Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാടകാചാര്യന് പ്രണാമവുമായി സാംസ്‌കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

നാടകാചാര്യന് പ്രണാമവുമായി സാംസ്‌കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അന്തരിച്ച പ്രശസ്ത നാടകാചാര്യനും പൗരാണിക കലാപണ്ഡിതനും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. കവിയായും നാടൻപാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ചയാളായിരുന്നു കാവാലം. മലയാള നാടകവേദിക്ക് സ്വന്തം തായ്‌വേര് കണ്ടെത്തിയ മഹാപ്രതിഭയുടെ അന്ത്യം ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. കുട്ടനാട്ടിലെ കാവാലത്തായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

കാവാലത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിനോട് ചേർന്ന സോപാനം നാടകകളരിയിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാത്രിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുന്ന കാവാലത്തിന്റെ മൃതദേഹം. തിങ്കളാഴ്ച രാത്രിയോടെ ജന്മദേശമായ കാവാലത്തെക്ക് കൊണ്ടുപോകും. സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച കാവാലത്ത് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. കേരളത്തിൽ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങൾ മലയാള വേദിയിൽ എത്തിച്ച അതുല്യ പ്രതിഭയാണ് കാവാലം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1961ൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായ കാവാലത്തിന്1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു. വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിർവ്വേദം, ആരവം, പടയോട്ടം, മർമ്മരം, ആൾക്കൂട്ടത്തിൽ തനിയെ, അഹം, സർവ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി 40 ഓളം സിനിമകൾക്ക് ഗാനങ്ങൾ എഴുതി. വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി.

കാലത്തിനെ അതിജീവിക്കുന്ന അവനവൻ കടമ്പ

ഭാസനേയും ഷേക്‌സ്പിയറിനെയും മലയാളത്തിന്റെ തനതുനാടകവേദിയിൽ എത്തിച്ച് പുത്തൻ രംഗഭാഷ ചമച്ച കലാകാരനാണ് കാവാലം. കാവാലത്തിന്റെ അവനവൻ കടമ്പ മലയാളിപ്രേക്ഷകന്റെ മനസ്സിൽ ഉണർത്തിയ രസം നവ്യമായ ഒന്നായിരുന്നു. ഭരതന്റെ നാട്യശാസ്ത്രവും കാക്കാലന്റെ ശീലും ദ്രുത ചലങ്ങളും അതിൽ സമ്മേളിച്ചു, ചെണ്ടയും ഉടുക്കുമെല്ലാം ചേർന്നുണ്ടാക്കിയ അഭൗമമായ നാദവിസ്മയം. അഭിനേതാക്കളും കാണിയും തമ്മിലുണ്ടായിരുന്ന നിയതമായ അതിർത്തി രേഖകൾ അവിടെ ലംഘിക്കപ്പെട്ടു. കാവാലത്തിന്റെ തനതു നാടകവേദി വലിയ ചലനങ്ങളാണ് കേരളക്കരയിൽ ഉണ്ടാക്കിയത്.

ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്ത് സിഎൻ ശ്രീകണ്ഠൻ നായർ, കവി അയ്യപ്പപണിക്കർ, നടൻ നെടുമുടി വേണു.അങ്ങനെ കാവാലത്തിന്റെ കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകൾ. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറുമൊക്കെ കേരളത്തിൽ മാത്രമല്ല മറ്റ് നാടുകളിലെ കലാപ്രേമികൾക്കിടയിലും ചർച്ചയായി. ഭാസന്റേതുൾപ്പെടെ അനേകം സംസ്‌കൃത നാടകങ്ങളും ഷേക്‌സ്പിയർ നാടകങ്ങളും കാവാലം അരങ്ങിലെത്തിച്ചു. മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി.

1961ൽ കേരള സംഗീത നാടകഅക്കാദമിയിൽ സെക്രട്ടറി ആയി നിയമിതനായതു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല തൃശ്ശൂരായി. ഇതോടെ യൂറോപ്യൻ നാടുകളിൽ വരെ കേരളക്കരയുടെ കലാപാരമ്പര്യത്തിന്റെ യശശ്ശുയർത്തുന്ന പേരായി കാവാലം മാറി. വള്ളപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കേട്ടുവളർന്ന നാരായണപ്പണിക്കർ ആ ശീലുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയ കവി കൂടിയായിരുന്നു.  അറുപതിലേറെ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയിലേതുൾപ്പെടെ അവയിൽ പലതും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ. കവിത്വത്തിനൊപ്പം സംഗീതവും ആ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.

നാടൻപാട്ടുകളുടെ തമ്പുരാൻ

നാടകാചാര്യൻ, കവി, ഗാനരചയിതാവ് എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രസിദ്ധനായപ്പോഴും കാവാലം നാരായണപ്പണിക്കരെ ജനങ്ങളോടടുപ്പിച്ചത് അദ്ദേഹത്തിന്റെ നാടൻപാട്ടുകളായിരുന്നു. ലോകോത്തരങ്ങളായ നാടകങ്ങൾക്ക് ജന്മം കൊടുത്തപ്പോഴും മലയാള സാഹിത്യത്തിന് മുൽക്കൂട്ടായ കവിതകൾ എഴുതിയപ്പോഴും മലയാള ചലച്ചിത്ര ശാഖയ്ക്ക് ഓർത്തുവെക്കാൻ സാധിക്കുന്ന ഗാനങ്ങൾ സമ്മാനിച്ചപ്പോഴും അദ്ദേഹം ഒരു നാടൻപാട്ടുകാരനായിതന്നെ നിലകൊണ്ടു. ഒപ്പം തന്റെ നാടകങ്ങളിലും സിനിമാ ഗാനങ്ങളിലും നാടൻശീലുകൾ നിറയ്ക്കാനും അദ്ദേഹം ശ്രമിച്ചു.

കർണ്ണഭാരവും ഭൂതവാക്യവും ഊരുഭംഗവും രചിച്ച് ഭാഷയെ സമ്പന്നമാക്കുന്നതിനൊപ്പം നാടൻ പാട്ടുകളിലൂടെ സാധാരണക്കാരനോടൊപ്പം നിൽക്കാനും കാവാലത്തിന് സാധിച്ചു. ആരും ഏറ്റുചൊല്ലുന്ന നാടൻ ശീലുകൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രധാന സവിശേഷത. അത് ഭാഷാപരമായ ഉന്നതിക്കപ്പുറം സാധാരണക്കാരന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്നവയായിരുന്നു. കുട്ടനാടൻ കൊയ്ത്തുപാട്ടിന്റെ താളം, പണിയാളരുടെ ഏറ്റുപാടലുകൾ, അവരുടെ വായ്ത്താരികൾ, വള്ളപ്പാട്ടിന്റെ വേഗവും താളവും എന്നിങ്ങനെ ഓരോ മലയാളിയും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തു.

നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഗ്രാമീണതയുടെ ചൂടും ചൂരും പകർന്നുനൽകി പ്രകൃതിയുടെ താളവും സംഗീതവും അദ്ദേഹം തന്റെ പാട്ടുകളിൽ നിറച്ചു. വള്ളമൂന്നുന്നതിലും ചക്രം ചവിട്ടുന്നതിലും വെള്ളം കോരുന്നതിലും പോലും താളം കണ്ടെത്തിയ കാവാലം തന്റെ പാട്ടുകൾക്കും ആ ഈണം പകർന്നു നൽകി. അതുതന്നെയായിരുന്നു ആ നാടൻപാട്ടുകളുടെ ശക്തിയും.

അരങ്ങൊഴിയുന്നത് അതുല്യ പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയൻ: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിർ. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടൻ നാടോടി ശീലിന്റെ ബലത്തിൽ പുതിയ ഒരു ഉണർവിലേക്ക് നയിക്കുന്നതി്‌നും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂർണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നൽകുന്നതിനും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പഴമയുടെയും പുതുമയുടെയും ഇടയിൽ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി.

മമ്മൂട്ടി: ആധുനിക നാടകപ്രവർത്തനത്തിന്റെ ആചാര്യൻ എന്നു വേണമെങ്കിൽ അദ്ദേഹത്തെ പറയാം. അദ്ദേഹത്തിന്റെ നാടകങ്ങൾ മലയാളികൾക്ക് ഏറെ പുതുമയുള്ളതാണ്.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വളരെ ബഹുമാനത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരനഷ്ടമാണ്

മഞ്ജു വാര്യർ: സ്വന്തം കുടുംബന്ധത്തിൽ സംഭവിച്ച വേദന പോലെയാണ് തോനുന്നത്. അദ്ദേഹത്തിന്റെ കുടുബവുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു.

മന്ത്രി എ.കെ. ബാലൻ: തന്റെ മേഖലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് കാവാലം. ആധുനിക നാടക പ്രവർത്തനത്തിന്റെ ശക്തതനായ വ്യക്തവാണ് അദ്ദേഹം.

ഇന്നസെന്റ്: മലയാളികൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. മലയാളികൾ എവിടെയാണെങ്കിലും അദ്ദേഹത്തെ എന്നും ഓർക്കും.

കൈതപ്രം: പണിക്കർ സാറിന്റെ കൂടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ കൈതപ്രം എന്ന കലാകാരൻ ഉണ്ടാവില്ലായിരുന്നു. ഒരാളെ വളർത്തി കൊണ്ടുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.

ജി. സുകുമാരൻ നായർ: നാടകാചാര്യനും കവിയുമായിരുന്ന കാവാലത്തിന്റെ വിയോഗം സാംസ്‌കാരിക, സാഹിത്യരംഗങ്ങൾക്ക് തീരാ നഷ്ടമാണെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരിൽ ഒരാളായിരുന്ന കാവാലവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ജി. സുകുമാരൻ നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാവാലം ജീവിത രേഖ

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നാടൻ കലകളുടെ ഈറ്റില്ലമായ കാവാലം ഗ്രാമത്തിൽ ചാലയിൽ തറവാട്ടിൽ ഗോദവർമ കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകനായി 1928 മെയ്‌ നാലിനു ജനിച്ചു. സർദാർ കെ.എം. പണിക്കരുടെ അനന്തരവനും കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ. അയ്യപ്പപ്പണിക്കരുടെ മച്ചുനനുമാണ്. 2007 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

കാവാലത്തെ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. എസ്.ഡി കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് മദിരാശി ലോ കോളജിൽ നിന്ന് നിയമബിരുദം നേടി.
1955ൽ വക്കീലായി ജോലി ആരംഭിച്ച അദ്ദേഹം ആറുവർഷത്തോളം ആലപ്പുഴ ബാറിൽ പ്രവർത്തിച്ചു. 1961 ൽ കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി. അതോടെ തൃശൂരിലേക്ക് താമസം മാറി.

1974 ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ഈ കാലത്താണ് അദ്ദേഹത്തിന്റെ അവനവൻ കടമ്പ എന്ന പ്രശസ്ത നാടകം ജി. അരവിന്ദൻ ചലച്ചിത്രമാക്കുന്നത്. കലാപ്രവർത്തനങ്ങളുമായി പഴയ സോവിയറ്റ് യൂണിയനുൾപ്പടെ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഗ്രീസിൽ രാമായണത്തിന്റെയും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെയും സംയുക്തരൂപമായ ഇല്യായന ഗ്രീക്ക് കലാകാരന്മാരോടൊത്ത് നിർമ്മിച്ചു.

കൂടിയാട്ടത്തെക്കുറിച്ച് രണ്ട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മാണിമാധവ ചാക്യാർ : ദ മാസ്റ്റർ അറ്റ് വർക്ക് (1994), പാർവതീവിരഹം (1993) എന്നിവയാണവ. ഉത്സവപ്പിറ്റേന്ന്, വാടകയ്‌ക്കൊരു ഹൃദയം, മർമ്മരം, മഞ്ചാടിക്കുരു, ആമേൻ തുടങ്ങിയ ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു. വാടകയ്‌ക്കൊരു ഹൃദയത്തിന് 1978 ലും മർമരത്തിന് 1982 ലും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. ഭാര്യ: ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. മരുമക്കൾ: മായ ഹരികൃഷ്ണൻ, ലക്ഷ്മി ശ്രീകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP