Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം; അഡ്‌മിഷന് ഇമ്മ്യൂണെസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സ്‌കൂളുകളിലെ വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുപ്പ് തുടങ്ങി; മതസംഘടനകളുടെ പ്രചരണത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; മലപ്പുറത്ത് വാക്‌സിനേഷൻ നിർബന്ധമാക്കും

പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം; അഡ്‌മിഷന് ഇമ്മ്യൂണെസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സ്‌കൂളുകളിലെ വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുപ്പ് തുടങ്ങി; മതസംഘടനകളുടെ പ്രചരണത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; മലപ്പുറത്ത് വാക്‌സിനേഷൻ നിർബന്ധമാക്കും

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നടക്കുന്ന വ്യാപകമായ വാക്‌സിൻ വിരുദ്ധ പ്രചരണത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് അപകടരമാണെന്ന് മലപ്പുറം ജില്ലയിൽ പ്രചരിപ്പിക്കുന്നത്. പ്രചരണത്തിന്റെ ഫലമായി ലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് മറുനാടൻ മലയാളി കഴിഞ്ഞ ദിവസംറിപ്പോർട്ട് ചെ്തിരുന്നു. വാക്‌സിനെടുക്കാത്ത 32 കുട്ടികൾ വിവിധ രോഗങ്ങൾകൊണ്ട് മരിച്ച വിവരവും മറുനാടൻ പുറത്തുവിട്ടിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണ് സർക്കാർതലത്തിൽ നടക്കുന്നത്. ഇത് നടപ്പായാൽ വാക്‌സിനെടുത്ത കുട്ടികൾക്ക് മാത്രമേ സ്‌കൂളിൽ ചേരാൻ കഴിയൂ. ദീർഘനാളായി ആരോഗ്യവകുപ്പും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെയുള്ള സംഘടനകളും ആവശ്യപ്പെടുന്ന ഒരുകാര്യമാണ് ഇത്. വാക്‌സിനേഷൻ കുട്ടികളുടെ അവകാശത്തിൽപ്പെടുന്ന ഒരുകാര്യമാണെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. രക്ഷിതാക്കൾ കുട്ടികൾക്ക് വാക്‌സിൻ നൽകാത്ത നടപടി നീതീകരിക്കാവുന്നതല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു .

ടെറ്റനസ്, ഡിഫ്തീരിയ, പോളിയോ, ക്ഷയരോഗം, ജപ്പാൻ ജ്വരം, വില്ലൻചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനാണ് കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത്. എന്നാൽ ഇങ്ങനെ പ്രതിരോധ മരുന്ന് നൽകുന്നത് കുട്ടികൾക്ക് അപകടരമാണെന്നും കുട്ടികൾ മരിക്കാനിടയാകുമെന്നുമാണ് മലപ്പുറത്തെ പ്രചരണം. പോളിയോ വാക്‌സിനിൽ ക്യാൻസർ വൈറസ് വരെയുണ്ടെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ലോകജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതെന്നാണ് വാക്‌സിൻ വിരുദ്ധരുടെ പ്രചരണം. ഭക്ഷണങ്ങളിലൂടെയും വാക്‌സിനിലൂടെയും ക്യാൻസർ രോഗം പടർത്തുകയാണ് ഡോക്ടർമാർ. ഒരുമന്ത്രിയുടെയും ഡോക്ടറുടെയും കുട്ടിക്ക് വാക്‌സിനുകൾ നൽകാറില്ല ഇങ്ങനെ പോകുന്നു പ്രചരണം.

ഡിഫ്തീരിയ വരുന്നത് മാംസഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് മറ്റൊരു പ്രചരണം. ടൂത്ത് പേസ്റ്റ് പോലുള്ള വസ്തുക്കൾ ഡിഫ്തീരിയക്ക് കാരണമാകുന്നുണ്ടെന്നും വാക്‌സിൻ വിരുദ്ധർ കള്ള പ്രചരണം നടത്തുന്നുണ്ട്. മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ചും ഇവർ വാക്‌സിനെതിരെ പ്രചരണം നടത്തുന്നു. വാക്‌സിനെടുക്കുന്നത് ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ചേർന്നതല്ലെന്നാണ് ചില മതസംഘടനകളുടെ വാദം. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രചരണം. ദൈവത്തിൽ വിശ്വസിക്കുന്നവർ കുട്ടികൾക്ക് വാക്‌സിൻ നൽകരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

വർദ്ധിച്ച തോതിലുള്ള ഈ വാക്‌സിൻ വിരുദ്ധ പ്രചരണത്തിന്റെ ഫലമായി രണ്ടുലക്ഷത്തിലേറെ കുട്ടികളാണ് മലപ്പുറത്ത് വാക്‌സിൻ ലഭിക്കാത്തതായി ഉള്ളത്. വാക്‌സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾ മൂലം 2008 മുതൽ 2015 വരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചിട്ടുണ്ട്. ടെറ്റ്‌നസ് ബാധിച്ച് 13 കുട്ടികളും അഞ്ച് പേർ ഡിഫ്തീരിയ മൂലവും 13 പേർ മീസീൽസ് പിടിപെട്ടും ഒരുകുഞ്ഞ് മസ്തിഷ്‌ക അണുബാധമൂലവും മരിച്ചു. ഇവരിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും ആറ് വയസ്സിൽ താഴെ പ്രായമുള്ളവരാണ്. രണ്ടാഴ്ച മുമ്പും മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ തന്നെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.

ആരോഗ്യവകുപ്പ് സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി സംസ്ഥാനവ്യാപകമായി നടപ്പാക്കിയ റൂബെല്ലാ വാക്‌സിൻ കുത്തിവെയ്‌പ്പിന് പിന്നിൽ ജനസംഖ്യ നിയന്ത്രണ പദ്ധതി ആണെന്നായിരുന്നു വാക്‌സിൻ വിരുദ്ധരുടെ മറ്റൊരു ആരോപണം. രോഗപ്രതിരോധ പരിപാടിയുടെ മറവിൽ പെൺകുട്ടികളുടെ പ്രജനന ശേഷി കുറയ്ക്കാനുള്ള നിഗുഢ അജണ്ട വാക്‌സിനേഷന് പിന്നിലുണ്ടെന്നായിരുന്നു പ്രചരണം. കുട്ടികളിൽ കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റൂബെല്ലാ. രോഗം വന്നുകഴിഞ്ഞാൽ ഗുരുതരമായ പ്രത്യഘാതങ്ങളും മരണം വരെയും സംഭവിക്കാം. റൂബെല്ലെക്കെതിരായ പ്രതിരോധ വാക്‌സിനായ എം.എം.ആറിനെതിരെയും പ്രചരണം നടന്നു.

വാക്‌സിനെടുക്കാത്ത ഒരു സമൂഹത്തിൽ ഗുരുതരമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കാം. ഇന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്ത പോളിയോ ഉൾപ്പെടെയുള്ള രോഗങ്ങൾ തിരിച്ചുവരാം. 2011 ജനുവരി 13നാണ് ഇന്ത്യയിൽ അവസാനമായി പോളിയോബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1950കളിലും 80കളിലും ഇന്ത്യയിൽ 1000ത്തിൽ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും ആയിരം കുട്ടികളിൽ ആറുപേർക്ക് പോളിയയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നുവെന്നുമായാണ് കണക്കുകൾ. ഈ അവസ്ഥയെയാണ് പോളിയോ വാക്‌സിൻ വഴി ഇന്ത്യ നിർമ്മാർജ്ജനം ചെയ്തത്. ഇപ്പോൾ മലപ്പുറത്തെ വാക്‌സിൻ വിരുദ്ധ പോളിയോ പോലുള്ള രോഗങ്ങൾ തിരിച്ചുവരാനിടയാക്കും.

ഈ ഗുരുതരാവസ്ഥ മുന്നിൽക്കണ്ടാണ് കുട്ടികൾക്ക് വാക്‌സിനെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുകയാണ്. കുട്ടികളുടെ ഇമ്മ്യണൈസേഷൻ സ്റ്റാറ്റസ് (പൂർണ്ണമായി കുത്തിവെപ്പ് എടുത്തവർ, പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലാത്തവർ, പ്രതിരോധ കുത്തിവെയ്‌പ്പിന്റെ വിശദാംശങ്ങൾ അറിയാത്തവർ ) ലഭ്യമാക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്‌കൂളിലെ പ്രധാനാധ്യാപകൻ ഈ വിവരങ്ങൾ ശേഖരിക്കണം. ഒരുമാസത്തിനകം കണക്കെടുപ്പ് പൂർത്തിയാക്കണം. ശേഖരിച്ച വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ആരോഗ്യപ്രവർത്തകർക്ക് തുടർ നടപടികൾക്കായി നൽകണമെന്നാണ് നിർദ്ദേശം.

പ്രതിരോധ കുത്തിവെയ്‌പ്പുകൾ ശിശുആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിരവധി പകർച്ചവ്യാധികളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ തന്നെ ഓരോ കുഞ്ഞിന്റെയും സ്വാഭാവിക അവകാശമായും അവ പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രതിരോധ മരുന്നുകൾ രോഗ പ്രതിരോധത്തിന്റെ ഏറ്റവും മികച്ച ഉപകരമാണെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡെപ്പ്യൂട്ടി സെക്രട്ടറി എസ്. ശരത്ചന്ദ്രനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.



കണക്കുകൾ ശേഖരിച്ച ശേഷം മാതാപിതാക്കൾക്ക് ബോധവത്കരണപരിപാടികൾ നടപ്പിലാക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ലക്ഷ്യം ഇത് ഫലവത്തായില്ലെങ്കിൽ കർശനമായ നടപടികളിലേക്ക് അധികൃതർ നീങ്ങും. വാക്‌സിനെടുത്ത കുട്ടികളെ മാത്രമേ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കൂവെന്ന കർശന നിബന്ധന നടപ്പാക്കാനാണ് അധികൃതരുടെ ആലോചന. ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP