിൽ വിവരസാങ്കേതിക വിദ്യയുടെ പുതിയ ലോകം സൃഷ്ടിക്കലാണ് റാവു അടുത്തതായി ചെയ്തത്. വേണ്ടത്ര അവസരങ്ങളില്ലാതെ ഐടി വിദഗ്ദ്ധർ വിദേശത്തേയ്ക്ക് പോകുന്നത് തടയുവാൻ ഇത് വഴിയൊരുക്കി. ഐടി മേഖലയിൽ വൻതോതിലുള്ള കുതിച്ചുചാട്ടമാണ് ഇക്കാലയളവിലുണ്ടായത്. ഇത് ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്‌പ്പായി മാറുകയും ചെയ്തു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ ഉണർവിന്റെ ക്രെഡിറ്റ് പിന്നീട് രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്മോഹൻ സിങ്ങിനാണ് എല്ലാവരും നൽകുന്നത്. എന്നാൽ, നരസിംഹ റാവുവിന്റെ ദീർഘവീക്ഷണമാണ് അതിന് വഴിതുറന്നതെന്ന സത്യം മനപ്പൂർവം വിസ്മരിക്കപ്പെട്ടു. ലോകക്രമത്തെക്കുറിച്ചുള്ള റാവുവിന്റെ അറിവും ഉൾക്കാഴ്ചയുമാണ് മന്മോഹനെ അതിന് പ്രാപ്തനാക്കിയത് എന്നതായിരുന്നു സത്യം.

കേന്ദ്രത്തിൽ പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള റാവു, 1971 മുതൽ മൂന്നുവർഷം ആന്ധ്രയുടെ മുഖ്യമന്ത്രിയുമായരുന്നു.2004 ഡിസംബർ 23-നാണ് നരസിംഹ റാവു അന്തരിക്കുന്നത്. അപ്പോഴേക്കും കോൺഗ്രസ്സുകാർക്കുപോലും വേണ്ടാത്ത നിലയിലേക്ക് അദ്ദേഹം അവഗണിക്കപ്പെട്ടിരുന്നു. നെഹ്‌റു കണ്ടെത്തിയ ഇന്ത്യയ്ക്ക് ശരിയായ രൂപം നൽകിയ പ്രധാനമന്ത്രിയെന്നാണ് റാവു വാഴ്‌ത്തപ്പെടുന്നത്. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നരസിംഹറാവുവിന് 95 വയസ്സാകുമായിരുന്നു. വിസ്മരിക്കപ്പെട്ട രാഷ്ട്രനേതാവായി മാറാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP