Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേതന തർക്കത്തിൽ കളിക്കാൻ വിസമ്മതിച്ച വിൻഡീസ് വഴങ്ങിയത് ബിസിസിഐയുടെ പണക്കൊഴുപ്പിന് മുന്നിൽ; കൊച്ചിയിൽ കളിക്കാൻ നാല് കോടി രൂപ നൽകി; അനുരഞ്ജനത്തിന് ധോണിയും ഇടപെട്ടു

വേതന തർക്കത്തിൽ കളിക്കാൻ വിസമ്മതിച്ച വിൻഡീസ് വഴങ്ങിയത് ബിസിസിഐയുടെ പണക്കൊഴുപ്പിന് മുന്നിൽ; കൊച്ചിയിൽ കളിക്കാൻ നാല് കോടി രൂപ നൽകി; അനുരഞ്ജനത്തിന് ധോണിയും ഇടപെട്ടു

കൊച്ചി: പ്രതിഫല തുകയുടെ പേരിൽ കൊച്ചിയിൽ കളിക്കാൻ വിസമ്മതിച്ച വെസ്റ്റ് ഇൻഡീസ് ടീമിനെ ബിസിസിഐ പണം കൊടുത്ത് അനുനയിപ്പിച്ചാണ് കളിക്കാനിറക്കിയതെന്ന വാർത്ത പുറത്തു വന്നു. ഏകദേശം നാല് കോടിയോളം രൂപ നൽകിയാണ് ബിസിസിഐ വിൻഡീസ് ടീമംഗങ്ങളെ അനുനയിപ്പിച്ചത്.

പണം ലഭിക്കുമെന്ന് ഉറപ്പായ ശേഷമാണ് കളിക്കാർ കളിക്കളത്തിലിറങ്ങാൻ തയ്യാറയത് പോലും. പ്രതിഫലത്തുകയുടെ പേരിൽ കലാപക്കൊടി ഉയർത്തിയ വിൻഡീസ് ടീം ഇന്നലെ മത്സരം നടക്കുമോയെന്ന ആശങ്ക ഉയർത്തിയിരുന്നു. കോടികൾ മുടക്കി സംഘടിപ്പിച്ച മത്സരത്തിന് വൻ സമ്മർദ്ദം ചെലുത്തിയാണ് വിൻഡീസ് പണം നേടിയിരിക്കുന്നത്. വിൻഡീസ് ടീം മത്സരം ബഹിഷ്‌കരിക്കുമെന്ന് വന്നപ്പോൾ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് ഐസിസി ഭീഷണിപ്പെടുത്തിയെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. പിന്നീട് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ അനുരഞ്ജന ശ്രമത്തിന്റെ ഫലമായി ബിസിസിഐ വിഷയത്തിൽ ഇടപെടുകയായിരുന്നു എന്നാണ് അറിയുന്നത്.

തുടക്കത്തിൽ ബിസിസിഐയോടും വഴങ്ങാൻ തയ്യാറാകാതിരുന്ന വിൻഡീസ് ടീമംഗങ്ങൾ ഒടുവിൽ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ കളത്തിലിറങ്ങുകയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ കളിക്കാൻ തയ്യാറാണെന്ന അവരുടെ നാടകീയ തീരുമാനം പുറത്തു വന്നത്.

വിൻഡീസ് ടീം കൊച്ചിയിൽ എത്തിയപ്പോൾ മുതൽ ടീമിലെ കലാപത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നലെ മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അവർ മത്സരം ബഹിഷ്‌കരിക്കുന്നതായി ഭീഷണി മുഴക്കിയത്. മത്സരം നടന്നില്ലെങ്കിൽ ബിസിസിഐയ്ക്ക് ഭീകരമായ നഷ്ടമാണ് ഉണ്ടാകുമായിരുന്നത്. കാണികളുടെ പ്രതിഷേധം മറ്റൊരു വശത്ത്.
കളിക്കാരുടെ മാച്ച് ഫീസും ആനുകൂല്യങ്ങളും ഭീകരമായി വെട്ടിക്കുറച്ചു കൊണ്ട് വിൻഡീസ് ക്രിക്കറ്റ് ബോർഡുമായി ധാരണ പത്രത്തിൽ ഒപ്പുവച്ച വെസ്റ്റ് ഇൻഡീസ് പ്ലേയേഴ്‌സ് അസോസിയേഷന്റെ(ഡബ്ല്യൂഐപിഎ) നടപടിക്കെതിരെ പ്രതിഷേധിച്ചാണ് വിൻഡീസ് ടീം മത്സരം ബഹിഷ്‌കരിക്കുന്നതായി അവസാന നിമിഷം പ്രഖ്യാപിച്ചത്.

ഡബ്ല്യൂഐപിഎ പ്രസിഡന്റ് വേവൽ ഹൈൻഡ്‌സും മറ്റ് ഭാരവാഹികളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്യാപ്റ്റൻ ഡ്വെയ്ൻ ബ്രാവോ കത്തയച്ചതോടെയാണ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പുറത്തെത്തിയത്. കൊച്ചിയിലെത്തിയ ശേഷം വിൻഡീസ് ക്രിക്കറ്റ് ബോർഡിന് ബ്രാവോ അയച്ച മെയിലിന് മറുപടി ലഭിച്ചില്ല. ഇതാണ് താരങ്ങളുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ടീം മാനേജർ റിച്ചി റിച്ചാർഡ്‌സൺ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ക്ലൈവ് ലോയ്ഡ് എന്നിവർക്ക് തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധമുണ്ടെന്ന് ബ്രാവോ പറയുന്നു. എന്നാൽ മത്സരം ബഹിഷ്‌കരിക്കുന്നതിനോട് ഇരുവർക്കും താൽപര്യമുണ്ടായിരുന്നില്ല.

ബിസിസിഐ അംഗം കൂടിയായ ടി സി മാത്യു ബിസിസിഐ നേതൃത്വം വഴി വിൻഡീസ് ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കളിക്കാർ തങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്ന നിലപാടായിരുന്നു അവർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP