Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ട് മറിച്ചു; പൊതു വിശ്വാസങ്ങളിൽ സമുദായം ഒന്നിച്ചുനിൽക്കണമെന്ന സ്വപ്നം തകർത്തു; കാന്തപുരത്തിന്റെ സംഘ്പരിവാർ ബന്ധവും സമുദായ വഞ്ചനയും ഉയർത്തി ചന്ദ്രികയിൽ ലീഗ് ജനറൽ സെക്രട്ടറി മജീദിന്റെ ലേഖനം

മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ട് മറിച്ചു; പൊതു വിശ്വാസങ്ങളിൽ സമുദായം ഒന്നിച്ചുനിൽക്കണമെന്ന സ്വപ്നം തകർത്തു; കാന്തപുരത്തിന്റെ സംഘ്പരിവാർ ബന്ധവും സമുദായ വഞ്ചനയും ഉയർത്തി ചന്ദ്രികയിൽ ലീഗ് ജനറൽ സെക്രട്ടറി മജീദിന്റെ ലേഖനം

കോഴിക്കോട്: വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കേരളത്തിലെ മുസ്‌ലിം സമുദായത്തെയും മതേതരവിശ്വാസികളെയും വഞ്ചിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് 'ചന്ദ്രിക'യിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി. മഞ്ചേശ്വരത്തടക്കം ബി.ജെപിക്ക് വോട്ടുമറിച്ച് നൽകാൻ കാന്തപുരം നേതൃത്വം നൽകിയത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളോടും ദലിതുകളോടും സംഘ്പരിവാറും നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിച്ച്, മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് തെളിവുസഹിതം ബോധ്യപ്പെട്ടിരിക്കുന്നു. മുസ്‌ലിം ലീഗിനെ മുഴുവൻ സീറ്റിലും തോൽപിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിന്റെ അഹങ്കാരത്തിന് നൽകിയ ശിക്ഷയാണ് ലീഗ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഭൂരിപക്ഷം.മുസ്‌ലിം സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളിൽ സമുദായസംഘടനകൾ ഒന്നിച്ചുനിന്നപ്പോൾ വിഘടിച്ചുനിൽക്കുന്ന നയമാണ് കാന്തപുരം സ്വീകരിച്ചത്. പൊതു വിശ്വാസങ്ങളിൽ സമുദായം ഒന്നിച്ചുനിൽക്കണമെന്ന കേരള മുസ്‌ലിംകളുടെ സ്വപ്നം തകർത്തത് കാന്തപുരമാണെന്ന് അറിവുണ്ടായിട്ടും മുസ്‌ലിം ലീഗ് ഏറെ ക്ഷമിച്ചു. എന്നാൽ, സംഘ്പരിവാറിനോട് ചേർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ സമുദായവിരുദ്ധ അജണ്ടകളെ വിമർശിക്കാതിരിക്കാൻ മുസ്?ലിം ലീഗിന് കഴിയില്ലെന്നാണ് വിമർശനം.

ചന്ദ്രികയിലെ ലേഖനത്തിന്റെ പൂർണ്ണ രൂപം ഇങ്ങനം

കാന്തപുരത്തിന്റെ സംഘ്പരിവാർബന്ധവും സമുദായ വഞ്ചനയും
കെ.പി.എ മജീദ് ( മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി)

വ്യക്തിപരമായ വലിയ താൽപര്യങ്ങൾക്കും സംഘടനാപരമായ ചെറിയ നേട്ടങ്ങൾക്കും വേണ്ടി മഞ്ചേശ്വരത്ത് അടക്കം ബിജെപിക്ക് വോട്ടുമറിച്ച് നൽകാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകിയത് കേരളത്തിലെ മുസ്‌ലിം സമുദായത്തോടും മതേതര വിശ്വാസികളോടും ചെയ്ത കടുത്ത വഞ്ചനയാണ്. ഇന്ത്യയിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളോടും ദളിതുകളോടും ചരിത്രത്തിലും വർത്തമാനത്തിലും സംഘ്പരിവാറും നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിക്കാനും ഇസ്‌ലാമിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളിൽ ഏതെങ്കിലും ഒരു ധാരയെ മാത്രം സർക്കാർ തലത്തിൽ പ്രോത്സാഹിപ്പിച്ച് ഒരൊറ്റ സമുദായമായി നിൽക്കുന്ന ഇന്ത്യയിലെ മുസ്‌ലിംകളെ ഭിന്നിപ്പിക്കുവാനും നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പ്രവർത്തനമെന്നത് തെളിവ് സഹിതം ബോധ്യപ്പെട്ടിരിക്കുകയാണ്.

കാന്തപുരത്തിന്റെ നിർദ്ദേശമനുസരിച്ച് മഞ്ചേശ്വരത്ത് തമ്പടിച്ച് തങ്ങളുടെ സർവ കേഡർ വോട്ടുകളും ബിജെപിക്ക് പോൾ ചെയ്യിപ്പിക്കുന്ന ദൃശ്യം കാന്തപുരത്തോട് ചെറിയ അനുഭാവമുള്ളവർ നേരിൽകണ്ട് അത്ഭുതപ്പെടുകയായിരുന്നു. സംഘ്പരിവാറിന് വേണ്ടി ഒരു മുസ്‌ലിംപണ്ഡിതൻ ഇത്രയും തരംതാഴ്ന്ന കാഴ്ച ഇന്ത്യയിൽ ആദ്യമായിരിക്കും. അതേസമയം ഇടതു സ്ഥാനാർത്ഥിയെ വിളിച്ച് തങ്ങളുടെ പിന്തുണ താങ്കൾക്കാണെന്നും പറയാൻ ഇദ്ദേഹം ശ്രമിച്ചുകാണണം. ഡസനിലേറെയുള്ള ബിജെപി കേന്ദ്രമന്ത്രി പടയും ഹെലികോപ്റ്ററുകളും കൂടെ കാന്തപുരവുംകൂടി യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനായി കാസർകോട്ട് ക്യാമ്പ്‌ചെയ്യുന്നുവെന്ന വിവരം മനസ്സിലാക്കി കർണ്ണാടകയിലെ കോൺഗ്രസ് നേതൃത്വം വലിയ ഒരു നേതൃപടയെത്തന്നെ മഞ്ചേശ്വരത്തേക്ക് അയക്കുകയായിരുന്നു.

ഉന്നത നേതാക്കളായ ഓസ്‌കാർ ഫെർണാണ്ടസ്, ഐവാൻ ഡിസൂസ, വിനയകുമാർ സൊർക്കെ, റാം നാഥ് റായി, ഹേമന്ത്‌ഷെട്ടി, ശകുന്തള ഷെട്ടി തുടങ്ങി വൻ സംഘം നേതാക്കൾ അവിടെ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ഓരോ പഞ്ചായത്തിലും ഒരു മന്ത്രി, ഒരു എംപി, ഒരു എംഎ‍ൽഎ എന്നിങ്ങനെ ചാർജ് ഏറ്റെടുത്ത് നടത്തിയ ശക്തമായ പ്രവർത്തന ഫലവും ദൈവകടാക്ഷവും സമുദായത്തിന്റെ പ്രാർത്ഥനയും കൊണ്ടാണ് 89 വോട്ടുകൾക്ക് ബിജെപിയെ തോൽപ്പിച്ച് അത്ഭുത വിജയം നേടാനായത്. കാന്തപുരം ഒഴികെയുള്ള സർവ മുസ്‌ലിം സംഘടനകളും മതേതര സമൂഹവും ഒന്നിച്ച് നടത്തിയ കഠിന പ്രയത്‌നം കൊണ്ടുമാത്രമാണ് അത്യുത്തര കേരളത്തിൽ സംഘ് പരിവാറിന് അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയത്.

കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കാൻ സാധിച്ചെന്നും മുസ്‌ലിംകളിൽ കൂടി സ്വീകാര്യതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ബിജെപി ദേശീയ നേതാക്കളുടെ പ്രസ്താവനകളും ബിജെപി നേതാവ് ശ്രീധരൻപിള്ള ചെങ്ങന്നൂർ മണ്ഡലത്തിൽ തനിക്ക് കാന്തപുരം മുസ്‌ല്യാർ പിന്തുണ വാഗ്ദാനം നൽകിയെന്ന് പരസ്യമായി പറഞ്ഞതും മലപ്പുറം നിയോജക മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ സ്ഥാനാർത്ഥി തനിക്ക് ഉസ്താദിന്റെ പിന്തുണയുണ്ടെന്നു പരസ്യമായി പറഞ്ഞത് നിഷേധിക്കാത്തതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.

അഖിലേന്ത്യാ സംഘടന രൂപീകരിച്ച് നാട്ടിലെത്തിയ കാന്തപുരത്തിന് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ബിജെപി നേതാവ് പറഞ്ഞത് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്‌ലിം പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്‌ല്യാർ ആണെന്നായിരുന്നു നേതാവിന്റെ വാഴ്‌ത്തൽ. ആ വാക്കുകൾ കൈയടിയോടെ ആസ്വദിക്കുകയായിരുന്നു മുസ്‌ല്യാരും അനുയായികളും. പരലോകത്ത് സ്വർഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏൽപ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവർക്ക് നരേന്ദ്ര മോദിയുടെ പേര് കേട്ടാൽ തക്‌ബീർ ചൊല്ലിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിനിടയിൽ കാലങ്ങളായുള്ള അഭിപ്രായ വ്യത്യാസങ്ങളെ ഊതിവീർപ്പിച്ച് വിഭാഗീയവത്കരിച്ച് അതിന്റെ മറവിൽ ഒരു കൂട്ടം ആളുകളെ സംഘ്പരിവാർ ആലയത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള കാന്തപുരത്തിന്റെ നികൃഷ്ട നീക്കങ്ങൾക്കെതിരെ സമുദായം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ആർക്കാണ് തങ്ങളുടെ വോട്ടെന്ന് കൃത്യമായി പറയാതെ വിജയിക്കപ്പെട്ടവന് തങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്ന് പിന്നീട് അവകാശപ്പെടുന്ന ഹീനതന്ത്രമായിരുന്നു ഇക്കാലമത്രയും ഇദ്ദേഹം അവലംബിച്ചിരുന്നു എന്നത് ആർക്കാണ് അറിയാത്തത്.

മുസ്‌ലിംലീഗ് 20 സീറ്റ് നേടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ലെങ്കിൽ മൂന്നു സീറ്റുപോലും കിട്ടില്ലായിരുന്നുവെന്ന കേരളത്തിലെ ഒരു ടി.വി ചാനലിനോട് അഹന്തയോടെ കാന്തപുരം പറഞ്ഞതിന്റെ ക്ലിപ്പുകളും പരിഹാസ വചനങ്ങളും ഇപ്പോഴും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തവണ മുസ്‌ലിംലീഗിനെ മുഴുവൻ സീറ്റിലും തോൽപ്പിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിന് ലീഗിനെ തെല്ലുപോലും പ്രഹരിക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത ബോധ്യപ്പെട്ടുകാണും. തോൽപ്പിക്കാനായി മതചിഹ്നങ്ങൾ മുഴുവൻ പുറത്തെടുത്ത മണ്ണാർക്കാട്ട്, തങ്ങളുടെ മുഴുവൻ സഖാഫിമാരെയും വീടുകൾതോറും കയറിയിറങ്ങാൻ നിയോഗിച്ചിട്ടും ഉത്ബുദ്ധരായ അവിടത്തെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ വോട്ടർമാർ ലീഗ് സ്ഥാനാർത്ഥിക്ക് നൽകിയ മഹാഭൂരിപക്ഷം കാന്തപുരത്തിന്റെ അഹങ്കാരത്തിന് നൽകിയ ശിക്ഷയാണ്.

പരാജയപ്പെടുത്താനുള്ള കാന്തപുരത്തിന്റെ കൂട്ടപ്രാർത്ഥനക്കിടയിലും പതിനെട്ട് സീറ്റ് നിലനിർത്താനായ മുസ്‌ലിംലീഗിന് സ്വന്തം അശ്രദ്ധകൊണ്ട് മൂന്ന് സീറ്റുകൾ നഷ്ടപ്പെടുക മാത്രമാണുണ്ടായത്. തെരഞ്ഞെടുപ്പ് കാലത്ത് കാന്തപുരത്തിനെ കാണാൻ സ്ഥാനാർത്ഥികളും നേതാക്കളും കാരന്തൂരിലെ മർകസിന് മുന്നിൽ ദർശനത്തിനായി നിൽക്കുന്ന കാഴ്ച സ്വയം ആസ്വദിക്കുന്ന കാന്തപുരം അത് മാദ്ധ്യമങ്ങളെ മുൻകൂട്ടിയറിയിക്കാൻ മടിക്കാറുമില്ല. എല്ലാ കക്ഷി നേതാക്കളും തന്റെ മുമ്പിൽ നമ്രശിരസ്‌കരായി നിൽക്കുന്ന ദൃശ്യം സ്വന്തം അനുയായികളെക്കൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിച്ച് രാഷ്ട്രീയക്കാരുടെ മേൽ ചക്രവർത്തി ചമയുകയാണ്. എന്നാൽ കാന്തപുരത്തിന്റെ പത്തിരട്ടി ആൾബലമുള്ള സമസ്തയുടെ ചേളാരി ഓഫീസിലേക്കോ മുജാഹിദ് സെന്ററിലേക്കോ മർക്കസുദ്ദഅ്‌വയിലേക്കോ ഹിറാ സെന്ററിലേക്കോ മറ്റു മുസ്‌ലിം സംഘടനാ ആസ്ഥാനത്തേക്കോ ആരും വോട്ടിനായി ചെല്ലാത്തത് അവിടെ വോട്ടുകച്ചവടമില്ലെന്ന തിരിച്ചറിവ് കൊണ്ടാണ്.

താൽക്കാലിക നേട്ടത്തിനായി ഇത്തരം കേന്ദ്രങ്ങളിൽ കയറിയിറങ്ങുന്നവർക്ക് പിൽക്കാലത്ത് വലിയ മാനഹാനിയിലേക്കായിരിക്കും വഴി തെളിയിക്കുക. മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് കേന്ദ്ര അഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേര് സോണിയാഗാന്ധിയോട് താൻ ശിപാർശ ചെയ്തിട്ടാണെന്നറിയാമല്ലോ എന്ന കാന്തപുരത്തിന്റെ ഫോൺ സംഭാഷണം നേരത്തെതന്നെ വിവാദമായിട്ടുള്ളതാണ്. എം.കെ രാഘവൻ വിജയിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരാളുടെ പക്കൽ തങ്ങളുടെ പിന്തുണ താങ്കൾക്കുണ്ടായിരുന്നുവെന്ന കുറിപ്പ് കൈമാറിയതടക്കമുള്ള നിരവധി ഉദാഹരണങ്ങൾ ഇദ്ദേഹത്തിന്റെ കള്ളക്കൗശലവുമായി ബന്ധപ്പെട്ട് പറയാനുണ്ട്.

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ കേന്ദ്ര ഭരണകൂടത്തെയും ബിജെപിയെയും പിണക്കാതിരിക്കുകയും പരമാവധി സർക്കാർ അനുകൂല നിലപാടുകൾ കൈക്കൊള്ളുകയും ചെയ്തത് ബിജെപിയോടും ഫാസിസ്റ്റ് ഭരണകൂടത്തോടും സമുദായത്തിൽ നിലനിന്നിരുന്നതും വളർന്നുവന്നിരുന്നതുമായ പ്രതിഷേധത്തെ ഭിന്നിപ്പിക്കാനും ബിജെപിയോടുള്ള മുസ്‌ലിം ജനസാമാന്യത്തിന്റെ അസ്പൃശ്യത അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനംമുതൽ ആർ.എസ്.എസ് മുൻകൈയെടുത്ത് സംഘടിപ്പിച്ച സൂഫിസമ്മേളനത്തിന്റെ നേതൃ രംഗത്തെത്തിയതടക്കമുള്ള സംഗതികൾ വെളിവാക്കുന്നത് ഇതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തോടടുപ്പിച്ച മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപിയെ പിന്തുണച്ചതിന്റെ രഹസ്യം മറ്റൊന്നുമല്ല. വിജയിച്ച സ്ഥാനാർത്ഥികളും മുന്നണികളും തങ്ങളുടെ പിന്തുണകൊണ്ടാണെന്ന പതിവുപല്ലവി ആവർത്തിക്കാൻ ഇടനൽക്കാത്തവിധം മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ മതേതര സമൂഹം ഒറ്റക്കെട്ടായി നിലകൊണ്ടത് ഇത്തരം മതമേലധ്യക്ഷന്മാർ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെതിരെയുള്ള താക്കീതായി കാണേണ്ടതുണ്ട്. കേരളത്തിലെ ജയപരാജയങ്ങളിൽ ഇത്തരം കപട മതപുരോഹിതന്മാർക്ക് ഒരു പങ്കുമില്ലെന്നതിന്റെ നിദർശനമാണ് മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് വിജയമെന്നത് അഭിമാനകരാണ്.

മുസ്‌ലിംസമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളിൽ സമുദായ സംഘടനകൾ ഒന്നിച്ചുനിന്നപ്പോൾ വിഘടിച്ച് നിൽക്കുന്ന നയമാണ് കാന്തപുരം സ്വീകരിച്ചത്. പരിശുദ്ധമായ ഇസ്‌ലാമിക ശരീഅത്ത് വെല്ലുവിളി നേരിട്ടപ്പോൾ അഭിപ്രായ വ്യത്യാസം മറന്ന് എല്ലാവരും യോജിച്ച് നീങ്ങിയപ്പോഴും അതിനോടു സഹകരിക്കാതെ പുറംതിരിഞ്ഞുനിന്നത് സമൂഹം മറന്നിട്ടില്ല. അന്നുമുതൽ ഇന്നുവരെ സമുദായ പ്രശ്‌നങ്ങളിൽ ഇദ്ദേഹം സ്വീകരിക്കുന്ന നിലപാടും സമീപനവും സമുദായ ഐക്യത്തിന് എതിരാണ്. ഇദ്ദേഹത്തിന്റെ അനുയായിയായി അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ ഒരു സഖാഫി മുസ്‌ലിംലീഗ് പാർട്ടി വർഗീയമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടത് മുസ്‌ലിംലീഗ് യോഗങ്ങൾ ഫാത്വിഹ ഓതി ആരംഭിക്കുന്നുവെന്ന കണ്ടെത്തലാണ്.

മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും ഇതര മത സമൂഹങ്ങളിലെ മതേതര വിശ്വാസികളും ഉൾപ്പെടുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. ആ നിലയിൽ എല്ലാവരോടും മാന്യമായ സമീപനമാണ് മുസ്‌ലിംലീഗ് പുലർത്തിപ്പോന്നത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ലീഗ് മന്ത്രിമാരും നേതാക്കളും കാന്തപുരത്തിന്റേതടക്കമുള്ള പരിപാടികൾക്ക് വിമർശനങ്ങൾക്കിടയിലും പങ്കെടുത്തുകൊണ്ടിരുന്നത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇവരുടെ വിമർശനങ്ങളോട് മൗനമവലംഭിച്ചതും മേൽനിലപാടുകളുടെ വെളിച്ചത്തിലാണ്. പൊതുവിശ്വാസങ്ങളിൽ സമുദായം ഒന്നിച്ചുനിൽക്കണമെന്ന കേരള മുസ്‌ലിംകളുടെ സ്വപ്‌നം തകർത്തത് കാന്തപുരമാണെന്ന് അറിവുണ്ടായിട്ടും മുസ്‌ലിംലീഗ് ഏറെ ക്ഷമിച്ചു. എന്നാൽ ചരിത്രാതീതം മുതൽ സമുദായത്തെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ച സംഘ്പരിവാർ ശക്തികളോട് തോളോട് തോൾ ചേർന്നുനിൽക്കുന്ന കാന്തപുരത്തിന്റെ സമുദായ വിരുദ്ധ അജണ്ടകളെ വിമർശിക്കാതിരിക്കാൻ മുസ്‌ലിംലീഗിന് കഴിയില്ല.

എല്ലാ കാലവും ഈ ഹീന പ്രവൃത്തികളെ നിസ്‌ഛേഷ്ഠമായി നോക്കിനിൽക്കാൻ ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിനാവില്ല. ഡൽഹി കേന്ദ്രീകരിച്ച് കാന്തപുരം കഴിഞ്ഞ കുറേകാലമായി നടത്തിവരുന്ന ഗൂഢാലോചനകൾ ഭീതിയോടെ മാത്രമേ സമുദായ സ്‌നേഹികൾക്കും മതനിരപേക്ഷ സമൂഹത്തിനും കാണാനാവൂ. അന്താരാഷ്ട്ര സൂഫി സമ്മേളനമെന്ന പേരിൽ മോദിയുടെ ചെലവിൽ ഡൽഹിയിൽ അരങ്ങേറിയ ഒരുപറ്റം സൂഫി മൗലാനമാരുടെ സമ്മേളന മാമാങ്കം മുഖ്യധാരാ മുസ്‌ലിംകളെ മൊത്തം വ്യംഗമായി ഭീകകരവാദ പ്രയോക്താക്കളായി ചിത്രീകരിക്കുംവിധമായിരുന്നു. ഈ സമ്മേളന തട്ടിക്കൂട്ടലിന് ചരടുവലിക്കാനും അന്താരാഷ്ട്ര പട്ടം ചാർത്താനും നരേന്ദ്ര മോദി നിയമിച്ചത് ആസിഫ് ഇബ്രാഹിം, അജിത്‌ഡോവൽ എന്നീ വ്യക്തികളേയാണെന്നാണ് പത്രവാർത്ത.

ഇവരുടെ ഗതകാലചരിത്രമാകട്ടെ നരേന്ദ്ര മോദിയെയും കൂട്ടരെയും വഴിവിട്ട് സഹായിച്ച കഥകൾ. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടർ സ്ഥാനത്ത് 1947ൽ നിയമിതനായ ടി.വി സഞ്ജീവ് പിള്ള തൊട്ട് ഇപ്പോഴുള്ള ദിനേശ്വർ ശർമ്മ വരെയുള്ള 25 പേരിൽ ഒരേയൊരു മുസ്‌ലിമാണ് 2013 ജനുവരിയിൽ യു.പി.എ സർക്കാറിനാൽ നിയമിതനായ സയ്യിദ് ആസിഫ് ഇബ്രാഹിം. മധ്യപ്രദേശ് കേഡറിൽ 1977 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ഇദ്ദേഹം. ഇശ്രത്ത്ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോ മേധാവിയുടെ വ്യാജ റിപ്പോർട്ടിനെ പിന്തുണച്ചുകൊണ്ട് നിലപാട് സ്വീകരിച്ച് മതേതര രാജ്യത്തെ ഞെട്ടിച്ച വ്യക്തിയാണ് സയ്യിദ് ആസിഫ് ഇബ്രാഹിം. ഈ കേസിൽ നിന്നും നരേന്ദ്ര മോദിയെയും അമിത്ഷായെയും മറ്റു കുറ്റവാളികളെയും രക്ഷപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തി കൂടിയാണ് ഈ ആസിഫ് ഇബ്രാഹിം എന്നത് പരസ്യമാണ്.

ഇതിന്റെ പാരിതോഷികമെന്ന നിലക്കാണ് മോദി അധികാരമേറ്റയുടൻതന്നെ ഇദ്ദേഹത്തെ വലിയ ഡിപ്ലോമാറ്റിക് റാങ്കോടെ രാജ്യത്തിന്റെ തീവ്രവാദ ഭീകരവാദ പ്രതിരോധ തലവനായി (സി.ടി.ഇ) നിയമിച്ചത്. നരേന്ദ്ര മോദിക്ക് കേന്ദ്ര ഭരണം പിടിക്കാനായി ബൗദ്ധിക പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ ഒരു സംഘടന അബ്‌കോ എന്ന അമേരിക്കൻ ഏജൻസിയാണെങ്കിൽ മറ്റൊന്ന് ഇന്ത്യയിലെ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന സംഘടനയാണ്. അതിന്റെ മുഖ്യതലച്ചോറെന്ന വിശേഷണത്തിന് വിധേയനായ അജിത്‌ഡോവൽ 20042005 കാലത്ത് ഇന്റലിജന്റ്‌സ് ബ്യൂറോയുടെ ഡയറക്ടറായിരുന്നിട്ടുണ്ട്. കേരള കേഡറിൽ 1968 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ഇദ്ദേഹം.

മിത്രമായ നിപേന്ദ്ര മിശ്രയോടൊത്ത് അജിത്‌ഡോവലാണ് മോദിക്ക് അധികാരത്തിലെത്താൻ വേണ്ടി ബൗദ്ധിക ധൈഷണിക തന്ത്രങ്ങൾ മെനഞ്ഞത്. ഇതിന്റെ ഉപകാര സ്മരണയിലാണ് ഇദ്ദേഹത്തെ നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശകനായി (എൻ.എസ്.എ) നിയമിച്ചത്. അധികാരമേറ്റയുടൻ മുസ്‌ലിം പിന്തുണയാർജ്ജിക്കാൻ മോദി ചുമതലപ്പെടുത്തിയത് ഈ രണ്ട് മോദി ഭക്തരെത്തന്നെയായിരുന്നു. ആസിഫ് ഇബ്രാഹിമും അജിത്‌ഡോവലും ഉത്തരപ്രദേശിലെ കച്ചൗച്ച് പ്രദേശത്തെ കച്ചൗച്ച് ഷരീഫിലെ സൂഫി ഇമാമും ബിജെപി സഹയാത്രികരുമായ മുഹമ്മദ് അഷ്‌റഫ് കച്ചൗച്ചിയെ മുന്നിൽ നിർത്തി ന്യൂ ഡൽഹിയിൽ അന്തർദേശീയ സൂഫി സമ്മേളനം സംഘടിപ്പിച്ചത്.

നേരത്തെ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമെല്ലാം അംബാസിഡറായും മറ്റും ജോലി ചെയ്തിരുന്ന ഇവർക്ക് അവിടങ്ങളിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് കുറേ സൂഫിമൗലാനമാരെ സംഘടിപ്പിച്ച് അന്താരാഷ്ട്ര സമ്മേളനമെന്ന ഖ്യാതി സൃഷ്ടിച്ചത്. അതിന് മുന്നോടിയായി 2015 ഓഗസ്ത് 27ന് നടന്ന നരേന്ദ്ര മോദിയുമായുള്ള തന്നെ പിന്തുണക്കുന്ന സൂഫി നേതാക്കളുടെ കൂടിക്കാഴ്ചകൾക്ക് വന്നത് പ്രമുഖരായ ആറ് പ്രധാന വ്യക്തികളുടെ പേര് പ്രധാനമന്ത്രിയുടെ ഓഫീസ്തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതിൽ നാലാമത്തെ പേര് ശൈഖ് അബൂബക്കർ അഹമ്മദ് മുസ്‌ല്യാർ എന്നാണ് കാണുന്നത്. ശൈഖ് എന്ന സ്ഥാനപ്പേര് തന്റെ പേരിനോടൊപ്പം ചാർത്തിയ ആ വ്യക്തി കാന്തപുരം അബൂബക്കർ മുസ്‌ല്യാർ ആണെന്നത് പിന്നീടാണ് പലരും മനസ്സിലാക്കിയത്.

ആ കൂടിയാലോചനക്ക് ശേഷമാണ് ബിജെപി സർക്കാർ സ്‌പോൺസർ ചെയ്ത ഈ അന്താരാഷ്ട്ര സൂഫി സമ്മേളനം നടക്കുന്നത്. ആ സമ്മേളനത്തിലും ഇദ്ദേഹവും കൂട്ടാളികളും സജീവമായി പങ്കെടുക്കുകയും നരേന്ദ്ര മോദിയോടൊപ്പമുള്ള ബഹുവർണ ഫോട്ടോകൾ യഥേഷ്ടം അനുയായികളെക്കൊണ്ട് സോഷ്യൽമീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തു.നരേന്ദ്ര മോദിക്ക് കീഴിൽ ചതഞ്ഞരഞ്ഞ ആയിരങ്ങളുടെ കണ്ണീര് ഈ സമ്മേളനം കണ്ടതായിപ്പോലും ഭാവിച്ചില്ല. ഗുജറാത്തിൽ ആദ്യമായി ഒരു മുസ്‌ലിം സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി കാന്തപുരത്തിന് മാത്രമാണ് ലഭിച്ചത്. അത്രയും ദൃഢമാണ് ബിജെപിയുമായുള്ള ബന്ധം. സ്‌പെയിനിലെപോലെ മതപണ്ഡിതരെ കയ്യിലെടുത്താലേ ഇസ്‌ലാമിനെ നശിപ്പിക്കാൻപറ്റൂ എന്ന തിരിച്ചറിവാകണം മോദിയെ ഈ ചങ്ങാത്തത്തിന് പ്രേരിപ്പിച്ചത്.

മോദി വാഴ്‌ത്തൽ അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഒരുപക്ഷെ ഇനി വല്ല പുരസ്‌കാര പട്ടങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. നരേന്ദ്ര മോദി വഴി കാന്തപുരത്തിന്റെ മർകസിന് അക്കൗണ്ട് വഴി അഞ്ചുകോടി രൂപ സംഭാവന നൽകിയെന്ന ആരോപണം ചില സംഘടനകൾ നേരത്തെ ഉന്നയിച്ചിരുന്നതാണ്. പക്ഷെ ഇന്നുവരെ അതു നിഷേധിക്കാനോ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്താനോ കാന്തപുരം മുതിർന്നിട്ടില്ലെയന്നതും ദുരൂഹമാണ്. വ്യക്തിഗത താൽപര്യത്തിന്‌വേണ്ടി പിറന്നുവീണ സമുദായത്തെ മറന്ന് രാജ്യത്തെ പലയിടങ്ങളിലും സമുദായത്തെ ഉന്മൂലനംചെയ്ത ഫാസിസ്റ്റ് ശക്തികളോട് ചേർന്ന് നടത്തുന്ന വഴി വിട്ട കളികൾ സമുദായവും മതനിരപേക്ഷ സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വസ്തുത കാന്തപുരവും താമര സുന്നികളും മനസ്സിലാക്കുന്നത് നല്ലതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP