Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുപ്പതുവയസ്സിനിടയ്ക്ക് ഒരായുസ്സിന്റെ ദുരിതം; ജീവിതത്തിലെ സങ്കടക്കടൽ നീന്താൻ ലേഖാ നമ്പൂതിരിക്ക് സഹായവുമായി സുമനസ്സുകൾ; വൃക്ക ദാനംചെയ്ത് മാതൃകയായ യുവതിക്ക് വിധി കരുതിവച്ചത് വേദന നിറഞ്ഞ രോഗശയ്യ

മുപ്പതുവയസ്സിനിടയ്ക്ക് ഒരായുസ്സിന്റെ ദുരിതം; ജീവിതത്തിലെ സങ്കടക്കടൽ നീന്താൻ ലേഖാ നമ്പൂതിരിക്ക് സഹായവുമായി സുമനസ്സുകൾ; വൃക്ക ദാനംചെയ്ത് മാതൃകയായ യുവതിക്ക് വിധി കരുതിവച്ചത് വേദന നിറഞ്ഞ രോഗശയ്യ

തിരുവനന്തപുരം: ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തുനിന്ന് പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന റോഡ്. അതിലേ പോകുമ്പോൾ വടക്കേത്തുണ്ടം കോയിക്കൽത്തറ ക്ഷേത്രത്തിന് മൂന്നാമതായി ഒരു കൊച്ചുവീട്. ഷീറ്റുമേഞ്ഞ വീട്ടിൽ വേദന കടിച്ചമർത്തി സന്ദർശകരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ലേഖാ നമ്പൂതിരി. പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. എങ്കിലും തന്റെ ദുരവസ്ഥയറിഞ്ഞ് ഉമ്മറത്തുവരുന്ന അതിഥികളെ കിടക്കയിൽ കിടന്നിടത്തുനിന്ന് തലയൊന്നുയർത്തി, വേദനകടിച്ചമർത്തി മുഖച്ച് ചിരിനിറച്ച് വരവേൽക്കുകയാണ് ലേഖ.

നിറഞ്ഞ മനസ്സോടെ, പ്രതിഫലമായി സ്‌നേഹം മാത്രം മതിയെന്നുപറഞ്ഞ് പാലക്കാട് പട്ടാമ്പി വിളയൂരിലെ ഷാഫി നബാസ് എന്ന ചെറുപ്പക്കാരന് വൃക്ക നൽകിയ ലേഖ ഇന്ന് വിധിയുടെ ക്രൂരതകളെ നേരിട്ട് തന്റെ കൊച്ചുവീട്ടിൽ ജീവിതം തള്ളിനീക്കുന്നു. ഒരു ചെറുപ്പക്കാരന്റെ സങ്കടം തിരിച്ചറിഞ്ഞ്, മതത്തിന്റെ വേലിക്കെട്ടുകൾ തച്ചുടച്ച് അവയവദാനം നടത്തിയതിലൂടെ നന്മയുടെ പ്രതീകമായി വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു ലേഖ. നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്കു തള്ളിവരുന്ന നിലയിൽ, കാലുകളിലേക്ക് രക്തയോട്ടം കുറഞ്ഞ്, നടുപിളർക്കുന്ന വേദനയോടെ ആ മനുഷ്യസ്‌നേഹി തന്റെ ജീവിതകഥ പറയുന്നു. ആരേയും കുറ്റപ്പെടുത്താതെ, ആരോടും പരിഭവമില്ലാതെ.

ചെറുപ്രായത്തിൽ ഒരായുസ്സിന്റെ ദുരിതം

മുപ്പതുവയസ്സു പിന്നിടുന്നതിനിടയിൽ ഒരായുസ്സിന്റെ ദുരിതങ്ങളുടേയും വേദനകളുടേയും പർവം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു ലേഖ. ചെങ്ങന്നൂർ പാണ്ടനാട് ചെറുവേലി ഇല്ലത്തിൽ സിഡി മധുസൂദനൻ നമ്പൂതിരിയുടേയും പാർവതി അന്തർജനത്തിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് ലേഖ. മാളികപ്പുറം മുന്മേൽശാന്തിയായിരുന്നു അച്ഛൻ. അല്ലലില്ലാതെ വളർന്ന ലേഖ പത്താംകഌസ് വരെയേ പഠിച്ചുള്ളൂ. നേരത്തെ വിവാഹംകഴിപ്പിച്ചയക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് സമ്മതംമൂളി ചെറുപ്രായത്തിൽത്തന്നെ വിവാഹം. വിവാഹംകഴിഞ്ഞ ആറുമാസത്തിനകംതന്നെ അച്ഛൻ മരിച്ചു. ശാന്തിക്കാരനായിരുന്ന ജയൻ നമ്പൂതിരിയുമായുള്ള ആ ബന്ധം കുറച്ചുവർഷങ്ങളേ നീണ്ടുനിന്നുള്ളൂ. രണ്ട് മക്കൾ പിറന്നതിനു പിന്നാലെ ആ ബന്ധമൊഴിഞ്ഞു.

ചെറുപ്രായത്തിൽ രണ്ടു മക്കളുമായി ജീവിതത്തെ സധൈര്യം നേരിട്ട ലേഖയ്ക്ക് താങ്ങായത് ഒമ്പാതാംക്‌ളാസിൽ പഠിക്കുമ്പോൾ പരിശീലിച്ച ബ്യൂട്ടീഷ്യൻ കോഴ്‌സ്. ഒരു ബ്യൂട്ടീഷ്യനൊപ്പം ചേർന്ന് വാടകവീട്ടിൽ രണ്ടുകുട്ടികളുമായി ജീവിതം നെയ്തുതുടങ്ങിയപ്പോൾത്തന്നെ ലേഖ രോഗഗ്രസ്തയായിരുന്നു. നട്ടെല്ലിൽ നിന്ന് ചെറുവേദനകൾ. കാലുകൾക്ക് തളർച്ച. ഇതെല്ലാമായിരുന്നു ആദ്യകാലത്തെ വിഷമങ്ങൾ. ആദ്യദാമ്പത്യകാലത്തുണ്ടായ ഒരു അനിഷ്ടസംഭവത്തേയും വീഴ്ചയേയും തുടർന്നുണ്ടായ ക്ഷതം നട്ടെല്ലിനെ സാരമായി ബാധിച്ചെന്ന് അന്ന് തിരിച്ചറിഞ്ഞില്ല. 

ഇക്കാലത്താണ് ബസ് ഡ്രൈവറായ സാജൻ കോശി ലേഖയുടെ ജീവിതത്തിലെത്തുന്നത്. എല്ലാ വിവരങ്ങളും അറിഞ്ഞ് ജീവിതസഖിയാക്കാനെത്തിയ സാജനെ ലേഖ സ്വീകരിച്ചു. ബസ് ഡ്രൈവറായിരുന്നു സാജൻ. മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബാംഗം. ലേഖ മതംമാറണമെന്ന് സാജന്റെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സാജൻ സമ്മതിച്ചില്ല. ഇരുവരും കുഞ്ഞുങ്ങളോടൊപ്പം വാടകവീട്ടിൽ താമസിച്ച് ജീവിതം തുടർന്നു.

സിനിമയുടെ നന്മ ജീവിതത്തിലേക്ക്

ഇതിനിടയിലാണ് ലേഖയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. അങ്ങനെ സിനിമകാണുന്ന ശീലമൊന്നുമില്ല ലേഖയ്ക്ക്. മാവേലിക്കരയിൽ ഒരു ഓഫീസ് ആവശ്യത്തിന് പോയപ്പോൾ അവിടെ അൽപം കാത്തിരിപ്പ്. എന്നാൽ ഒരു സിനിമയ്ക്കു പോകാമെന്നായി. കണ്ടത് മമ്മുട്ടി 'മൈക്കായി' എത്തുന്ന ലൗഡ് സ്പീക്കർ. സമ്പന്നനായ ഒരാളുടെ പ്രതിഫലം നിരസിച്ച് തന്റെ വൃക്കനൽകിയ നായകൻ ലേഖയുടെ മനസ്സിന്റെ വെള്ളിത്തിരയിലും നിറഞ്ഞു. ജീവിതം ഇത്തരം നന്മകളുടേതാകണമെന്ന് അന്നേ ലേഖ മനസ്സിൽ കുറിച്ചു.

അടുത്ത ദിവസങ്ങളിൽ പത്രത്താളുകൾ മറിക്കവെ ഒരു കൊച്ചു പരസ്യം. '29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോൺനമ്പരിൽ വിളിച്ചു. പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നൽകാൻ താത്പര്യമുണ്ടെന്നറിയിച്ചു. പക്ഷേ, അവർക്കു സംശയം. സ്ത്രീയല്ലേ... പിന്നീട് പിന്മാറിയാലോ എന്ന്. ഇല്ലെന്ന് തീർത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരൻ ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരിൽക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ മടങ്ങവേ കാറിൽ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സങ്കടം തോന്നി. മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.

ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങൾ. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ട പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കിൽ എന്റെയൊരു വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാൻ എനിക്കാവില്ല.

നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനൽകാൻ തീരുമാനിച്ചു. മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാൽ വൃക്കദാനം നീണ്ടുപോയി. ഒടുവിൽ 2012 നവംബർ 15ന് ഷാഫക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയുള്ള വൃക്കനൽകിയ ലേഖയെ അങ്ങനെ ലോകം അറിഞ്ഞു. വാടകവീട്ടിൽ അഷ്ടിച്ച് കഴിഞ്ഞുകൂടിയ കാലമായിട്ടുപോലും പണംവാങ്ങാതെ വേണം അവയവദാനമെന്ന് നിശ്ചയദാർഢ്യം ലേഖ നിറവേറ്റി. നിങ്ങൾക്ക് കാശൊന്നുമില്ലല്ലോ, വൃക്ക കൊടുത്തപ്പോൾ കാശുവാങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചവർക്കുമുന്നിൽ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ബൈബിൾവാക്യം ലേഖ മറയായിപ്പിടിച്ചു.

ദുരിതങ്ങൾ തുടർക്കഥയായപ്പോഴും തളരാതെ

ഇക്കാലത്തെല്ലാം ഇടയ്ക്കിടെ ലേഖയുടെ ജീവിതത്തിൽ വില്ലനായി നടുവേദനയും കാൽകഴപ്പും വന്നുകൊണ്ടിരുന്നു. എന്നാൽ അതിനൊന്നും വൃക്കദാനമെന്ന മനംനിറഞ്ഞെടുത്ത തീരുമാനത്തെ കീഴടക്കാനായില്ല. ഭർത്താവ് സാജൻകോശിയുടെ പൂർണപിന്തുണയും ലേഖയ്ക്ക് ശക്തിപകർന്നു. ഇക്കാലത്ത് വേദന കൂടിവന്നതിനാൽ പലപ്പോഴും ബ്യൂട്ടിപാർലറിൽ പോകാനായില്ല. കൂട്ടിരിക്കാൻ കുട്ടികളും ഭർത്താവ് സാജൻകോശിയും മാത്രം. വീടിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലായി വന്നു. വൃക്കദാനത്തിനുപിന്നാലെ തങ്ങൾ സഹായിക്കാമെന്ന് പറഞ്ഞ പലരേയും പിന്നീട് കണ്ടില്ല. അതോടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന സ്ഥിതി വന്നു. അവരെ മാവേലിക്കരയിൽ സാൽവേഷൻ ആർമിയുടെ തഴക്കരയിലെ ബോയ്‌സ്‌ഹോമിൽ നിർത്തി ഒരുവർഷത്തോളം. കുഞ്ഞുങ്ങളെ അനാഥാലായത്തിലാക്കിയല്ലേ.. എന്ന ചോദ്യം പലയിടത്തുനിന്നും ഉയർന്നതോടെ വിഷമമായി. അവരെ തിരിച്ച് വീട്ടിലേക്കുതന്നെ കൂട്ടി. ഇല്ലായ്മകൾ നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ.

ഇടക്കാലത്ത് മക്കളുടെ രോഗങ്ങളും സാജന് മൂന്നുതവണ അറ്റാക്ക് വന്നതുമെല്ലാം ലേഖയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. എല്ലാം ഒരുവിധം അതിജീവിച്ച് വരുമ്പോഴാണ് ലേഖയുടെ രോഗം കൂടുതൽ കരുത്താർജിക്കുന്നത്. കിടന്നിടത്തുനിന്ന് അനങ്ങാൻപോലും ആരെങ്കിലും പിടിക്കണം. അടുക്കളക്കാര്യം അത്യാവശ്യം പാചകമറിയുന്ന മൂത്തമകൻ മിഥുൽ നോക്കുമെന്നതാണ് ആശ്വാസം. പത്താംക്‌ളാസ് വിദ്യാർത്ഥി മധുവും കൂട്ടിനുണ്ടാവും. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ ദുരിതങ്ങൾ നിരന്തരം വേട്ടയാടുമ്പോഴും ലേഖ പറയും. നമ്മൾ നല്ലതേചെയ്യുന്നുള്ളൂ... നമുക്കും നല്ലതേ വരൂ.. ആ വാക്കുകളിൽ മനസ്സിൽ ധൈര്യം ഉറപ്പിച്ച് വീണ്ടും കുടുംബം ജീവിതവഞ്ചി തുഴയുന്നു.

കഴിഞ്ഞമാസം ആദ്യം ലേഖയുടെ നില കൂടുതൽ വഷളായി. ഇടയ്ക്കിടെ വന്നിരുന്ന വേദന സ്ഥിരമായിത്തുടങ്ങി. പെയിൻകില്ലറുകളിൽ അധികകാലം ആശ്രയം തേടാനാവില്ലെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയതന്നെ വേണ്ടിവരും. വിജയസാധ്യത ഉറപ്പിച്ചുപറയാനാവില്ല. എന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ തുടരാനാവില്ല. ബാത്ത്‌റൂമിൽപോകാൻപോലും സഹായം വേണമെന്നിരിക്കെ ലേഖയ്‌ക്കൊപ്പംതന്നെയാണിപ്പോൾ സാജൻ. വരുമാനമൊന്നുമില്ലാതെ ഇങ്ങനെ എത്രകാലമെന്ന ചോദ്യം മുന്നിൽ. ആശുപത്രിയിൽ രണ്ടാഴ്ച കിടന്നു. പക്ഷേ, അപ്പോഴേക്കും പണം തീർന്നു. പിന്നെ വേദന സഹിച്ച് വീട്ടിൽ കിടക്കാമെന്നു വച്ചു. കുടുംബച്ചെലവിനു പോലും പണമില്ലാതെ വന്നതോടെ സാജന്റെ പൾസർ ബൈക്ക് മിനിയാന്ന് വിറ്റു.

വാടകവീട്ടിൽ നിന്ന് ഇപ്പോൾ ചെട്ടികുളങ്ങര വടക്ക് കണ്ണമംഗലം അശ്വതിയെന്ന കൊച്ചുവീട്ടിലേക്ക് മാറിയിട്ട്‌ വർഷമൊന്ന് തികയുന്നതേയുള്ളൂ. കഴിഞ്ഞ ഓണത്തിനായിരുന്നു ഒന്നരസെന്റിൽ തീർത്ത വീട്ടിൽ ഒരായിരം മോഹങ്ങളുമായി ഈ കുടുംബം താമസം തുടങ്ങിയത്. ആ വീട്ടിലെ രണ്ടുമുറികളിലൊന്നിൽ രോഗഗ്രസ്തയായി, ശയ്യാവലംബിയായി കഴിയുമ്പോഴും നിറഞ്ഞചിരിയോടെ ലേഖ കാണാനെത്തുന്നവരോട് പറയുന്നു. എല്ലാം ശരിയാവും... അല്ലേ.

ലേഖയെ സഹായിക്കാൻ നിരവധിപേർ

ലേഖയുടെ ദുരവസ്ഥയെപ്പറ്റി 'മറുനാടൻ മലയാളി' റിപ്പോർട്ട് വന്നതോടെ അവരുടെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. വീടുതേടി സഹായവാഗ്ദാനവുമായി നൂറുകണക്കിന് ഫോൺകോളുകൾ.. സന്ദർശകർ.. ലേഖയുടെ അക്കൗണ്ട് നമ്പർ ചോദിച്ച് നിരവധി പേർ മറുനാടൻ മലയാളിയേയും സമീപിച്ചു. മുമ്പ് സഹായവാഗ്ദാനം ചെയ്ത് പലരും ഇവരെ കബളിപ്പിച്ചിട്ടുള്ളതിനാൽ താഴെപ്പറയുന്ന അക്കൗണ്ട് നമ്പരിലേക്കു മാത്രം സഹായം അയക്കുക.

ലേഖയുടെ അക്കൗണ്ട് നമ്പർ

Lekha.M.Nampoothiri, W/o. Sajan (Ph: 0091-9562556867)
A/c no: 67270420199, IFSC: SBTR0000934
State bank of travancore, Chettikulangara Branch. Kerala

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP