Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രാഷ്ലാന്റിങ്ങിൽ പരുക്കേറ്റാലും നഷ്ടപരിഹാരം കിട്ടാം; എയർഹോസ്റ്റസുമാരോട് ശ്യംഗരിക്കാമോ? സ്യൂട്ടും കണ്ണടയും ധരിച്ചാൽ ബിസിസ് ക്ലാസ്; അബദ്ധങ്ങളും പേറി യൂറോപ്പിൽ വിമാനയാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്

ക്രാഷ്ലാന്റിങ്ങിൽ പരുക്കേറ്റാലും നഷ്ടപരിഹാരം കിട്ടാം; എയർഹോസ്റ്റസുമാരോട് ശ്യംഗരിക്കാമോ? സ്യൂട്ടും കണ്ണടയും ധരിച്ചാൽ ബിസിസ് ക്ലാസ്; അബദ്ധങ്ങളും പേറി യൂറോപ്പിൽ വിമാനയാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വിമാനയാത്ര കൗതുകം നിറഞ്ഞത് പോലെ തന്നെ ഒരുപാടു തെറ്റിദ്ധാരണകൾ കൂടി നിറഞ്ഞത് തന്നെയാണ്. ഇക്കാര്യത്തിൽ എത്ര വട്ടം ഉലകം ചുറ്റിയ ആൾ ആണെങ്കിലും പലപ്പോഴും അബദ്ധം പറ്റാൻ സാധ്യത ഉള്ളതും വിവരമില്ലായ്മ കൊണ്ട് തന്നെയാണ്. തനിക്കെന്തോ അവകാശം ഉണ്ടെന്നു കരുതി അമിതമായി മദ്യം ചോദിക്കുന്നത് ഉൾപ്പെടെ സുന്ദരികളായ എയർഹോസ്റ്റസുമാരെ ശ്യംരിക്കാൻ ശ്രമം നടത്തി പൊല്ലാപ്പിലായത് വരെ കുരുക്കിൽ ചാടിയ മലയാളികളും കുറവല്ല. യൂറോപ്യൻ മലയാളികൾ പോലും പലപ്പോഴും ഇങ്ങനെ കുരുക്കിൽ ചാടിയിട്ടുണ്ട്.

ഒരു പക്ഷെ ജയിംസ് ബോണ്ട് ചിത്രങ്ങളും മോഹൻലാൽ പടമായ ബോയിങ് ബോയിങ് ഉൾപ്പെടെ ഉള്ള ചിത്രങ്ങളും കണ്ടിട്ടുള്ള മണ്ടന്മാരുടെ ധാരണ എയർ ഹോസ്റ്റസ് എന്നാൽ കോൾ ഗേൾ എന്ന് കൂടിയാണ്. കൂടെ അൽപ്പം മദ്യം കൂടി ചെല്ലുമ്പോൾ പിന്നെ പറയുകയും വേണ്ട. എയർ ഹോസ്റ്റസുമാർ പ്രോഫഷണലായി ജോലി ചെയ്യുന്ന കസ്റ്റമർ കെയർ ജീവനക്കാർ ആണെന്നത് പോലും മറന്നാണ് വീര കേസരികൾ എന്ന് സ്വയം കരുതുന്നവരുടെ പെരുമാറ്റവും ഒടുവിൽ പൊലീസിന്റെ പിടിയിൽ ആകുന്നതും. ഇത് കൂടാതെ വിമാനം ക്യാൻസൽ ആകുന്നതും ക്രാഷ് ലാന്റിങ്ങിൽ പരുക്ക് പറ്റുന്നതും ഒക്കെയായി ഒട്ടേറെ അബദ്ധങ്ങൾ മനസ്സിൽ വച്ച് യാത്ര ചെയ്യുന്ന പതിവ് മാറ്റി യഥാർത്ഥ്യം എന്തെന്ന് തിരിച്ചറിഞ്ഞാലോ?

റിട്ടേൺ ടിക്കറ്റ് ലാഭകരം

സത്യത്തിൽ ഇത് എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ല. സാധാരാണ ഇരു വശത്തേക്കും ഉള്ള യാത്രക്കയാണ് മിക്കവാറും ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ അൽപ്പം മിനക്കെട്ടാൽ കൂടുതൽ ലാഭം തരുന്ന ഡീൽ കണ്ടെത്താൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മിക്കവാറും രണ്ടു വിമാനക്കബനികളെ ആശ്രയിക്കേണ്ടി വരും എന്ന് മാത്രം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഏറ്റവും തിരക്കുള്ള സർവ്വീസ് ആയിരിക്കും മിക്കവാറും എയർലൈനുകൾ കാണിക്കുക. യാത്ര സമയത്തിന്റെ കാര്യത്തിൽ പോലും ഇത്തരം തരം തിരിവുകൾ ബാധകമാണ്. വെള്ളിയും ശനിയും യാത്രാ ദിവസം ആയി തിരഞ്ഞെടുത്താലും പണം അധികം പോയെന്നിരിക്കും. അൽപ്പം മിനക്കെട്ടു അന്വേഷണം നടത്തിയാൽ വൺ വേ ടിക്കറ്റ് ലാഭകരം ആകുന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടെന്ന് ബിസിനസ് ട്രാവൽ ലൈഫ് എന്ന വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.

വിമാനം വൈകിയാൽ പണം നഷ്ടമായേക്കും

വിമാന യാത്രയുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു അബദ്ധ ധാരണ ആണിത്. പലപ്പോഴും വിമാന യാത്ര മുടങ്ങാനും അത് വഴി യാത്രക്കാർക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാകാനും സാധ്യത ഉള്ളതിനാൽ, യാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ മിക്കവാറും യാത്രക്കാർ ഇതേക്കുറിച്ച് അജ്ഞർ ആണു താനും. അതേ സമയം ഏതു രാജ്യത്തു നിന്നാണ് യാത്ര തിരിക്കുന്നത് എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. വിമാനം വൈകുന്നത് സംബന്ധിച്ച് നഷ്ട പരിഹാരം ലഭിക്കാൻ ഏറ്റവും അധികം സാധ്യത യൂറോപ്യൻ യൂണിയനിൽ ആയതിനാൽ ബ്രിട്ടണിലെ മലയാളികൾ ഇക്കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്. അമേരിക്കയിൽ അഭ്യന്തര റൂട്ടിൽ ഈ സേവനം മിക്കപ്പോഴും തിരസ്‌ക്കരിക്കപ്പെടുകയാണ് പതിവ്. യൂറോപ്പിൽ ഒരു വർഷം 11 മില്യൻ പേർ റീഫണ്ട് അർഹിക്കുന്നുണ്ട് എന്ന് ഈ രംഗത്തെ പ്രമുഖരായ റീഫണ്ട് ഡോട്ട് മീ പറയുന്നു. വെറും 2 ശതമാനം പേര് മാത്രം ഇതിനു ശ്രമിക്കുമ്പോൾ 90 ശതമാനം യാത്രക്കാരും വിട്ടുകളയുക ആണത്രേ പതിവ്.

യാത്രക്കാർ കുറവായാൽ ട്രിപ്പ് മുടങ്ങുമോ

ഒരിക്കലും സംഭവിക്കാത്ത കാര്യം ആണത്രേ. ആളില്ല എന്ന കാരണം പറഞ്ഞു കെഎസ്ആർടിസി ബസ് മുടങ്ങുന്ന പോലെ ലോകത്ത് ഒരിടത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാനം മുടങ്ങാറില്ല. രണ്ടു യാത്രക്കാരെ വച്ച് പോലും ഭൂഖണ്ഡങ്ങൾ താണ്ടിയ വിമാന സർവ്വീസുകളും വ്യോമയാന ചരിത്രത്തിൽ ഉണ്ട്. ഒരേ റൂട്ടിൽ ഒരേ കമ്പനിയുടെ രണ്ടു വിമാനങ്ങൾ വ്യത്യസ്ഥ സമയത്ത് പറക്കാനിരിക്കുകയും ഒന്നിന് കൂടുതൽ ബുക്കിങ്ങും മറ്റൊന്നിനു കുറവ് ബുക്കിങ്ങും ഉണ്ടാകവേ കൂടുതൽ യാത്രക്കാർ ഉള്ള വിമാനത്തിനു യന്ത്രത്തകരാർ കണ്ടാൽ സാധാരണ തകരാർ ഇല്ലാത്ത കുറവ് യാത്രക്കാർ ഉള്ള സർവ്വീസ് ആയിരിക്കും ക്യാൻസൽ ചെയ്യുക. എന്നിട്ട് ആ വിമാന തകരാർ ഉള്ള വിമാനത്തിനു പകരമായി സർവ്വീസ് നടത്തും. യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഉള്ള എളുപ്പ വഴിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഒരു യാത്രക്കാരന് രണ്ടു ലിറ്റർ മദ്യം

ഒരർത്ഥത്തിൽ ഇക്കാര്യം ശരി ആണെങ്കിലും ഡ്യൂട്ടി അടയ്ക്കാൻ തയ്യാർ ആണെങ്കിൽ കൂടുതൽ മദ്യം കൊണ്ട് പോകാൻ തടസ്സം ഇല്ലെന്നതാണ് കൂടുതൽ ശരി. ഇന്ത്യയിലെ നിയമം അനുസരിച്ച് ഡ്യൂട്ടി അടയ്ക്കാതെ ഒരു യാത്രക്കാരന് 2 ലിറ്റർ മദ്യം കൈവശം കരുതാം. വീര്യം കുറഞ്ഞ മദ്യം ആണെങ്കിൽ ചില രാജ്യങ്ങൾ കൂടുതൽ അളവ് മദ്യം കൂടെ കരുതാൻ അനുവദിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും ഇക്കാര്യത്തിൽ കർശനമായ നിയമ വശം പലപ്പോഴും പാലിക്കാറില്ല. കുറഞ്ഞ നികുതി യാത്രക്കാരനിൽ നിന്നും ഈടാക്കാൻ അതിലേറെ പണം ജീവനക്കാരുടെ വേതനമായി നൽകണം എന്ന പ്രായോഗിക ബുദ്ധിയാണ് ഈ അയഞ്ഞ നയത്തിന് കാരണം. അതിനാൽ കൂടുതൽ മദ്യം ഇന്ത്യയിൽ നിന്ന് പോരുമ്പോൾ ബ്രിട്ടണിലേക്ക് കടത്തിയാലും വലിയ കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല (റിസ്‌ക് സഹിക്കാൻ തയ്യാറായി മാത്രം ഇങ്ങനെ ചെയ്താൽ മതിയെന്ന് പ്രത്യേകം ഓർക്കുക)

എല്ലാ വർഷവും ടിക്കറ്റ് നിരക്ക് കൂടില്ല

സാധാരണ എല്ലാ സേവനത്തിനും നിരക്ക് വർദ്ധന ഉണ്ടാകുമെങ്കിലും വിമാന ടിക്കറ്റ് നിരക്ക് എല്ലായ്‌പ്പോഴും കൂടാറില്ല. കഴിഞ്ഞ രണ്ടു വർഷമായി അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞ സാഹചര്യവും സർക്കാരുകൾ ബജറ്റിൽ എയർ ടാക്സ് വെട്ടിക്കുറയ്ക്കുന്നതും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും. കൂടാതെ കമ്പനികൾ തമ്മിലുള്ള മത്സരവും പ്രധാന കാരണമാണ്. ഉദാഹരണത്തിന്, മുൻ വർഷത്തെ അപേക്ഷിച്ച് പുതിയൊരു കമ്പനി ഒരു പ്രത്യേക റൂട്ടിൽ പറക്കാൻ തുടങ്ങിയാൽ നിലവിൽ പറന്നു കൊണ്ടിരുന്നവർ നിരക്ക് താഴ്‌ത്തുന്നതും പതിവാണ്. കഴിഞ്ഞ വർഷത്തെക്കാൾ 3 ശതമാനം വരെ കുറവ് ഈ വർഷം പ്രതീക്ഷിക്കുന്നു. ശരാശരി 623 ഡോളർ ടിക്കറ്റ് നിരക്ക് എന്നത് ഈ വർഷം ആയപ്പോൾ 580 ഡോളർ ആയി താഴ്ന്നിരിക്കുകയാണ്.

ക്രഷ് ലാന്റിങ് ഗുണം ചെയ്യില്ല

ക്രഷ് ലാന്റിങ് എന്ന് കേട്ട് ചങ്കു ഇടിക്കുമെങ്കിലും സീറ്റിൽ ഉയർന്നു പൊങ്ങി തല ഇടിച്ചാൽ (വേറെ ആപത്തു ഒന്നും സംഭവിച്ചില്ലെങ്കിൽ) പലർക്കും സന്തോഷമാണ്. കാരണം കിട്ടാൻ പോകുന്ന വമ്പൻ നഷ്ടപരിഹാരം ആയിരിക്കും മനസ്സിൽ ലഡ്ഡു പൊട്ടിക്കുക. എന്നാൽ യഥാർത്ഥത്തിൽ നഷ്ട പരിഹര തുക കയ്യിൽ കിട്ടുമ്പോൾ അത്ര വലിയ സന്തോഷം ഉണ്ടാകില്ലത്രേ. വിമാനം ഫുൾ ആണെങ്കിൽ ഇത്തരം ''ബംപിങ് '' സാധ്യത കൂടുതൽ ആണ്. തിരക്ക് കൂടുതൽ ഉണ്ടോ എന്ന് ബുക്കിങ് നടത്തുമ്പോൾ ചോദിക്കാൻ ഉള്ള ബാധ്യത യാത്രക്കാരന്റേത് ആണ്. അതിനാൽ തിരക്കേറിയ വിമാനത്തിൽ ന്യായമായും ബംപിങ് പ്രതീക്ഷിക്കണം. മിക്കവാറും സാഹചര്യങ്ങളിൽ 150 പൗണ്ട് മൂല്യം ഉള്ള എയർ വൗച്ചർ ആയിരിക്കും നഷ്ടപരിഹാരം ആയി ഈ തലയിടിക്കലിനു കിട്ടുക എന്ന് ഫിനാൻഷ്യൽ പോസ്റ്റ് പറയുന്നു.

സ്യൂട്ട് ഇട്ടാൽ ബിസിനസ് ക്ലാസ്

പണ്ട് പട്ടാളക്കാർ പറയുന്ന വീര കഥ പോലെ ബിസിനസ് രംഗത്ത് പച്ച പിടിച്ച വടക്കൻ ഇംഗ്ലണ്ടിലെ നാടൻ സായിപ്പു തട്ടി വിട്ട കഥ മലയാളിക്കിടയിലും ഉണ്ട്. വടക്കൻ ഇംഗ്ലണ്ട് പട്ടണത്തിലെ മലയാളി സ്യൂട്ട് ഇട്ടു കറുത്ത ഗ്ലാസും വച്ച് ചെന്നപ്പോൾ ചെക്കിങ് സമയത്ത് 100 പൗണ്ട് കൊടുത്തു ബിസിനസ് ക്ലാസ് ടിക്കറ്റ് സംഘടിപ്പിച്ചു എന്നാണ് കഥ. ഇത് ഒരിക്കലും സംഭാവിക്കില്ലത്രേ. കാരണം ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഡിസ്‌കൗണ്ട് സെയിൽ നടത്താൻ ഒരു കമ്പനിയും തയ്യാറാകില്ല. ഏജന്റിനോട് പേശി പേശി 300 പൗണ്ടിന് പറക്കാൻ തുടങ്ങുന്ന മലയാളിക്ക് 30 പൗണ്ട് വിലയുള്ള സ്യൂട്ട് കണ്ടു 2500 പൗണ്ട് വിലയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകാൻ മണ്ടന്മാരല്ല വിമാന കമ്പനി നടത്തുന്നത്. മാത്രമല്ല തങ്ങളുടെ ഏറ്റവും മികച്ച യാത്രക്കാരാണ് ഈ ക്ലാസ്സിൽ യാത്ര ചെയ്യുന്നത് എന്ന് മിക്ക കമ്പനികളും ഉറപ്പു വരുത്താറുണ്ട്. പൊങ്ങച്ചക്കാരന്റെ ഗീർവാണം കേട്ട് ചെക്ക് ഇൻ സമയത്ത് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിച്ചാൽ നാണം കെടാം എന്നത് മാത്രമാണ് മിച്ചം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP