Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊള്ളാത്തവൻ എന്ന് പറഞ്ഞു നാട്ടിലേക്ക് പറഞ്ഞുവിട്ടു; ചെലവിന് പണം വേണമെങ്കിൽ മാനേജറിൽ നിന്നും വൗച്ചർ കൊടുത്തു വാങ്ങി; മനസിൽ പക കരുതിയ ഷെറിൻ പിതാവിന്റെ മൃതദേഹം ആറ് കഷ്ണമാക്കി പുഴയിൽ ഒഴുക്കി: മക്കളെ വേർതിരിച്ചു കാണുന്ന മാതാപിതാക്കൾക്കൊക്കെ ഇതൊരു പാഠമാകട്ടെ..

കൊള്ളാത്തവൻ എന്ന് പറഞ്ഞു നാട്ടിലേക്ക് പറഞ്ഞുവിട്ടു; ചെലവിന് പണം വേണമെങ്കിൽ മാനേജറിൽ നിന്നും വൗച്ചർ കൊടുത്തു വാങ്ങി; മനസിൽ പക കരുതിയ ഷെറിൻ പിതാവിന്റെ മൃതദേഹം ആറ് കഷ്ണമാക്കി പുഴയിൽ ഒഴുക്കി: മക്കളെ വേർതിരിച്ചു കാണുന്ന മാതാപിതാക്കൾക്കൊക്കെ ഇതൊരു പാഠമാകട്ടെ..

കോട്ടയം: മക്കളെ എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കാത്ത മാതാപിതാക്കൾക്ക് ഒരു ഗുണപാഠ കഥയാണോ പ്രവാസി വ്യവസായിയെ മകൻ കൊലപ്പെടുത്തി മൃതദേഹം വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച വാർത്തയിലൂടെ പുറത്തുവരുന്നത്? കുഞ്ഞു നാളിലെ ചെറിയ കാര്യങ്ങളിലുള്ള വേർതിരിവ് പോലും മനസിൽ സൂക്ഷിച്ചാണ് ചെങ്ങന്നൂരിൽ ഷെറിൻ പിതാവിനോട് പകവീട്ടിയത് എന്നാണ് അന്വേഷണം ഉദ്യോഗസ്ഥർ വ്യക്താമക്കുന്നത്. എല്ലായെപ്പോഴും കൊള്ളാത്തവൻ എന്ന പിതാവിന്റെ വിളിയാണ് ഷെറിനെ ഒരു കൊലയാളിയാക്കി മാറ്റിയതെന്ന് തന്നെ വേണം കരുതാൻ.

കൊച്ചുനാൾ മുതലുള്ള അവഗണനയെ തുടർന്ന് അടങ്ങാത്ത പകയാണ് പിതാവ് ജോയിയോട് വച്ചു പുലർത്തിയത്. കുട്ടിക്കാലം മുതൽക്കേ തന്നെ പിതാവ് അവഗണിക്കുകയായിരുന്നുവെന്ന് ഷെറിൽ പൊലീസിന് മൊഴി നൽകി. മറ്റ് സഹോദരങ്ങൾക്ക് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നില്ലെന്നും പലപ്പോഴും തന്റെ ആവശ്യങ്ങൾക്ക് പണം ലഭിച്ചിരുന്നില്ലെന്നും ഷെറിൻ പറയുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന ഷെറിൻ കുറച്ചുകാലമായി കേരളത്തിലാണുള്ളത്. ജോയിയും മാതാവും ഷെറിന്റെ സഹോദരങ്ങളും അമേരിക്കയിലാണ് സ്ഥിരതാമസം.

ഷെറിന് പണം ആവശ്യമുണ്ടായിരുന്നവെങ്കിൽ നാട്ടിൽ ജോയി നിയമിച്ചിട്ടുള്ള മാനേജരിൽ നിന്നും വൗച്ചർ എഴുതി വാങ്ങികയായിരുന്നു. ഇതൊക്കെയാണ് പിതാവിനെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷെറിൻ പറയുന്നു. തന്റെ സ്വത്തിന്റെ ഒരുഭാഗം പോലും ഷെറിന് നൽകില്ലെന്ന് ജോയി പറഞ്ഞിരുന്നതും പക ഇരട്ടിപ്പിച്ചു. ഇതിനൊക്കെ പുറമേ അടുത്തിടെ മറ്റു മക്കൾ നാട്ടിൽ വരുന്നതിനാൽ വീട്ടിൽ നിന്നും താമസം മാറണമെന്നും ജോയി ഷെറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലായിരുന്നു ഷെറിൻ താമസിച്ചിരുന്നത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്ന ഷെറിൻ മാസങ്ങൾക്കു മുൻപേ തോക്ക് കൈക്കലാക്കുകയും ഇത്തവണ ജോയി നാട്ടിലെത്തുമ്പോൾ വകവരുത്തുമെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തിരുന്നു.

അച്ഛനും മകനും തമ്മിൽ വഴക്ക് നിത്യസംഭവമെന്ന് നാട്ടുകാർ

അതേസമയം അരുംകൊലയുടെ വാർത്തകേട്ട് നടുങ്ങിയ അവസ്ഥയിലാണ് നാട്ടുകാർ. ജോയിയെയും ഷെറിനെയും ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ കൊലപാതകത്തെക്കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെ വൻ പൊലീസ് സന്നാഹമാണ് വാഴാർമംഗലം ഉഴത്തിൽ ജോയിയുടെ നഗരമധ്യത്തിലെ ബഹുനില മന്ദിരത്തിന്റെ മുന്നിലെത്തിയത്. അപ്പോഴാണ് വിവരം നാട്ടുകാർ അറിയുന്നത്. ഭർത്താവിനെയും മൂത്തമകനേയും കാണാനില്ലെന്നു കാട്ടി മറിയാമ്മ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാർപാർക്കിങ് ഏരിയായും ഗോഡൗണുമാണ്. റോഡിന് അഭിമുഖമായുള്ള ഈ ഭാഗം ഷട്ടറിട്ടുകഴിഞ്ഞാൽ പകൽ പോലും അകത്തു നടക്കുന്ന വിവരം പുറംലോകം അറിയില്ല. ജോയി ജോണിന്റെ കുടുംബത്തിൽ രണ്ട് ആഡംബര കാറുകളാണുള്ളത്. ഒരെണ്ണം സ്‌ക്വാഡയും മറ്റൊന്ന് ഹ്യുണ്ടായിയുമാണ്. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഹ്യുണ്ടായി കാർ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 19നാണ് ജോയിജോണും ഭാര്യ മറിയാമ്മയും ഇളയ മകനായ ഡോ. ഡേവിഡും അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. ഇടദിവസങ്ങളിൽ ജോയിയും മകൻ ഷെറിനും നഗരത്തിലെ കെട്ടിടത്തിൽ എത്തുകയും വാഹനം പാർക്ക് ചെയ്ത് പുറത്തുപോകുകയും ചെയ്യുന്നത് പതിവായിരുന്നു.

2010ൽ ഷെറിന്റെ വിവാഹം ചെന്നൈ സ്വദേശിനിയുമായി ആർഭാടപൂർവ്വം ചെങ്ങന്നൂരിൽ വച്ച് നടത്തി. എന്നാൽ ഒരു വർഷത്തിനുശേഷം ഇവർ വേർപിരിഞ്ഞതായും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയതായും പറയപ്പെടുന്നു. ഇതിനുശേഷം അച്ഛനും മകനുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഐ.ടി വിദഗ്ദ്ധനായ ഷെറിൻ വിവാഹശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയില്ല. അമേരിക്കയിലും ഷെറിൻ ചില കുഴപ്പങ്ങൾ ഉണ്ടാക്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നും പറയപ്പെടുന്നു.

വലതു കൈ പമ്പാ നദിയിൽ, തല കണ്ടെടുത്തത് ചിങ്ങവനത്തു നിന്ന്

ജോയ് ജോണിന്റെ തലയും ഉടലും അടക്കമുള്ള ശരീര ഭാഗങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ കണ്ടെടുത്തു. വലതു കൈ പമ്പാനദിയിൽ പാണ്ടനാട് ഇടക്കടവിൽ നിന്നും ഒരു കാൽ ചെങ്ങന്നൂർ വഞ്ഞിപ്പുഴ കടവിൽ നിന്നും തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപത്തുനിന്നും ഉടൽ ചങ്ങനാശ്ശേരി കറുകച്ചാൽ റൂട്ടിൽ വെരൂർ ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഇനി ഒരു കാൽ മാത്രമാണ് കണ്ടെത്താനുള്ളത്.

പിതാവിന്റെ മൃതദേഹവുമായി ഷെറിൻ നഗരത്തിൽ കറങ്ങി

ഷെറിൻ കൊല നടത്തിയതിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 25ന് പുലർച്ചെ കെ.എൽ 2 ടി 5550 സ്‌ക്വോഡ കാറിന്റെ എ.സി ശരിയാക്കാനായി ജോയ് ജോണും മകൻ ഷെറിനും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ വർക്ക്‌ഷോപ്പിൽ പണിനടത്താൻ കഴിഞ്ഞില്ല. മടക്കയാത്രക്കിടെ ഇരുവരും സ്വത്തിനെക്കുറിച്ചു പറഞ്ഞ് വഴക്കുണ്ടായി. പ്രകോപിതനായ ഷെറിൻ വൈകിട്ട് നാലരയോടെ ആലപ്പുഴ ജില്ലയിലെ എം. സി റോഡ് മുളക്കുഴ കൂരിക്കടവ് പാടത്തിന് സമീപത്ത് എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന അമേരിക്കൻ നിർമ്മിത തോക്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് നാലുതവണ വെടിവച്ചു.

ജോയ് തൽക്ഷണം മരിച്ചു. മൃതദേഹം സീറ്റ് നിവർത്തി അതിൽ കിടത്തി ടൗവൽ കൊണ്ടു മറച്ചു. നഗരത്തിൽ കറങ്ങിയശേഷം രാത്രി എട്ടരയോടെ ചെങ്ങന്നൂരിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തിന് സമീപം എത്തി. അവിടെയുള്ള ഇലക്ട്രിക്ക് കടയിൽ നിന്നും ഗോഡൗണിന്റെ താക്കോൽ വാങ്ങി ഷട്ടർ തുറന്നിട്ടു. തുടർന്ന് കാറുമായി ഷെറിൻ വാടകയ്ക്കു താമസിക്കുന്ന തിരുവല്ലയിലെ സെവൻ ക്‌ളബ്ബിൽ ചെന്ന് കുളിച്ചു. പമ്പിൽ നിന്നും രണ്ട് ക്യാനുകളിലായി പത്ത് ലിറ്റർ പെട്രോളും വാങ്ങി രാത്രി 10മണിയോടെ മടങ്ങിയെത്തി. കാറിൽ നിന്നും മൃതശരീരം പുറത്തെടുത്ത് ടിൻ ഷീറ്റിൽ കിടത്തി മെത്തയുടെ കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചുകളയാൻ ശ്രമിച്ചു.

തീ ആളിപ്പടർന്നതോടെ അടുത്തുണ്ടായിരുന്ന എം സാന്റും വെള്ളവും ഉപയോഗിച്ച് കെടുത്തി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് 6 കഷണങ്ങളാക്കി . ചോരപുരണ്ട തുണികൾ അവിടെയിട്ടു തന്നെ കത്തിച്ചു. ശരീര ഭാഗങ്ങൾ പോളിത്തീൻ ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്റെ പിന്നിൽ വച്ചു. ആറാട്ടുപുഴ, മംഗലം പാലങ്ങൾക്കു മുകളിലെത്തിയപ്പോൾ കൈകളും കാലുകളും പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞു. തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപവും ഉടൽ ചങ്ങനാശ്ശേരി കറുകച്ചാൽ റൂട്ടിൽ വെരൂർ ഭാഗത്തെ മാലിന്യകൂമ്പാരത്തിലും ഉപേക്ഷിച്ചു. പുലർച്ചെ 5.30ഓടെ കാറുമായി കോട്ടയത്തെ ഹോട്ടലിലെത്തി മുറിയെടുത്ത് കുളിച്ച് വൃത്തിയായി. കാർ പണിക്കായി അടുത്തുള്ള വർക്ക്‌ഷോപ്പിൽ നൽകുകയും ചെയ്തു.

തെളിവെടുപ്പിനെത്തിയപ്പോൾ കൂസലില്ലാതെ ഷെറിൻ

സ്വന്തം അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങൾ മൺകൂനയിൽനിന്ന് കാട്ടിക്കൊടുക്കുമ്പോഴും ഒരു ഭാവഭേദവും കൂടാതെയായിരുന്നു ഷെറിൻ നിന്നിരുന്നത്. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയശേഷം കൂസലില്ലാതെനിന്ന പ്രതിയെ കൺമുന്നിൽ കണ്ടതോടെ പലരും ഇയാൾക്കുനേരെ ശാപവാക്കുകളും ആക്രോശവുമായത്തെി. പൊലീസ് സഹായത്തിനുവിളിച്ച നാട്ടുകാരിൽ ഒരാൾ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ ഇയാളെ ഇവിടെനിന്ന് മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിൻ കാറിനടുത്തേക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ട് നാട്ടുകാർ സ്തംഭിച്ചുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP