Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ നിയമസഭാ യോഗത്തിൽ ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ഇവയൊക്കെ; പ്രതിപക്ഷത്തിന്റെ പണി ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വി ടി ബലറാം ഫേസ്‌ബുക്കിൽ; സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള സർക്കാർ പരസ്യങ്ങൾ തലവേദനയാകും

ആദ്യ നിയമസഭാ യോഗത്തിൽ ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ഇവയൊക്കെ; പ്രതിപക്ഷത്തിന്റെ പണി ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വി ടി ബലറാം ഫേസ്‌ബുക്കിൽ; സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള സർക്കാർ പരസ്യങ്ങൾ തലവേദനയാകും

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ പിണറായി സർക്കാരിനുവേണ്ടി ഇംഗ്ലീഷ് പത്രങ്ങൾക്കുൾപ്പെടെ ഡൽഹിയിലും മറ്റും നൽകിയ വൻ പരസ്യങ്ങൾ സർക്കാരിന് ആദ്യ തലവേദനയാകുമെന്നുറപ്പിച്ച് വി ടി ബലറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പുതിയ സർക്കാരിന്റെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനംതന്നെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെയും അതുമായി ബന്ധപ്പെട്ടു നടത്തിയ വൻ പരസ്യങ്ങളുടേയും വിഷയം ഉന്നയിച്ച് പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന സൂചനകളുമായാണ് ബലറാം പോസ്റ്റ് നൽകിയിട്ടുള്ളത്. 

സർക്കാരിന്റെ ആദ്യദിനം തൊട്ടുതന്നെ പ്രതിപക്ഷധർമ്മം ഞങ്ങളും തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബലറാം നൽകിയ പോസ്റ്റിൽ നല്ല പ്രവൃത്തികൾക്ക് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ചെലവുചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിനായി നടത്തിയ ധൂർത്തിനെ ചോദ്യംചെയ്യുന്നു. അതുപോലെ ഇന്ന് ഡൽഹിയിലുൾപ്പെടെ പത്രങ്ങളിൽ നൽകിയ വൻകിട പരസ്യങ്ങളേയും. സിപിഐ(എം) എന്നോ എൽഡിഎഫ് എന്നോ പറയാതെ പിണറായി വിജയൻ ഗവൺമെന്റ് എന്നു പറഞ്ഞുള്ള മുഴുപ്പേജ് വ്യക്തിമാഹാത്മ്യ പരസ്യം രാഷ്ട്രീയ ശരികേടാണ്. അതിനായി സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പ് പൊതുഖജനാവിൽ നിന്ന് ചെലവിടുന്ന തുകയേപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്.

ഇങ്ങനെ തുടങ്ങുന്ന പോസ്റ്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനായി വിവിധ സർക്കാർ വകുപ്പുകൾ എത്ര തുക ചെലവഴിച്ചു, പിആർഡി വഴി എത്ര പത്രങ്ങളിൽ പരസ്യം നൽകി, ഇതിനായി എത്ര പണം ചെലവഴിച്ചു തുടങ്ങി സഭയിൽ ആദ്യദിനത്തിൽ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങളും അക്കമിട്ട് എഴുതിയിട്ടുണ്ട്. കൂടാതെ അധികാരത്തിലേറുംമുമ്പ് പരസ്യം നൽകുന്നതിലെ നിബന്ധനകൾ പാലിച്ചോ എന്ന ചോദ്യവും ബലറാം ഉയർത്തുന്നു. ഏതായാലും സഭാ സമ്മേളനത്തിൽ ആദ്യം സർക്കാർ സമാധാനം പറയേണ്ടിവരിക അധികാരത്തിലേറുംമുമ്പേ ചെലവിട്ട പണത്തിനാകുമെന്ന് ഇതോടെ ഉറപ്പാവുകയാണ്.

ബലറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

സർക്കാരിന്റെ ആദ്യ ദിവസം തൊട്ട്‌ തന്നെ പ്രതിപക്ഷ ധർമ്മം ഞങ്ങളും തുടങ്ങുകയാണ്‌. നല്ല പ്രവൃത്തികൾക്ക്‌ അകമഴിഞ്ഞ പിന്തുണ, ധൂർത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിർപ്പ്‌. അതാണ്‌ നയം.

മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവ്‌ ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാൽ ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ചുള്ള ധൂർത്തിന്‌ ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ്‌ ഇന്നത്തെ പത്രങ്ങളിൽ നൽകിയിരിക്കുന്ന പരസ്യവും. CPIM എന്നോ LDF എന്നോ ഒരിക്കൽപ്പോലും പറയാതെ "The Pinarayi Vijayan Government" എന്ന് പറഞ്ഞുകൊണ്ടുള്ള മുഴുപ്പേജ്‌ വ്യക്തിമാഹാത്മ്യ പരസ്യത്തിലെ രാഷ്ട്രീയ ശരികേട്‌ അവിടെ നിൽക്കട്ടെ, എന്നാൽ അതിനുവേണ്ടി സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ പൊതുഖജനാവിൽ നിന്ന് ചെലഴിക്കുന്ന തുകയേക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരന്മാർക്കുമുണ്ട്‌.

അതുകൊണ്ടുതന്നെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഞാൻ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യം (ഡ്രാഫ്റ്റ്‌ ആണ്‌, പ്രിവിലേജ്‌ പ്രശ്നം ഇല്ല) :

1) 25-05-2016ന്‌ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിച്ച ആകെ തുക എത്ര? അതിന്റെ വിശദാംശങ്ങൾ നൽകുമോ?

2) 25-05-2016ന്‌ രൂപീകരിക്കപ്പെടാൻ പോകുന്ന പുതിയ സർക്കാരുമായി ബന്ധപ്പെട്ട്‌ പി ആർ ഡി വഴി ആകെ എത്ര ദിനപത്രങ്ങളിൽ പരസ്യം നൽകി?
2എ) ഇതിൽ കേരളത്തിനു പുറത്തുള്ള എത്ര പത്രങ്ങളിലാണ്‌ പരസ്യം നൽകിയത്‌?
2ബി) ഇതിനായി സർക്കാർ ആകെ ചെലവഴിച്ച തുക എത്ര?
2സി) കേരളത്തിനു പുറത്ത്‌ കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ പരസ്യങ്ങൾ നൽകുന്നതുകൊണ്ട്‌ കേരളത്തിലെ ജനങ്ങൾക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനം എന്താണ്‌?

3) 25-05-2016ന്‌ രാവിലെ പത്രങ്ങളിൽ പരസ്യങ്ങൾ നൽകുന്ന വേളയിൽ സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുടെ ഫോട്ടോകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടായിരുന്നോ?
3എ) ഉണ്ടെങ്കിൽ അത്തരം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെയായിരുന്നോ പ്രസ്തുത പരസ്യങ്ങൾ നൽകിയിരുന്നത്‌?
3ബി) മുഖ്യമന്ത്രിയായോ എംഎൽഎ ആയോ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളിൽ ഉൾപ്പെടുത്തിയത്‌ നിയമപരമായിരുന്നോ?
3സി) ഇക്കാര്യത്തിൽ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കിൽ ആയതിന്‌ ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താൻ നടപടികൾ സ്വീകരിക്കുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP