Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന നിമിഷം വരെ കൊച്ചിക്കാർ പ്രാർത്ഥിച്ചു; ഒടുവിൽ വിൻഡീസ് താരങ്ങൾ കളിക്കാനെത്തി; പ്രതിഷേധത്തിലെ ഒരുമ കളിക്കളത്തിലും കാട്ടി കരീബയൻ പട കരുത്തറിയിച്ചു

അവസാന നിമിഷം വരെ കൊച്ചിക്കാർ പ്രാർത്ഥിച്ചു; ഒടുവിൽ വിൻഡീസ് താരങ്ങൾ കളിക്കാനെത്തി; പ്രതിഷേധത്തിലെ ഒരുമ കളിക്കളത്തിലും കാട്ടി കരീബയൻ പട കരുത്തറിയിച്ചു

കൊച്ചി: ആറ്റുനോറ്റ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത് വെറുതേ ആകുമോയെന്ന ആശങ്കയ്ക്ക് മാറിയത് അവസാന നിമിഷം. വേതന തർക്കത്തെ തുടർന്ന് മത്സരത്തിൽ നിന്നും പിന്തിരിയുമെന്ന് ഭീഷണി മുഴക്കിയ വിൻഡീസ് താരങ്ങൾ കടുത്ത തീരുമാനത്തിൽ നിന്നും അവസാന മണിക്കൂറിൽ പിൻവാങ്ങി. ബിസിസിഐയും ഐസിസിയും ഇടപെട്ടതിനെ തുടർന്നാണ് ഇത്. പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കണ്ടതോടെയാണ് വിൻഡീസ് താരങ്ങൾ കളിക്കാൻ തയ്യാറായത്. തുടർന്ന് ഇരു ടീമുകളും സ്‌റ്റേഡിയത്തിൽ എത്തി.

വെസ്റ്റിൻഡീസ് ടീം സഞ്ചരിച്ച ബസാണ് ആദ്യം കലൂർ സ്റ്റേഡിയത്തിലെത്തിച്ചത്. മർലോൺ സാമുവൽസ് ഒഴികെയുള്ള താരങ്ങൾ ബസിലുണ്ടായിരുന്നു. സാമുവൽസ് ഒരു ഇന്നോവ കാറിലാണ് സ്റ്റേഡിയത്തിലെത്തിയത്. 12.45ന് ശേഷമാണ് ടീമുകൾ ഹോട്ടലിൽനിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്.

പ്രതിഫല തർക്കം താൽക്കാലിമായി പരിഹരിച്ചെന്നും താരങ്ങൾ കളിക്കാൻ ഇറങ്ങുമെന്നും ബിസിസിഐ അറിയിച്ചതോടെയാണ് കൊച്ചിയിലെ ക്രിക്കറ്റ് ആരാധകരുടെ ആശങ്കയ്ക്ക് പരിഹാരമായത്. നേരത്തെ കളിക്കാർ മത്സരത്തിനെത്തില്ലെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. തുടർന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിൽ ചർച്ചകൾ നടത്തി. തുടർന്ന് അനുരഞ്ജന ചർച്ചകൾക്ക് ശേഷമാണ് കളിക്കാൻ മത്സരത്തിനിറങ്ങാൻ സമ്മിതിച്ചത്. പ്രതിഫലം വർദ്ധിപ്പിച്ചില്ലെങ്കിൽ മൽസരത്തിൽനിന്ന് വിട്ടുനിൽക്കാനാണ് വെസ്റ്റിൻഡീസ് ടീം അംഗങ്ങൾ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് ആരാധകരോട് മാപ്പുചോദിക്കുന്നതായും വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ഇതിനിടെയിൽ കളിക്കാരുടെ വീഴ്ച കാരണം മൽസരം മുടങ്ങിയാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രമായിരിക്കുമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിക്കുകയും കൂടി ചെയ്തതോടെ കളി നടക്കുമോ എന്ന ആശങ്ക ശക്തമായി. കഴിഞ്ഞദിവസം രാത്രി വീഡിയോ കോൺഫറൻസ് വഴി കളിക്കാരുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് നേതൃത്വം അനുരഞ്ജന ചർച്ച നടത്തിയെങ്കിലും അത് പരാജയമാകുകയായിരുന്നു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്ന് ടീം ക്യാപ്റ്റൻ ഡ്വെയ്ൻ ബ്രാവോ ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. സ്‌കൂൾ കുട്ടികളോടെന്നപോലെയാണ് ബോർഡ് തങ്ങളോട് പെരുമാറുന്നത്. ബോർഡ് കളിക്കാരെ പരിഹസിക്കുകയാണെന്നും ട്വിറ്റർ വഴി ബ്രാവോ കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴ കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ മഴ വിട്ടുനിൽക്കുന്നതും തെളിഞ്ഞ അന്തരീക്ഷവും പ്രതീക്ഷ നൽകിയതാണ്. അതിനിടെയാണ് വെസ്റ്റിൻഡീസ് കളിക്കാരുടെ പ്രതിഷേധം കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്. പ്രശ്‌നം വിൻഡീസ് ക്രിക്കറ്റ് ബോർഡ് പരിഹരിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ സി മാത്യു വ്യക്തമാക്കുകയും ചെയ്തു. പക്ഷേ വലിയ കൂടിയാലോചനകൾ നടന്നു. എല്ലാം ശരിയാക്കാമെന്ന ഉറപ്പ് നൽകിയാണ് കളിക്കാരെ സ്റ്റേഡിയത്തിലെത്തിച്ചത്.

പ്രതിഫല തർക്കത്തെ തുടർന്ന് ഇന്നലെ വിൻഡീസ് ടീം പരിശീലനവും ഉപേക്ഷിച്ചിരുന്നു. രാവിലെ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വിൻഡീസ് ടീം പരിശീലനത്തിനെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അതുണ്ടായിരുന്നില്ല. മത്സരത്തിന് തലേദിവസം ഇരു ടീമുകളുടെയും ക്യാപ്ടന്മാർ മാദ്ധ്യമങ്ങൾക്കു മുമ്പിലെത്തുന്ന പതിവുണ്ട്. രാവിലെ ഇന്ത്യയുടെ പരിശീലനത്തിനു ശേഷം നായകൻ ധോണി മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. എന്നാൽ പരിശീലനം ഉപേക്ഷിച്ച വെസ്റ്റിൻഡീസ് ടീം ഉച്ചയ്ക്കുശേഷമുള്ള ക്യാപ്ടന്റെ പത്രസമ്മേളനവും ഒഴിവാക്കി. ഇതും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വിൻഡീസ് ക്യാപ്ടൻ ഡ്വെയ്ൻ ബ്രാവോയുടെ പത്രസമ്മേളനം തീരുമാനിച്ചിരുന്നത്. പിന്നീടിത് രണ്ടരയാക്കിയെങ്കിലും മൂന്നു മണിയോടെ ബ്രാവോ എത്തില്ലെന്ന് അറിയിപ്പു കിട്ടി. ഹോട്ടലിൽ ടീം മീറ്റിങ് നടക്കുന്നതിനാൽ പരിശീലനത്തിനെത്തുന്നില്ലെന്ന് ടീം മാനേജർ അറിയിക്കുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇരു ക്യാപ്ടന്മാരും ചേർന്ന് ട്രോഫി പുറത്തിറക്കുന്ന ചടങ്ങും ചൊവ്വാഴ്ച നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നു. എന്നാൽ വൈകീട്ടോടെ ഈ പരിപാടിയും പിൻവലിച്ചു.

ഇതോടെ ടീമിനുള്ളിലെ ചില ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്നാണ് വിൻഡീസ് ടീം പരിപാടികളെല്ലാം ഉപേക്ഷിച്ചതെന്ന അഭ്യൂഹവും പടരുകയായിരുന്നു. ഇതിനിടെ വിൻഡീസ് ക്യാപ്ടൻ ഡ്വെയിൻ ബ്രാവോ കൊച്ചിയിൽ തന്റെ പിറന്നാൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. മത്സര ദിവസം മാത്രമാണ് തർക്കത്തെ കുറിച്ച് വിൻഡീസ് ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ പ്രശ്‌നമെല്ലാം പറഞ്ഞു തീർത്ത ശേഷം പരസ്യ പ്രതികരണം ഒഴിവാക്കുകയും ചെയ്തു.

സമ്മർദ്ദങ്ങൾ വിൻഡീസ് നിരയുടെ പോരാട്ട വീര്യത്തെ തകർത്തില്ലെന്ന് കൊച്ചി തിരിച്ചറിയുകയും ചെയ്തു. സാമുവൽസ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കൊച്ചിയിലെ കാണികളുടെ നിരാശ മാറ്റി. പ്രതിഫല വിഷയത്തിലെന്ന പോലെ കളിക്കളത്തിലും ഒറ്റക്കെട്ടായി അവർ നിറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP