Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോമോൻ പുത്തൻപുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു; പിണറായിയുടെ നിർദ്ദേശപ്രകാരം ജോമോന്റെ പരാതി ഡിജിപി തന്നെ നേരിട്ട് അന്വേഷിക്കും; ജോമോന്റെ മൊഴി എടുത്തശേഷം ആവശ്യമെങ്കിൽ തങ്കച്ചനെയും ചോദ്യം ചെയ്യും: അന്വേഷിച്ച ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലാത്ത താൻ ജിഷ കേസും തെളിയിക്കുമെന്നു പുതിയ ഡിജിപി

ജോമോൻ പുത്തൻപുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു; പിണറായിയുടെ നിർദ്ദേശപ്രകാരം ജോമോന്റെ പരാതി ഡിജിപി തന്നെ നേരിട്ട് അന്വേഷിക്കും; ജോമോന്റെ മൊഴി എടുത്തശേഷം ആവശ്യമെങ്കിൽ തങ്കച്ചനെയും ചോദ്യം ചെയ്യും: അന്വേഷിച്ച ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലാത്ത താൻ ജിഷ കേസും തെളിയിക്കുമെന്നു പുതിയ ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ നില പരുങ്ങലിൽ ആക്കിക്കൊണ്ടു തങ്കച്ചനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചു. മുഖ്യമന്ത്രി പരാതി കൈമാറിയശേഷം തുടർനടപടികളെടുക്കാൻ ആവശ്യപ്പെട്ടതോടെയാണു ഡിജിപി തന്നെ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചത്.

ജിഷയുടെ പിതാവിന്റെ പരാതിയുടെ പേരിൽ ജോമോൻ പുത്തൻപുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് ഉപേക്ഷിച്ചു. അങ്ങനെ ഒരു പരാതി താൻ നൽകിയിട്ടില്ലെന്ന് ജിഷയുടെ പിതാവു വ്യക്തമാക്കിയതോടെ ജോമോനെതിരെ അന്വേഷണം ആവശ്യമില്ല എന്നു തീരുമാനിക്കുകയായിരുന്നു. കേസ് കൊടുക്കും എന്നു പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണു സൂചന. തങ്കച്ചൻ പരാതി നൽകിയാലും അതു സിവിൽ കേസായി മാത്രമേ പരിഗണിക്കാവൂ എന്ന വാദം സജീവമാണ്.

പരാതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ നാളെ പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെത്താൻ ജോമോൻ പുത്തൻപുരയ്ക്കലിനു നിർദ്ദേശം നൽകിക്കഴിഞ്ഞു. ജിഷ വധക്കേസ് കേരള പൊലീസിന് വെല്ലുവിളിയാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലെന്നും ജിഷവധക്കേസ് തെളിയിക്കുമെന്നും പുതിയ ഡിജിപിയായി ചുമതലയേറ്റശേഷം മാദ്ധ്യമങ്ങളോടു ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണു ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണങ്ങൾ ഗൗരവമായിക്കണ്ടു കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനു നേരിട്ടു വിളിപ്പിച്ചിരിക്കുന്നത്.

പുതിയ നീക്കം ആരോപണവിധേയനായ തങ്കച്ചന്റെ നില കൂടുതൽ പരുങ്ങലിലാക്കും. ജോമോന്റെ മൊഴി വിശ്വസനീയമെന്നു തോന്നിയാൽ കൂടുതൽ പരിശോധനകൾക്കുശേഷം പി പി തങ്കച്ചനെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകും. തങ്കച്ചന്റെ മകനെയും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു എന്നാണു സൂചന. തങ്കച്ചന്റെ പ്രത്യേക താൽപ്പര്യപ്രകാരം നിയമിക്കപ്പെട്ടതായിരുന്നു ജിഷ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി മുതൽ താഴോട്ടുള്ള എല്ലാ പൊലീസുകാരും എന്നതാണു പുതിയ അന്വേഷണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവാണു ജിഷയുടെ പിതാവെന്നാണു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നത്. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കാട്ടിയാണു മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ജിഷയുടെ അമ്മ ഈ നേതാവിന്റെ വീട്ടിൽ ജോലിക്കു നിന്നിരുന്നുവെന്നും ആരോപണമുണ്ടായി. പി പി തങ്കച്ചനാണ് ഈ നേതാവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു ജിഷയുടെ പിതാവിന്റെ പേരിൽ ജോമോനെതിരായ പരാതി കൊടുത്തത്. വാർത്തകൾ വിവാദമായതിനു പിന്നാലെ അതു നിഷേധിച്ചുകൊണ്ടു പി പി തങ്കച്ചൻ രംഗത്തുവരികയും ചെയ്തിരുന്നു.

തങ്കച്ചന്റെ നിഷേധം സാങ്കേതികമായി മാത്രം ശരിയാണെന്നും ജിഷയുടെ അമ്മയ്ക്കു പകരം വല്യമ്മയാണു തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതെന്ന വാർത്തകളും പിന്നീടു പുറത്തുവന്നു. 30 വർഷം മുമ്പു ജിഷയുടെ അമ്മ രാജേശ്വരിയുടെ മാതാവ് പ്രഭാവതി തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നുവെന്ന വാർത്തകളാണു പുറത്തു വന്നത്. ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ജിഷയുടെ ബന്ധുക്കൾ നടത്തിയത്. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബുവിന്റെ പേരിലും പരാതി നൽകിയത്. ഈ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന സൂചനകൾ പുറത്തുവന്നു. ആശുപത്രിയിൽ കിടക്കുന്ന ബാബുവിന്റേതെന്ന പേരിൽ ഇംഗ്ലീഷിലാണു പരാതി തയ്യാറാക്കിയിരിക്കുന്നത്. ഈ പരാതി ഐ.ജി മഹിപാൽ യാദവിനാണു ലഭിച്ചത്. സംശയം തോന്നിയ ഐ.ജി. ബാബുവിന്റെ കൈപ്പടയിൽ പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതേതുടർന്ന് പരാതി വീണ്ടും നൽകി. എന്നാൽ കോൺഗ്രസ് വാർഡ് മെമ്പറും പൊലീസുകാരനും പണം നൽകി വെള്ളപേപ്പറിൽ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ ബാബു വെളിപ്പെടുത്തിയത്. മെമ്പർ സുനിലും കുറുപ്പംപടി സ്റ്റേഷനിലെ പൊലീസുകാരൻ വിനോദും ഒരുമിച്ചാണ് തന്നെ കണ്ടതെന്നും ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ പരാതി നൽകിയത് തന്റെ അറിവോടെയല്ലെന്നും ബാബു പറഞ്ഞു. പരാതിയെത്തുടർന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ പൊലീസ് കേസെടുത്തിരുന്നു. 'നിങ്ങൾ എസ്.സി/എസ്.ടി വിഭാഗമല്ലേ. സർക്കാരിൽനിന്നു ഭാര്യയ്ക്ക് വൻതുക ലഭിക്കും. തനിക്കും പണം കിട്ടണ്ടെ. പേപ്പറിൽ ഒപ്പിട്ടാൽ അതിന് വഴിയൊരുക്കാം' ഇങ്ങനെയാണു വാർഡ് മെമ്പർ സുനിൽ പറഞ്ഞതെന്ന് ജിഷയുടെ പിതാവ് പറയുന്നു. വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങി 1000 രൂപയും നൽകിയെന്ന് ബാബു വ്യക്തമാക്കി.

പരാതി നൽകിയെന്ന വാർത്ത നിഷേധിച്ചതിനെത്തുടർന്നു ജിഷയുടെ അച്ഛനെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതായും പരാതി വന്നു. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ഡിജിപി തന്നെ നേരിട്ടു കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കുമെന്ന നിലയിൽ കാര്യങ്ങൾ എത്തിയതോടെ കേസ് അതിവേഗം തെളിയുമെന്ന പ്രതീക്ഷയാണുള്ളത്. അന്വേഷിച്ച ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലാത്ത താൻ ജിഷ കേസും തെളിയിക്കുമെന്നു പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജിഷാവധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് സ്ഥാനമേറ്റശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കവെയാണു ബെഹ്‌റ വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം ചില വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP