Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരിക; സർക്കാർ ആശുപത്രികൾ വിപുലീകരിക്കുക: ആരോഗ്യമേഖലയിലെ അടിയന്തര ഇടപെടലുകൾ എന്തൊക്കെ: ബി ഇക്‌ബാൽ പറയുന്നു

സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരിക; സർക്കാർ ആശുപത്രികൾ വിപുലീകരിക്കുക: ആരോഗ്യമേഖലയിലെ അടിയന്തര ഇടപെടലുകൾ എന്തൊക്കെ: ബി ഇക്‌ബാൽ പറയുന്നു

രോഗ്യ-വിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഏറെ പ്രകീർത്തിക്കപ്പെട്ട കേരള വികസനമാതൃകയുടെ അടിസ്ഥാനം. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടുമാണിരിക്കുന്നത്. സാക്ഷരതയിൽ പ്രത്യേകിച്ച്, സ്ത്രീസാക്ഷരതയിലുണ്ടായ വളർച്ചയാണ് ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ പ്രധാന കാരണം. ഏതാണ്ട് വികസിതരാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്ഥാനമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതു ശിശു-മാതൃമരണനിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ പാവപ്പെട്ടവർക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താൻ സഹായിച്ചിരുന്നു. സർക്കാറും പൊതുസമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താൽ വികസിതരാജ്യങ്ങളിലേതിനേക്കാൾ വളരെ തുച്ഛമായ തുകയാണ് ആരോഗ്യാവശ്യങ്ങൾക്കായി കേരളം ചെലവിടുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ചെലവ് കുറഞ്ഞതും സാമൂഹികനീതിയിലധിഷ്ഠിതവും മികച്ച ആരോഗ്യനിലവാരം കൈവരിച്ചതുമായ കേരള ആരോഗ്യമാതൃകയെ ലോകാരോഗ്യസംഘടനയും മറ്റും പ്രകീർത്തിക്കുന്നത്.

രോഗാതുരത വർധിക്കുന്നു

1980കളോടെ ആരോഗ്യമേഖലയിൽ കേരളം പ്രതിസന്ധികളെ നേരിട്ടുതുടങ്ങിയിരുന്നു. പൂർണമായും നിർമ്മാർജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ചുവന്ന് തുടങ്ങിയതോടെയാണ് ആരോഗ്യമാതൃകയിൽ വിള്ളലുകളുണ്ടെന്ന സംശയം ഉയർന്നുവന്നത്. വൈകാതെ ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനിസ് മസ്തിഷ്‌കജ്വരം, എച്ച് 1 എൻ 1 തുടങ്ങിയ പുത്തൻ പകർച്ചവ്യാധികൾ കേരളത്തിൽ പ്രത്യക്ഷപ്പെടുകയും വർഷന്തോറും അനേകമാളുടെ ജീവനപഹരിക്കുകയും ചെയ്തു തുടങ്ങിയത്. അതിനിടെ, പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതരീതി രോഗങ്ങളും കാൻസറും വർധിച്ചുവന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. നിരവധി സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക പ്രതിസന്ധികളാണ് വ്യക്തികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.

സമീപഭാവിയിൽ കേരളം നേരിടാൻപോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യമുള്ളവരുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർധിക്കയും ചെയ്തതോടെ കേരളസമൂഹത്തിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരുകയാണ്.

അടുത്ത കാൽനൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളജനതയിൽ നാലിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. വാർധക്യകാല രോഗങ്ങളുടെ ചികിത്സച്ചെലവ് വളരെ കൂടുതലായിരിക്കും. കൂട്ടുകുടുംബം തകർന്ന് അണുകുടുംബ വ്യവസ്ഥ വയോധികജനങ്ങളുടെ പരിപാലനവും വലിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവരുകയാണ്. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പ്‌ളാൻേറഷൻ തൊഴിലാളികൾ, കയർ-കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിൽമേഖലയിൽ ജോലിനോക്കുന്നവർ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾ എന്നിവർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടുവരുന്നു. മാലിന്യനിർമ്മാർജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികൾ വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ചവ്യാധികൾ പടരുന്നതിനുള്ള അടിസ്ഥാനകാരണം. കേരളീയരുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും മാനസികസംഘർഷം സൃഷ്ടിക്കുന്ന മത്സരാധിഷ്ഠിത ജീവിതരീതികളും വ്യായാമമില്ലാത്ത ജീവിതശൈലിയും ചേർന്നാണ് ജീവിതരീതിരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത്.

സ്വകാര്യമേഖല

കേരളീയരുടെ വർധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനായി വൻകിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള കേവലം ചികിത്സയിൽ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് നാം വളർത്തിയെടുത്തത്. സർക്കാർ ആശുപത്രികൾ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് വിപുലീകരിക്കാത്തതുമൂലം മുരടിച്ചുനിന്നു. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. ഒരു സാമൂഹിക നിയന്ത്രണവുമില്ലാതെ പണം കൈയിലുള്ള ആർക്കും മുതൽമുടക്കാവുന്ന മേഖലയായി ആതുരസേവനരംഗം മാറി. ആരോഗ്യമേഖലയുടെ അതിരുകടന്ന സ്വകാര്യവത്കരണത്തിൻേറയും വാണിജ്യവത്കരണത്തിൻേറയും ഫലമായി കേരളത്തിൽ ആരോഗ്യച്ചെലവ് കുതിച്ചുയർന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യച്ചെലവുള്ള സംസ്ഥാനമാണ് കേരളം. സ്വകാര്യ സ്വാശ്രയ പ്രഫഷനൽ കോളജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമാക്കുകയും പുതിയ നിരവധിപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കയാണ്.

ആരോഗ്യച്ചെലവിന്റെ വലിയൊരു പങ്ക് ഔഷധങ്ങൾക്കുവേണ്ടിയാണ് കേരളത്തിലും ചെലവാക്കുന്നത്. പരിഷത്തിന്റെ പഠനത്തിൽ മൊത്തം ആരോഗ്യച്ചെലവിന്റെ 35 ശതമാനവും മരുന്നിനായിട്ടാണ് ചെലവിടേണ്ടിവരുന്നതെന്ന് കാണുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഔഷധമേഖലയിലുണ്ടാകുന്ന വിലവർധനപോലുള്ള പ്രശ്‌നങ്ങൾ കേരളീയരെയായിരിക്കും കൂടുതലായി ബാധിക്കുക. കേരളത്തിലെ പ്രതിശീർഷ ആരോഗ്യച്ചെലവ് കുതിച്ചുയർന്നതിന്റെ കാരണം ഔഷധവിലയിൽവന്ന ഭീമമായ വർധനകൂടിയാണ്. സർക്കാറിന്റെ ആരോഗ്യബജറ്റിന്റെ 10 ശതമാനത്തോളം മരുന്നു വാങ്ങുന്നതിനാണ് ചെലവാക്കുന്നത്. ഔഷധ വിലവർധന കുടുംബബജറ്റുകളെ മാത്രമല്ല, സംസ്ഥാനസർക്കാറിന്റെ ആരോഗ്യബജറ്റിനേയും തകരാറിലാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിരവധി സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. അവ പ്രയോജനപ്പെടുത്തി സമുചിതമായ ആരോഗ്യനയം കരുപ്പിടിപ്പിക്കേണ്ടതാണ്. അതിനുള്ള ചില നിർദ്ദേശങ്ങളാണ് താഴെ.

1. സാമൂഹികാരോഗ്യ ഇടപെടലുകളിലൂടെയും രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയും സർക്കാർമേഖല ശക്തിപ്പെടുത്തിയും സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവന്നും ചികിത്സച്ചെലവ് ഗണ്യമായി കുറക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം.

2. 1996 മുതൽ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാവുകയും പ്രാദേശികാസൂത്രണത്തിന് പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴത്തെട്ടിലുള്ള ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടുതുടങ്ങിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജനപ്രതിനിധികളും ഡോക്ടർമാരും ആശുപത്രിജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്താൽ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ പുതിയൊരു കേരള ആരോഗ്യമാതൃക നമ്മുക്ക് സൃഷ്ടിച്ചെടുക്കാനാവും.

3. മെഡിക്കൽ കോളജുകളിലെ സാമൂഹികാരോഗ്യ വിഭാഗം, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, ഇന്റർനാഷനൽ സെന്റർ ഫോർ ക്‌ളിനിക്കൽ എപ്പിഡമിയോളജി എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ വിദഗ്ധരുടെ സേവനം ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കി രോഗപ്രതിരോധം ഊർജിതപ്പെടുത്തുക.

4. പകർച്ചവ്യാധി നിയന്ത്രണത്തിനായി ശുചിത്വകേരളം സുന്ദരകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വകുപ്പുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇവയെ ഏകോപിപ്പിച്ച് സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ മാതൃകയിൽ സമ്പൂർണ മാലിന്യനിർമ്മാർജന പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം.

5. ജീവിതരീതി രോഗങ്ങൾ തടയുന്നതിനും പ്രാരംഭഘട്ടത്തിൽ കണ്ടത്തെുന്നതിനുമുള്ള ആരോഗ്യബോധവത്കരണ പരിപാടികൾ ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ കോളജുകളിലെ സാമൂഹികാരോഗ്യ വിദഗ്ധരുടെയും പ്രഫഷനൽ സംഘടനകളുടെയും സഹകരണത്തോടെയും കേന്ദ്ര-സംസ്ഥാന സർക്കാറുടെ കീഴിൽ നടപ്പിലാക്കിവരുന്ന ജീവിതരീതി രോഗനിയന്ത്രണ പരിപാടികൾ ഏകോപിപ്പിച്ചും സമയബന്ധിതമായി നടപ്പിലാക്കേണ്ടതുണ്ട്.

6. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ പ്രാന്തവത്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും പ്രായാധിക്യമുള്ളവരുടെയും ആരോഗ്യാവശ്യങ്ങൾ നേരിടുന്നതിനായി ഹെൽത്ത് സർവിസിൽ പ്രത്യേക ഭരണസംവിധാനം ഒരുക്കണം.

7. വൈദ്യഗവേഷണം പ്രോത്സാഹിപ്പിക്കുക, കേരളം നേരിടുന്ന ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടത്തെുക തുടങ്ങിയ പ്രഖ്യാപിതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കേരള ഹെൽത്ത് സയൻസസ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ പുന$സംവിധാനം ചെയ്യുക.

8. കെ.എസ്.ഡി.പി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് ഉൽപാദനം കൂടുതൽ വിപുലീകരിക്കുകയും പൊതുമേഖലയിൽ ഏതാനും ഔഷധ കമ്പനികൾകൂടി ആരംഭിക്കുകയും മെഡിക്കൽ സർവിസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്ത് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക.

9. സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളുടെയും ഔഷധസസ്യസമ്പത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങൾ കണ്ടത്തെി മാർക്കറ്റ് ചെയ്യാനുള്ള ആധുനിക ഔഷധ ഗവേഷണകേന്ദ്രം കേരളത്തിൽ സ്ഥാപിക്കുക.

10. മെഡിക്കൽ പരിശീലനം പൂർത്തിയാകുന്നമുറക്ക് കാലതാമസം ഒഴിവാക്കി ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും നിയമിക്കാൻ പി.എസ്.സിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുക. ആവശ്യമെങ്കിൽ മെഡിക്കൽ സർവിസ് റിക്രൂട്ട്‌മെന്റ് ബോർഡ് ആരംഭിക്കുക.

11. ചികിത്സാമാനദണ്ഡങ്ങളും നിർദ്ദേശക തത്ത്വങ്ങളും പ്രഫഷനൽ സംഘടനകളുടെയും അക്കാദമിക വിദഗ്ധരുടെയും സഹായത്തോടെ തയാറാക്കി അഭിപ്രായ സമന്വയത്തോടെ നടപ്പിലാക്കുക.

12. സാധാരണജനങ്ങളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളുടെ വിപുലീകരണത്തിനും നവീകരണത്തിനും ആരോഗ്യനയത്തിൽ ഊന്നൽ നൽകേണ്ടതാണ്. ഇതിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തികവിഹിതം വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനസർക്കാറിന്റെ ആരോഗ്യച്ചെലവ് സംസ്ഥാന ഉൽപാദനത്തിന്റെ 0.6 ശതമാനത്തിൽനിന്ന് വർഷംകണ്ട് ഒരു ശതമാനമായി വർധിപ്പിച്ച് അഞ്ചു ശതമാനത്തിൽ എത്തിക്കേണ്ടതാണ്. കൈവരിച്ചനേട്ടങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ കേരളത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണം.

13. ജനങ്ങളുടെ ആരോഗ്യ അവകാശ പത്രിക എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും നടപ്പിലാക്കുമെന്ന് നിയമനിർമ്മാണത്തിലൂടെ ഉറപ്പുവരുത്തുകയും വേണം.

  • പ്രമുഖ ആരോഗ്യപ്രവർത്തകനും കേരള സർവകലാശാല മുൻ വിസിയുമാണു ലേഖകൻ. ലേഖനത്തിന് കടപ്പാട്: മാധ്യമം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP